തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയെ വിടാതെ പിന്തുടര്‍ന്ന് 'ഉത്തരക്കടലാസ്' വിവാദം. എംബിഎ പരീക്ഷയുടെ ഉത്തരക്കാടലാസ് കാണാതായത് വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ എല്‍എല്‍ബി പരീക്ഷയിലേയും ഉത്തര കടലാസ് കൈമോശം വന്നുവെന്ന ആക്ഷേപം ശക്തം. മൂന്ന് വര്‍ഷ എല്‍എല്‍ബി കോഴ്സിലെ രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലാകുന്നത്. പ്രൊപ്പര്‍ട്ടി ലോ എന്ന പേപ്പറില്‍ പരീക്ഷ നടന്നു. പക്ഷേ കൂടുതല്‍ പേരും തോറ്റു. ഇതോടെ വിദ്യാര്‍ത്ഥികള്‍ റീവാല്യുവേഷന് നല്‍കി. എന്നാല്‍ ഇതുവരെ റീവാല്യൂവേഷന്‍ ഫലം വന്നിട്ടില്ല. ഉത്തരക്കടലാസ് കാണാതായതു കൊണ്ടാണ് ഇതെന്നാണ് ഉയരുന്ന സൂചന. മുന്‍ എംഎല്‍എ അടക്കമുള്ള പ്രമുഖര്‍ ഈ പരീക്ഷ എഴുതിയിരുന്നു. പരീക്ഷ തോറ്റുവെന്ന് ഫലം വന്നെങ്കിലും ചിലര്‍ക്ക് സംശയം തോന്നി. അവരാണ് റീവാല്യുവേഷന് നല്‍കിയത്. ഇതിന്റെ ഫലം പുറത്തു വരാത്തതും ഉത്തരക്കടലാസ് കാണാതായതാണോ എന്ന സംശയത്തിലേക്കാണ് കാര്യങ്ങളെത്തിക്കുന്നത്.

ആയിരം രൂപ ഫീസ് അടച്ചാണ് റീവാല്യുവേഷന് കൊടുക്കുന്നത്. 75 ദിവസത്തിന് അകം ഫലം പ്രഖ്യാപിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഏഴുമാസമായിട്ടും റീവാല്യുവേഷന്‍ ഫലം വന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സപ്ലിമെന്ററി പരീക്ഷ എഴുതണമോ വേണ്ടയോ എന്ന ആശങ്കയും ഇതുണ്ടാക്കുന്നുണ്ട്. സപ്ലിമെന്ററീ പരീക്ഷ എഴുതി ജയിക്കാനാണ് വിദ്യാര്‍ത്ഥികളോട് സര്‍വ്വകലാശാല ആവശ്യപ്പെടുന്നത്. അങ്ങനെ എങ്കില്‍ ആയിരം രൂപ വിദ്യര്‍ത്ഥികളില്‍ നിന്നും പിടിച്ചു വാങ്ങുന്നുവെന്നതാണ് വസ്തുത. സംസ്ഥാനത്തിന് പുറത്തെ സര്‍വ്വകലാശാലയിലെ അധ്യാപികയ്ക്കാണ് ഉത്തര കടലാസ് നോക്കാന്‍ കൊടുത്തതെന്ന് സൂചനയുണ്ട്. ഇവര്‍ ഇതുവരെ തിരിച്ചു നല്‍കിയില്ല. ഇതിനൊപ്പം റിവാല്യുവേഷന്‍ ചെയ്യുന്ന തുക നല്‍കാത്തതാണ് ഇതിന് കാരണമെന്ന വാദവും ശക്തമാണ്. ആയിരം രൂപ ഒരു പേപ്പറിന് റീവാല്യുവേഷന്‍ ഫീസായി സര്‍വ്വകലാശാല വാങ്ങും. എന്നാല്‍ വളരെ നാമമാത്രമായ തുകയാണ് അധ്യാപകര്‍ക്ക് കൊടുക്കുന്നതത്രേ. അതും കൃത്യസമയത്ത് കൊടുക്കാറില്ല. ഇതുകൊണ്ടാണ് റിവാല്യുവേഷന്‍ പേപ്പര്‍ നോക്കി കിട്ടാത്തതെന്നും സൂചനയുണ്ട്.

കഴിഞ്ഞ ദിവസം എംബിഎ ഉത്തരക്കടലാസ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പുനഃപരീക്ഷയെഴുതാത്ത വിദ്യാര്‍ഥിക്ക് ശരാശരി മാര്‍ക്ക് നല്‍കാന്‍ കേരള സര്‍വകലാശാലയ്ക്ക് ലോകായുക്ത നിര്‍ദേശം നല്‍കിയിരുന്നു. അഞ്ജനാ പ്രദീപ് എന്ന വിദ്യാര്‍ഥിയുടെ ഹര്‍ജിയിലാണ് നടപടി. അതേസമയം, വിധിക്കെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികളെടുക്കാന്‍ വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ പരീക്ഷാ കണ്‍ട്രോളര്‍ക്കു നിര്‍ദേശം നല്‍കി. ഇതിനിടെയാണ് പുതിയ വിവാദവും ഉണ്ടാകുന്നത്. എംബിഎ പുനഃപരീക്ഷയ്ക്കു ഹാജരാവാത്ത വിദ്യാര്‍ഥിക്കായി പ്രത്യേക പരീക്ഷ നടത്താമെന്ന് സര്‍വകലാശാല അറിയിച്ചെങ്കിലും ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഇതു തള്ളി. ഉത്തരക്കടലാസ് സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയാണെന്നും അവ നഷ്ടപ്പെട്ടത് കൃത്യനിര്‍വഹണത്തിലെ വീഴ്ചയാണെന്നും ലോകായുക്ത കുറ്റപ്പെടുത്തി.

സര്‍വകലാശാലയുടെ വീഴ്ചയ്ക്ക് വിദ്യാര്‍ഥിയെ ബുദ്ധിമുട്ടിക്കുന്നതു നീതിയല്ല. പുനഃപരീക്ഷയെഴുതിക്കാനുള്ള സര്‍വകലാശാല തീരുമാനം യുക്തിപരമല്ല. പഠിച്ച കാര്യങ്ങള്‍ ഓര്‍മയില്‍നിന്നു മാഞ്ഞുപോകാം. അതിനാല്‍, പുനഃപരീക്ഷ വിദ്യാര്‍ഥിയുടെ മാനസികാവസ്ഥയെ ബാധിക്കും. കാനറ ബാങ്കില്‍നിന്ന് വിദ്യാഭ്യാസവായ്പയെടുത്ത വിദ്യാര്‍ഥി, കോഴ്‌സ് പൂര്‍ത്തിയാക്കി ജോലിയും നേടിയ ശേഷമാണ് പുനഃപരീക്ഷയ്ക്കുള്ള സര്‍വകലാശാലാ നിര്‍ദേശമെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. ഉത്തരക്കടലാസ് നഷ്ടപ്പെട്ട 71-ല്‍ 65 പേര്‍ തിങ്കളാഴ്ച പുനഃപരീക്ഷ എഴുതിയിരുന്നു. ഹാജരാവാത്തവര്‍ക്ക് 22-ന് വീണ്ടും പരീക്ഷ നടത്താനിരിക്കേയാണ് ലോകായുക്തയില്‍ വിദ്യാര്‍ഥിയുടെ ഹര്‍ജി. ശരാശി മാര്‍ക്ക് നല്‍കുന്ന രീതി വര്‍ഷങ്ങള്‍ക്കു മുമ്പേ അവസാനിപ്പിച്ചതിനാലാണ് ലോകായുക്ത വിധിക്കെതിരേ ഹൈക്കോടതിയില്‍ പോവാന്‍ വിസി നിര്‍ദേശിച്ചത്. ഇതിലെ ഹൈക്കോടതി വിധിയാകും ഇനി നിര്‍ണ്ണായകം.

ഉത്തരക്കടലാസ് സംരക്ഷിക്കേണ്ടത് സര്‍വകലാശാലയുടെ ചുമതലയാണെന്നും അവ നഷ്ടപ്പെട്ടത് കൃത്യനിര്‍വഹണത്തിലെ വീഴ്ചയാണെന്നും ലോകായുക്ത കുറ്റപ്പെടുത്തിയിട്ടുണ്ട്. സമാന വീഴ്ചയാണ് എല്‍എല്‍ബിക്കാരുടെ പരീക്ഷയിലും സംഭവിക്കുന്നത്.