തിരുവനന്തപുരം: സംസ്‌കൃത ഭാഷയില്‍ പ്രാവീണ്യമില്ലാത്ത മുന്‍ എസ്എഫ്‌ഐ നേതാവിന് സംസ്‌കൃതത്തില്‍ പിഎച്ച്ഡി നല്‍കാന്‍ കേരള സര്‍വകലാശാലയിലെ ശുപാര്‍ശ വൈസ് ചാന്‍സലര്‍ തള്ളും. നവംബര്‍ ഒന്നിന് ചേരുന്ന സിന്‍ഡിക്കറ്റ് യോഗം ശുപാര്‍ശ പരിഗണിക്കും. എന്നാല്‍ ഭാഷയറിയാത്ത വിദ്യാര്‍ഥിക്കു സംസ്‌കൃതത്തില്‍ പിഎച്ച്ഡി നല്‍കാനുള്ള ശുപാര്‍ശ തടയണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍വകലാശാല ഓറിയന്റല്‍ ഭാഷ ഡീനും സംസ്‌കൃത വകുപ്പ് മേധാവിയുമായ ഡോ.സി.എന്‍.വിജയകുമാരി വൈസ് ചാന്‍സലര്‍ ഡോ.മോഹനന്‍ കുന്നുമ്മല്ലിനു കത്ത് നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ സിപിഎം അംഗങ്ങളും സിന്‍ഡിക്കേറ്റില്‍ വിഎസിയെ പിന്തുണയ്ക്കും. ഈ പിഎച്ച്ഡിയെ പിന്തുണയ്‌ക്കേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം എടുത്തിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഇക്കാര്യം വേണ്ടപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. സംസ്‌കൃതം അറിയാത്ത വ്യക്തിയ്ക്ക് സംസ്‌കൃതത്തില്‍ പിഎച്ച്ഡി വേണമെന്ന് പറയുന്നത് അതിമോഹമാണെന്ന നിലപാട് സിപിഎമ്മും എടുക്കും.

കേരള സര്‍വകലാശാല ഓറിയന്റല്‍ ഭാഷ ഡീനും സംസ്‌കൃത വകുപ്പ് മേധാവിയുമായ ഡോ.സി.എന്‍.വിജയകുമാരിയുടതേ വ്യക്തതയുള്ള നിരീക്ഷണമാണെന്ന് മുഖ്യമന്ത്രിയും തിരിച്ചറിയുന്നു. പിഎച്ച്ഡി ബിരുദം നല്‍കുന്നതിന് മുന്നോടിയായി ഈ മാസം 15ന് നടന്ന ഓപ്പണ്‍ ഡിഫന്‍സിലാണ് പിഎച്ച്ഡി നല്‍കാന്‍ പ്രബന്ധം മൂല്യനിര്‍ണയം നടത്തിയവര്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ പ്രബന്ധം സംബന്ധിച്ച് ഒരു ചോദ്യത്തിനു പോലും വിദ്യാര്‍ഥിക്ക് ഇംഗ്ലിഷിലോ സംസ്‌കൃതത്തിലോ മലയാളത്തിലോ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഓണ്‍ലൈനായി ചോദ്യം ചോദിച്ചവരെ വിദ്യാര്‍ഥി ഫോണ്‍ വഴി പുറത്താക്കിയെന്നും വീണ്ടും ചോദ്യം ഉന്നയിക്കാനുള്ള അവസരം നിഷേധിച്ചെന്നും ചെയ്‌തെന്നും ഡീനിന്റെ കത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ വീടും കുടുംബവുമായി അടുത്ത ബന്ധമുള്ള വ്യക്തികൂടിയാണ് ഡീന്‍. മൂല്യങ്ങളുയര്‍ത്തി പിടിച്ച് ജോലി ചെയ്യുന്ന ഡീനിനെ കുറിച്ച് മുഖ്യമന്ത്രിയ്ക്ക് നല്ല അഭിപ്രായമാണുള്ളത്. ഈ സാഹചര്യത്തില്‍ വിവാദത്തില്‍ ഡീനില്‍ നിന്നടക്കം മുഖ്യമന്ത്രി വിവരങ്ങള്‍ തേടും. ഈ സാഹചര്യത്തില്‍ മുന്‍ എസ് എഫ് ഐ നേതാവിന് പിഎച്ച്ഡി കിട്ടാന്‍ ഇടയില്ല. വൈസ് ചാന്‍സലറും ഇക്കാര്യത്തില്‍ ഇതേ നിലപാടിലാണ്. അതുകൊണ്ട് തന്നെ അടുത്ത സിന്‍ഡിക്കേറ്റില്‍ സിപിഎം അംഗങ്ങള്‍ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.

വിദ്യാര്‍ഥിക്ക് ഈ വിഷയത്തെ കുറിച്ച് ഒന്നുമറിയില്ലെന്നു ഓണ്‍ലൈനില്‍ പങ്കെടുത്തവര്‍ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഡീനിന്റെ കത്തില്‍ പറയുന്നു. കൃത്യമായി ഒരു ചോദ്യത്തിനു പോലും മറുപടി നല്‍കാത്ത വിദ്യാര്‍ഥി ഇംഗ്ലിഷില്‍ തെറ്റില്ലാതെ പ്രബന്ധം എഴുതിയതില്‍ ദുരൂഹതയുണ്ട്. പ്രബന്ധം ഗവേഷണ പ്രബന്ധത്തിന്റെ സ്വഭാവത്തിലുള്ളതല്ലെന്നും ഓപ്പണ്‍ ഡിഫന്‍സില്‍ ഡോക്ടറല്‍ കമ്മിറ്റി ചെയര്‍പഴ്‌സന്‍ എന്ന നിലയില്‍ ആദ്യാവസാനം പങ്കെടുത്ത ഡീനിന്റെ കത്തില്‍ പറയുന്നു. ചട്ടമ്പിസ്വാമികളെ കുറിച്ച് 'സദ്ഗുരു സര്‍വസ്വം - ഒരു പഠനം' എന്ന വിഷയത്തെ ആസ്പദമാക്കിയാണു പ്രബന്ധം. പ്രബന്ധത്തില്‍ ഏറ്റവും സുപ്രധാനമായ റിസര്‍ച് മെത്തഡോളജിയിലും (ഗവേഷണ രീതിശാസ്ത്രം) കണ്ടെത്തലുകളിലുമുള്ള പിഴവുകള്‍ തിരുത്താതെ പിഎച്ച്ഡി നല്‍കരുതെന്നും കത്തിലുണ്ട്.

വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ രാഷ്ട്രീയ സ്വാധീനത്തിന്റെ മറവില്‍ ബിരുദങ്ങള്‍ നേടുന്നതായ ആക്ഷേപം വ്യാപകമായിരിക്കുന്ന സാഹചര്യത്തില്‍ സര്‍വകലാശാലയുടെ പരമോന്നതമായ ബിരുദം അവാര്‍ഡ് ചെയ്യുന്നതിനു മുന്‍പ് ഡീന്‍ ചൂണ്ടിക്കാട്ടിയ പോരായ്മകള്‍ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ന്‍ കമ്മിറ്റി വിസിക്ക് നിവേദനം നല്‍കി. അതേസമയം ഡീനിന് തന്നോട് വ്യക്തി വിരോധമാണെന്നും അതിനാലാണ് തനിക്കെതിരെ പരാതി നല്‍കിയതെന്നും ആരോപിച്ച് വിദ്യാര്‍ഥി രംഗത്തെത്തി. ഡീനിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിദ്യാര്‍ഥി വ്യക്തമാക്കി. ഇവിടെയാണ് മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണ്ണായകമാകുന്നത്. സംസ്‌കൃതവുമായി ബന്ധപ്പെട്ട പഠനത്തിന് മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ പോലും ബന്ധപ്പെടുന്നത് ഇതേ ഡീനിനെയായിരുന്നുവെന്നതാണ് വസ്തുത.

2025ലെ എന്‍ഐആര്‍എഫ് റാങ്കിങില്‍ രാജ്യത്ത് മികച്ച സ്ഥാനം കരസ്തമാക്കിയ കേരള സര്‍വകലാശാലയില്‍ നിന്നും അര്‍ഹതയില്ലാത്ത ഒരാള്‍ക്ക് അംഗീകാരം നല്‍കുന്നത് അപമാനകരമാണെന്ന് വകുപ്പ് മേധാവി കൂടിയായ ഡോ. വിജയകുമാരി എഴുതിയ കത്തില്‍ വ്യക്തമാക്കി. കേരള സര്‍വകലാശാലയില്‍ നിന്നുള്ള അധ്യാപകനും പുറത്ത് നിന്നുള്ള രണ്ട് അധ്യാപകരും ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയുടെ പ്രബന്ധം മൂല്യനിര്‍ണയം നടത്തിയത്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി വിസി അറിയിച്ചു. റജിസ്ട്രാര്‍, റിസര്‍ച്ച് ഡയറക്ടര്‍ എന്നിവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതിനിടെ, സംഭവത്തില്‍ പ്രതികരണവുമായി വിപിന്‍ വിജയന്‍ രംഗത്തെത്തി. പരാതിക്ക് പിന്നില്‍ അധ്യാപികക്കുള്ള വ്യക്തിവിരോധമാണെന്ന് വിപിന്‍ വിജയന്‍ പറഞ്ഞു. കാര്യവട്ടം ക്യാമ്പസിലെ റിസര്‍ചേര്‍സ് യൂണിയന്‍ ഭാരവാഹിയായിരുന്നു വിപിന്‍ വിജയന്‍.

വിപിന്‍ വിജയന്‍ ആറുവര്‍ഷം മുന്‍പാണ് റിസര്‍ച്ചേഴ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്നതെന്നും നിലവില്‍ എസ്എഫ്‌ഐയുമായി ബന്ധമില്ലെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ഈ തള്ളി പറയലിന് കാരണവും ഡീനിന് മുഖ്യമന്ത്രിയുടെ നിലപാട് പി എച്ച് ഡിയ്ക്ക് എതിരാണെന്ന തിരിച്ചറിവാണ്.