ലണ്ടൻ: അഞ്ജുവും മക്കളും ഇല്ലാത്ത ഒരു വർഷം. കാറ്റിനേക്കാൾ വേഗത്തിലാണ് ഡിസംബർ 15 കടന്നു പോയത്. കഴിഞ്ഞ വർഷം ഇതേ ദിവസം രാവിലെ ഒമ്പതു മണിയോടെയാണ് മലയാളിയായ ഒരമ്മയും കുഞ്ഞും അസ്വാഭാവിക സാഹചര്യത്തിൽ മരണപ്പെട്ടതായി സംശയിക്കുന്നു എന്ന വാർത്ത ബ്രിട്ടീഷ് മലയാളിയെ ഞെട്ടിച്ച് എത്തുന്നത്. പ്രാദേശികമായ കൂടുതൽ അന്വേഷണത്തിൽ സംഭവത്തിന്റെ നിജസ്ഥിതി ബോധ്യമായി അത് മറുനാടൻ റിപ്പോർട്ട് ചെയ്യുമ്പോഴും രണ്ടാമത്തെ കുഞ്ഞിന്റെ ജീവൻ രക്ഷപ്പെട്ടേക്കും എന്ന പ്രതീക്ഷയാണ് വാർത്തയിൽ നൽകിയത്. എന്നാൽ ഉച്ചകഴിഞ്ഞപ്പോൾ തന്നെ ആ പ്രതീക്ഷയും അസ്ഥാനത്തായി എന്ന സ്ഥിരീകരണം എത്തിയിരുന്നു.

തുടർന്ന് യുകെയിൽ 2015ൽ ലണ്ടനിലെ റോംഫോഡിൽ തൃശൂർ സ്വദേശികളായ ഒരു കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടതിന് സമാനമായ വിധത്തിലാണ് വൈക്കം സ്വദേശിയായ അഞ്ജുവിന്റെയും മക്കളുടെയും കൊലപാതക വിവരം പല ദിവസങ്ങളിലൂടെ വായനക്കാരിലേക്ക് എത്തിയത്. എല്ലാം ഇന്നലെ എന്ന പോലെ ഇപ്പോഴും ഏവരുടെയും ഓർമ്മകളിൽ. ഇതിനിടയിൽ ഒരു വർഷം പിന്നിട്ടു പോയി എന്നത് പോലും അവിശ്വസനീയം.

അഞ്ജുവിന്റെയും മക്കളുടെയും കൊലപാതക ശേഷം ആറര മാസം പിന്നിട്ട ജൂലൈ മൂന്നിന് ഭർത്താവ് സജു ചെലവേൽ മാത്രമാണ് സംഭവത്തിൽ കുറ്റക്കാരൻ എന്ന് കണ്ടെത്തി നോർത്താംപ്ടൺ ക്രൗൺ കോടതി പരോൾ ഇല്ലാതെ 40 വർഷത്തേക്ക് ജയിൽ ശിക്ഷ വിധിക്കുക ആയിരുന്നു. ജൂലൈ മൂന്നിന് ശിക്ഷ ഏറ്റുവാങ്ങി നിർവികാരനായി കോടതിയിൽ നിന്നും പുറത്തു പോയ കുറ്റവാളി സജു ചെലവേലിനെ കുറിച്ച് പിന്നീട് പൊതുസമൂഹം കാര്യമായി ഒന്നും അറിഞ്ഞിട്ടില്ല. എന്നാൽ കെറ്ററിംഗിലെ മലയാളികളിൽ ചിലർ ഇയാളുടെ വൃദ്ധയായ അമ്മയെ നാട്ടിൽ വിളിച്ചു കാര്യങ്ങളൊക്കെ അന്വേഷിച്ചിരുന്നു. ഏക മകനെ വാർധക്യത്തിൽ ഈ വിധത്തിൽ നഷ്ടമായതിൽ ഉള്ളുരുകി തീരുകയാണ് നിസ്സഹായായ ആ വൃദ്ധമാതാവ്.

അഞ്ജുവിന്റെയും മക്കളുടെയും കൊലപാതക ശേഷം കുടുംബത്തിന് വേണ്ടി അന്ന് മുതൽ ഇന്ന് വരെ ഓരോ ആവശ്യഘട്ടങ്ങളിലും കൂടെനിന്ന മനോജ് മാത്യു എന്ന സഹപ്രവർത്തകൻ അടക്കമുള്ളവർ മുൻകൈ എടുത്താണ് വളരെ ലളിതമായ തരത്തിൽ ആശുപത്രി വളപ്പിൽ അഞ്ജുവിന്റെയും മക്കളുടെയും ഓർമ്മകൾക്ക് മുൻപിൽ അശ്രുബലി അർപ്പിച്ചത്. കോടതി സജുവിനെ ശിക്ഷിച്ചു കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോൾ ആശുപത്രി വളപ്പിൽ സഹപ്രവർത്തകർ ചേർന്ന് അഞ്ജുവിന്റെയും മക്കളുടെയും പേരിൽ ഒരു ചെറി മരം നട്ടിരുന്നു. പത്തു വർഷം മുൻപ് പുതിയ ബിൽഡിങ്ങിലേക്ക് മാറിയ കെറ്ററിങ് ഹോസ്പിറ്റലിൽ അതിനിടയിൽ അനേകം ജീവനക്കാർ ഓർമ്മയായി മാറിയെങ്കിലും ഇതാദ്യമായാണ് ഒരു ജീവനക്കാരിയുടെ ഓർമ്മക്കായി ശിലാഫലകം തയ്യാറാക്കി വൃക്ഷതൈ നടുന്നത്. സാഡ്‌ലി മിസ്സ്ഡ് - നെവർ ഫോർഗെട്ടൻ എന്നെഴുതിയ വാക്കുകൾ അന്വർഥമാക്കിയാണ് ഇപ്പോൾ സഹപ്രവർത്തകർ ഒരു മറവിയും കൂടാതെ പ്രിയപ്പെട്ടവളുടെ ഒന്നാം ചരമ ദിനത്തിൽ ഒത്തുകൂടി ഓർമ്മകൾ പങ്കുവച്ചത്.

ആറു മാസം മുൻപ് നട്ട ചെറിമരത്തിൽ പുതിയ ഇലകളും ചില്ലകളും ഒക്കെ വന്നുകഴിഞ്ഞിരുന്നു. തങ്ങളുടെ പ്രിയപെട്ടവളുടെ ഓർമ്മക്കായുള്ള മരം എന്നും കാണുന്നതാണെങ്കിലും ഒന്നാം വാർഷിക വേളയിൽ ആ മരം എത്രത്തോളം വളർന്നിട്ടുണ്ടാകും എന്ന ആകാംക്ഷയോടെയാണ് സഹപ്രവർത്തകർ വെള്ളിയാഴ്ച ജോലി സമയം തുടങ്ങി അൽപം പിന്നിട്ടപ്പോൾ തന്നെ അവിടെ എത്തിയത്. കൊച്ചു മരത്തിൽ നിറയെ പുഷ്പഹാരങ്ങൾ ചാർത്തിയും അഞ്ജുവിന്റെയും മക്കളുടെയും ചിത്രം മരത്തിൽ സ്ഥാപിച്ചും ചുവട്ടിൽ നിറയെ സ്നേഹത്താൽ പൊതിഞ്ഞ പൂക്കൾ സമർപ്പിച്ചും ഒക്കെയാണ് അവർ ഓർമ്മകളെ ചേർത്ത് പിടിച്ചത്. അഞ്ജുവിന്റെ മാനേജർ ആയ റേച്ചൽ ഫ്രയർ, മേട്രൺ ടിന കോ എന്നിവരുടെ നേതൃത്വത്തിലാണ് ഹോസ്പിറ്റൽ പരിസരത്തെ പോക്കറ്റ് പാർക്ക് പ്രദേശത്തു നടന്ന ചടങ്ങിൽ അനുസ്മരണം നടത്തിയത്. മനോജ് അടക്കമുള്ള മലയാളി സഹപ്രവർത്തകരും ചടങ്ങിനെത്തി.

അതിനിടെ വൈക്കത്തെ വീട്ടിൽ അഞ്ജുവിന്റേയും മക്കളുടെയും മരണ വാർഷിക ദിനത്തിൽ പ്രത്യേക ചടങ്ങുകൾ ഒന്നും ഉണ്ടായില്ല എന്നാണ് ലഭ്യമാകുന്ന വിവരം. അഞ്ജു മരിച്ച ശേഷം ഒരിക്കൽ പോലും പിതാവ് ക്ഷേത്ര ദർശനം നടത്തിയിരുന്നില്ല എന്നും അദ്ദേഹം സജുവിന് ജയിൽ ശിക്ഷ ലഭിച്ച ശേഷം പ്രതികരിച്ചിരുന്നു. മകളുടെ പിറന്നാൾ ദിനത്തിൽ പോലും ദൈവത്തോട് പിണങ്ങി വീട്ടിൽ ഇരിക്കുക ആയിരുന്നു അദ്ദേഹം. അതിനാൽ ഇപ്പോൾ മരണ വാർഷികം എത്തുമ്പോഴും നിർവികാരനായി മാറുകയാണ് അദ്ദേഹം. എങ്കിലും ഹൈന്ദവ ആചാര പ്രകാരം മരണ നാളിലെ പഞ്ചാംഗ പ്രകാരമുള്ള ദിവസം അടുത്ത മാസം ആയതിനാൽ അന്നേ ദിവസം വീടിനടുത്തുള്ള കുട്ടികളുടെ അനാഥ മന്ദിരത്തിൽ മകളെയും കൊച്ചുമക്കളെയും ഓർത്ത് അന്നദാനം നടത്താനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.

ആരും ഓർമ്മിപ്പിക്കാതെ സഹപ്രവർത്തകർ അടക്കമുള്ള ബ്രിട്ടീഷുകാർ ഇന്നും കാണിക്കുന്ന സ്നേഹത്തിൽ കുടുംബത്തിന് വേണ്ടി അദ്ദേഹം നന്ദി അറിയിച്ചു. കുട്ടികൾ പഠിച്ചിരുന്ന സ്‌കൂളിലും അവരുടെ മരണത്തെ തുടർന്ന് ഓർമ്മകൾക്ക് കൂട്ടായി പ്രത്യേക അനുസ്മരണ ചടങ്ങുകൾ നടന്നിരുന്നു.