തിരുവനന്തപുരം: കിളിയൂരില്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ 'സൂപ്പര്‍ സൈക്കോ' ലക്ഷ്യമിട്ടത് അഞ്ചു പേരെ. അച്ഛനേയും അമ്മയേയും സഹോദരിയേയും വകവരുത്തുകയായിരുന്നു ലക്ഷ്യം. ഇതിനൊപ്പം സഹോദരി ഭര്‍ത്താവും ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നു. മറ്റൊരാള്‍ അയല്‍വാസിയും. പ്രജിന്‍ ജോസിന്റെ പെരുമാറ്റത്തിലും ജീവിതത്തിലും അടിമുടി നിഗൂഢതയുണ്ടെന്ന് തിരിച്ചറിയുകയാണ് പോലീസ്. അഞ്ചാംതീയതി രാത്രിയാണ് കിളിയൂര്‍ ചാരുവിള ബംഗ്ലാവില്‍ ജോസി(70)നെ മകന്‍ പ്രജിന്‍ ജോസ്(28) അതിക്രൂരമായി വെട്ടിക്കൊന്നത്. സോഫയില്‍ കിടക്കുകയായിരുന്ന അച്ഛന്റെ കഴുത്തിലാണ് പ്രതി ആദ്യംവെട്ടിയത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്നെത്തി അടുക്കളയില്‍വെച്ച് തലയിലും നെഞ്ചിലും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മറ്റാരുടേയോ നിര്‍ദ്ദേശ പ്രകാരമാണ് ഈ കൊലയെന്ന സംശയം പോലീസിനുണ്ട്. പ്രജിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്നാണ് ബന്ധുക്കളുടെ സംശയം. പ്രജിനെ ഭയന്നാണ് മാതാപിതാക്കള്‍ വീട്ടില്‍ കഴിഞ്ഞിരുന്നതെന്നും എന്തെങ്കിലും ചോദിച്ചാല്‍ ഇവരെ മര്‍ദിക്കുന്നത് പതിവായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

അച്ഛനെ കൊലപ്പെടുത്തും മുന്‍പ് പ്രജിന്‍ തന്റെ ശരീരത്തിലെ രോമവും തലമുടിയും സ്വയം നീക്കംചെയ്തിരുന്നു. എന്നാല്‍, ഇയാളുടെ മുറിയില്‍ ഇതിനെക്കാളേറെ തലമുടിയുടെ ഒരു കൂമ്പാരമാണ് കണ്ടെത്തിയത്. ഭസ്മവും കളിമണ്ണും മുറിയിലുണ്ടായിരുന്നു. ജോസിന്റെ കൊലപാതകത്തിന് മുമ്പ് പ്രജിന്‍ തന്റെ ഐഫോണ്‍ അടക്കമുള്ള ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തിരുന്നു. തന്നെ ആഭിചാരത്തിന്റെ വഴിയേ നയിച്ചവരുടെ വിവരങ്ങള്‍ പുറത്തറിയാതിരിക്കാനായിരുന്നു ഇതെന്നാണ് സൂചന. വീട്ടില്‍ നിന്നും കിട്ടിയ കുറിപ്പുകളിലാണ് പ്രജിന്റെ കൊലപാതക പദ്ധതികള്‍ പോലീസ് തിരിച്ചറിയുന്നത്. ജോസിന്റെ കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ ഒരു മോഷണശ്രമം നടന്നിരുന്നു. ചില കുറിപ്പുകളും വീട്ടില്‍നിന്ന് കണ്ടെത്തി. എന്നാല്‍, ഇതിനുപിന്നിലും പ്രജിനാണെന്നാണ് നിലവിലെ സംശയം. അന്നേദിവസം കിട്ടിയ കുറിപ്പിന് സമാനമായ പല കുറിപ്പുകളും ഇയാളുടെ മുറിയില്‍നിന്ന് കണ്ടെത്തി. വിചിത്രമായ കുറിപ്പുകളും പ്രതിമകളും പലവിധത്തിലുള്ള ഉപകരണങ്ങളുമാണ് പ്രജിന്റെ മുറിയില്‍നിന്ന് കണ്ടെടുത്തത്. ''ഐ ആം സൂപ്പര്‍ സൈക്കോ'' എന്നുതുടങ്ങിയ പല വാചകങ്ങളും ഇയാള്‍ മുറിയില്‍ എഴുതിവെച്ചിരുന്നു. കളിമണ്ണ് നിര്‍മിച്ച പ്രതിമകളും മറ്റുചില രൂപങ്ങളും കണ്ടെത്തി. കളിമണ്ണ് കൊണ്ട് പ്രതിമയുണ്ടാക്കി അതിന്റെ തല ഛേദിക്കുന്നത് പ്രജിന്റെ ഒരു സ്വഭാവമായിരുന്നു. ഹാര്‍ഡ് വെയര്‍ കടയില്‍നിന്ന് ലഭിക്കുന്ന പലവസ്തുക്കളും ഉപയോഗിച്ച് വിവിധതരം ടൂള്‍സും ഇയാള്‍ നിര്‍മിച്ചിരുന്നു.

ജോസിന്റെ ശരീരത്തില്‍ ആകെ 28 തവണ വെട്ടേറ്റു. കൊലപാതകത്തിന് മുമ്പും ജോസിന് മകനില്‍നിന്ന് പതിവായി മര്‍ദനമേറ്റതായും സംശയമുണ്ട്. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ ഒട്ടേറെ പാടുകളുണ്ടായിരുന്നു. പ്രജിന്റെ ജീവിതം ഏതാനുംവര്‍ഷങ്ങളായി അടിമുടി നിഗൂഢത നിറഞ്ഞതായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ചൈനയില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിയായിരുന്ന പ്രജിന്‍ കോവിഡ് കാലത്താണ് നാട്ടില്‍ തിരികെയെത്തുന്നത്. പിന്നീട് ചൈനയില്‍ പോയി പഠനം തുടരാനായില്ല. ഇതിനിടെ കൊച്ചിയില്‍ സിനിമ സംബന്ധിച്ച പഠനത്തിനായി പോയി. ഇതിനായി ഒന്നരലക്ഷത്തോളം രൂപയാണ് നല്‍കിയത്. സിനിമാപഠനത്തിന് ശേഷം തിരികെയെത്തിയതോടെയാണ് പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടു. വീട്ടിലെ മുകള്‍നിലയിലെ മുറിയിലായിരുന്നു പ്രജിന്‍ അധികസമയവും ചെലവഴിച്ചിരുന്നത്. ഇവിടേക്ക് മാതാപിതാക്കളെ പോലും പ്രവേശിപ്പിച്ചിരുന്നില്ല. മിക്കദിവസങ്ങളിലും അര്‍ധരാത്രി വീട്ടില്‍നിന്ന് പുറത്തുപോകുന്നതും പതിവായിരുന്നു.

രാത്രി വീടുവിട്ടിറങ്ങിയാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞാണ് തിരികെ എത്താറുണ്ടായിരുന്നത്. വീട്ടിലെ മുകള്‍നിലയില്‍നിന്ന് പുറത്തേക്കിറങ്ങാനായി പ്രത്യേക കോണിയും ഉണ്ടായിരുന്നു. രാത്രി പുറത്തുപോകുന്നതിനെക്കുറിച്ച് ചോദിച്ചാല്‍ ദേഷ്യപ്പെടും. ആക്രമവും കാട്ടും. മാതാപിതാക്കള്‍ എന്തെങ്കിലും ചോദിച്ചാല്‍ അവരുടെ മുഖത്തേക്ക് തുപ്പുന്നതും പ്രജിന്റെ രീതിയായിരുന്നു. വീട്ടില്‍ പ്രാര്‍ഥനാസമയത്ത് പ്രജിന്‍ മുകള്‍നിലയിലെ മുറിയില്‍ ഉച്ചത്തില്‍ പാട്ടുവെയ്ക്കും. സാത്താന്‍സേവയുമായി ബന്ധപ്പെട്ട ചില പാട്ടുകളാണ് മുറിയില്‍ വെയ്ക്കാറുള്ളതെന്നാണ് വീട്ടുകാര്‍ പറയുന്നു. ഈ സമയത്ത് ഇയാള്‍ കറുത്തവസ്ത്രം ധരിക്കുന്നതും പതിവായിരുന്നുവെന്നാണ് പോലീസിന് കിട്ടിയ മൊഴി. ആരെയും തന്റെ മുറിക്കുള്ളില്‍ കയറ്റാന്‍ പ്രജിന്‍ അനുവദിച്ചിരുന്നില്ല. ജോസിന്റെ കൊലപാതകത്തിന് ശേഷമാണ് മുറിക്കുള്ളിലെ വിചിത്രമായ പല കുറിപ്പുകളും പുസ്തകങ്ങളും പ്രതിമകളുമെല്ലാം വീട്ടുകാര്‍ കാണുന്നത്.

ജോസ് കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പും പ്രജിന്‍ വധഭീഷണി മുഴക്കിയിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. കൊലപാതകം നടന്നതിന്റെ ഒരാഴ്ച മുമ്പ് ഇവരുടെ ബന്ധുവീട്ടില്‍ കല്യാണമുണ്ടായിരുന്നു. വിവാഹചടങ്ങിനിടെ പ്രജിന്‍ ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ചിലര്‍ അയാളെ കളിയാക്കി. ഇതേത്തുടര്‍ന്ന് മാതാപിതാക്കളെയും സഹോദരിയെയും കാറില്‍കയറ്റി പ്രജിന്‍ തിരികെപോന്നു. അമിതവേഗത്തിലാണ് ഇയാള്‍ കാറോടിച്ചിത്. സഹോദരി ഇത് ചോദ്യംചെയ്തതോടെ 'അച്ഛനും അമ്മയ്ക്കും ഒപ്പം നിന്നെയും സ്വര്‍ഗത്തിലെത്തിക്കും' എന്നായിരുന്നു ഇയാളുടെ ഭീഷണി. അതായത് കുടുംബത്തെ മുഴുവന്‍ തീര്‍ക്കാനുള്ള പക ഇയാള്‍ സൂക്ഷിച്ചിരുന്നു. ഫോണും കമ്പ്യൂട്ടറും പരിശോധിച്ചാല്‍ പുറംലോകം അറിയാത്ത പലതും അറിയാന്‍ കഴിയുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയതിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് വീട്ടുകാര്‍. മകന്‍ പ്രജിന്‍ ജോസിന്റെ സ്വഭാവത്തിലെ മാറ്റം ഭയന്നാണ് താനും ഭര്‍ത്താവും കഴിഞ്ഞിരുന്നതെന്നും അമ്മ സുഷമ കുമാരി പറഞ്ഞു.

കിളിയൂര്‍ ചരവുവിള ബംഗ്ലാവില്‍ ജോസ് ആണ് കൊല്ലപ്പെട്ടത്. ഹാളിലെ സോഫയില്‍ ചാരിക്കിടന്നിരുന്ന ജോസിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോസിനെ അടുക്കളയില്‍ വച്ച് വീണ്ടും കഴുത്തിലും തലയിലും നെഞ്ചിലും വെട്ടിയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചിന് രാത്രിയിലായിരുന്നു കൊലപാതകം. വീട്ടിലെ രണ്ടാം നിലയിലെ മുറിയില്‍ നിഗൂഢമായ ജീവിതമാണ് പ്രജിന്‍ നയിച്ചത്. ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാത്തതിലെ വിഷമവും മകനുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് വീട്ടില്‍ വെറുതെ കഴിയുന്നതിനിടയിലാണ് ഒന്നരലക്ഷത്തോളം രൂപ ചെലവിട്ട് കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയത്. ഇതിന് ശേഷമാണ് പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. ഇതിനുശേഷം പള്ളിയില്‍ പോകാന്‍ മടികാട്ടാറുണ്ട്. എപ്പോഴും മുറിയടച്ചിരിക്കുന്നത് പതിവാക്കിയിരുന്നു. മുറിയിലേക്ക് ആര്‍ക്കും പ്രവേശനം ഇല്ലായിരുന്നു. ചിലപ്പോഴൊക്കെ രാത്രിയില്‍ വാഹനമെടുത്ത് പുറത്തുപോകുന്ന പ്രജിന്‍ മണിക്കൂറുകള്‍ കഴിഞ്ഞാണ് മടങ്ങി വന്നിരുന്നത്. ഇതിനെക്കുറിച്ച് എന്തൈങ്കിലും ചോദിച്ചാല്‍ മര്‍ദനവും പതിവായിരുന്നു. ഇക്കാരണത്താല്‍ പ്രജിന്റെ മുറിയില്‍ എന്താണ് നടക്കുന്നതെന്നുമുള്ള ഒരുവിവരവും തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും അമ്മ പറഞ്ഞു.

സാത്താന്‍ സേവ പോലുള്ള ആഭിചാര കര്‍മങ്ങളില്‍ മകന്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നുള്ള സംശയമുണ്ടെന്നും മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പടെ പരിശോധിക്കണമെന്നുമാണ് അമ്മയുടെ ആവശ്യം. നെയ്യാറ്റിന്‍കര ജയിലില്‍ കഴിയുന്ന പ്രജിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളുവെന്ന് വെള്ളറട പൊലീസ് പറഞ്ഞു.