കോഴിക്കോട്: അത്യാഡംബര കാറുകളുപയോഗിച്ചുള്ള പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ ഛായാഗ്രാഹകനും പ്രമോഷനല്‍ വീഡിയോ നിര്‍മാതാവുമായ വടകര കടമേരി തച്ചിലേരി താഴെകുനിവീട്ടില്‍ ടി.കെ. ആല്‍വിന്‍ (20) മരിച്ച കേസില്‍ കാറോടിച്ച കാര്‍ ഡീറ്റെയ്ലിങ് സ്ഥാപനയുടമ അറസ്റ്റിലാകുമ്പോഴും ദുരൂഹത തീരുന്നില്ല. ഈ കേസില്‍ പോലീസ് ആദ്യ ഇട്ട എഫ് ഐ ആറില്‍ ഡിഫന്‍ഡര്‍ കാറായിരുന്നു അപകടമുണ്ടാക്കിയത്. ഈ ഡിഫന്‍ഡര്‍ കാറിനെ പൂര്‍ണ്ണമായും ഒഴിവാക്കിയാണ് പുതിയ അന്വേഷണം. തൊണ്ടയാട് ബൈപ്പാസിലെ ട്രിപ്പിള്‍ നയണ്‍ ഓട്ടോമോട്ടീവ് പാര്‍ട്ണര്‍ മഞ്ചേരി കരുവമ്പ്രം കല്ലിങ്ങല്‍ വീട്ടില്‍ സാബിത്ത് റഹ്‌മാന്‍ കല്ലിങ്ങലിനെ (28)വെള്ളയില്‍ പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ബീച്ച് റോഡില്‍ വെള്ളയില്‍ പോലീസ് സ്റ്റേഷനു മുന്നിലെ സീബ്രാലൈനിലാണ് അപകടം. തെലങ്കാന രജിസ്‌ട്രേഷനിലുള്ള വാഹനം സാബിത്തും ഒപ്പമുണ്ടായിരുന്ന കേരള രജിസ്‌ട്രേഷന്‍ കാര്‍ സാബിത്തിന്റെ സ്ഥാപനത്തിലെ ജീവനക്കാരന്‍ തലക്കുളത്തൂര്‍ സ്വദേശി മുഹമ്മദ് റൈസുമായിരുന്നു ഓടിച്ചിരുന്നത്. തെലങ്കാന രജിസ്‌ട്രേഷന്‍ കാര്‍, കേരള രജിസ്‌ട്രേഷന്‍ വാഹനത്തെ പെട്ടെന്ന് മറികടന്നെത്തി ആല്‍വിനെ ഇടിക്കുകയായിരുന്നെന്ന് വെള്ളയില്‍ സി.ഐ. ബൈജു കെ. ജോസ് പറഞ്ഞു. രണ്ട് കാറുകളും കസ്റ്റഡിയില്‍ എടുത്തു. രണ്ടാം കാറോടിച്ച മുഹമ്മദ് റൈസിന് നോട്ടീസ് നല്‍കി. അപകടമുണ്ടാക്കിയ കാറിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതിനാല്‍ രണ്ടാം കാറിന്റെ വിവരമാണ് ആദ്യം സാബിത്ത് റഹ്‌മാനും മറ്റും പോലീസിന് നല്‍കിയിരുന്നത്. അതുകൊണ്ട് എഫ്.ഐ.ആറില്‍ തെലങ്കാന വണ്ടിയുടെ നമ്പറല്ല ഉള്ളത്. ഇത് കോടതിയെ അറിയിക്കുമെന്ന് പോലീസ് പറഞ്ഞു. അതായത് ആ ഡിഫന്‍ഡര്‍ കാറിനെ പൂര്‍ണ്ണമായും കേസില്‍ നിന്നൊഴിവാക്കും. രണ്ടു കാറുകളും ചേര്‍ന്നുള്ള പ്രെമോഷനാണ് അപകടമുണ്ടാക്കിയത്. എന്നിട്ടും രണ്ടാം കാറിനെ വെറുതെ വിടുന്നിടത്താണ് ദുരൂഹത. പോലീസിനെ തെറ്റിധരിപ്പിച്ചതിന് പിന്നിലെ ഗൂഡാലോചനയിലും അന്വേഷണമില്ല.

അതിനിടെ ആ ഡിഫന്‍ഡര്‍ കാറുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകള്‍ മറുനാടന്റെ അന്വേഷണത്തില്‍ വ്യക്തമായി. ആ കാറില്‍ പതിച്ചിരുന്നത് താല്‍കാലിക രജിസ്‌ട്രേഷന്‍ നമ്പറാണ്. അത് പരിശോധിച്ചാല്‍ രജിസ്‌ട്രേഷന് വേണ്ടി അപേക്ഷിച്ചത് 2024 ജനുവരിയില്‍ ആണെന്നും വ്യക്തം. അതായത് ഏതാണ്ട് 12 മാസം മുമ്പാണ് താല്‍കാലിക രജിസ്‌ട്രേഷന് അപേക്ഷിച്ചത്. ആറു മാസം വരെ ഈ താല്‍കാലിക രജിസ്‌ട്രേഷനില്‍ വണ്ടി ഓടിക്കാം. പോലീസ് എഫ് ഐ ആര്‍ പ്രകാരം ആ ഡിഫന്‍ഡര്‍ വണ്ടിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ കെഎല്‍ 10 ബികെ 1 എന്നാണ്. അതായത് വിലയുള്ള ഫാന്‍സി നമ്പര്‍. ഈ നമ്പറിന്റെ ആര്‍ സി ഓണര്‍ വിവരങ്ങളും മറുനാടന് കിട്ടി. ഇത് പ്രകാരം മലപ്പുറത്തെ പയ്യനാട് സ്വദേശി സബീര്‍ ബാബു കെയാണ് ഡിഫന്‍ഡര്‍ കാറിന്റെ ആര്‍ സി ഓണര്‍. ഈ കാറിന് ആ ഫാന്‍സി നമ്പര്‍ കിട്ടിയത് 2024 ഏപ്രിലിലും. അതായത് ഡിസംബറിലും ആ കാറിലുള്ളത് താല്‍കാലിക രജിസ്‌ട്രേഷന്‍ നമ്പര്‍. പിഴയിടാക്കാവുന്ന സാധാരണ കുറ്റകൃത്യം മാത്രമാണ് ഇത്. പക്ഷേ ഈ കേസിലെ ദുരൂഹത കണക്കിലെടുത്ത് അതെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് ചെയ്‌തോ എന്ന് അറിയില്ല.

ഇതിനൊപ്പമാണ് പുറത്തു വരുന്ന മറ്റ് ഞെട്ടിക്കുന്ന വിവരങ്ങള്‍. ബികെ എന്ന സീരീസിലെ ഒന്നാം നമ്പര്‍ വാഹനം സ്വന്തമാക്കുന്നതിന് കേരളത്തില്‍ പ്രത്യേക കൂട്ടം തന്നെയുണ്ട്. കേരളത്തിലെ അതിശക്തനായിരുന്ന രാഷ്ട്രീയ നേതാവിന്റെ മകന്റെ സുഹൃത്തുക്കളും അടുപ്പക്കാരുമാണ് ബികെ രജിസ്‌ട്രേഷന്‍ വാഹനം സ്വന്തമാക്കാന്‍ ശ്രമിക്കുകയെന്നത് പകല്‍ പോലെ വ്യക്തമാണ്. സബീര്‍ബാബുവിന് ഇത്തരം ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. പക്ഷേ എട്ടുമാസമായി ഡിഫന്‍ഡര്‍ പോലൊരു അത്യാഡംബര വാഹനത്തിന് യഥാര്‍ത്ഥ നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ചില്ലെന്നത് ഏറെ ദുരൂഹമാണ്. ആഡംബര വാഹനങ്ങളില്‍ മയക്കു മരുന്നും കള്ളപ്പണവുമെല്ലാം കടത്തുന്ന ലോബി മലബാറില്‍ സജീവമാണ്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് താല്‍കാലിക നമ്പര്‍ പ്ലേറ്റുമായി ഈ വാഹനം ഓടിയെന്നത് അന്വേഷണ വിധേയമാക്കേണ്ടതുമാണ്. എന്നാല്‍ ഇത്തരം വസ്തുതകള്‍ പരിശോധിക്കാതെ കെഎല്‍ 10 ബികെ 1 എന്ന വാഹനത്തെ വെറുതെ വിടുന്നു. പ്രെമോഷന്‍ ഷൂട്ടിനിടെയാണ് ആല്‍വിന്റെ മരണം. അതായത് പ്രെമോഷന്‍ ഷൂട്ടിനെത്തിയ രണ്ടു വണ്ടികളും ആ മരണത്തില്‍ തുല്യ പങ്കാളികളാണ്. എന്നിട്ടും ഒരു വാഹനത്തിലേക്ക് അന്വേഷണം ചുരുക്കാന്‍ ശ്രമിച്ചുവെന്നതാണ് വിചിത്രം.

മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായ ഡ്രൈവിങ്, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിച്ചു എന്നീ വകുപ്പുകളാണ് തെലങ്കാന രജിസ്‌ട്രേഷനിലുള്ള വാഹനം ഓടിച്ച സാബിത്തിനെതിരെ ചുമത്തിയത്. പിന്നാലെ ജാമ്യത്തില്‍വിട്ടു. സാബിദിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടര്‍ വാഹന വകുപ്പ് അറിയിച്ചു. അപകടത്തില്‍ മരിച്ച ആല്‍വിന് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു വൃക്കരോഗം പിടിപെട്ടിരുന്നു്. തുടര്‍ന്ന് തണ്ണീര്‍പന്തല്‍ എന്ന ഗ്രാമം ആ കുട്ടിക്കായി കൈകോര്‍ത്തു. അന്ന് പിരിച്ചെടുത്ത 45 ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു രണ്ടുവര്‍ഷം മുന്‍പ് ശസ്ത്രക്രിയ നടത്തിയത്. ആറു മാസം കൂടുമ്പോള്‍ തുടര്‍ പരിശോധനയ്ക്കായി ആശുപത്രിയിലെത്തണം. അതിനായാണ് രണ്ടാഴ്ച മുന്‍പ് ആല്‍വിന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്.

വടകര കടമേരി തച്ചിലേരി താലെ കുനിയില്‍ സുരേഷ് ബാബുവിന്റെ മകനാണ് ആല്‍വിന്‍. കുറച്ചുനാളായി വിദേശത്താണു ജോലി ചെയ്തിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടു കാരണം ഹൈസ്‌കൂള്‍തലം വരെ മാത്രമായിരുന്നു പഠനം. തുടര്‍ന്ന് വരുമാനത്തിനായി വിഡിയോഗ്രഫറായി. അച്ഛന്റെയും അമ്മയുടെയും ഏകമകനായ ആല്‍വിന്‍ അവര്‍ക്കു തണലൊരുക്കാനാണ് ആരോഗ്യനില മെച്ചമല്ലാതിരുന്നിട്ടും ആല്‍വിന്‍ വിദേശത്തേക്കു പോയത്. പരിശോധനയ്‌ക്കെത്തിയ ഇടവേളയിലും ജോലി ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണമെത്തിയത്.