- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗർഭിണിയായ അപർണയ്ക്ക് അമൃതയിൽ ചികിത്സയെന്ന് പറഞ്ഞ് ഹോട്ടലിൽ മുറിയെടുത്തു; ആയിരം രൂപ അഡ്വാൻസ് നൽകി മുറിയെടുത്ത ശേഷം ഭർത്താവ് സനൂപ് തിരികെ പോയി; ഹോട്ടലുകാർ വാടക ചോദിച്ചപ്പോൾ ഭർത്താവ് വന്നാൽ തരാമെന്ന് അപർണ; കഴിഞ്ഞ ദിവസം സനൂപിനൊപ്പം നിരവധി സന്ദർശകരുമെത്തി; ഇടപ്പള്ളിയിലെ ലഹരി വിൽപ്പന ഗർഭം മറയാക്കി; മുറി വാടക കുടശ്ശികയാക്കിയത് 23,000 രൂപ!
കൊച്ചി: ഗർഭിണിയും യുവാക്കളും ലഹരികച്ചവടത്തിനായി ഉപയോഗിച്ച ഹോട്ടലിൽ മുറി വാടകയായി 23,000 രൂപ നൽകാനുണ്ടെന്ന് നടത്തിപ്പുകാർ. മുറിയെടുത്ത ദിവസം മാത്രമാണ് 1,000 രൂപ വാടക തന്നത്. അറസ്റ്റിലായ ദിവസം വരെ പണം നൽകാതെയാണ് ഇവിടെ യുവതി തങ്ങിയതെന്നും ഹോട്ടലുകാർ പറയുന്നു.
ജനുവരി 2 നാണ് എരുമേലി സ്വദേശിനി അപർണ്ണ(22)യും ആലുവ സ്വദേശി സനൂപും അമൃതാ ആശുപത്രിക്ക് സമീപമുള്ള ബ്ലൂമൂൺ ഹോട്ടലിൽ മുറിയെടുത്തത്. ഗർഭിണിയായ അപർണ്ണയുടെ ചികിത്സ അമൃതയിലാണെന്നും അതിനായിട്ടാണ് മുറിയെടുക്കുന്നതും എന്നായിരുന്നു പറഞ്ഞിരുന്നത്. മുറിയെടുക്കുന്ന സമയം രണ്ടു പേർ കൂടി വരും എന്നും അറിയിച്ചിരുന്നു. മുറിയെടുത്ത ശേഷം ഭർത്താവ് എന്ന് പരിചയപ്പെടുത്തിയ സനൂപ് തിരികെ പോയി. പിന്നീട് അപർണ്ണ മാത്രമായിരുന്നു താമസം.
മിക്ക ദിവസവും ഇവർ പുറത്തേക്ക് പോകുന്നത് പതിവായിരുന്നു. മുറിയെടുത്ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ബാക്കി വാടക ഹോട്ടൽ ജീവനക്കാർ ചോദിച്ചിരുന്നു. ഭർത്താവ് എത്തുമ്പോൾ തരാമെന്നായിരുന്നു അപർണ്ണ പറഞ്ഞിരുന്നത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വാടക കിട്ടാതായിട്ടും ഇവരെ ഇവിടെ നിന്നും ഇറക്കി വിടാതിരുന്നത് ഗർഭിണായായതിനാലായിരുന്നു എന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഇതിനിടയിൽ ചിലർ അപർണ്ണയുടെ മുറിയിൽ സന്ദർശനത്തിനായി എത്തി. എന്നാൽ സന്ദർശകരെ അനുവദിക്കില്ലെന്ന് പറഞ്ഞ് ജീവനക്കാർ ഇവരെ മടക്കി അയച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് അപർണ്ണയുടെ ഭർത്താവ് എന്ന് പരിചയപ്പെടുത്തിയ സനൂപ് ഹോട്ടലിലെത്തുന്നത്. ഈ സമയം കിട്ടാനുള്ള വാടകയെ കുറിച്ച് സംസാരിച്ചു. ഉടനെ തരാം എന്ന് സനൂപ് മറുപടി നൽകി. സനൂപ് വന്നതിന് ശേഷം നിരവധി പേർ ഇവരുടെ മുറിയിലേക്ക് സന്ദർശകരായി എത്തി. ഇതോടെ ഹോട്ടൽ ജീവനക്കാർ ഇത് വിലക്കുകയും വാടക എത്രയും വേഗം തന്ന് ഒഴിഞ്ഞു പോകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഈ സമയം സനൂപ് ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
ഇതിനിടയിലാണ് ചേരാനെല്ലൂർ പൊലീസ് ഇന്ന് രാവിലെ ഹോട്ടലിലെത്തി പരിശോധന നടത്തിയത്. മുറിയിൽ നിന്നും 5 തരം ലഹരി മരുന്നുകളാണ് കണ്ടെത്താൻ കഴിഞ്ഞത്. എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എൽഎസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവയാണ് പിടിച്ചെടുത്തത്. പിടിയിലായ അപർണ ആറ് മാസം ഗർഭിണിയാണ്. നൗഫൽ ഊബർ ടാക്‌സി ഡ്രൈവറാണ്. ഇവർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്നും പൊലീസ് പറഞ്ഞു.
ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ പരിശോധനയുണ്ടാകില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഇവിടെ മുറിയെടുത്തുതെന്നും അപർണയ്ക്കും സനൂപിനും എതിരെ നേരത്തെയും കേസുകൾ ഉള്ളതായും പൊലീസ് വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.