കൊച്ചി: മോഡലായ കാസർകോട് സ്വദേശിനിയായ പത്തൊൻപതുകാരി ക്രൂര പീഡനത്തിനിരയായത് ഡി.ജെ പാർട്ടി കഴിഞ്ഞ് മടങ്ങിയപ്പോൾ. എറണാകുളത്തെ വിവാദമായ ഹാർബർ വ്യൂ ഹോട്ടലിലെ ഫ്ളൈഹൈ പബ്ബിലെ ഡി.ജെ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴാണ് മൂന്നു പേർ ചേർന്ന് ഇവരെ ക്രൂര പീഡനത്തിനിരയാക്കിയത്. പീഡനത്തിൽ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായി പരിക്കേൽക്കുകയും ചെയ്തു.

17 ന് വൈകുന്നേരം 6 മണിക്കാണ് ഹാർബർ വ്യൂ ഹോട്ടലിലെ പബ്ബിൽ ഡി.ജെ പാർട്ടി ആരംഭിച്ചത്. രാജസ്ഥാൻ സ്വദേശിനിയായ ഡോണ എന്ന മോഡലിനൊപ്പം ഡി.ജെ പാർട്ടിക്കെത്തിയ യുവതി ഇവിടെ നിന്നും അമിതമായി ലഹരി ഉപയോഗിച്ചിരുന്നു. ആദ്യം മദ്യം കഴിച്ച യുവതിക്ക് പിന്നീട് ഡോണ ലഹരി മരുന്ന് നൽകിയിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ലഹരിയിൽ ബോധം പോയ യുവതിയെ ഡോണ കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് ചെറുപ്പക്കാർക്കൊപ്പം കാറിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. പീഡനത്തിന് ശേഷം യുവതിയെ കാക്കനാടുള്ള താമസ്ഥലത്ത് ഉപേക്ഷിക്കുകയും പിറ്റേ ദിവസം ശാരീരിക പ്രശ്നങ്ങൾ മൂലം തൃക്കാക്കര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

രാത്രി പത്ത് മണിക്ക് ശേഷമാണ് പീഡനം നടന്നത്. ഈ സമയം അബോധാവസ്ഥയിലായിരുന്നെങ്കിലും യുവതി വേദന സഹിക്കാനാവാതെ നിലവിളിച്ചതായും പറയുന്നു. രാജസ്ഥാൻ സ്വദേശിനിയായ ഡോണ ഏറെ നാളായി എറണാകുളത്താണ് താമസം. ഇവർ പലർക്കും യുവതികളെ പണത്തിന് കാഴ്ചവയ്ക്കുന്ന രീതിയാണുള്ളതെന്ന് പറയുന്നു. എറണാകുളത്തെ സെക്സ് മാഫിയയുമായി ഇവർക്ക് ബന്ധമുണ്ട്. ഇവരുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പല വമ്പന്മാരുടെയും വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

തൃക്കാക്കര സഹകരണ ആശുപത്രിയിൽ നിന്ന് എറണാകുളം ഇൻഫോ പാർക്ക് പൊലീസിനാണ് പരാതി ലഭിച്ചത്. തുടർന്ന് ആശുപത്രിയിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് സംഭവം നടന്ന പൊലീസ് സ്റ്റേഷൻ പരിധിയായ എറണാകുളം സൗത്തിലേയ്ക്കു കൈമാറുകയായിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം പിടിയിലായത്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ പെൺകുട്ടിയെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണ്.

ഫ്ളൈ ഹൈ പബ്ബ് കഴിഞ്ഞ ജൂണിൽ പൊലീസും എക്സൈസും പൂട്ടിച്ചതായിരുന്നു. പബ്ബിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ കഞ്ചാവ് കണ്ടെത്തുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ പ്രവർത്തി സമയം കഴിഞ്ഞും ബാർ പ്രവർത്തിക്കുന്നത് പതിവാണ്. ഇതൊക്കെ മൂലം പൊലീസിന് വലിയ തലവേദനയായി മാറിയിരിക്കുകയായിരുന്നു ഈ ഹോട്ടൽ. ഇതോടെ കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരം ഹോട്ടലിന്റെ ലൈസൻസ് റദ്ദു ചെയ്യാൻ സൗത്ത് പൊലീസ് എക്‌സൈസിന് ശുപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഹോട്ടൽ പൂട്ടിയത്. എന്നാൽ ഉന്നത പിടിപാട് മൂലം ഇത് വീണ്ടും ആരംഭിക്കുകയായിരുന്നു.

മാർച്ച് 11 നാണ് ഹാർബർ വ്യൂഹോട്ടലിൽ ഫ്ളൈഹൈ പബ്ബ് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യ പബ് എന്ന തലക്കെട്ടോടെ ഹാർബർ വ്യൂവിലെ നൈറ്റ് പാർട്ടി ദൃശ്യങ്ങൾ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. ഇതോടെ ഇവിടേക്ക് യുവാക്കളുടെയും യുവതികളുടെയും ഒഴുക്കായിരുന്നു. നൈറ്റ് പാർട്ടിയിൽ പങ്കെടുക്കുന്നതിനായി സിംഗിൾ എൻട്രിക്ക് 2500 ഉം കപ്പിൾ എൻട്രിക്ക് 3500 ഉം രൂപയാണ് ഫ്ളൈ ഹൈ ഈടാക്കിയിരുന്നത്. രാത്രി ഒൻപതുമണിക്ക് ശേഷം കപ്പിൾ എൻട്രി ഫ്രീയാണ്. നിരവധി കുറ്റകൃത്യങ്ങളാണ് ഈ പബ്ബിനെ ബന്ധപ്പെടുത്തി ഓരോ ദിവസവും വരുന്നത്.