കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ട നടത്തി കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ. ദക്ഷിണ നാവിക സേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും സംയുക്തമായി ചേർന്നാണ് ഉൾക്കടലിൽ കപ്പലിൽ നിന്നും 15,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായാണ് സൂചന. നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു കടലിൽ പരിശോധന നടത്തിയത്. ഏതു തരം മയക്കു മരുന്നാണെന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല.

ഉൾക്കടലിൽ നേവിയുടെ കപ്പലിലേക്ക് മയക്കുുമരുന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. കപ്പലിൽ നിന്നും ആയുധങ്ങൾ കണ്ടെത്തിയോ എന്നും ഏത് രാജ്യത്ത് നിന്നും വന്ന കപ്പലാണ് എന്നതടക്കമുള്ള കാര്യങ്ങൾ ഇതു വരെ പുറത്തു വിട്ടിട്ടില്ല. ഇന്ന് വൈകുന്നേരം നാലുമണിക്ക് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മാധ്യമങ്ങളെ കാണുന്നുണ്ട്. വിശദ വിവരങ്ങൾ അപ്പോൾ വ്യക്തമാക്കാമെന്നാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലഹരി വേട്ട. കൊച്ചിയിൽ അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി സജീവമാണെന്നതിന് തെളിവാണ് ഇത്.

അഫ്ഗാനിലെ തീവ്രവാദ കേന്ദ്രങ്ങളിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് ഇന്ത്യയിലേക്ക് ഒഴുകുമ്പോൾ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ഏജൻസികൾ തീരുമാനിച്ചിരുന്നു. നേരത്തെ ഗുജറാത്തിനു സമീപം കടലിൽ പിടിയിലായ പാക്ക് ബോട്ടിൽനിന്ന് 50 കിലോ ഹെറോയിൻ പിടിച്ചെടുത്തിരുന്നു. അതിന് തൊട്ടു മുമ്പ് 1200 കോടിയുടെ ഹെറോയിൻ കൊച്ചി തീരത്തും പിടിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നും പാക്കിസ്ഥാനിൽനിന്നും ഇന്ത്യയിലേക്ക് കടത്തുകയായിരുന്ന മയക്കുമരുന്ന് മുംബൈയിലും ഗുജറാത്തിലുമായി മാസങ്ങൾക്ക് മുമ്പ് പിടികൂടിയിരുന്നു. ഇന്ത്യയിലെ ഒരു വമ്പൻ സ്രാവ് ഇതിന് പിന്നിലുണ്ടെന്ന് അന്വേഷണ ഏജൻസികൾക്ക് വിലയിരുത്തുന്നു.

കൊച്ചി തീരത്ത് കൂടിയുള്ള ലഹരി കടത്തിന് പിന്നിൽ കുപ്രസിദ്ധ ആയുധ-ലഹരി കടത്തുകാരൻ ഹാജി സലിമും സംഘവുമെന്ന് നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിരുന്നു. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) നോട്ടപ്പുള്ളിയാണ് പാക്കിസ്ഥാൻകാരനായ ഹാജി സലിം. ഇന്ത്യൻ തീരസേനയുടെ കണ്ണുവെട്ടിക്കാൻ അഫ്ഗാനിസ്ഥാനിൽ നിന്ന് പാക്കിസ്ഥാനിൽ എത്തിച്ച ഹെറോയിൻ പുറംകടലിൽ വച്ച് മാറ്റി പലവഴിക്ക് കൊച്ചിയിൽ എത്തിക്കും. അതിന് ശേഷം പലർക്കായി വീതിക്കും. കൊച്ചി തീരത്തു കൂടി ശ്രീലങ്കയിലേക്കും കടത്തും. ഈ നെറ്റ് വർക്കിലുള്ളവരാണ് പിടിയിലായത് എന്നാണ് സൂചന.

'ഹാജി സലിം ഡ്രഗ് നെറ്റ്‌വർക്' സംഘടനയിലൂടെയാണ് ഹാജി സലിം ആയുധ-ലഹരി കടത്തുകൾക്ക് നേതൃത്വം നൽകുന്നത്. ഉത്തരേന്ത്യയിലേക്ക് ഗുജറാത്ത് തീരം വഴി കടത്തുമ്പോൾ കൊച്ചിയിൽ എത്തിക്കുന്നത് ദക്ഷിണേന്ത്യയ്ക്കൊപ്പം ശ്രീലങ്കയേയും ലഹരിയിൽ മുക്കാനുള്ള ലഹരിയാണ്. ഹാജി സലിം പാക്കിസ്ഥാനിയാണ്. പാക്കിസ്ഥാനി ഡ്രഗ് സിൻഡിക്കേറ്റും പഴയ തമിഴ് പുലികളും തമ്മിലുള്ളത് അടുത്ത ബന്ധമാണ്. ദുബായിലെ സ്ഥിര സന്ദർശകനാണ് ഹാജി സലിം.

കുറച്ചു കാലം മുമ്പ് കേരളത്തിലെ തീരത്ത് ശ്രീലങ്കൻ ബോട്ടിലെ ഹെറോയിൻ കടത്ത് പിടിച്ചിരുന്നു.അന്ന് കുടുങ്ങിയവർക്ക് ഹാജി സലിമുമായി നേരിട്ട് ബന്ധമുണ്ടായികുന്നു. ശ്രീലങ്കയിലേക്ക് എകെ 47 തോക്ക് കടത്തിയ കേസിലും ഇയാൾ സംശയ നിഴലിലാണ്. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയാണ് ഹാജി സലിം എന്നും സൂചനകളുണ്ട്. ഹാജി സലിമിനെതിരെ നിരവധി തെളിവുകൾ ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്.

അഫ്ഗാനിൽ നിന്ന് ഹെറോയിൻ വാങ്ങി പാക്കിസ്ഥാൻ ഇറാൻ അതിർത്തിയിൽ എത്തിക്കും. ഇറാനിലേയും പാക്കിസ്ഥാനിലേയും ചെറു തുറമുഖങ്ങളിൽ നിന്ന് ബോട്ടുകളിലേക്ക് ഇത് മാറ്റും. അതിന് ശേഷം കടലിൽ വച്ച് ചെറിയ ഉരുകളിലേക്കും ഡ്രഗ്സ് കൈമാറും. ഇത് സുരക്ഷിതമായി ശ്രീലങ്കയിൽ എത്തിക്കും. അവിടെ നിന്ന് ഇന്ത്യയിലേക്കും ഓസ്ട്രേലിയയിലേക്കും കടത്തും. എൽടിടിഇയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീലങ്കയിലെ തമിഴ് വംശജരിലെ തീവ്രവാദ സ്വഭാവമുള്ളവർ കടത്തിൽ പങ്കാളിയാകുന്നത്. ഇവരിലൂടെ കൊച്ചി വഴി കേരളത്തിലെ ഭീകര പ്രവർത്തകരിലേക്കും ഡ്രഗ്സ് എത്തുന്നു.