തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് വീണ്ടും വിവാദമായതോടെ പുനരന്വേഷണത്തിന് പോലീസ് ഇറങ്ങുമ്പോള്‍ ധര്‍മരാജന്‍ പോലീസിന് നല്‍കിയെന്ന് പറഞ്ഞ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ മൊഴി അതിനിര്‍ണ്ണായകമാകും. ഇരിങ്ങാലക്കുട കോടതിയില്‍ രണ്ടുഘട്ടങ്ങളിലായി കുറ്റപത്രം നല്‍കിയ പ്രത്യേക അന്വേഷണസംഘമാണ് പുനരന്വേഷണം ആരംഭിച്ചത്. ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷില്‍ നിന്ന് പ്രത്യേക അന്വേഷണസംഘ തലവനായിരുന്ന ഡിവൈ.എസ്.പി. വി.കെ. രാജു മൊഴിയെടുത്തു. ഭീഷണിയെത്തുടര്‍ന്ന് പോലീസ് സതീഷിന്റെ വീടിന് കാവല്‍ ഏര്‍പ്പെടുത്തി.

വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ തനിക്ക് ഭീഷണിയുണ്ടെന്ന് സതീഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പോലീസ് വീടിന് കാവല്‍ ഏര്‍പ്പെടുത്തിയത്. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ പുതിയ അന്വേഷണ സംഘത്തോട് ആവര്‍ത്തിക്കുമെന്നും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്താനുണ്ടെന്നും സതീഷ് പറഞ്ഞിരുന്നു. ബി.ജെ.പി. നേതാക്കളുടെ സമ്മര്‍ദം കാരണം വ്യാജമൊഴിയാണ് മുന്‍പ് നല്‍കിയിരുന്നതെന്നും ആറു ചാക്കുകളിലാക്കി മൂന്നരക്കോടിരൂപ ഓഫീസില്‍ എത്തിച്ചെന്നുമാണ് പുതിയ മൊഴി.

ഇന്നലെ വൈകിട്ടാണ് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ സതീഷിനെ നേരില്‍കണ്ട് വിവരങ്ങള്‍ തേടിയത്. ചാക്കുകളില്‍ പാര്‍ട്ടിയുടെ കൊടിതോരണങ്ങളാണെന്നാണ് സതീഷ് മുമ്പ് മൊഴി നല്‍കിയത്. ഈ മൊഴി കോടതിയില്‍ തിരുത്തി സത്യം പറയാന്‍ ഇരിക്കുകയായിരുന്നു എന്നും വെള്ളിയാഴ്ച വൈകീട്ട് സതീഷ് അന്വേഷണസംഘത്തിന് മുന്നില്‍ വെളിപ്പെടുത്തി. ഇതുള്‍പ്പെടുത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തിങ്കളാഴ്ച കോടതിയുടെ അനുമതി തേടും. ഇതോടെ ധര്‍മ്മരാജന്‍ പറഞ്ഞതും ചര്‍ച്ചകളിലെത്തും.

കുഴല്‍പ്പണമെത്തിയ വഴിയെ കുറിച്ച് ധര്‍മ്മരാജന്‍ പോലീസിന് നല്‍കിയ മൊഴി ഇങ്ങനെ

ബെംഗളൂരുവിലെ വിക്കി എന്ന സേട്ടു എത്തിച്ചുകൊടുത്ത 13.5 കോടി ഏപ്രില്‍ രണ്ടിന് കോഴിക്കോട്ടുള്ള സച്ചിന്‍ലാല്‍ എന്ന സേട്ടുവില്‍ നിന്ന് ശേഖരിച്ച് ധര്‍മരാജന്‍ തൃശ്ശൂരിലേക്ക് പുറപ്പെട്ടു. ബി.ജെ.പി. ഓഫീസില്‍ എത്തിച്ചപ്പോള്‍ മറ്റ് ആള്‍ക്കാരുണ്ടായിരുന്നതിനാല്‍ ഇറക്കാന്‍ സാധിച്ചില്ല. എം.ജി.റോഡിലെ ലോഡ്ജില്‍ നിര്‍ത്താനായിരുന്നു പാര്‍ട്ടി ഓഫീസിലുണ്ടായിരുന്ന സുജയ് സേനന്‍ നിര്‍ദേശിച്ചത്. പിന്നീട് പണം മൂന്ന് ചാക്കുകളില്‍ തലച്ചുമടായി ഓഫീസില്‍ എത്തിച്ചു. ഗിരീഷ് നായര്‍ പറഞ്ഞപ്രകാരം 6.3 കോടിയാണ് നല്‍കിയത്. ബാക്കി കോന്നിയില്‍ എത്തിച്ചു. അവിടെനിന്ന് മടങ്ങുമ്പോഴാണ് മൂന്നരക്കോടിയുമായി കോഴിക്കോട്ടുനിന്ന് ഷംജീര്‍ തൃശ്ശൂരിലേക്ക് പുറപ്പെട്ട വിവരം അറിഞ്ഞത്. തൃശ്ശൂരില്‍ വെച്ച് ഷംജീറിനെ കണ്ടതായും ആലപ്പുഴയിലേക്ക് പുറപ്പെട്ടപ്പോള്‍ അകമ്പടി പോയതായും മൊഴിയില്‍ പറയുന്നു. 2021ലായിരുന്നു ഈ സംഭവമെല്ലാം. 7.2 കോടി കൊന്നിയില്‍ കൊടുത്തുവെന്നാണ് സൂചന.

ബെംഗളൂരുവില്‍ നിന്നെത്തിച്ച് ധര്‍മരാജന്റെ വീട്ടില്‍ സൂക്ഷിച്ച പണം ആലപ്പുഴയിലെ കെ.ജി. കര്‍ത്തയ്ക്ക് കൊടുക്കാനായി കൊണ്ടുവന്നത് ഷംജീറിന്റെ പേരില്‍ ധര്‍മരാജന്‍ വാങ്ങിക്കൊടുത്ത ആഡംബര കാറിലാണ്. ധര്‍മരാജിന്റെ മകന്‍ പൃഥ്വിരാജാണ് വീട്ടില്‍നിന്ന് രണ്ടുകോടി കാറിന്റെ രഹസ്യ അറയില്‍ വെച്ചത്. ഷംജീറും സഹായി റഷീദും ചേര്‍ന്ന് ഒന്നരക്കോടിയും വെച്ചു. കുറവുണ്ടായിരുന്ന 15 ലക്ഷം ധര്‍മരാജന്റെ നിര്‍ദേശപ്രകാരം കോഴിക്കോട് പാളയത്തെ സേട്ടില്‍നിന്ന് വാങ്ങി. വൈകീട്ടോടെ തൃശ്ശൂര്‍ ബി.ജെ.പി.ഓഫീസിലെത്തിച്ചു. ഷംജീറിനും സഹായിക്കും ധര്‍മരാജനും സഹോദരന്‍ ധനരാജനും ബി.െജ.പി. നേതാക്കള്‍ എം.ജി. റോഡിലെ ലോഡ്ജില്‍ മുറിയെടുത്ത് നല്‍കി. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെ നാലിന് വാഹനം ആലപ്പുഴയിലേക്ക് പുറപ്പെട്ടു. അകമ്പടിയായി മറ്റൊരു കാറില്‍ ധര്‍മരാജനും ധനരാജനും പോയി. 4.40-ന് കൊടകര മേല്‍പ്പാലം കടക്കുന്‌പോഴാണ് റോഡില്‍ മൂന്ന് കാറുകള്‍ നിര്‍ത്തി തടഞ്ഞ് ചില്ല് അടിച്ച് തകര്‍ത്ത് ഷംജീറിനെ ഭീഷണിപ്പെടുത്തി കാര്‍ തട്ടിക്കൊണ്ടുപോയത്.

14 വര്‍ഷമായി ഷംജീര്‍ ധര്‍മരാജന്റെ ഡ്രൈവര്‍ ആണെങ്കിലും തനിയെയും കുഴല്‍പ്പണക്കടത്ത് ഷംജീര്‍ നടത്തിയിരുന്നു. ഇക്കാര്യം കൂട്ടുകാരനായ റഷീദിന് അറിയാമായിരുന്നു. ഏപ്രില്‍ മൂന്നിന് വലിയ തുക കടത്തുന്ന കാര്യം അറിഞ്ഞ റഷീദാണ് പണംതട്ടുന്ന പദ്ധതി ആസൂത്രണം ചെയ്തത്. റഷീദ് ഇക്കാര്യം കൂട്ടുകാരനായ ബഷീറിനെ അറിയിച്ചു. പദ്ധതിക്കായി മൂന്നുകാറുകളും അതിലൊന്നില്‍ ജി.പി.എസും ഘടിപ്പിച്ചു. കോഴിക്കോട് മലാപ്പറമ്പില്‍നിന്ന് പണവുമായി കാര്‍ പുറപ്പെട്ട ഉടന്‍ സംഘം പിന്തുടര്‍ന്നു. മുന്നോടിയായി തൃശ്ശൂരിലെ ക്വട്ടേഷന്‍ സംഘവുമായും ബന്ധപ്പെട്ടിരുന്നു. കൊടകരയില്‍ ഷംജീറിനെയും റഷീദിനെയും പുറത്തിറക്കിയ ശേഷം കാര്‍ തട്ടിക്കൊണ്ട് പോകുകയായിരുന്നു. രഹസ്യ അറ തല്ലിത്തകര്‍ത്താണ് മൂന്നരക്കോടി കവര്‍ന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് ധര്‍മരാജ് കേരളത്തിലങ്ങോളമിങ്ങോളം കോടികള്‍ കൈമാറിയതായി മൊഴി നല്‍കിയിട്ടുണ്ട്. പത്തനംതിട്ടയില്‍ 1.4 കോടി, മാര്‍ച്ച് 21-ന് കണ്ണൂര്‍ ബി.ജെ.പി.ഓഫീസില്‍ 1.04 കോടി, 23-ന് കാസര്‍കോട് ബി.ജെ.പി.ഓഫീസില്‍ 3.5 കോടി, 23-ന് ആലപ്പുഴയിലെത്തി മേഖലാ നേതാവ് പദ്മകുമാറിന് 1.5 കോടി, തൃശ്ശൂര്‍ ബി.ജെ.പി.ഓഫീസില്‍ 6.5 കോടി, മാര്‍ച്ച് 12-ന് തൃശ്ശൂര്‍ അമല നഗറില്‍ സുജയ് സേനന് ആദ്യ ഘട്ടത്തില്‍ രണ്ടുകോടിയും രണ്ടാംഘട്ടത്തില്‍ ഒന്നരക്കോടിയും എന്നിങ്ങനെയാണ് മൊഴിയിലുള്ളത്. പണം കടത്തുന്നതിനായി 4.75 ലക്ഷം കൊടുത്തുവാങ്ങിയ കാര്‍ പെരിന്തല്‍മണ്ണയിലെ സ്ഥാപനത്തിലെത്തിച്ച് ഒന്നര ലക്ഷം മുടക്കി രഹസ്യ അറ നിര്‍മിച്ചു.

കൊടകരയില്‍ മൂന്നരക്കോടി തട്ടിയെടുത്ത ഉടന്‍ പണം പങ്കിടുന്നത് സംബന്ധിച്ച് പ്രതികള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. കേസില്‍ ഒന്നാം പ്രതിയായി ചേര്‍ത്ത മുഹമ്മദാലി രണ്ടുകോടിയും മൂന്നാംപ്രതി രഞ്ജിത്ത് ഒന്നരക്കോടിയുമെടുക്കാമെന്ന് ധാരണയായി. എന്നാല്‍, പണം കുറവാണെന്ന് പറഞ്ഞ് രഞ്ജിത്ത് പ്രശ്‌നമുണ്ടാക്കിയപ്പോള്‍ ഒന്‍പതാം പ്രതി ബാബു , മുഹമ്മദാലിയുടെ രണ്ടുകോടിയില്‍ നിന്ന് 23 ലക്ഷം കവര്‍ന്നു. മുഹമ്മദാലി മട്ടന്നൂരിലെത്തിയാണ് ഒന്നേമുക്കാല്‍ കോടി സംഘാംഗങ്ങള്‍ക്ക് പങ്കുവെച്ചത്. രഞ്ജിത് സംഘാംഗങ്ങള്‍ക്ക് തൃശ്ശൂര്‍ കോടാലിയില്‍ വെച്ചും പണം പങ്കിട്ടു. ബാക്കിയുണ്ടായിരുന്ന തുകയില്‍ നിന്ന് 17 ലക്ഷം രഞ്ജിത്തിന്റെ ഭാര്യ ദീപ്തി കൈപ്പറ്റി. ദീപ്തി 20-ാം പ്രതിയാണ്.