- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആക്ഷൻ ഹീറോ ബിജുവിൽ മോഷണം പോയത് വയർലെസ് സെറ്റെങ്കിൽ മദ്യപൻ കൊടുമൺ പൊലീസ് സ്റ്റേഷനിൽ നിന്ന് എടുത്തു കൊണ്ട് പോയത് പെറ്റി അടപ്പിക്കാനുള്ള ഇ പോസ് മെഷീൻ; മോഷ്ടാവിനെ കിട്ടിയെങ്കിലും മെഷിൻ നഷ്ടമായി; ജാമ്യം കിട്ടി പോകുമ്പോൾ വഴിയിൽ കളഞ്ഞെന്ന് കുറ്റസമ്മതം; ആകെ വലഞ്ഞ് പൊലീസ്
പത്തനംതിട്ട: ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിൽ കാണികളെ ഏറ്റവുമധികം ചിരിപ്പിച്ച സീനുകളിലൊന്നാണ് മദ്യപനായ മോഷ്ടാവ് വയർലെസ് സെറ്റ് മോഷ്ടിക്കുന്നത്. ഒടുവിൽ കാമുകിയുടെ വിട്ടിൽ നിന്ന് കൊതുകു തിരി കത്തിച്ചു വയ്ക്കാനുപയോഗിക്കുന്ന സ്റ്റാൻഡ് ആയി സെറ്റ് തിരികെ കിട്ടുന്നുണ്ട്.
ഏതാണ്ടിതേ സംഭവമാണ് കൊടുമൺ പൊലീസ് സ്റ്റേഷനിൽ നടന്നിരിക്കുന്നത്. ഇവിടെ നിന്ന് നഷ്ടമായിരിക്കുന്നത് ഒരു ഇ- പോസ് മെഷിനാണ്. ഓൺലൈൻ യുഗത്തിൽ പെറ്റിക്കേസ് പ്രതികളിൽ നിന്ന് കാർഡ് സ്വൈപ് ചെയ്ത് അപ്പോൾ തന്നെ പിഴ ഈടാക്കുന്നതിന് വേണ്ടിയാണ് ഈ പോസ് മെഷിൻ എല്ലാ പൊലീസ് സ്റ്റേഷനുകളിലും നൽകിയിരിക്കുന്നത്.
പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിൽ എടുത്ത ഇളമണ്ണൂർ സ്വദേശിയായ എബി ജോൺ (28) ആണ് പൊലീസ് സ്റ്റേഷനിൽ നിന്ന് ഇ-പോസ് മെഷിനുമായി മുങ്ങിയത്. ജനുവരി 27 ന് രാത്രി ഒമ്പതു മണിയോടെയാണ് ഇയാളെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചത്.
പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പോകുന്ന പോക്കിലാണ് ഈ പോസ് മെഷിൻ കൈക്കലാക്കിയത്. ജിഡി ചാർജിന്റെ സമീപത്തായി വയർലെസ് സെറ്റിനൊപ്പം വച്ചിരിക്കുകയായിരുന്നു ഇ-പോസ് മെഷിൻ. ജാമ്യം ലഭിച്ച് പോകുന്ന വഴി ഇയാൾ ഇത് വസ്ത്രത്തിൽ ഒളിപ്പിച്ചു കൊണ്ട് പോവുകയായിരുന്നു.
മെഷിൻ കാണാതെ വന്നപ്പോൾ പൊലീസുകാർ പരക്കം പാഞ്ഞു. ഒടുക്കം സിസിടിവിയിൽ നിന്നാണ് മോഷ്ടാവിനെ പിടികിട്ടിയത്. തുടർന്ന് എബിയെ തേടി പരക്കം പാച്ചിലായി. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ ഇയാളെ കസ്റ്റഡിയിൽ എടുത്തു. പൊതുമുതൽ മോഷണത്തിന് കേസ് ചാർജ് ചെയ്തു. മോഷണം പോയ മെഷിൻ ഇയാളിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾ വഴിക്കെവിടെയോ എറിഞ്ഞു കളഞ്ഞുവെന്നാണ് പറയുന്നത്.
ഏതാണ്ട് കാൽലക്ഷത്തോളം രൂപ മെഷിന് വിലയുണ്ട്. പ്രതിയുമായി പൊലീസ് മെഷിൻ കണ്ടു പിടിക്കാനുള്ള നെട്ടോട്ടത്തിലാണ്.
ശ്രീലാല് വാസുദേവന് മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്