- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കിഡ്‌നാപ്പിങ്ങിനായി റാംജിറാവ് സ്പീക്കിങ് സിനിമ മൂവരും കണ്ടത് 10 തവണ; ദൃശ്യത്തിലേത് പോലെ ക്രൈമിൽ പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്താതിരിക്കാനും ശ്രദ്ധ വച്ചു; പത്മകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകലിന് ഇറങ്ങി പുറപ്പെട്ടത് ഒരുമാസത്തെ ആസൂത്രണത്തിന് ശേഷം; കച്ചവടം പൊട്ടിയതോടെ ഒന്നര കോടിയുടെ ബാധ്യത; കുട്ടിയുടെ അച്ഛനോട് അഞ്ച് ലക്ഷം വാങ്ങിയെന്നതിനും സ്ഥിരീകരണമില്ല
കൊല്ലം: ഓയൂരിൽ, ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ പ്രതി പത്മകുമാറും കുടുംബവും തീരുമാനിച്ചത് കടുത്ത സാമ്പത്തിക ബാധ്യതയിൽ നിന്ന് കര കയറാൻ. ബേക്കറി ബിസിനസ് നടത്തി പൊട്ടിയ പത്മകുമാറിന് ഒന്നര കോടിയുടെ ബാധ്യതയാണ് ഉള്ളത്. ഇത് എങ്ങനെ തീർക്കും എന്ന് എത്തും പിടിയും ഇല്ലാതെ വന്നപ്പോൾ, പത്മകുമാറിന്റെ തലയിൽ ഉദിച്ച ബുദ്ധിയാണ് കിഡ്‌നാപ്പിങ്. ഇതിനോട് ഭാര്യയും മകളും ആദ്യം യോജിച്ചില്ലെങ്കിലും, പിന്നീട് ഗത്യന്തരമില്ലാതെ സമ്മതിക്കുകയായിരുന്നു.
കിഡ്‌നാപ്പിങ്ങിനായി മൂവരും തക്കം പാർത്ത് കാറുമായി ചുറ്റി. തട്ടിക്കൊണ്ടുപോകലിന്റെ പ്ലാനിങ്ങിനായി 10 തവണയാണ് ഇവർ റാംജി റാവു സ്പീക്കിങ് എന്ന സിനിമ കണ്ടത്. പോരാത്തതിന് ദൃശ്യം സിനിമയിലേത് പോലെ കുടുംബത്തിന് പുറത്ത് നിന്ന് ആരെയും ഉൾപ്പെടുത്തേണ്ടെന്നും തീരുമാനിച്ചു. കാരണം ആരെയെങ്കിലും സംഘത്തിൽ ഉൾപ്പെടുത്തിയാൽ, പുറത്തുവിവരം പോവുകയും പണി പാളുകയും ചെയ്യും. അതുകൊണ്ട് തന്നെ മൂവരും ചേർന്ന് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത് നടപ്പാക്കാൻ കാറിൽ ചുറ്റിക്കറങ്ങുകയായിരുന്നു.
അപ്പോഴാണ് ഓയൂരിൽ ട്യൂഷന് പോകുന്ന കുട്ടികളെ ശ്രദ്ധയിൽ പെട്ടത്. ഇതിനായി പലദിവസങ്ങളിൽ അവിടെയെത്തി രംഗം നിരീക്ഷിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലേക്കാണ് കൊണ്ടുപോയത്. പോകും വഴി കുട്ടിയെ സീറ്റിന് താഴെ കിടത്തി. കുട്ടി വേഗം ഉറങ്ങി പോവുകയും ചെയ്തു. ചാത്തന്നൂരിലെ വീട്ടിലെത്തിയ ശേഷം മകളെയും കുട്ടിയെയും അവിടെ നിർത്തി. കുട്ടിയോട് അമ്മയുടെ ഫോൺ നമ്പർ വാങ്ങിയ ശേഷം പത്മകുമാറും ഭാര്യയും കൂടി പുറത്തേക്ക് പോയി. ഇതിനുശേഷമാണ് കുട്ടിയുടെ അമ്മയെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടത്. എന്നാൽ, പിന്നീട് രേഖാചിത്രം പുറത്തുവരികയും കാര്യങ്ങൾ കൈവിട്ടുപോകുന്നു എന്ന് തോന്നുകയും ചെയ്തപ്പോഴാണ് കുട്ടിയെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. മൂവരും കൂടി കാറിൽ ആശ്രാമം മൈതാനത്ത് എത്തുകയും, കുട്ടിയെ പത്മകുമാറിന്റെ ഭാര്യ ആശ്രാമം മൈതാനത്ത് എത്തിച്ച് മടങ്ങിപ്പോവുകയും ചെയ്തു. എല്ലാം പൊലീസിന്റെ കണ്ണുവെട്ടിച്ച്.
കുട്ടിയുടെ അച്ഛൻ റെജിക്ക് അഞ്ചുലക്ഷം നൽകിയെന്നും അതിന്റെ പക തീർക്കാനാണ് കിഡ്‌നാപ്പിങ് നടത്തിയതെന്നും പത്മകുമാർ മൊഴി നൽകിയെന്ന വാർത്ത പൊലീസ് സ്ഥിരീകരിക്കുന്നില്ല. ഒരുമാസത്തെ ആസൂത്രണത്തിന് ശേഷമാണ് മൂവരും തട്ടിക്കൊണ്ടുപോകലിനായി ഇറങ്ങിയത്. സമ്പന്നരുടെ വീടാണെന്ന് കണക്കുകൂട്ടിയാണ് ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തൊഴിലുറപ്പുകാരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയിട്ട് കാര്യമില്ലല്ലോ എന്നാണ് പത്മകുമാർ പൊലിസിനോട് പറഞ്ഞതെന്നും സൂചനയുണ്ട്. ഇക്കാര്യത്തിൽ പൊലീസിന്റെ ഔദ്യോഗിക വിശദീകരണം വരുമ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.
കേസിൽ, ചാത്തന്നൂരിൽ മാമ്പള്ളിക്കുന്നത്ത് പത്മകുമാറും ഭാര്യയും മകളുമാണ് തെങ്കാശിയിൽ നിന്നും അറസ്റ്റിലായത്. വീട്ടുമുറ്റത്തു നിന്നും വെള്ള ഡിസയർ കാർ കണ്ടെത്തിയിട്ടുണ്ട്. നീലക്കാറും കുട്ടിയെ തട്ടിക്കൊണ്ടുപോയ വെള്ളക്കാറും പത്മകുമാറിന്റെ പേരിലാണ്. രണ്ടാംദിവസം കുട്ടിയെ കൊല്ലത്ത് എത്തിച്ച നീലക്കാറിൽ ഇയാളുണ്ടായിരുന്നു. വെള്ളക്കാർ സംഭവ ദിവസം നമ്പർപ്ലേറ്റ് മാറ്റിയാണ് കണ്ടെത്തിയത് എന്നാണ് പുറത്തു വരുന്ന വിവരം.
കേസിൽ ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്ന് പത്മകുമാർ പറഞ്ഞു. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തികത്തർക്കമാണ് കാരണമെന്ന് പ്രതികൾ. ഏതു വിധത്തലാണണ് തർക്കമള്ളവരെന്നാണ് അറിയേണ്ടത്. പത്മകുമാർ പ്രദേശത്തു നല്ലരീതിയിൽ ജീവിക്കുന്ന കുടുംബമെന്നാണ് നാട്ടുകാർ പറയുന്നത്. ബേക്കറി നടത്തുന്നയാളാണ് ഇയാൾ. മുമ്പ് കേബിൾ ടിവി സർവീസ് അടക്കം നടന്നിരുന്നു. എന്നാൽ, നാട്ടുകാരുമായി വലിയ സഹകരണം ഉണ്ടായിരുന്നില്ല. പത്്കുമാറിന്റെ ഭാര്യയായിരുന്നു ബേക്കറി നടത്തിയിരുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. ക്രിമിനൽ പശ്ചാത്തലമുള്ള കുടുംബമാല്ലെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്ന കാര്യം.
പത്മകുമാറിന്റെ വീട്ടിലെത്തി പൊലീസ് പരിശോധന നടത്തുകയാണ്. സിസിടിവി ദൃശ്യങ്ങളിലേതിന് സമാനമായി സ്വിഫ്റ്റ് ഡിസയർ പത്മകുമാറിന്റെ വീടിന് മുന്നിലുണ്ട്. ഇന്ന് ഉച്ചയോടെയാണ് തമിഴ്‌നാട് തെങ്കാശി പുളിയറയിൽ നിന്ന് കൊല്ലം എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം 3 പേരെയും കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലായവർ തമിഴ്‌നാട്ടിലേക്ക് പോയത് ഇന്നലെ വൈകിട്ടാണെന്നാണ് വിവരം. ഇന്നലെ പകലും ഇവർ കൊല്ലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചിരുന്നു. നിലവിൽ ഇവരെ അടൂർ ക്യാംപിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. പ്രതികൾ സഞ്ചരിച്ചതെന്ന് കരുതുന്ന നീല കാറും അടൂരിലെത്തിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 2.30 ന് തെങ്കാശി പുളിയറയിൽ നിന്നാണ് കൊല്ലം കമ്മിഷണറുടെ സ്‌ക്വാഡ് പ്രതികളെ പിടികൂടിയത്. മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. മാധ്യമങ്ങൾക്ക് മുന്നിൽ ഏറെ ശ്രദ്ധ നേടിയത് വെള്ളക്കാറാണെങ്കിലും, കുട്ടിയുമായി നഗരത്തിലെത്തിയ നീല കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്. കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും കുറ്റവാളികളിലേക്ക് എത്തുന്നതിനു സഹായിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. എന്നാൽ, പിതാവിന് നേരിട്ടു സാമ്പത്തിക ഇടപാടുണ്ടോ എന്നതിൽ അടക്കം ഇനിയും വ്യക്തത വരാനുണ്ട്.
നീല കാറിലാണ് തന്നെ കൊല്ലം നഗരത്തിലേക്കു കൊണ്ടുവന്നതെന്നായിരുന്നു കുട്ടി പൊലീസിനോട് പറഞ്ഞിരുന്നത്. ഇതോടെ പൊലീസ് നീല കാറിനെ കുറിച്ചും അന്വേഷണം നടത്തി. 27ന് വൈകിട്ടാണ് ട്യൂഷൻ സെന്ററിലേക്കു പോകുകയായിരുന്ന കുട്ടിയെ സംഘം വെള്ള നിറത്തിലുള്ള കാറിൽ തട്ടിക്കൊണ്ടുപോയത്. രാത്രി എവിടെയോ കുട്ടിയുമായി തങ്ങിയശേഷം പിറ്റേന്ന് നീല നിറത്തിലുള്ള കാറിൽ നഗരത്തിലെത്തിച്ചതായാണ് കുട്ടി പറഞ്ഞത്.
കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ലിങ്ക് റോഡിൽനിന്ന് ഓട്ടോയിൽ കയറ്റി ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചശേഷം കടന്നു കളയുകയായിരുന്നു. സ്ത്രീയാണ് കുട്ടിയെ ഓട്ടോയിലെത്തിച്ചതെന്ന് സാക്ഷിമൊഴികളുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളും തെളിവായി കിട്ടി. ഇതോടെ നീല കാറിന്റെ ഉടമയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കുറ്റവാളികളുടെ നീക്കം മനസിലാക്കാൻ സഹായിച്ചത്.
രേഖാ ചിത്രം പുറത്തുവന്നതോടെ കേരളം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതികൾ. രേഖാചിത്രം പുറത്തുവന്നതോടെ തങ്ങളിലേക്ക് അന്വേഷണം എന്നാണ് പത്മകുമാർ മനസിലാക്കിയത്. ഇതോടെയാണ് ഭാര്യയും മകളുമായി സ്ഥലം വിടാൻ തീരുമാനിച്ചതും. എന്നാൽ, ഇതിനോടകം തന്നെ പൊലീസ് റഡാറിലായിരുന്നു പത്മകുമാർ.