- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രേമചന്ദ്രനെ 'പരനാറി'യാക്കിയപ്പോൾ ഇടതിനോട് ചേർന്ന് നിന്നു; ഗണേശിനെ മന്ത്രിയാക്കിയിട്ട് പരിഗണിച്ചില്ല; കുന്നത്തുർ സിപിഎം ഏറ്റെടുക്കുമെന്ന് അഭ്യൂഹം; കോവൂർ കുഞ്ഞുമോന് ആർ എസ് പിയിലേക്ക് മടങ്ങാൻ മോഹം; വിലങ്ങു തടിയായി ഷിബു ബേബി ജോൺ
കൊല്ലം: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ മണ്ഡലം സിപിഎം ഏറ്റെടുക്കുമെന്ന് അഭ്യൂഹം. ഇതോലെ നിലവിലെ എംഎൽഎ കോവൂർ കുഞ്ഞുമോന് മാതൃസംഘടനയായ ആർഎസ്പിയിലേക്ക് മടങ്ങാൻ മോഹം. പ്രേമചന്ദ്രനും അസീസും താൽപര്യം പ്രകടിപ്പിച്ചെങ്കിലും ഷിബു ബേബി ജോൺ എതിർപ്പുമായി രംഗത്തുണ്ടെന്ന് വിവരം. കുഞ്ഞുമോൻ ആർഎസ്പി ദേശീയ നേതൃത്വത്തെ സമീപിച്ചേക്കുമെന്നാണ് സൂചന.
ആർ എസ് പി യുഡിഎഫിനൊപ്പം പോയപ്പോൾ ഇടതുപക്ഷത്ത് നിന്ന നേതാവാണ് കോവൂർ കുഞ്ഞുമോൻ. അതിന് ശേഷവും കുന്നത്തൂരിൽ ജയിച്ചു. പക്ഷേ കോവൂരിനെ സിപിഎം മന്ത്രിയാക്കിയില്ല. മുന്നണിയിലെ ഒറ്റ എംഎൽഎയുള്ള കേരളാ കോൺഗ്രസ് ബിയും യുഡിഎഫിനോട് പിണങ്ങി ഇടതുപക്ഷത്ത് എത്തിയതാണ്. ഈ കേരള കോൺഗ്രസിനെ എൽഡിഎഫിൽ എടുത്തു. പക്ഷേ കോവൂർ കുഞ്ഞുമോന്റെ പാർട്ടിയുമായി സഹകരണം മാത്രമാണ് സിപിഎമ്മിനുള്ളത്. ഗണേശ് കുമാറിനെ മന്ത്രിയാക്കിയപ്പോഴും കോവൂരിനെ മന്ത്രിയാക്കാൻ പരിഗണിച്ചില്ല. ഇതെല്ലാം കോവൂരിനെ വേദനിപ്പിച്ചു. ഇതിനൊപ്പമാണ് കുന്നത്തൂരിൽ മത്സരിക്കാനുള്ള സിപിഎം നീക്കം.
ആർഎസ്പിയിലേക്ക് മടങ്ങാൻ കോവൂർ കുഞ്ഞുമോൻ താൽപര്യം പ്രകടിപ്പിച്ചുവെന്നും എന്നാൽ, സംസ്ഥാന സെക്രട്ടറിയായ ഷിബു ബേബി ജോൺ എതിർത്തുവെന്നുമാണ് ഒരു പറ്റം നേതാക്കൾ പറയുന്നത്. കുഞ്ഞുമോനെ വേണ്ടെന്ന കടുത്ത നിലപാടിലാണ് ഷിബു. പ്രതിസന്ധി ഘട്ടത്തിൽ കാര്യസാധ്യത്തിനായി ഇടതു മുന്നണിക്കൊപ്പം പോവുകയും പാർട്ടിയെ പൊതുജന മധ്യത്തിൽ അപമാനിക്കുകയും ചെയ്ത കുഞ്ഞുമോനെ ഒരു കാരണവശാലും വേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സെക്രട്ടറി. അതേ സമയം എ.എ അസീസ്, എൻ.കെ പ്രേമചന്ദ്രൻ എന്നിവരുടെ ആശിർവാദത്തോടെ കുഞ്ഞുമോൻ ദേശീയ നേതൃത്വത്തെ സമീപിച്ചതായും അറിയുന്നു.
ആർ എസ് പിയുടെ സമ്പൂർണ്ണ ഐക്യമാണ് പ്രേമചന്ദ്രനും കൂട്ടരും ലക്ഷ്യമിടുന്നത്. മുമ്പ് ആർ എസ് പി പളിർന്നപ്പോൾ യുഡിഎഫിലേക്ക് പോയതാണ് ഷിബു ബേബി ജോൺ. ആർ എസ് പിയെ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ആർ എസ് പിയുമായി ഷിബു അടുത്തത്. ഇപ്പോൾ സംസ്ഥാന സെക്രട്ടറിയുമായി. ഈ സാഹചര്യത്തിൽ കോവൂരിനെ ആർ എസ് പിയിൽ എടുക്കണമെന്ന അഭിപ്രായം പ്രേമചന്ദ്രൻ വിഭാഗത്തിനുമുണ്ട്. ഇതിനൊപ്പം യുഡിഎഫ് നിലപാടും നിർണ്ണായകമാകും. അടുത്ത നിയമസഭാ തിരിഞ്ഞെടുപ്പിൽ എല്ലാ സീറ്റും നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ കോവൂരിനെ എടുക്കാൻ കോൺഗ്രസിനും എതിർപ്പുണ്ടാകില്ല.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ സിപിഎം ഏറ്റെടുത്ത് മുൻ എംപി സോമപ്രസാദിനെ മത്സരിപ്പിക്കുമെന്ന് ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. ഈ സാഹചര്യം മുന്നിൽ കണ്ടാണ് യുഡിഎഫിലേക്ക് നീങ്ങാൻ കുഞ്ഞുമോന്റെ ശ്രമിക്കുന്നത് എന്നാണ് പറയുന്നത്. ആർ.എസ്പി ഇടത് മുന്നണി വിട്ട് യു.ഡി.എഫിൽ ചേക്കേറിയപ്പോൾ പാർട്ടി പിളർത്തി അണികളെ മുന്നണിക്കൊപ്പം നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് കോവൂർ കുഞ്ഞുമോനെ ഉപയോഗിച്ച് സിപിഎം ആർ.എസ്പി ലെനിനിസ്റ്റ് രൂപീകരിച്ചത്. രൂപീകരിച്ച് മാസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ആർ.എസ്പി ലെനിനിസ്റ്റ് പിളർന്നു.
സിപിഎം. പ്രതീക്ഷിച്ചതുപോലെ ആർ.എസ്പിയിൽ വിള്ളലുണ്ടാക്കാനും കുഞ്ഞുമോനായില്ല.അ തുകൊണ്ട് തന്നെ മുന്നണിയിലും കടുത്ത അവഗണനയാണ് നേരിടേണ്ടി വരുന്നത്. സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിപദം ആവശ്യപ്പെട്ട് ഇടത് മുന്നണിക്ക് കത്ത് നൽകിയെങ്കിലും മുഖവിലയ്ക്ക് എടുത്തില്ല. മുഖ്യമന്ത്രിയെയും സിപിഎം സംസ്ഥാന സെക്രട്ടറിയെയും നേരിട്ട് കണ്ടും ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും രക്ഷയുണ്ടായില്ല. മാത്രമല്ല ആർ.എസ്പി ലെനിനിസ്റ്റിനെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഇടതുമുന്നണി അംഗീകരിക്കാത്തതും കുഞ്ഞുമോനെ പ്രതിസന്ധിയിലാക്കി. ആർ എസ് പിയിൽ പ്രേമചന്ദ്രന്റെ അതിവിശ്വസ്തനായിട്ടായിരുന്നു ഒരു കാലത്ത് കോവൂർ അറിയപ്പെട്ടിരുന്നത്.
എന്നാൽ ഇടതുപക്ഷം വിട്ട് കൊല്ലം പാർലമെന്റിൽ മത്സരിച്ചപ്പോൾ പ്രേമചന്ദ്രനെ പരനാറിയെന്നാണ് പിണറായി വിശേഷിപ്പിച്ചത്. അതു കേട്ടിട്ടും ഇടതുപക്ഷത്ത് നിന്ന കോവൂരിനെ എല്ലാ അർത്ഥത്തിലും അവഗണിക്കുകയായിരുന്നു സിപിഎം. സിറ്റിങ് സീറ്റ് എന്ന നിലയിലാണ് കഴിഞ്ഞ തവണ കുന്നത്തൂർ കൊടുത്തത്. എന്നൽ ആർ എസ് പി ലെനിനിസ്റ്റ് തുണ്ടം തുണ്ടം ആയതു കൊണ്ട് ഇനി അതു വേണ്ടെന്നാണ് സിപിഎം തീരുമാനമെന്നാണ് സൂചന.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്