കൊച്ചി: സോഷ്യൽ മീഡിയാ താരവും നൃത്താധ്യാപികയുമായ തൃശൂർ ചാപ്പാറ സ്വദേശിനി കൃഷ്ണ പ്രിയ(29) ജീവനൊടുക്കിയ സംഭവത്തിൽ വൻ ദുരൂഹത. ജീവനൊടുക്കുന്നതിന് ഏതാനം ദിവസങ്ങൾക്ക് മുൻപ് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ കമന്റ് ബോക്‌സിൽ കൃഷ്ണപ്രിയ തന്റെ bablugee8_Offical- എന്ന അക്കൗണ്ടിൽ നിന്നും ചില കമന്റുകൾ രേഖപ്പെടുത്തിയിരുന്നു. ഈ കമന്റുകളാണ് ഇപ്പോൾ മരണത്തിൽ സംശയമുയർത്തുന്നത്.

വിനീതാ എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് സംശയമുയർത്തുന്ന തരത്തിലുള്ള കമന്റുകൾ ഉള്ളത്. ചലച്ചിത്ര താരം ദേവികാ സഞ്ജയുടെ ചിത്രങ്ങളാണ് അക്കൗണ്ടിലുള്ളത്. ഇത് വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ്. ഈ അക്കൗണ്ട് ഉപയോഗിച്ചയാളുമായി ബന്ധപ്പെടാൻ കഴിയാത്തതിനാലാവാം കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് മനസ്സിലാകും.

പ്ലീസ് കം ഇൻബോക്സ്. പ്ലീസ് ഇറ്റ്സ് മൈ റിക്വസ്റ്റ്.... നിങ്ങൾക്കൊക്കെ ഇതെന്താ പറ്റിയത്.... എന്നും കൂടെയുണ്ടാവുമെന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ ഒരാവശ്യം വന്നപ്പോൾ ആരുമില്ലല്ലോ... എന്തിനാ എല്ലാവരും എന്നോട് ഇങ്ങനെ ചെയ്യുന്നത്... ഡിയർ എന്തെങ്കിലും കാര്യം പറഞ്ഞിട്ട് പൊക്കോളൂ... ഞാൻ പിന്നെ ഡിസ്റ്റർബ്ബ് ചെയ്യില്ല... പ്ലീസ് ടെൽമീ... വൈ ആൾ ആർ ഗെറ്റിങ് മം... പ്ലീസ് ടെൽമീ... ഇറ്റ്സ് മൈ റിക്വസ്റ്റ്... ഒന്ന് റിപ്ലൈ തരാമോ... ഒന്ന് ഇൻബോക്സിൽ വാഡോ... എന്നിങ്ങനെയുള്ള കമന്റുകളാണ് കൃഷ്ണപ്രിയ രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ അക്കൗണ്ട് ഉപയോഗിക്കുന്നയാളുമായി എന്തോ പ്രശ്നമുണ്ടായിട്ടുണ്ട് എന്നാണ് സംശയിക്കുന്നത്. ഇതു മൂലമാവാം ജീവനൊടുക്കിയത് എന്ന സംശയമാണ് ഉയരുന്നത്. ഈ അക്കൗണ്ടിനെ പറ്റിയുള്ള വിവരങ്ങൾ കേസന്വേഷിക്കുന്ന കൊടുങ്ങല്ലൂർ പൊലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. അക്കൗണ്ട് ഉപയോഗിച്ചു കൊണ്ടിരുന്നതാര് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനായി ഇൻസ്റ്റാഗ്രാം പേരന്റ് കമ്പനിയായ മെറ്റക്ക് റിക്വസ്റ്റ് നൽകിയിരിക്കുകയാണ്. ഈ അക്കൗണ്ട് ഉടമയെ കണ്ടെത്തിയാൽ കൃഷ്ണ പ്രിയ ജീവനൊടുക്കിയതിന് പിന്നിലെ കാരണം കണ്ടെത്താനാവും.

കഴിഞ്ഞ ബുധനാഴ്ചയാണ് സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ കൃഷ്ണ പ്രിയ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. വീട്ടുകാർ വാതിൽ ചവിട്ടി തുറന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വടക്കേക്കര സ്വദേശിയായ സനീഷിന്റെ ഭാര്യയായിരുന്നു കൃഷ്ണപ്രിയ. നൃത്താധ്യാപികയായ കൃഷ്ണപ്രിയ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്നു. ഇൻസ്റ്റാഗ്രാമിലും ഫേസ്‌ബുക്കിലും നിരവധി ഫോളോവേഴ്‌സുണ്ടായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഭർതൃ വീട്ടുകാരുമായി വാക്കു തർക്കമുണ്ടാകുകയും പിന്നീട് സ്വന്തം വീട്ടിലേക്ക് പോരുകയുമായിരുന്നു. ഇതിന് ശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചതും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്തത്.

റീൽസുകളിലൂടെയും ഫേസ്‌ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം വീഡിയോകളിലൂടെയും നവമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നയാളായിരുന്നു കൃഷ്ണപ്രിയ. 'Bablu Geechu' എന്ന പേരിലാണ് കൃഷ്ണപ്രിയ നവമാധ്യമങ്ങളിൽ അറിയപ്പെട്ടിരുന്നത്. ചാപ്പാറ കോതായി ഗോപാലകൃഷ്ണന്റെ മകളാണ്. മക്കൾ: തൃദേവ്, ഭദ്ര.

അതേ സമയം, കൃഷ്ണപ്രിയയുടെ മരണത്തിൽ ബന്ധുക്കൾ ഇതുവരെ പരാതി നൽകിയിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. കൃഷ്ണ പ്രിയയുടെ മരണത്തിൽ ഏതെങ്കിലും തരത്തിലുള്ള ദുരൂഹതയുണ്ടോ എന്നറിയുവാനായി കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. ഇതിനിടയിലാണ് സോഷ്യൽ മീഡിയയിൽ കൃഷ്ണ പ്രിയ പങ്കു വച്ച കമന്റുകൾ ശ്രദ്ധയിൽപെട്ടത്. ആത്മഹത്യയിൽ ഇതുമായി ബന്ധമുണ്ടെങ്കിൽ ആത്മഹത്യാ പ്രേരണ കുറ്റത്തിന് അക്കൗണ്ട് ഉടമയെ അറസ്റ്റ് ചെയ്യും.