തിരുവനന്തപുരം: കടുത്ത സാമ്പത്തികപ്രതിസന്ധിയും ആസൂത്രണമില്ലായ്മയും കാരണം പ്രതിസന്ധി നേരിടുന്ന കെ.എസ്.ഇ.ബിയുടെ നഷ്ടക്കണക്കുകള്‍ പുറത്തുവരുന്നതിനിടെ പത്താം ക്ലാസ് തോറ്റ ജീവനക്കാര്‍ പോലും കൈപ്പറ്റുന്നത് മാസം ഒന്നര ലക്ഷം വരെ ശമ്പളം. സബ്ബ് എന്‍ജിനീയര്‍ ഗ്രേഡില്‍ പത്താം ക്ലാസ് തോറ്റ 451 പേര്‍ ഒരു ലക്ഷത്തിലേറെ ശമ്പളം കൈപ്പറ്റുന്നുവെന്നത് വ്യക്തമാക്കുന്ന വിവരാവകാശ രേഖ മറുനാടന്‍ മലയാളിക്ക് ലഭിച്ചു.

പത്താംക്ലാസ് തോറ്റ് സബ്ബ് എന്‍ജിനീയര്‍ തസ്തികയില്‍ 451 പേര്‍ നിലവില്‍ ജോലി ചെയ്യുന്നുവെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച മറുപടിയില്‍ പറയുന്നു. അവരുടെ ശമ്പളം 1,33, 695 രൂപയാണ്. സബ്ബ് എന്‍ജിനീയര്‍ ഗ്രേഡാണ് ഈ ജീവനക്കാരുടേത്. സബ്ബ് എന്‍ജീനീയറുടെ ഗ്രേഡിനേക്കാള്‍ ഉയര്‍ന്ന ഗ്രേഡില്‍ ഉള്ളവരുണ്ടോ എന്ന ചോദ്യത്തിന് 34 പേരുണ്ടെന്നാണ് മറുപടി ലഭിച്ചത്. അവരുടെ ശമ്പളം 1,43, 860 രൂപയാണ്. ഇത് കൂടാതെ 85400 രൂപ കൈപ്പറ്റുന്ന 28 ജീവനക്കാരുണ്ട്. 10,3800 രൂപ കൈപ്പറ്റുന്ന രണ്ട് ജീവനക്കാരും, 10,7200 കൈപ്പറ്റുന്ന നാല് ജീവനക്കാരും പത്താം ക്ലാസ് തോറ്റ് വര്‍ക്കറായി ജോലിക്ക് കയറി സ്ഥാനക്കയറ്റം ലഭിച്ച് ഉയര്‍ന്ന ശമ്പളം നേടുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.


1750 കോടിരൂപ ശരാശരി മാസവരുമാനം ലഭിക്കുമ്പോള്‍ 1950 കോടിയാണ് കെഎസ്ഇബിയുടെ ചെലവെന്നും മറ്റൊരു കെ.എസ്.ആര്‍.ടി.സി.യായി വൈദ്യുത ബോര്‍ഡ് മാറിക്കൊണ്ടിരിക്കുകയാണെന്നും ചെയര്‍മാന്‍ ഡോ. ബിജു പ്രഭാകര്‍ പരിതപിക്കുമ്പോഴാണ് ഈ ഞെട്ടിക്കുന്ന ശമ്പള വിവരങ്ങളും പുറത്തുവരുന്നത്.

പത്താം ക്ലാസ് തോറ്റ് വര്‍ക്കറായി ജോലിക്ക് കയറിയവര്‍ ഒന്നര ലക്ഷത്തോളം വരെ ശമ്പളം നേടുന്നുവെന്ന വിവരം മുന്‍പ് മറുനാടന്‍ മലയാളി പുറത്തുവിട്ടിരുന്നു. എന്നാല്‍ തെറ്റായ വിവരമെന്ന് ആക്ഷേപിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് വിവരാവകശാ നിയമപ്രകാരം കെഎസ്ഇബിയില്‍ നിന്നും ലഭിച്ച മറുപടി. പത്താം ക്ലാസ് തോറ്റവര്‍ ഓവര്‍സിയര്‍ തസ്തികയില്‍ ഒരു ലക്ഷം രൂപ ശമ്പളം വാങ്ങുന്നുണ്ടോ എന്നറിയാന്‍ വിവരാവകാശ നിയമപ്രകാരം ചോദ്യം ചോദിച്ചതിന് കെഎസ്ഇബി ഉത്തരം നല്‍കാന്‍ ഒരു വര്‍ഷവും പത്ത് മാസവുമെടുത്തു. പലതവണ അപ്പീല്‍ കൊടുത്തു, വിവരാവകാശ കമ്മീഷനെ വീണ്ടും സമീപിച്ചു. ഒടുവില്‍ വിവരാവകാശത്തിന് ഉത്തരം നല്‍കി. തൃപ്പൂണിത്തുറ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ഷാജി ഈപ്പനാണ് വിവരാവകാശ നിയമപ്രകാരം വിവരം തേടിയത്. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ എസ്എഫ്‌ഐയുടെ യൂണിയന്‍ ഭാരവാഹി ആയിരുന്ന ആളാണ് ഷാജി ഈപ്പന്‍.




പത്താം ക്ലാസ് തോറ്റവര്‍ക്ക് വേണ്ടി കെഎസ്ഇബി കാലങ്ങളായി കാത്തുവച്ചിരിക്കുന്ന വര്‍ക്കര്‍ തസ്തികയിലൂടെ ജോലിക്ക് പ്രവേശിച്ച് ഉയര്‍ന്ന തസ്തികയിലേക്ക് സ്ഥാനക്കയറ്റം നേടുന്ന പതിവ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കൃത്യമായി പറഞ്ഞാല്‍ പിണറായി വിജയന്‍ 1996ല്‍ വൈദ്യുതി മന്ത്രിയായിരിക്കെ ചെയ്ത ഏറ്റവും വലിയ ജനദ്രോഹമായിരുന്നു ആ വിചിത്രമായ ഒരു ഉത്തരവ്. കെഎസ്ഇബിയില്‍ വര്‍ക്കര്‍ തസ്തികയില്‍ ജോലിക്ക് കയറാനുള്ള യോഗ്യത എസ്എസ്എല്‍സി ഫെയില്‍ എന്നാക്കി വച്ചു. എന്നുവച്ചാല്‍ എസ്എസ്എസ്എല്‍സി നിങ്ങള്‍ ജയിച്ചാല്‍ നിങ്ങള്‍ക്ക് കെഎസ്ഇബിയില്‍ വര്‍ക്കറായി ജോലിക്ക് കയറാനാവില്ല. എസ്എസ്എല്‍സി തോറ്റാല്‍ ഇവിടെ ജോലി കിട്ടും. എസ്എസ്എല്‍സി തോല്‍ക്കുക എന്നത് കെഎസ്ഇബിയില്‍ വര്‍ക്കറായി ജോലിക്ക് കയറാനുള്ള യോഗ്യത ആയി മാറിയതോടെ, ഈ തസ്തികയില്‍ കയറിപ്പറ്റിയവര്‍ ഇപ്പോള്‍ മക്കള്‍ക്ക് വേണ്ടിയും അതേ പാത പിന്തുടരുന്നു. സംവരണം ചെയ്യപ്പോട്ടതുപോലെ ഈ തസ്തികയിലൂടെ നുഴഞ്ഞുകയറ്റം ഇപ്പോഴും തുടരുന്നു.







ഈ രീതിയില്‍ വര്‍ക്കര്‍ തസ്തികയില്‍ ജോലി നേടുന്നയാള്‍ക്ക് പ്രമോഷന്‍ കിട്ടുന്ന തസ്തികയാണ് ലൈന്‍മാന്‍. ഈ ജീവനക്കാരന് പിന്നീട് പ്രമോഷന്‍ കിട്ടുന്ന തസ്തികയാണ് ഓവര്‍സിയര്‍. പിന്നീട് സബ്ബ് എന്‍ജിനീയര്‍, ഈ സബ്ബ് എന്‍ജിനീയര്‍ വരെ പോകുന്നതിന് തുല്യത പരീക്ഷ എന്ന പേരില്‍ ഏതെങ്കിലും ഒരു സര്‍ട്ടിഫിക്കറ്റ് കൊണ്ടുപോയി കൊടുത്താല്‍ മതി. കെഎസ്ഇബിയില്‍ ഇങ്ങനെ സബ്ബ് എന്‍ജിനീയറായി ജോലി ചെയ്യുകയോ, അല്ലെങ്കില്‍ സബ്ബ് എന്‍ജിനീയര്‍ തസ്തികയില്‍ ശമ്പളം കൈപ്പറ്റുകയോ ചെയ്യുന്ന അനേകം പേര്‍ പത്താംക്ലാസ് തോറ്റവരാണ്. ലോകത്തെങ്ങും ഇല്ലാത്ത വിചിത്ര രീതിയാണിത്. ഇപ്പോഴുള്ള 80 ശതമാനം ഓവര്‍സീയര്‍മാരും പത്ത് തോറ്റവരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സര്‍വീസില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ശമ്പളവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.

ഇത്തരത്തില്‍ ലക്ഷങ്ങളുടെ ശമ്പളം കൈപ്പറ്റുന്നവരെ തീറ്റിപ്പോറ്റാന്‍ വേണ്ടി കഷ്ടപ്പെടുന്നത് ആകട്ടെ സാധാരണക്കാരായ ജനങ്ങളും. സംസ്ഥാന സര്‍ക്കാറില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവരുടെ കൂട്ടത്തിലാണ് കെഎസ്ഇബിയിലെ ഉദ്യോഗസ്ഥര്‍. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാല് പ്രമോഷന്‍ കിട്ടുമ്പോല്‍ ലഭിക്കുന്ന ശമ്പളമാണ് കെഎസഇബിയില്‍ ഒരു സാധാ ഉദ്യോഗസ്ഥന് ലഭിക്കുന്നത്. ലോകത്ത് ഒരിടത്തും ഇല്ലാത്ത ഈ സംവിധാനം തീര്‍ത്തു കൃത്രിമമായ വഴിയിലൂടെ സൃഷ്ടിച്ചെടുത്തതാണ്. ഒരു ഓവര്‍സീയര്‍ക്ക് ഒരു ലക്ഷത്തി മുപ്പതിനായിരം ശമ്പളമാണ് പരിഷ്‌ക്കരണത്തിലൂടെ ബോര്‍ഡില്‍ ലഭിച്ചിരിക്കുന്നത്.





പിണറായി വിജയന്‍ വൈദ്യുതി മന്ത്രി ആയിരുന്ന കാലത്ത് സിഐടിയുവിന്റെ താല്‍പ്പര്യപ്രകാരം കൊണ്ടുവന്ന നിബന്ധന പ്രകാരം പത്താംക്ലാസ് തോറ്റവര്‍ ആകണം അന്ന് വര്‍ക്കര്‍ തസ്തികയില്‍ ജോലിക്കു കയറാന്‍. അതുവരെ അമ്പത് ശതമാനം പേര്‍ ഐടിഐ പാസാകണം എന്ന നിബന്ധന ഉണ്ടായിരുന്നു. ഇത് മാറ്റുകയാണ് അന്നത്തെ വൈദ്യുതി മന്ത്രി ചെയ്തത്. ഇതോടെ പത്താം ക്ലാസ് തോറ്റ വര്‍ക്കര്‍മാരായി ജോലിക്കു കയറി. പത്താംക്ലാസു ജയിച്ചതു കൊണ്ട് മാത്രം ഈ ജോലിയില്‍ കയറാന്‍ പലര്‍ക്കും പറ്റിയതുമില്ല. ഇങ്ങനെ വര്‍ക്കര്‍മാരായി ജോലിക്ക് കയറിയവര്‍ പതിയെ ലൈന്മാന്മാരും ഓവര്‍സീയര്‍മാരുമായി പ്രമോഷന്‍ കിട്ടി.

ശമ്പള പരിഷ്‌ക്കരണം കൂടി ആയതോടെ പലര്‍ക്കും ഒരു ലക്ഷത്തിന് മുകല്‍ലായി ശമ്പളം. സര്‍ക്കാര്‍ തലത്തിലുള്ള പിടുത്തങ്ങള്‍ക്ക് ശേഷം ഒരു ലക്ഷത്തി പതിനേഴായിരത്തോളം രൂപയാണ് ഒരു ഓവര്‍സീയര്‍ക്ക് മാസം ലഭിക്കുന്നത്. ശമ്പള വര്‍ധനവിന് മുമ്പ് ഇത് 96521 രൂപയായിരുന്നു. പലപ്പോഴും പ്രമോഷന് മാനദണ്ഡമായി നിശ്ചയിച്ചിരിക്കുന്നതും രസകരമായ കാര്യമാണ്. ഇലക്ട്രിക് ജോലികള്‍ക്ക് പരിചയമായി നിശ്ചയിച്ചിരിക്കുന്ന അധിക യോഗ്യത പ്ലംബറോ വെല്‍ഡറോ ആകണം എന്നതാണ്. 1995- 98 കാലയളവില്‍ വരുത്തിയ പരിഷ്‌ക്കരണമാണ് ഈ വിഭാഗം ജീവനക്കാര്‍ക്ക് ലോട്ടറിയായി മാറിയിരിക്കുന്നത്.

ഓവര്‍സീയറായി പത്ത് വര്‍ഷം പൂര്‍ത്തിയായവര്‍ സബ് എന്‍ജിനീയര്‍ തസ്തികയില്‍ എത്തുമ്പോള്‍ ഒര ലക്ഷത്തി മുപ്പതിനായിരം രൂപയിലേക്ക് മാറുകയും ചെയ്യും. ഓവര്‍സീയര്‍മാര്‍ ഉണ്ടെങ്കില്‍ കൂടി കോണ്‍ട്രാക് തലത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരാണ് പലപ്പോഴും വൈദ്യുതി ബോര്‍ഡിന്റെ രക്ഷകര്‍. ഇവരാണ് റിസ്‌ക്കെടുത്തു ജോലി ചെയ്യുന്നത്. ഒരു വിഭാഗം വെള്ളാനകള്‍ ചേര്‍ന്ന് പൊതജനത്തെയും ബോര്‍ഡിനെയും കാര്‍ന്നു തിന്നുന്ന അവസ്ഥയാണ് ഇന്നുള്ളത്.

കെഎസ്ഇബിയില്‍ ഡിജിറ്റര്‍ മീറ്റര്‍ റീഡിംഗ് സംവിധാനം നടപ്പാക്കിയിട്ടും മീറ്റര്‍ റീഡര്‍ തസ്തിക ഇപ്പോഴും തുടരുന്നുണ്ട്. മീറ്റര്‍ റീഡിംഗ് ഓഫീസിലിരുന്ന് എടുക്കാന്‍ സാധ്യതയുണ്ടായിട്ടും ആ തസ്തിക നിര്‍ബാധം തുടരുന്നു. പൂര്‍ത്തിയായ കല്ലട ജലസേചന പദ്ധതിക്കടക്കം പല പദ്ധതികള്‍ക്കും ഇപ്പോഴും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ തുടരുന്നുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് ഇപ്പോള്‍ ഭൂരിഭാഗം ഉപഭോക്താക്കളും ബില്‍ അടയ്ക്കുന്നത്. എന്നിട്ടും ഇപ്പോഴും ബില്ലിംഗ് ഓഫീസര്‍മാരും കെഎസ്ഇബിയുടെ തസ്തികയില്‍ ഉണ്ടെന്നാണ് വിവരം.

ബുദ്ധിമുട്ടുള്ള ജോലികള്‍ മുഴുവന്‍ കോണ്‍ട്രാക്റ്റ് കൊടുക്കുകയാണ് ബോര്‍ഡ് ചെയ്യുന്നത്. ഒരു പോസ്റ്റ് ഉയര്‍ത്തി ഒരു സ്പാന്‍ ലൈന്‍ വലിക്കണമെങ്കില്‍ പോലും കോണ്‍ട്രാക്റ്റ് കൊടുക്കുകയാണ്. തൊഴിലാളികള്‍ക്ക് വലിയ പണിയൊന്നുമില്ല. ഓവര്‍സീയര്‍മാര്‍ക്ക് ഏറ്റവും മടിയുള്ളത് ഫോണ്‍ ഡ്യൂട്ടിയും അവര്‍ ചെയ്യുന്നില്ല. ഇതിനായി പലയിടത്തും കരാറടിസ്ഥാനത്തില്‍ പെണ്‍കുട്ടികളെ വച്ചിട്ടുണ്ട്. ഇവര്‍ക്ക് ദിവസം കൂലി 650- രൂപ മാത്രമായിരിക്കുമ്പോള്‍ ഓവര്‍സീയര്‍ക്ക് എല്ലാ ദിവസവും 4000 രൂപയും. കരാറില്‍ വെയ്ക്കുന്ന കുട്ടികള്‍ക്ക് ഡിഗ്രി നിര്‍ബദ്ധമാകുമ്പോള്‍ ഓവര്‍സീയര്‍ പത്ത് തോറ്റവര്‍ മതിയെന്നുമുള്ള നിബന്ധനയാണ് വിചിത്രം!.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സര്‍വീസില്‍ കയറുമ്പോള്‍ കിട്ടിയിരുന്ന തുച്ഛമായ തുകയില്‍ നിന്നും വ്യത്യസ്തമായാണ് ഇപ്പോള്‍ പുതുകാലഘട്ടത്തില്‍ ജീവനക്കാര്‍ക്ക് വാരിക്കോരി ശമ്പളം നല്‍കുന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്. കെ.എസ്.ഇ.ബി.യില്‍ മാസ്റ്റര്‍ സ്‌കെയിലിന്റെ തുടക്കം 24,400 രൂപയാണ്. മുപ്പത് ശതമാനം ഡി.എ.യും സംസ്ഥാനഗവണ്‍മെന്റിലേതുപോലെ പത്ത് ശതമാനം ഫിറ്റ്മെന്റും ചേര്‍ത്താണ് പുതുക്കിയ ശമ്പളം.

ശമ്പള വര്‍ധനവ് വഴി കെഎസ്ഇബിക്ക് വലിയ ബാധ്യതയാണ് വരുന്നത്. പ്രതിമാസം ശമ്പള വര്‍ധനവായി 41 കോടിയോളം രൂപയാണ് ബാധ്യതയായി വരുന്നത്. പ്രതിവര്‍ഷം വര്‍ഷം 500 കോടി രൂപ ശമ്പള ഇനത്തില്‍ അധികമായി കണ്ടെത്തേണ്ടി വരും. പെന്‍ഷന്‍ കൂടി കണക്കാക്കിയാല്‍ ആ തുക ഇനിയും ഉയരങ്ങളിലേക്ക് എത്തും. ഈ ശമ്പള പരിഷ്‌ക്കരണത്തിന് പിന്നാലെ ഓരോ വര്‍ഷവും രണ്ടു ഗഡു ഡിഎ, ഒരു ഇന്‍ക്രിമെന്റ്, ഈ ശമ്പളത്തിന്റെ അടിസ്ഥാനത്തിലുള്ള പെന്‍ഷന്‍ എന്നിവ കൂടി ചേരുമ്പോള്‍ അതി ഭയങ്കരമായ സാമ്പത്തിക ബാധ്യതയിലേക്ക് സ്ഥാപനം എത്തും.

കെഎസ്ഇബി സ്വകാര്യ വത്കരിച്ചാല്‍ പല കമ്പനികള്‍ രംഗത്ത് വരികയും മത്സരമുണ്ടാകുമ്പോള്‍ നിരക്ക് കുറഞ്ഞ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയും ചെയ്യുമെന്ന സാധ്യതയുണ്ടായിട്ടും സര്‍ക്കാര്‍ ഈ വെള്ളാനയെ ചുമക്കുന്നത് ഇത്തരത്തിലുള്ള തസ്തികയിലൂടെ വേണ്ടപ്പെട്ടര്‍ക്ക് ജോലി നല്‍കാനും സ്ഥാനക്കയറ്റം നല്‍കാനുമാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

ഇപ്പോള്‍ മഴക്കാലത്തുതന്നെ പലപ്പോഴും വൈദ്യുതിലഭ്യത കുറയുന്നു. ഇതാണ് സ്ഥിതിയെങ്കില്‍ വരുംവര്‍ഷങ്ങളില്‍ കേരളം ഇരുട്ടിലാവുമെന്നതില്‍ സംശയംവേണ്ടന്നാണ് ചെയര്‍മാന്റെ പക്ഷം. പൊതുജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുക, സ്വകാര്യപങ്കാളിത്തത്തോടെ പദ്ധതികള്‍ അതിവേഗം നടപ്പാക്കുക എന്നിങ്ങനെയുള്ള നയപരമായ മാറ്റങ്ങളില്ലാതെ കെ.എസ്.ഇ.ബി.യെ രക്ഷിക്കാനാവില്ലെന്നും കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ. ബിജു പ്രഭാകര്‍ തുറന്നു പറയുന്നത്.

കെ.എസ്.ഇ.ബി.യില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി ഓഫീസര്‍മാരുടെ സംഘനകള്‍ക്ക് നല്‍കിയ കരട് നിര്‍ദേശങ്ങളിലാണ് ഈ പരാമര്‍ശങ്ങള്‍. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ പരിഷ്‌കരണ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. ജീവനക്കാരുടെ പുനര്‍വിന്യാസത്തില്‍ ഉള്‍പ്പെടെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ സംഘടനകള്‍ക്ക് ഡിസംബര്‍ 10 വരെ സമയംനല്‍കിയിരിക്കുകയാണ്.

കെ.എസ്.ഇ.ബി.യുടെ ദൈനംദിനചെലവുകള്‍ക്ക് മാസം 400 കോടിവരെ വലിയ പലിശയ്ക്ക് ഓവര്‍ ഡ്രാഫ്റ്റ് എടുക്കേണ്ടിവരുന്നതായാണ് ചെയര്‍മാന്റെ വെളിപ്പെടുത്തല്‍. 1750 കോടിരൂപയാണ് ശരാശരി മാസവരുമാനം. ചെലവ് 1950 കോടിയും. മാസം വൈദ്യുതിവാങ്ങാന്‍ 900 കോടിരൂപവേണം. വായ്പ തിരിച്ചടയ്ക്കാന്‍ 300 കോടിയുമെന്ന് ചെയര്‍മാന്‍ പറയുന്നു. ഒരു മാസം ഇത്ര അധികം പണം ഒഴുകി ശേഖരിക്കുന്ന മറ്റൊരു സര്‍ക്കാര്‍ വകുപ്പ് വേറെയില്ല. മൊത്തം ജനം നല്കുന്ന പണത്തിന്റെ കണക്ക് വര്‍ഷം എടുത്താല്‍ ഒരു സമാന്തര സര്‍ക്കാരിനെ പോലെ തോന്നും. കേന്ദ്രത്തില്‍ റെയില്‍വേ പോലെ.

കേരളം ഇരുട്ടിലാവും

ഇത്തവണ മഴക്കാലമായ ജൂണ്‍മുതല്‍ ഇതുവരെ മൂന്നുദിവസം 500 മെഗാവാട്ടിന്റെയും ഒരുദിവസം ആയിരം മെഗാവാട്ടിന്റെയും കുറവുണ്ടായി. വളരെയധികം മഴലഭിച്ച ഈ വര്‍ഷത്തെസ്ഥിതി ഇതാണെങ്കില്‍ വരുംവര്‍ഷങ്ങളില്‍ കേരളം ഇരുട്ടിലാവുമെന്ന കാര്യത്തില്‍ സംശയമില്ല. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള ചെലവ് ഈ വര്‍ഷം 14,000 കോടി രൂപയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിന്യൂവബിള്‍ പവര്‍ കോര്‍പ്പറേഷന്‍ എന്ന നിലവിലെ കമ്പനിയെ കേരള സ്റ്റേറ്റ് ഗ്രീന്‍ എനര്‍ജി കമ്പനിയെന്ന് മാറ്റി കെ.എസ്.ഇ.ബി ജീവനക്കാരില്‍നിന്നും വ്യാവസായിക ഉപഭോക്താക്കളില്‍നിന്നും ജനങ്ങളില്‍നിന്നും നിക്ഷേപങ്ങളും കടപ്പത്രങ്ങളും സ്വീകരിക്കണം. ഇതിന് സിയാല്‍ മാതൃകയിലുള്ള പൊതുജന പങ്കാളിത്ത കമ്പനിയാക്കണം. നിക്ഷേപങ്ങള്‍ക്ക് മൂന്നാംവര്‍ഷം മുതല്‍ ലാഭവിഹിതം നല്‍കാം.

സ്വകാര്യപങ്കാളിത്തം

25 മെഗാവാട്ടില്‍ താഴെയുള്ള ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍, സഹകരണബാങ്കുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് മുന്‍ഗണനനല്‍കി നടപ്പാക്കും. 25 മെഗാവാട്ടിന് മുകളിലുള്ള പദ്ധതികള്‍ മറ്റുള്ളവരില്‍നിന്ന് മൂലധനം സ്വരൂപിച്ച് നടപ്പാക്കണം. ഇപ്പോള്‍ വിഭാവനം ചെയ്ത പദ്ധതികള്‍ നടപ്പാക്കാന്‍ ഏഴുവര്‍ഷത്തിനകം വേണ്ടത് 45,000 കോടിയാണ്.

കെഎസ്ഇബി മറ്റൊരു കെഎസ്ആര്‍ടിസി ആകുന്നു എന്നും രക്ഷിക്കാന്‍ ജനങ്ങളുടെ നിക്ഷേപം വേണം എന്നുമാണ് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ഡോ. ബിജു പ്രഭാകറിന്റെ പ്രതികരണം. കെ.എസ്.ഇ.ബി. മറ്റൊരു കെ.എസ്.ആര്‍.ടി.സി.യായി മാറിക്കൊണ്ടിരിക്കുകയാണ്.. വരും വര്‍ഷങ്ങളില്‍ കേരളം ഇരുട്ടിലാവുമെന്നതില്‍ സംശയംവേണ്ട. മാറ്റങ്ങളില്ലാതെ കെ.എസ്.ഇ.ബി.യെ രക്ഷിക്കാനാവില്ല. പൊതു ജനങ്ങളില്‍ നിന്ന് നിക്ഷേപം വാങ്ങി കെ എസ് ഇ ബിയില്‍ പണം എത്തണം.കെ എസ് ഇ ബി സ്വകാര്യ വല്കരണം നടപ്പാക്കണമെന്ന് അറിയിപ്പില്‍ പറയുന്നത്.

കെഎസ്ഇബി മലയാളികളില്‍ നിന്നും ഊറ്റി വാങ്ങുന്നത് വികസിത രാജ്യത്തേ വൈദ്യുതിയുടെ അടിസ്ഥാന നിരക്കിനു സമാനമാണ്. യൂറോപ്പിലും, കാനഡയിലും, അമേരിക്കയിലും ഗള്‍ഫിലും ഒന്നുമല്ല നമ്മള്‍ ജീവിക്കുന്നതെങ്കിലും സാധാരണ മലയാളികള്‍ അവിടുത്തേ ലോക മുതലാളിമാര്‍ വൈദ്യുതിക്ക് നല്‍കുന്ന തുക പോലെ കേരളത്തിലും നല്‍കുന്നുണ്ട്. എന്നിട്ടും കൃത്യമായ വൈദ്യുതി പോലും കിട്ടുന്നില്ല. ശമ്പള ഇത്തിലടക്കം കെഎസ്ഇബിയുടെ അധിക ചെലവ് ഒഴിവാക്കിയില്ലെങ്കില്‍ കനത്ത നഷ്ടത്തിലേക്ക് പോകുമെന്നാണ് ഈ കണക്കുകള്‍ വയ്ക്തമാക്കുന്നത്.