- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാട്ടുകാരുടെ കാശ് ബാഗുകളിലാക്കി ബന്ധുവീടുകളിൽ കൊണ്ടുപോയി; ഇത് രാജ്യദ്രോഹമെന്ന് അവരോട് പറഞ്ഞു; ഷൗക്കത്തലിയും ആന്റണിയും ഗഫൂറും കൂടി ഒടുവിൽ ജീനയെ കള്ളക്കേസിൽ കുടുക്കി; കണ്ണൂർ അർബൻ നിധി തട്ടിപ്പിന്റെ ഉള്ളുകള്ളികൾ മറുനാടനോട് വെളിപ്പെടുത്തുന്നു ജീനയുടെ ഭർത്താവ്
കണ്ണൂർ: തന്റെ ഭാര്യയെ സാമ്പത്തിക തട്ടിപ്പുകേസിൽ കുടുക്കി വഞ്ചിക്കുകയായിരുന്നുവെന്ന് കണ്ണൂർ അർബൻ നിധി നിക്ഷേപതട്ടിപ്പുകേസിലെ അഞ്ചാം പ്രതിയും ആദികടലായിയിലെ ജീനയുടെ ഭർത്താവുമായ ആദികടലായി വട്ടക്കുളത്തെ താളിയൻ കണ്ണോളി ടി.കെ ഷാജ്(51)ന്റെ വെളിപ്പെടുത്തൽ. നേരത്തെ മുത്തൂറ്റിൽ ജീവനക്കാരിയായിരുന്ന ജീന അവിടെയുള്ള തൊഴിലാളി സമരം കാരണമാണ് ജോലി വിട്ടു അർബൻ നിധിയിൽ ചേർന്നത്. ഒന്നര വർഷക്കാലം താനും ഈ സ്ഥാപനത്തിന്റെ കോഴിക്കോടുള്ള എനി ടൈം ശാഖയിൽ ഡ്രൈവറായിരുന്നു. ഷൗക്കത്തലിയും ആന്റണിയും ഗഫൂറും നടത്തുന്ന തട്ടിപ്പുകൾ തിരിച്ചറിഞ്ഞതു കൊണ്ടാണ് താൻ അവിടെ നിന്നും ജോലി രാജിവെച്ചത്.
കണക്കില്ലാത്ത പണം ബാഗുകളിലാക്കി ഇവരുടെ ബന്ധുവീടുകളിൽ വാഹനത്തിലെത്തി കൊടുക്കുന്നതിനു ഒന്നു രണ്ടു തവണ ഞാനും പോയിട്ടുണ്ട്. എന്നാൽ ഇതിലെ ചതി തിരിച്ചറിഞ്ഞതു കൊണ്ടാണ് താൻ അവിടെ നിന്നും ഒഴിവായത്. രാജ്യദ്രോഹമാണ് അവർ ചെയ്തിരുന്നതെന്നു അന്നു തനിക്ക് മനസിലായതു കൊണ്ടാണ് അർബൻ നിധിയിൽ നിന്നും ആദ്യമായി രാജിവെച്ച ഒരാളായി താൻ മാറുന്നത്. 16 കൊല്ലമായി തന്റെ ഭാര്യയുമായി പരിചയമുള്ളവരാണ് ഇതിൽ ഇൻവെസ്റ്റ് ചെയ്തത്. അതിനെക്കാൾ വലിയ സാമ്പത്തിക കുരുക്കിലാണ് ഞങ്ങളുള്ളത്. ജീനയുടെ സഹോദരന്റെ ഉൾപ്പെടെയുള്ള ഞങ്ങളുടെ കുടുംബത്തിൽ നിന്നും ഒന്നേ കാൽ കോടി രൂപ നിക്ഷേപമായി നൽകിയിട്ടുണ്ട്. ജീനയുമായി പരിചയമുള്ളവരുടെ പണം പോയതിന്റെ വിഷമം ഞങ്ങൾക്കുണ്ട്.
നമ്മുടെ നാട്ടുകാരുടെ പണം അവർ കൊണ്ടു പോകാതിരിക്കാൻ ഞാൻ നിയമത്തിന്റെ ഏതറ്റവും വരെ പോകും. മാനേജരായിട്ടല്ല, പിഗ്മി കലക്ഷൻ ഏജന്റായാണ് ജീന പ്രവർത്തിച്ചിരുന്നത്. രാവിലെ അർബൻ നിധി ലിമിറ്റഡിന്റെ വാഹനത്തിൽ ഡ്രൈവറോടൊപ്പം പോയി കസ്റ്റമറിൽ നിന്നും പണം വാങ്ങി അവിടെ കൊണ്ടു പോയി അടക്കുകയും അതു അക്കൗണ്ടിൽ ചേർപ്പിക്കുകയും അതിന്റെ ബോണ്ട് കസ്റ്റമർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുക മാത്രമേ ജീന ചെയ്തിട്ടുള്ളൂ.
അവിടെയുള്ള കണക്കും കാര്യങ്ങളുമൊന്നും ജീനയ്ക്ക് അറിയില്ലായിരുന്നു. അവർ അവിടെ ഓഫീസിൽ ഒരു ദിവസം പോലും ഇരുന്നിട്ടില്ല. സ്ഥാപനത്തിന്റെ കംപ്യൂട്ടറുകളുടെ പാസ് വേർഡൊക്കെ ജീനയാണ് കൈക്കാര്യം ചെയ്തതെന്നു ആരൊക്കെയോ പറയുന്നതു കേട്ടു. അതൊക്കെ വാസ്തവ വിരുദ്ധമാണ്. മാനേജരും മറ്റു സ്റ്റാഫുകളുമാണ് അതൊക്കെ കൈക്കാര്യം ചെയ്തിരുന്നത്. അവരെ നിയമപരമായി നേരിടുക തന്നെ ചെയ്യും. നമ്മുടെ നാട്ടുകാരുടെ പണം അടിച്ചു കൊണ്ടു പോകാൻ ഒരുകാരണവശാലും അനുവദിക്കില്ല.

നിക്ഷേപകരിൽ നിന്നും പണംവാങ്ങുകയും അതു അവിടെ കൊണ്ടുപോയി ചേർക്കുകയും ചെയ്യുകയും നിക്ഷേപകർക്ക് ബോണ്ടും പൈസ കൊടുക്കുകയും ചെയ്യുന്ന ജോലി മാത്രമേ ജീന ചെയ്തിട്ടുള്ളു. തന്റെ ഇടപാടുകാർക്ക് പലിശകൊടുക്കുന്നതിനായി സ്വന്തം ആഭരണങ്ങൾ മറ്റുള്ള സ്ഥലങ്ങളിൽ പണയം വച്ചാണ് ജീന പണം കണ്ടെത്തിയിരുന്നത്. ഞങ്ങളുടെ ഈ വീടും സ്ഥലത്തിന്റെ ആധാരവും പണയപ്പെടുത്തിയാണ് അത്യാവശ്യക്കാരായ ചില നിക്ഷേപർക്ക് പണം പലിശസഹിതം തിരിച്ചു നൽകിയത. ഉള്ളതെല്ലാം അർബൻ നിധിയിൽ നിക്ഷേപിച്ചതുകാരണം കിടപ്പാടം പോലും നഷ്്ടപ്പെടുന്ന അവസ്ഥയിലാണ് ഞാനുള്ളത്. പണം നഷ്ടപ്പെട്ടവരെ ഭയന്ന് പൊലീസ് സംരക്ഷണയിലാണ് കഴിയുന്നത്. നാലുവയസുള്ള ഒരു മകനാണ് ഞങ്ങൾക്കുള്ളത്. അവനെ മറ്റൊരിടത്തേക്ക് മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. അവൻ അമ്മയെ കണ്ടിട്ട് മാസങ്ങളായെന്നും ഷാജ് പറയുന്നു.
മാറി നിന്നപ്പോൾ എല്ലാം തലയിൽ കെട്ടിവയ്ക്കാൻ നോക്കി
അവരുടെ വക്കീലിന്റെ നിർദ്ദേശപ്രകാരമാണ് അർബൻനിധി പൊട്ടിയെന്ന വാർത്ത വന്നപ്പോൾ തന്നെ ജീന മാറി നിന്നത്. രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് നമ്മൾ ടിവിയിൽ ജീനയും ആന്റണിയും കൂടിയാണ് പൈസകൊണ്ടു പോയതെന്നു വാർത്ത കാണുന്നത്. അപ്പോൾ തന്നെ ഞാനവളോട് പറഞ്ഞു നീയെനി ഒരുകാരണവാശാലും പുറത്തു മാറി നിൽക്കുന്നത് സേഫല്ലെന്ന്. എല്ലാകുറ്റവും നിന്റെ മേൽ ചാർത്തിയാണ് അവർ രക്ഷപ്പെടാൻ നോക്കുന്നതെന്ന്. ഇവർ ചെയ്ത എല്ലാ കാര്യങ്ങളും പൊലീസിൽ തുറന്നു പറയുന്നതിനായി ഞാൻ തന്നെയാണ് അവളെ കോടതിയിൽ കൊണ്ടു പോയി ഹാജരാക്കുന്നത്. ഇവൾക്ക് ഇനി ജീവിതാവസാനം വരെ ജാമ്യം കിട്ടിയില്ലെങ്കിലും ഈ കേസിൽ പെട്ടുപോയാലും സാരമില്ല,എല്ലാംകാര്യങ്ങളും തുറന്നു പറഞ്ഞു. അവൾ അവരെ രക്ഷപ്പെടാൻ വിടില്ല. അവർ എങ്ങൊട്ടൊക്കെയാണ് പണം കൊണ്ടു പോയതെന്ന കാര്യം കുറച്ചൊക്കെ എനിക്കറിയാം. അതൊക്കെ തുറന്നു പറഞഞ് കണ്ണൂരുകാരുടെ പണം നഷ്ടപ്പെടാതെ നോക്കും. എനിക്കറിയാവുന്ന കാര്യം മുഴുവൻ ഞാൻ തുറന്നു പറയും. ഇവർക്കെതിരെയുള്ള തെളിവുകൾ കൊടുത്ത് ഷൗക്കത്തലിയും ആന്റണിയും ഗഫൂറും പുറത്തിറങ്ങാതെ നോക്കുമെന്നും ഷാജ് പറഞ്ഞു.

അവളെ നൂറ്റി മൂന്ന് കേസുകളാൽ വരിഞ്ഞു മുറുക്കി
നിലവിൽ നൂറ്റിമൂന്ന് കേസുകളുണ്ട് ജീനയുടെ പേരിൽ. ജീനയടക്കമുള്ള സ്റ്റാഫിന്റെ പേരിൽ കുറ്റം ചാർത്തി രക്ഷപ്പെടാനാണ് അവർ ശ്രമിക്കുന്നത്. അവരാണ് ജീനയെ ജാമ്യത്തിലെടുക്കാനും മറ്റും വക്കീലിനെ ഏർപ്പെടുത്തിയത്. എന്നാൽ ഞാനത് മാറ്റി അവൾക്കായി കണ്ണൂരുള്ള അഖിലെന്ന മറ്റൊരു വക്കീലിനെ ഏൽപ്പിച്ചു. അർബൻ നിധിയുടെ തകർച്ച തടങ്ങിയ കാലത്ത് അവർ നവഭാരതെന്ന പേരിൽ മറ്റൊരു കമ്പനി തുടങ്ങാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ജീനയല്ല അത്തരമൊരു കമ്പനി തുടങ്ങാൻ പരിപാടിയിട്ടത്. അവൾ ചേർത്ത കോടികൾ നിക്ഷേപകർക്ക് തിരിച്ചു കൊടുത്തു ഒഴിവാകുകയായിരുന്നു ലക്ഷ്യം.
ഡിസംബറാകുമ്പോഴെക്കും പുതിയ കമ്പനി തുടങ്ങുമെന്നും അതിൽ നിൽക്കാമോയെന്നു അവർ ജീനയോട് ചോദിച്ചു. താൻ വാങ്ങി നൽകിയ നിക്ഷേപകരുടെ പണം തിരിച്ചു നൽകിയാൽ നിൽക്കാമെന്നു അവൾ പറഞ്ഞു. അതിന്റെ രജിസ്ട്രേഷനും മറ്റുകാര്യങ്ങൾക്കുമായി മുപ്പതുലക്ഷം രൂപയോളം ചെലവാക്കിയെന്നാണ് അവർ പറഞ്ഞത്. ഞാൻ വക്കീലിനോട് പറഞ്ഞത് ജാമ്യമല്ല, അവളുടെ നിസഹായത തെളിയിക്കാനാണ്. കണ്ണൂരിൽ അർബൻ നിധിയെന്ന കമ്പനി മാറ്റി നവഭാരതെന്ന പുതിയ കമ്പനി തുടങ്ങാനാണ് അവർ ദ്ധതിയിട്ടത്. പഴയ കമ്പനിയിലെ മുഴുവൻ ളുകളുടെയും പണം സെറ്റിൽ ചെയ്തിട്ട് ജനുവരി മുതൽ നവഭാരതെന്ന കമ്പനി തുടങ്ങാമെന്നാണ് പറഞ്ഞത്. പണം ആവശ്യമുള്ളവർക്ക് ിരിച്ചു കാടുക്കാമെന്നും മറ്റുള്ളവരുടെ പണം നവഭാരതിലേക്ക് മാറ്റാമെന്നാണ് പറഞ്ഞത്. അർബൻനിധിയുടെ മൂന്നുവർഷം കഴിഞ്ഞപ്പോൾ ലൈസൻസ് ക്യാൻസലാവുന്നതിലാണ് പുതിയ കമ്പനി തുടങ്ങാൻ നീക്കം നടത്തിയത്.
പണം ബാഗുകളിലാക്കി ബന്ധുക്കളുടെ വീടുകളിലെത്തിച്ചു
എനി ടൈമിലേക്ക് പണം മാറ്റാമെന്നു പറഞ്ഞ് വർ അർബൻനിധിയുടെ മുകളിൽ എ.ടി. എമ്മിന്റെ ബിൽഡിങിലേക്ക് ബാഗുകളായി കൊണ്ടുപോയി വെച്ചു. പിന്നീട് പല വീടുകളിലേക്കും ഞങ്ങളെപ്പോലുള്ള ഡ്രൈവർമാരെ ഉപയോഗിച്ചു ബാഗുകളിലാക്കികൊണ്ടു പോയി കോഴിക്കോട്ടെക്ക് എത്തിക്കുകയായിരുന്നു. അവിടെയെത്തിയാൽ ഞങ്ങളെപ്പോലുള്ള ഡ്രൈവർമാരെ വിളിക്കും. രണ്ടുതവണ ഞാൻ ഇവരുടെ ബന്ധുവീടുകളിൽ പണം പോയി കൊണ്ടു പോയിട്ടുണ്ട്. അതുകഴിഞ്ഞപ്പോൾ ഞാൻ ഷൗക്കത്തലിയോടു പറഞ്ഞു ഇതുരാജ്യദ്രോഹമാണ് എനിക്ക് കൂട്ടുനിൽക്കാൻ കഴിയില്ലെന്ന്. ഇതോടെ എന്നെ ഇവർ ഒരിടത്തും വിളിക്കാതെയായി. പിന്നെ എ.ടി. എമ്മിലെ സ്റ്റാഫിനെയും അനീഷെന്ന ഡ്രൈവറെയും ഉപയോഗിച്ചാണ് ഇത്തരത്തിൽ പണമെത്തിച്ചിരുന്നത്.
ഇങ്ങനെ ലക്ഷങ്ങളും കോടികളും കൊടുത്ത വീടുകൾ എനിക്കറിയാം. ആന്റണിയും ഷൗക്കത്തലിയും ഗഫൂറും അറിയാതെയൊന്നും പണം ഒരിടത്തും കൊണ്ടു പോവാൻ കഴിയുമായിരുന്നില്ല. ഇപ്പോൾ ഞാനൊന്നുമറിഞ്ഞില്ലെന്ന് ആന്റണി പറയുന്നത് പച്ചക്കള്ളമാണ്. ആന്റണിയാണ് പൈസ ട്രാൻസ്ഫർ ചെയ്തിരുന്നത്. എ.ടി. എമ്മിൽ നിന്നും പണം പിൻവലിച്ചാൽ ഇവരുടെ ഫോണിലേക്ക് ഒ.ടി.പി മെസേജ് വരുന്ന സംവിധാനമുണ്ട്. മൂന്നുപേരും അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയാണ് പണം തട്ടിയെടുക്കാൻ നടത്തിയത്. ആന്റണി അൽപകാലം സ്ഥലത്തില്ലാതിരുന്നപ്പോൾ ഷൗക്കത്തലിയാണ് കാര്യങ്ങളൊക്കെ ചെയ്തിരുന്നത്. തുടക്കത്തിലെ ഷൗക്കത്തലി തന്നെയാണ് കാര്യങ്ങൾ ചെയ്തിരുന്നത്. എന്നാൽ ആന്റണി അറിയാതെ കാര്യങ്ങളൊന്നും നടക്കില്ല.
ഡിസംബർ വരെ പിടിച്ചു നിന്നാൽ പണംതിരിച്ചു നൽകാമെന്നു വാഗ്ദാനം
സ്റ്റാഫുകളൊന്നും അറിയാതെയുള്ള തട്ടിപ്പാണ് മൂന്നുപേരും നടത്തിയത്. എ.ടി എമ്മിലേക്ക് പണം ജീവനക്കാർ അറിയാതെ മാറ്റുകയാണ് ഇവർ ചെയ്തത്. ഒരു ദിവസം മൂന്നുകോടി രൂപയുടെ വരെ ഇടപാട് നടക്കുന്നുണ്ടെന്നാണ് ജീവനക്കാരോട് പറഞ്ഞിരുന്നത്. എ.ടി. എമ്മിലെക്ക് പണം എന്തിനാണ് മാറ്റുന്നതെന്നു നിങ്ങൾ നോക്കെണ്ടെന്നാണ് ഇക്കാര്യം ചോദിച്ചവരോട് പറഞ്ഞത്.അത്രയും നല്ല ഡീലിങ് ജീവനക്കാർ നടത്തി പണമെത്തിച്ചിട്ടുഅവരെ പറ്റിക്കുകയായിരുന്നു ചെയ്തത്. ഇവരുടെ പോക്ക് ശരിയല്ലെന്നു ഞാൻ ആദ്യമേ ജീനയോട് പറഞ്ഞിരുന്നു.
എന്നാൽ എ.ടി. എമ്മിലേക്ക് കൊടുക്കുന്ന പണത്തിന്റെ കാര്യം നമ്മൾ നോക്കേണ്ടെന്നാണ് അവൾ പറഞ്ഞിരുന്നത്. കമ്പനി ഓഗസ്റ്റ് മുതൽ ക്രൈസിസിലായിരുന്നു. എന്നാൽ ഡിസംബർ വരെ പിടിച്ചു നിൽക്കണമെന്നായിരുന്നു അവർ മൂന്നുപേരും പറഞ്ഞത്. അതുകഴിഞ്ഞാൽ എവിടെ നിന്നെങ്കിലും പണം വായ്പയായി വാങ്ങി എല്ലാവരുടെയും പണം സെറ്റിൽ ചെയ്യാമെന്നായിരുന്നു.
എന്നാൽ ഇപ്പോൾ പലരും ജീനയോട് ചോദിക്കുന്നത് കമ്പനി നഷ്ടത്തിലായിട്ടും ഇക്കാര്യം നീയെന്തു കൊണ്ടു പറഞ്ഞിട്ടില്ലെന്നാണ്. അവരൊക്കെ ഇവളുടെ പേരിലാണ് കേസ് കൊടുക്കുന്നത്. എങ്ങനെയെങ്കിലും ഡിസംബറാകുമ്പോഴെക്കും എല്ലാവരുടെയും പണം തിരിച്ചു കൊടുക്കുകയെന്നതായിരുന്നു ജീനയുടെ ലക്ഷ്യം. പണ്ടെയുള്ള ഇടപാടുകാർക്കു പലിശയും മുതലും കൊടുക്കുന്നതിനായി 34ലക്ഷമാണ് അവൾ കടം വരുത്തിവെച്ചത്. കൈയിലുള്ള സ്വർണം മുഴുവൻ വിറ്റു. വീടിന്റെ ആധാരം ബാങ്കിൽ പണയപ്പെടുത്തി. ഞാനായിട്ടോ ഇവളായിട്ടോ ഇതുവരെ പത്തു പൈസ ഒരാളുടെ അന്യായമായി കൈപ്പറ്റി സമ്പാദിച്ചിട്ടില്ല. നമ്മളെ കുടുംബത്തിൽ നിന്നുതന്നെ ഒന്നേ കാൽ കോടിരൂപ ജീന ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്.

ഏട്ടന്റെ ഭാര്യയുടെ ഉൾപ്പെടെയുള്ള പണം നിക്ഷേപിച്ചതു പോയിട്ടുണ്ട്. പതിനാറുകൊല്ലം മുത്തൂറ്റിന്റെ ക്ളസ്റ്റർ മാനേജരായി ജോലി ചെയ്ത ജീന വളരെ ആത്മാർത്ഥമായാണ് അർബൻ നിധിയിലും ജോലി ചെയ്തത്. അർബൻനിധി പൊട്ടുമെന്നു അറിയാൻ തുടങ്ങിയപ്പോൾ തന്നെ വീട്ടിലേക്ക് ആൾക്കാർ വരാൻ തുടങ്ങിയത്. പണം നഷ്ടപ്പെട്ടവരുടെ ഭീഷണി കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. അവരുടെ വികാരം നമുക്കും മനസിലാകും. എന്നാൽ ഞങ്ങളും തട്ടിപ്പിന്റെ ഇരകളാണെന്നു പലരും മനസിലാക്കുന്നില്ല. സ്ഥാപനത്തിനു വേണ്ടി ആത്മാർത്ഥമായി ജോലി ചെയ്തതാണ് എന്റെ ഭാര്യചെയ്ത കുറ്റം. ഫോണിലൂടെ തെറി വിളിക്കുകയും എന്നെ കൊല്ലുമെന്നുമെന്നാണ് പലരും ഭീഷണിപ്പെടുത്തത്. എന്റെ മകനെയും കൊണ്ടു ഞാൻ എവിടെക്ക് പോകാനാണ്. അർബൻനിധി തട്ടിപ്പു കേസിൽ ഏതന്വേഷണം നേരിടാനും ജീന തയ്യാറാണ്. എല്ലാ സത്യവും അവൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.അവളുടെ അക്കൗണ്ടും മൊബൈൽ ഫോണുമെല്ലാം പൊലിസ് പരിശോധിച്ചിട്ടുണ്ട്. മരണംവരെ ജയിലിൽ കിടന്നാലും സാരമില്ല, നിക്ഷേപകരുടെ പണം തട്ടിയവർക്കെതിരെയുള്ള തങ്ങളുടെ പോരാട്ടം തുടരുമെന്നും ഷാജ് പറഞ്ഞു.




