കൊല്ലം: പൊലീസ് ഇൻസ്‌പെക്ടർക്കെതിരേ വ്യാജവാർത്ത പ്രചരിപ്പിച്ച യുവതിക്കും ഭർത്താവിനും രണ്ട് യു ട്യൂബ് ചാനലുകൾക്കുമെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കുണ്ടറ ഇൻസ്‌പെക്ടർ ആർ. രതീഷിന്റെ പരാതിയിലാണ് കുണ്ടറ സ്വദേശിനി നീനു നൗഷാദ് (34), ഭർത്താവ് സാജിദ്, വാർത്ത നൽകിയ സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമുകൾ എന്നിവർക്കെതിരേ കുണ്ടറ എസ്‌ഐ അംബരീഷ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

യുവതി കൊടുത്ത കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇൻസ്‌പെക്ടർ വിളിപ്പിച്ച് അദ്ദേഹത്തിന്റെ മുറിയിൽ വച്ച് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ ആരോപണമാണ് കേസിന് കാരണമായിരിക്കുന്നത്. രണ്ടു യു ട്യൂബ് ചാനലുകളും യുവതിയുടെ അഭിമുഖം സംപ്രേഷണം ചെയ്തു. സ്റ്റേഷനിലെത്തിയ തന്നെ ഇൻസ്‌പെക്ടർ മുറിയിലേക്ക് വിളിപ്പിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്ന് യുവതി കമ്മിഷണർക്ക് പരാതി നൽകി. ഇതു സംബന്ധിച്ച് അന്വേഷണം ശാസ്താംകോട്ട ഡിവൈ.എസ്‌പി എസ്. ഷെരിഫിന് കൈമാറി.

അദ്ദേഹം നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. ഇൻസ്‌പെക്ടറുടെ മുറിയിൽ സിസിടിവി കാമറയുണ്ടായിരുന്നു. ഇത് ശബ്ദം റെക്കോഡ് ചെയ്യുന്ന സംവിധാനമുള്ളതാണ്. മാത്രമല്ല, യുവതി ഭർത്താവിനൊപ്പമാണ് ഇൻസ്‌പെക്ടറുടെ മുറിയിൽ എത്തിയത്. ഇവർ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് തെളിവായി ശരീരഭാഗം കാണിക്കാൻ തുനിയുന്നതും ഇൻസ്‌പെക്ടർ തടയുന്നതും സിസിടിവിയിലുണ്ട്. ഇത് തന്നെയല്ല വനിതാ പൊലീസിനെ കാണിക്കാൻ ഇൻസ്‌പെക്ടർ പറയുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നുവെന്ന് ഡിവൈ.എസ്‌പി മറുനാടനോട് പറഞ്ഞു. ഇൻസ്‌പെക്ടറുടെ മുറിയിൽ കാമറയുണ്ടായിരുന്നുവെന്ന കാര്യം യുവതിക്ക് അറിയില്ലായിരുന്നു.

ഇതിന് ശേഷം ഇൻസ്‌പെക്ടർക്കെതിരേ വാർത്ത നൽകാൻ മറുനാടൻ അടക്കമുള്ള മാധ്യമങ്ങളെ യുവതി സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച് മറുനാടൻ നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് ഡിവൈ.എസ്‌പി അറിയിച്ചു. ഇതു കാരണം വാർത്ത കൊടുത്തിരുന്നില്ല. എന്നാൽ, പിന്മാറാൻ തയാറാകാതിരുന്ന യുവതി കേരള ടുഡേ, കൊട്ടാരക്കര വാർത്തകൾ എന്നീ യുട്യൂബ് ചാനലുകളെ സമീപിച്ച്് ഇൻസ്‌പെക്ടർക്കെതിരേ ആരോപണങ്ങൾ ആവർത്തിക്കുകയായിരുന്നു. വ്യാജവാർത്ത വ്യാപകമായി പ്രചരിച്ചത് ഇൻസ്‌പെക്ടർക്ക് വ്യക്തിപരമായി ദുരിതങ്ങൾ നൽകി. മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം നിയമ നടപടിക്ക് ഒരുങ്ങിയത്. കമ്മിഷണർക്ക് നൽകിയ പരാതിയിൽ നിയമോപദേശം തേടിയതിന ശേഷമാണ് യുവതിക്കും ചാനലുകൾക്കെുമെതിരേ കേസ് എടുത്തത്.

യുവതി പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങിയതാണ് ചാനലുകൾക്ക് വിനയായത്. പ്രതികൾ എല്ലാവരും ഒളിവിലാണ്. തനിക്കൊപ്പം ഭർത്താവും ഇൻസ്പെക്ടറുടെ മുറിയിൽ വന്നിരുന്നുവെന്ന വിവരം മറച്ചു വച്ചാണ് യുവതി പരാതി പരാതി നൽകിയത്. എന്നാൽ, ഡിവൈ.എസ്‌പിയുടെ പ്രാഥമികാന്വേഷണത്തിൽ തന്നെ ഇക്കാര്യം വ്യക്തമായി. ഡിവൈ.എസ്‌പി വനിതാ പൊലീസിനെയും കൂട്ടി യുവതിയുടെ മൊഴി എടുത്തപ്പോൾ മുറിയിൽ താനും ഇൻസ്പെക്ടറും മാത്രമാണുണ്ടായിരുന്നതെന്നാണ് പറഞ്ഞിരുന്നത്. കാമറ ദൃശ്യങ്ങളിൽ മറ്റൊരാൾ കുടിയുണ്ടല്ലോ അതാരാണ് എന്ന് ചോദിച്ചപ്പോഴാണ് യുവതി ഈ വിവരം അറിയുന്നത്. അതോടെ കമ്മിഷണർക്ക് കൊടുത്തിരുന്ന പരാതിയിൽ പറഞ്ഞിരുന്ന കാര്യങ്ങൾ ഇവർ പാടേ മാറ്റിപ്പറഞ്ഞു. തനിക്കൊപ്പം ഉണ്ടായിരുന്നത് ഭർത്താവാണെന്ന് യുവതിക്ക് സമ്മതിക്കേണ്ടിയും വന്നു.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട അയൽക്കാരുമായി ഉണ്ടായ അടിപിടിയിൽ യുവതി പരാതി കൊടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് ഇവർ ഇൻസ്പെക്ടറെ കാണാൻ എത്തിയത്. അടിപിടിയെ തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റായ യുവതി നൽകിയ മൊഴി തന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചുവെന്നായിരുന്നു. കേസിന്റെ നിജസ്ഥിതി മനസിലാക്കിയാണ് ഇൻസ്പെക്ടർ അന്വേഷണം മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഇതാകാം യുവതിയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. വ്യാജരേഖ പ്രചരിപ്പിക്കുക, വ്യക്തി ഹത്യ ചെയ്യുക, അപകീർത്തിപ്പെടുത്തുക, വ്യാജതെളിവുണ്ടാക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തുക.