കോട്ടയം: ശബരിമല തന്ത്രി കണ്ഠരര് രാജീവര് 2.50 കോടി നിക്ഷേപിച്ചതായി വ്യക്തമാക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ ആ സ്ഥാപനമേതെന്ന ചോദ്യവും ഉയര്‍ന്നു. നെടുമ്പറമ്പില്‍ ഫിനാന്‍സിലാണ് നിക്ഷേപമെന്ന വിധത്തില്‍ വാര്‍ത്തകള്‍ വന്നെങ്കിലും അത് പൂര്‍ണമായും ശരിയല്ലെന്നാണ് ലഭിക്കുന്ന വിവരം. തന്ത്രി നിക്ഷേപം നടത്തിത് മറ്റൊരു സ്ഥാപനത്തിലാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. സ്വകാര്യ പണമിടപാട് സ്ഥാപനം കുന്നത്തുകളത്തില്‍ ഫിനാന്‍സ് ആണെന്നാണ് സൂചന. ഇക്കാര്യത്തില്‍ എസ.്‌ഐ.ടിയോ ഇഡിയോ സ്ഥിരീകരണം നല്‍കിയിട്ടില്ല.

കുന്നത്തുകളത്തിലിന്റെ ചങ്ങനാശേരി ശാഖയിലാണ് രണ്ടു ഘട്ടമായി തന്ത്രി രാജീവര് പണം നിക്ഷേപിച്ചതെന്നാണ് സൂചനകള്‍. അഞ്ചു വര്‍ഷം മുന്‍പാണ് ഈ സ്വകാര്യ സ്ഥാപനം പൂട്ടിപ്പോയത്. ഇതിന്റെ ഉടമയായ കെ.വി. വിശ്വനാഥനെ പിന്നീട് പാപ്പരായി പ്രഖ്യാപിച്ചു. നിക്ഷേപകരുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത വിശ്വനാഥന്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയുടെ മുകളില്‍ നിന്നും ചാടി മരിക്കുകയായിരുന്നു. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പാണ് കുന്നത്തുകളത്തില്‍ ജൂവലറി ആന്‍ഡ് ഫിനാന്‍സ് ഉടമായ വിശ്വനാഥന്‍ നടത്തിയത്. ഇയാളുടെ ഭാര്യ, മക്കള്‍, മരുമക്കന്‍ എന്നിവര്‍ കേസില്‍ പ്രതികളായിരുന്നു.

മൂവായിരത്തോളം നിക്ഷേപകരില്‍ നിന്നായി 150 കോടിയോളം രൂപയാണ് സമാഹരിച്ചത്. വിവിധ ചിട്ടികളും നിക്ഷേപവും വഴിയായിരുന്നു ധനസമാഹരണം. ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ സ്ഥാപനങ്ങള്‍ പൂട്ടി ഇവര്‍ ഒളിവില്‍പ്പോയി. ഇതിനൊപ്പം വിശ്വനാഥന്‍ കോട്ടയം സബ്കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കി. പണം നഷ്ടമായവര്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രക്ഷോഭം ആരംഭിച്ചു. 150 കോടി എന്ന നിക്ഷേപകരുടെ അവകാശവാദം തള്ളിയ വിശ്വനാഥന്‍ 136 കോടി മാത്രമേ തിരികെ നല്‍കാനുള്ളൂവെന്നാണ് പറഞ്ഞിരുന്നത്.

14 കേസുകളും വിശ്വനാഥനും കുടുംബത്തിനുമെതിരേ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച കേസ് കോടതിയില്‍ നടന്നു വരികയാണ്. വാദം പൂര്‍ത്തിയായി. സ്വര്‍ണം വിറ്റ് പണം നിക്ഷേപകര്‍ക്ക് കൊടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനായി വിനോദ്കുമാര്‍ എന്നയാളെ റിസീവറായി നിയമിച്ചിട്ടുണ്ട്.

പണം പോയ നിക്ഷേപകരില്‍ പരാതിയില്ലാത്ത ഏക ആളാണ് തന്ത്രി കണ്ഠര് രാജീവരെന്നാണ് സൂചന. ഇത്രയും വലിയ തുകയുടെ ഉറവിടം കാണിക്കാന്‍ സാധിക്കാത്തതിനാലാണ് അദ്ദേഹം പരാതി നല്‍കാതിരുന്നത് എന്നു വേണം കരുതാന്‍. ഇതോടെ തന്ത്രിയുടെ നിക്ഷേപം എന്‍.എം.രാജുവിന്റെ നെടുമ്പറമ്പില്‍ സിന്‍ഡിക്കേറ്റിലാണെന്ന് മാധ്യമങ്ങള്‍ ഉറപ്പിച്ചു. രാജുവിന്റെ നിക്ഷേപത്തട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി ഇഡി നടത്തിയ പരിശോധനയെ തന്ത്രിയുടെ നിക്ഷേപം തേടിയുള്ളതാക്കി മാറ്റി. തന്ത്രി ഇട്ട രണ്ടരക്കോടി അതേ പടി ആന്റോ ആന്റണി എം.പി വാങ്ങിയെടുത്തുവെന്ന തെളിവില്ലാത്ത ആരോപണവുമായി സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും രംഗത്തു വന്നു.

തന്ത്രിയെ താന്‍ അറിയില്ലെന്ന് എന്‍.എം. രാജു പറഞ്ഞു. എന്നാല്‍, ആന്റോ ആന്റണി തന്റെ കൈയില്‍ നിന്നും രണ്ടു കോടി രൂപ പലിശയ്ക്ക് വാങ്ങിയെന്ന വെളിപ്പെടുത്തല്‍ അദ്ദേഹം നടത്തുകയും ചെയ്തു.