ആലപ്പുഴ: ഒരു പ്രദേശത്തെയാകെ വെള്ളക്കെട്ടിലാക്കുന്ന വിധത്തില്‍ സ്വകാര്യവ്യക്തികള്‍ കയ്യേറി നികത്തിയ തോട് 14 ദിവസത്തിനുള്ളില്‍ പൂര്‍വസ്ഥിതിയിലാക്കണമെന്ന നഗരസഭയുടെ ഉത്തരവില്‍ ഒരു മാസം കഴിഞ്ഞിട്ടും നടപടിയില്ല. അതിനിടെ കൈയ്യേറ്റത്തിന് പിന്നില്‍ വമ്പന്‍ പേരുകാരണെന്ന് മറുനാടന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഇതു സംബന്ധിച്ച് നാട്ടുകാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആലപ്പുഴയിലെ രണ്ട് വമ്പന്‍ ഗ്രൂപ്പുകള്‍ക്കെതിരെയാണ് ആരോപണം, എസ് എം സില്‍ക്‌സ് എന്ന ടെക്‌സ്റ്റൈല്‍ ഗ്രൂപ്പും പോപ്പി കുടയുടെ ഉടമസ്ഥനുമാണ് പ്രതിസ്ഥാനത്ത്. ഇതോടെ തോട് പുനസ്ഥാപിക്കാത്തതിന് പിന്നില്‍ അഴിമതി സംശയവും കടന്നു വരികയാണ്.

ആലപ്പുഴ ജില്ലാ കോടതിക്കു പടിഞ്ഞാറുവശം കിടങ്ങാംപറമ്പ് വാര്‍ഡില്‍ കയര്‍ മെഷീന്‍ ടൂള്‍സ് കമ്പനിയുടെ വടക്കേയറ്റത്താണു സ്വകാര്യ വ്യക്തികള്‍ അനധികൃതമായി പുറമ്പോക്ക് ഭൂമി കയ്യേറുകയും തോട് നികത്തുകയും ചെയ്തത്. പത്തുവര്‍ഷം മുന്‍പു നടന്ന കയ്യേറ്റത്തിന്റെ ഫലമായി മഴക്കാലത്തു പ്രദേശമാകെ വെള്ളക്കെട്ടിലാകുന്നതു പതിവായി. വീടിനുള്ളില്‍ വരെ വെള്ളം കയറുന്നതിനാല്‍ മഴക്കാലത്തു പലരും ബന്ധുവീടുകളിലേക്കു താമസം മാറും. ഭൂമി കയ്യേറിയവര്‍ ഈ സ്ഥലത്തെ വെള്ളക്കെട്ട് ഒഴിവാക്കാനായി അയല്‍വാസിയുടെ മതില്‍ പൊട്ടിച്ചു പുരയിടത്തിലേക്കു വെള്ളമൊഴുക്കി വിട്ട സംഭവമുണ്ടായി.അനധികൃത കയ്യേറ്റത്തിനെതിരെയും തോടുനികത്തിയതിനെതിരെയും സനാതനം റസിഡന്‍സ് അസോസിയേഷന്‍ 2015 മുതല്‍ റവന്യു അധികൃതര്‍ക്കു പരാതി നല്‍കുന്നുണ്ട്. ഇതെല്ലാം മനോരമയും മാതൃഭൂമിയും കേരള കൗമുദിയും വാര്‍ത്തയാക്കി. പക്ഷേ അവരാരും ആരാണ് കൈയേറിയതെന്ന് മാത്രം പറഞ്ഞില്ല.

കയ്യേറ്റം നടന്നതു പുറമ്പോക്കു ഭൂമിയിലാണെന്നു റവന്യു അധികൃതരുടെ പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നാണ് നികത്തിയ തോട് പൂര്‍വസ്ഥിതിയിലാക്കാന്‍ കയ്യേറ്റക്കാര്‍ക്കു നോട്ടിസ് നല്‍കാന്‍ നഗരസഭയ്ക്കു റവന്യു വകുപ്പ് നിര്‍ദേശം നല്‍കിയത്. അനധികൃതമായി കയ്യേറി നികത്തിയ തോട് 14 ദിവസത്തിനകം പഴയ സ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നവംബര്‍ 6ന് കയ്യേറ്റക്കാര്‍ക്ക് നോട്ടിസ് നല്‍കി. 14 ദിവസത്തിനുള്ളില്‍ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റിയില്ലെങ്കില്‍ നഗരസഭ ഇവ പൊളിച്ചുമാറ്റുമെന്നും ഇതിനുള്ള ചെലവ് കയ്യേറ്റക്കാരില്‍ നിന്ന് ഈടാക്കുമെന്നും നോട്ടിസിലുണ്ടായിരുന്നു. എന്നാല്‍ ഒരു മാസമായിട്ടും കയ്യേറ്റം ഒഴിവാക്കി തോട് പഴയ സ്ഥിതിയിലാക്കാന്‍ കയ്യേറ്റക്കാര്‍ തയാറായിട്ടില്ല. നോട്ടിസില്‍ മുന്നറിയിപ്പ് നല്‍കിയത് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭയും തയാറാകുന്നില്ല. ഇതിനെതിരെ മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുകയായിരുന്നു പ്രദേശ വാസികള്‍. ഈ പരാതിയിലാണ് രണ്ട് വമ്പന്‍ ഗ്രൂപ്പുകള്‍ക്കെതിരെ ആരോപണമുള്ളത്.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ നാട്ടുകാരുടെ പ്രധാന ആക്ഷേപങ്ങള്‍ ചുവടെ

ആലപ്പുഴ, ജില്ലകോടതിക്കു പടിഞ്ഞാറുവശം കിടങ്ങാംപറമ്പ് വാര്‍ഡില്‍ (പഴയ സനാതനം വാര്‍ഡ്) കയര്‍ മെഷീന്‍ ടൂള്‍സ് കമ്പനിയുടെ വടക്കേയറ്റം അനധികൃതമായി പുറമ്പോക്ക് ഭൂമി കയ്യേറി നീര്‍ച്ചാല്‍ നികത്തിയവര്‍ക്കെതിരെ അവ പൊളിച്ചു നീക്കി പൂര്‍വസ്ഥിതി പുനഃസ്ഥാപിച്ചു നല്‍കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ നോട്ടീസ് അയച്ചു. 14 ദിവസത്തിനകം അനധികൃത കയ്യേറ്റം പൊളിച്ചു തോട് പുനഃസ്ഥാപിച്ച് നല്‍കണമെന്നും അല്ലെങ്കില്‍ മുനിസിപ്പാലിറ്റിസ് ആക്ട് പ്രകാരം പൊളിച്ച ശേഷം ചിലവായ തുക ഈടാക്കുമെന്നും നഗരസഭ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നോട്ടീസ് മുഖേന അറിയിച്ചിട്ടുണ്ട്. നോട്ടീസ് കിട്ടി ഒരു മാസം കഴിഞ്ഞിട്ടും കൈയ്യേറ്റക്കാര്‍ കൈയ്യേറിയ ഭൂമി വിട്ടു നല്‍കിയിട്ടില്ല. എന്ത് വന്നാലും ഭൂമി വിട്ടു തരില്ല എന്ന ഹുങ്കാണ് കൈയ്യേറ്റക്കാര്‍ക്ക്. പണവും, രാഷ്ട്രീയ സ്വാധീനവും ഉള്ള ഇവര്‍ നിയമത്തെ പോലും വെല്ലുവിളിക്കുകയാണ്.

S M Silks (Textiles) ഉടമസ്തരായ 3 സഹോദരങ്ങളാണ് ഏറ്റവും കൂടുതല്‍ സ്ഥലം കൈയ്യേറിയിരിക്കുന്നത്. 1) സന്തോഷ് 2)സുരേഷ് 3)പ്രിയ രാജേഷ് (w/o രാജേഷ്. ഈ കുടുംബത്തിലെ സന്തോഷ് സ്വന്തം വീടിന്റെ പുറകിലെ തോട് നികത്തി മരങ്ങളും വെച്ച്,ഗോഡൗണും, സെപ്റ്റിക് ടാങ്കും കെട്ടിയതുമൂലമുണ്ടായ വെള്ളക്കെട്ടൊഴിവാക്കാന്‍ അയല്‍വാസിയുടെ മതില്‍ പൊട്ടിച്ച് വെള്ളമൊഴുക്കുക മാത്രമല്ല അവരുടെ മതിലിന്റെ മുകളില്‍ അനുമതിയില്ലാതെ ഷീറ്റും അടിച്ച് മതില്‍ മൊത്തം പൊട്ടിക്കുകയും ചെയ്തു.ലക്ഷങ്ങളുടെ നഷ്ടമാണ് ആ വീട്ടുകാരനുണ്ടായിരിക്കുന്നത്. രണ്ടാമത്തെ കൈയേറ്റക്കാരന്‍ പോപ്പി കുടകളുടെ ഉടമസ്ഥന്‍, 'ഡേവിസ് തയ്യിലാണ് '. ഇയ്യാള്‍ നീര്‍ച്ചാല്‍ നീളത്തില്‍ നികത്തി 2 സ്ഥലങ്ങള്‍ ഒന്നാക്കി എടുത്തു. 12 - 15 ലക്ഷം രൂപ വിലയുള്ള ഏകദേശം 9 സെന്റ് മിച്ചഭൂമി നികത്തി എടുത്തിരിക്കുകയാണ് കൈയേറ്റക്കാര്‍.പോപ്പി ഉടമസ്ഥന്‍ ഡേവിസും, SM ഉടമസ്ഥന്‍ സന്തോഷും ഉറ്റ സുഹൃത്തുക്കളാണ് അപ്പൊ അടുത്തടുത്ത സ്ഥലങ്ങള്‍ സര്‍വ്വ തരികിടയും കാണിച്ച് ഒന്നിച്ചു നികത്തി എടുത്തതാണ്. ഏതെങ്കിലും സാധാരണക്കാരന്‍ ഇതുപോലൊരു ക്രിമിനല്‍ കുറ്റം ചെയ്താല്‍ എന്താകും എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് ജനങ്ങള്‍ അങ്ങേയറ്റം ബുദ്ധിമുട്ടുന്ന ഈ കൈയേറ്റം എന്ത് കൊണ്ട് ഒഴിപ്പിച്ചില്ല എന്ന് അന്വേഷിക്കേണ്ടതാണ്. റവന്യൂ ഉദ്യോഗസ്ഥരും മുനിസിപ്പല്‍ ഉദ്യോഗസ്ഥരും ഇതിനൊക്കെ കൂട്ട് നിന്നൂന്നുള്ളത് സത്യമാണ്.




മുല്ലക്കല്‍ വില്ലേജ് ഓഫീസിന്റെ പരിധിയില്‍പ്പെട്ട തോടാണ് കയ്യേറി നികത്തി ഉപയോഗിച്ചു വരുന്നത്. പുറമ്പോക്ക് ഭൂമി കൈയ്യേറി തോട് നികത്തിയതിനാല്‍ ജില്ലാ കോടതിക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങള്‍ വര്‍ഷങ്ങളായി വെള്ളക്കെട്ടിലാകുകമാത്രമല്ല, 35 ഓളം വീടുകളിലും വെള്ളം കേറുന്നു എന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് അധികൃതര്‍, മുനിസിപ്പല്‍ അധികൃതരുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി പുറമ്പോക്ക് ഭൂമി അടയാളപ്പെടുത്തിയത്.പട്ടണത്തിന്റെ ഹൃദയഭാഗത്തുള്ള ഇവിടെ നിന്നും മഴക്കാലത്തു വീട് പൂട്ടി സ്വന്തക്കാരുടെ വീട്ടിലാണ് പലരും പോയി താമസിക്കുന്നത്. പുറമ്പോക്ക് ഭൂമി കയ്യേറ്റത്തിനെതിരെ സനാതന റസിഡന്‍സ് അസോസിയേഷന്‍ 2015 മുതല്‍ റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കുന്നുണ്ട്. കളക്ടര്‍ക്കും, താഹസില്‍ദാറിനും, റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പഴയ രേഖകള്‍ സഹിതം മിച്ചഭൂമി കൈയ്യേറി എന്ന് ബോധ്യപ്പെട്ടതാണ്. ഈ നീര്‍ച്ചാല്‍ നികത്തിയതിനാല്‍ 2 വാര്‍ഡിലുള്ളവര്‍ 1)സനാതനം വാര്‍ഡ് 2)ചാത്താനാട് വാര്‍ഡ് വെള്ളക്കെട്ട് ദുരിതത്തിലാണ്. താലൂക്ക്,വില്ലേജ് ഓഫീസുകളില്‍ നിന്ന് എത്തിയ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് നഗരസഭയ്ക്ക് കത്ത് നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് നഗരസഭ ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്.