തിരുവനന്തപുരം: കോടിക്കണക്കിന് രൂപയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ വര്‍ക്കലയിലെ ഹോംസ്റ്റേയില്‍ നിന്ന് പിടിയിലായ ലിത്വാനിയന്‍ പൗരന്‍ അലക്‌സേജ് ബെസിക്കോവ് ആളു ചില്ലറക്കാരനല്ല. മുമ്പ് പലപ്പോഴും ഇയാള്‍ വര്‍ക്കലയില്‍ എത്തിയിരുന്നു. വിമാനം ഇറങ്ങുമ്പോള്‍ തന്നെ ലുക്ക് ഔട്ട് നോട്ടീസുള്ളവരുടെ വിവരങ്ങള്‍ എമിഗ്രേഷന് കിട്ടും. അത് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യും. പക്ഷേ മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമുണ്ടെങ്കില്‍ മാത്രമേ അവരെ തടഞ്ഞു വയ്ക്കൂ. എന്നാല്‍ വിമാനം ഇറങ്ങുന്ന വ്യക്തിയെ നിരീക്ഷണത്തിലാക്കുകയും അക്കാര്യം കുറ്റകൃത്യവുമായി ബന്ധപ്പെട്ട രാജ്യത്തെ അറിയിക്കുകയും ചെയ്യും. ഇപ്രാവശ്യവും ബെസിക്കോവിന്റെ വരവ് വിമാനത്താവളത്തില്‍ അറിഞ്ഞിരുന്നു. ഇത് ഇന്ത്യയിലെ ഇന്‍ര്‍പോള്‍ വിഭാഗത്തിന് കൈമാറുകയും ചെയ്തു. ഇയാള്‍ വര്‍ക്കലയില്‍ ഉണ്ടെന്ന വിവരം അമേരിക്കന്‍ അന്വേഷണ ഏജന്‍സിയിലുമെത്തി. ഇതോടെ അവിടെ നിന്നും ഇയാളെ പിടികൂടി കൈമാറാനുള്ള നിര്‍ദ്ദേശം സിബിഐയ്ക്ക് കിട്ടിയെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് അറസ്റ്റുണ്ടായത്.

അതിനിടെ ഇയാള്‍ രണ്ടു വര്‍ഷം മുമ്പേ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. 2023ല്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന ഒരു വനിത ഉള്‍പ്പെടെ മൂന്നു റഷ്യക്കാരെ നാടുകടത്തിയിരുന്നു. ഇവരെ നാടുകടത്തിയതിന്റെ നോട്ടീസിന്റെ പകര്‍പ്പ് പുറത്തു വന്നിട്ടുണ്ട്. കഞ്ചാവ് കച്ചവടം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു മൂന്നുപേരെയും നാടുകടത്തിയത്. അന്ന് ഡാന്‍സാഫ് സംഘം വര്‍ക്കലയിലെ ഹോംസ്റ്റേയില്‍ റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞയാഴ്ച ഇന്റര്‍പോള്‍ നോട്ടീസ് വന്നപ്പോഴാണ് അലക്‌സേജിനെക്കുറിച്ച് ആദ്യം അറിയുന്നതെന്നായിരുന്നു ഡിഐജി ഇന്നലെ പറഞ്ഞത്. എന്നാല്‍, മൂന്നു വര്‍ഷം മുമ്പ് നാടുകടത്തിയ മൂന്നുപേരുടെയും വിലാസം അലക്‌സേജിന്റെ ഹോംസ്റ്റേ തന്നെയാണെന്നാണ് രേഖയിലുള്ളത്. സോയ വില്ലയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. 2023ലെ കഞ്ചാവു കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നില്ല. പ്രതിയുമായിരുന്നില്ല. ഇതില്‍ നിന്നും അന്നൊന്നും പോലീസിന് സിബിഐയില്‍ നിന്നും ലുക്ക് ഔട്ട് നോട്ടീസ് കിട്ടിയിരുന്നില്ലെന്ന് വേണം മനസ്സിലാക്കാന്‍.

മൂന്ന് വര്‍ഷം മുമ്പ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സോയാ വില്ലയില്‍ ഡാന്‍സാഫ് എത്തിയത്. കഞ്ചാവുമായി കൈയ്യോടെയാണ് ഇയാള്‍ പിടികൂടിയത്. അന്ന് വിസാ ചട്ട ലംഘനം ചുമത്തി പ്രതികളായ മൂന്ന് പേരേയും പുറത്താക്കുകയും ചെയ്തു. അലക്‌സേജ് ബെസിയോക്കോവ്(46) പത്തു വര്‍ഷമായി വര്‍ക്കലയിലെ ഹോം സ്റ്റേ ഒളിയിടമാക്കിയിരുന്നു. 2015 മുതല്‍ ഇയാള്‍ വര്‍ക്കലയില്‍ കുടുംബസമേതം വന്നുപോകാറുണ്ട്. വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന സ്ഥലമായതിനാലാണ് ഒളിവുജീവിതത്തിന് വര്‍ക്കല തിരഞ്ഞെടുത്തത്. അമേരിക്കയില്‍ കോടികളുടെ സാമ്പത്തികത്തട്ടിപ്പും ലഹരിക്കച്ചവടവും അടക്കമുള്ള കേസുകളിലെ പ്രതിയായ അലക്‌സേജ് ബെസിയോക്കോവിനെ ചൊവ്വാഴ്ചയാണ് വര്‍ക്കലയിലെ ഹോം സ്റ്റേയില്‍നിന്ന് അറസ്റ്റുചെയ്തത്. ഇന്റര്‍പോളിന്റെ വിവരത്തെത്തുടര്‍ന്നായിരുന്നു ഹോംസ്റ്റേയില്‍ പരിശോധന. വിദേശത്തേക്കു കടക്കാന്‍ പ്രതി തിരുവനന്തപുരം വിമാനത്താവളത്തില്‍ പോകാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് പോലീസ് ഹോംസ്റ്റേയില്‍ എത്തിയത്. വിനോദ സഞ്ചാരിയെന്ന വ്യാജേന വര്‍ക്കലയില്‍ കുരയ്ക്കണ്ണി ഭാഗത്ത് സോയാ വില്ല എന്ന ഹോം സ്റ്റേയിലായിരുന്നു താമസം.

പോലീസിന്റെ വലയിലായെന്നു മനസ്സിലാക്കിയതോടെ അലക്‌സേജ് പരിശോധനയ്‌ക്കെത്തിയവര്‍ക്ക് കൈക്കൂലി വാഗ്ദാനംചെയ്തുവെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു.വര്‍ക്കലയില്‍ ഒളിവില്‍ക്കഴിയാനായി ഇയാള്‍ ഹോം സ്റ്റേ ബുക്കുചെയ്യാറാണ് പതിവ്. ഇതിനായി പ്രതി വര്‍ഷംതോറും അഞ്ചു ലക്ഷം രൂപയാണ് മുടക്കിയിരുന്നത്.അമേരിക്കയിലാണ് ഇയാള്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പു നടത്തിയത്. ഇന്ത്യ വിട്ട് റഷ്യയിലേക്കോ ലിത്വാനിയയിലേക്കോ കടക്കാനായിരുന്നു പ്രതിയുടെ പദ്ധതി. ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, ലൈസന്‍സില്ലാതെ കമ്പനി നടത്തല്‍, സൈബര്‍ ആക്രമണം, കംപ്യൂട്ടര്‍ ഹാക്കിങ് തുടങ്ങിയ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. ഗാരന്റെക്സ് എന്ന സ്വന്തം കമ്പനി വഴിയാണ് ഇയാള്‍ ക്രിപ്റ്റോ തട്ടിപ്പും മറ്റു കുറ്റകൃത്യങ്ങളും നടത്തിയത്. കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളും നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇയാള്‍ക്കെതിരേ ഇന്റര്‍പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ലോകത്തെ പ്രധാനപ്പെട്ട 600 കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് പണം തട്ടിയ പ്രതിയാണ് അലക്‌സേജ്. യൂറോപ്പിലെയും അമേരിക്കയിലെയും ഓസ്‌ട്രേലിയയിലെയും ശുദ്ധജല വൈദ്യുതി വിതരണ കമ്പനികളെയാണ് ഏറ്റവും അവസാനം തട്ടിപ്പിനിരയാക്കിയത്. കഴിഞ്ഞ വര്‍ഷം അവസാനമായിരുന്നു ഈ തട്ടിപ്പ്. പ്രതിയില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ് തുറക്കാന്‍ പാസ്‌വേഡ് നല്‍കില്ലെന്നാണ് അലക്‌സേജ് പറയുന്നത്. ഇയാളുടെ ഒപ്പമുള്ള മറ്റൊരു കുറ്റവാളി റഷ്യന്‍ പൗരന്‍ അലക്‌സാണ്ടര്‍ മിറ സെര്‍ദയുടെയും ആകെ ആസ്തി 1.60 ലക്ഷം കോടി രൂപയാണെന്ന് പൊലീസ് പറയുന്നു. ലഹരി,കുട്ടികളുടെ അശ്ലീല വീഡിയോ, ഹാക്കിങ് വഴി ലഭിക്കുന്ന ബിറ്റകോയിന്‍ എന്നിവയുടെ ഇടപാട് നടത്തുന്ന ഗാരന്റെക്‌സ് എന്ന ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ച് ഇവര്‍ രണ്ടുപേരുടെയും ഉടമസ്ഥതയില്‍ ഉള്ളതാണ്. മോസ്‌കോ യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ് ലിത്വാനിയന്‍ പൗരനായ അലക്‌സേജ്. നാലു ദിവസം മുന്‍പ് കമ്പനിയുടെ ഡാര്‍ക്ക് വെബ് ഇടപാടുകള്‍ തന്റെ ചിത്രം സഹിതം ബിബിസി റിപ്പോര്‍ട്ട് ചെയ്തതോടെയാണ് വര്‍ക്കലയില്‍നിന്നു റഷ്യയിലേക്കു മടങ്ങാന്‍ അലക്‌സേജ് മടങ്ങാന്‍ ഇയാള്‍ പദ്ധതിയിട്ടത്.

വാര്‍ത്ത വന്നയുടന്‍ ഭാര്യ ലൂയിയെയും മകനെയും റഷ്യയിലേക്ക് മടക്കിയിരുന്നു. സാധാരണ ഫീച്ചര്‍ ഫോണ്‍ മാത്രമാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. ഇതില്‍നിന്നു ലഭിച്ച 3 മലയാളികളുടെ വിവരങ്ങള്‍ പൊലീസ് തേടുകയാണെന്നാണ് റിപ്പോര്‍ട്ട്.