- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാരന്റെ സ്ഥലവും വീടും എഴുതി വാങ്ങാന്‍ ശ്രമം; കള്ളക്കേസില്‍ കോടതി തുണയായപ്പോള്‍ കര്‍ണാടക പോലീസിനെ കൊണ്ട് അറസ്റ്റ്; മലബാര്‍ ഗോള്‍ഡിന്റെ ക്രൂരത
തിരുവനന്തപുരം: "ഒന്നരക്കോടിയോളം തട്ടി; മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍"- 2023 നവംബര്‍ മാസം മൂന്നാം തീയ്യതി മലയാളം മാധ്യമങ്ങളിലെല്ലാം ചിത്രം സഹിതം വന്ന വാര്‍ത്തയുടെ തലക്കെട്ടായിരുന്നു ഇത്. മലബാര്‍ ഗോള്‍ഡിന്റെ കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസില്‍ വിഷ്വല്‍ മര്‍ച്ചന്റൈസിങ് വിഭാഗത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായി ജോലി ചെയ്തിരുന്ന അര്‍ജുന്‍ സത്യന്‍ എന്ന യുവാവുമായി ബന്ധപ്പെട്ടായിരുന്നു ഈ വാര്‍ത്ത. അന്ന് പിന്നീട് ഈ യുവാവിന് എന്തു സംഭവിച്ചു എന്ന കാര്യത്തില്‍ മാധ്യമങ്ങളാരും പിന്നീട് വാര്‍ത്തയുടെ തുടര്‍ച്ച കൊടുത്തില്ല. പതിയെ ഈ വാര്‍ത്ത വിസ്മൃതിയില്‍ ആണ്ടു പോകുകയും ചെയ്തു.
ഈ യുവാവിന് എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്ന് അന്വേഷണം നടത്തിയപ്പോള്‍ വന്‍കിട കമ്പനികള്‍ ഒരു യുവാവിന്റെ ജീവിതം നശിപ്പിക്കാന്‍ ശ്രമിച്ച കഥയാണ് പുറത്തുവരുന്നത്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ വിഷ്വല്‍ മര്‍ച്ചന്റൈസിങ് വിഭാഗത്തില്‍ ഹോള്‍ഡിംഗ് അടക്കമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലായിരുന്നു അര്‍ജുന്‍ ജോലി ചെയ്തിരുന്നത്. ഇതില്‍ തന്റെ ജോലിയുടെ ഭാഗമായി പരസ്യ കരാര്‍ കമ്പനികളുമായി ബന്ധപ്പെട്ട് കമ്മീഷന്‍ കൈപ്പറ്റിയെന്ന ആരോപണത്തിലാണ് അര്‍ജുനെതിരെ സ്ഥാപനം ആദ്യം നടപടി എടുക്കുന്നത്.
അര്‍ജുന്‍ നാട്ടില്‍ ഒരു വീടുവെക്കുകയും പാലുകാച്ചലിന് സഹപ്രവര്‍ത്തകരെ ക്ഷണിക്കുകയും ചെയ്തു. ഇതോടെയാണ് ഇയാളുമായി ചുറ്റിപ്പറ്റി അന്വേഷണം സ്ഥാപനം നടത്തിയത്. അന്വേഷണത്തിലാണ് അര്‍ജുന്‍ കമ്മീഷന്‍ വാങ്ങുന്നുവെന്ന് കമ്പനി ആരോപിച്ചത്. ഇതോടെ സ്ഥാപനം ആഭ്യന്തരമായി അന്വേഷണം നടത്തി. ആദ്യ ഘട്ടത്തില്‍ അര്‍ജുനെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തി സ്വത്തുക്കളെല്ലാം കൈപ്പറ്റാനാണ് കമ്പനി ശ്രമം നടത്തിയത്. പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയത്.
അഞ്ച് വര്‍ഷത്തിലേറെയായി കമ്പനിയുടെ മാര്‍ക്കറ്റിങ് വിഭാഗത്തിലെ വിവിധ ഇടപാടകാരുമായി ഗൂഢാലോചന നടത്തി കമ്പനിയില്‍ നിന്നും ഏകദേശം ഒന്നര കോടി രൂപയോളം ഇടപാടുകാരുടെ സഹായത്തോടെ തട്ടിയെടുത്ത് തന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി എന്നുമാണ് മലബാര്‍ ഗോള്‍ഡ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍, ജോലിയുടെ ഭാഗമായി അനുവദിനീയമായ കമ്മീഷന്‍ കൈപ്പറ്റുകയാണ ഉണ്ടായതെന്നാണ് അര്‍ജുന്റെ വാദം.
ആദ്യ ഘട്ടത്തില്‍ അര്‍ജുനില്‍ സംശയം ഉയര്‍ന്നതോടെ സ്ഥാപനത്തിലെ മലബാര്‍ ഗോള്‍ഡുകാര്‍ അവരുടെ കോര്‍പ്പറേറ്റ് ഓഫീസിലെ തന്നെ രഹസ്യ കേന്ദ്രത്തില്‍ അപരിചിതരായ ചിലരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യുകയാണ് ഉണ്ടായത്. പിന്നീട് വെള്ളപേപ്പറിലും മുദ്രപ്പേപ്പറിലും എഴുതി ഒപ്പിട്ടു വാങ്ങുകയും ചെയ്തു. അര്‍ജുന്റെ അഞ്ച് വര്‍ഷത്തെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. അക്കൗണ്ടിലുള്ള പണമെല്ലാം തിരിച്ചു ലഭിക്കണം എന്നായിരുന്നു ആവശ്യം. 75 ലക്ഷമാണ് ഇതിനായി മലബാര്‍ ഗോള്‍ഡുകാര്‍ ആവശ്യപ്പെട്ടത്. കമ്മീഷന്‍ വാങ്ങിയത് ചൂണ്ടിക്കാട്ടിയപ്പോള്‍ അത് അര്‍ജുന്‍ സമ്മതിച്ചു. എന്നാല്‍ അവിടന്ന് അങ്ങോട്ട് ഭീഷണികള്‍ പതിവായി. പിറ്റേ ദിവസം ഒരു കോടി വേണെന്നായിരുന്നു ആവശ്യം. വീടും സ്ഥലവും എല്ലാം വേണമെന്നായി ആവശ്യം.
ഒടുവില്‍ ഒപ്പുവെക്കേണ്ട ദിവസം വന്നപ്പോള്‍ യുവാവ് ഒരു അഭിഭാഷകനെ സമീപിച്ചു. ഇതോടെ അര്‍ജുനും നിയമയുദ്ധം തുടങ്ങി. കേസ് ഹൈക്കോടതിയില്‍ എത്തിയയപ്പോള്‍ അര്‍ജുന്റെ അറസ്റ്റു തടയുകയാണ് ഉണ്ടായത്. പോലീസില്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ചതോടെ സ്‌റ്റേഷനിലെത്തി സ്‌റ്റേറ്റ്‌മെന്റെടുത്തു വിടുകയും ചെയ്തു. എന്നാല്‍, അവിടെ നിന്നുമാണ് അര്‍ജുനെ വീണ്ടും മലബാര്‍ ഗോള്‍ഡ് വേട്ടയാടിയത്. കോഴിക്കോട്ടെ പോലീസ് സ്‌റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ അദ്ദേഹത്തെ ഒരു സംഘം ആളുകള്‍ വളയുകയും പിടിച്ചു കൊണ്ടുപോകുകയുമായിരുന്നു.
സ്‌റ്റേഷനില്‍ പോയ അര്‍ജുനെ കാണാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ഒരു സംഘം പിടികൂടിയത് അറിഞ്ഞത്. മലബാര്‍ ഗോള്‍ഡ് ബംഗളുരു പോലീസില്‍ പരാതി നല്‍കിയാണ് കുടുക്കിയത്. ബംഗളുരു പോലീസ് സംഘമായിരുന്നു യുവാവിനെ പിടികൂടിയത്. എന്നാല്‍ യുവാവിനെ മൂന്ന് ദിവസമായി കസ്റ്റഡിയില്‍ ചോദ്യം ചെയ്തതോടെ ബംഗളുരു പോലീസിന് കള്ളക്കേസാണെന്ന് ബോധ്യമായി. ഇതോടെ അവരും കേസ് കൈയൊഴിഞ്ഞു. ഇപ്പോള്‍ കോടതിയില്‍ നിയമപ്രശ്‌നമായി കോടതിയിലാണ് ഈ വിഷയം.
ചില കോര്‍പ്പറേറ്റ് കമ്പനികള്‍ എങ്ങനെയാണ് ജീവനക്കാരെ വേട്ടയാടി പിടിക്കുന്നത് എന്നതു കൂടി ചര്‍ച്ചയാകുന്നതാണ് ഈ സംഭവം. വന്‍കിട സ്ഥാപനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അതേപടി പുറത്തുവിടുക മാത്രമാണ് മറ്റു മാധ്യമങ്ങളും ചെയ്യാറ്. അതുകൊണ്ട് തന്നെ പല വിഷയങ്ങളിലും വസ്തുത പുറത്തുവരാത്ത അവസ്ഥയാണുള്ളത്. മണപ്പുറം ഫിനാന്‍സില്‍ നിന്നും യുവതി 20 കോടി തട്ടിയ കഥ പുറത്തുവരുമ്പോഴാണ് അര്‍ജുന്റെ കഥയും ശ്രദ്ധിക്കപ്പെടുന്നത്.