- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാൾട്ടയിലെ നിയമം മാറ്റാൻ ഇന്ത്യ ഇടപെടണമെന്ന് എളമരം കരീം എംപി ആവശ്യപ്പെട്ടെന്ന് മാൾട്ട പ്രവാസികൾ; അനധികൃത ഡ്രൈവിങ് നടത്തുന്നവരെ പൊലീസ് പിടിച്ചു നാട് കടത്തുന്നു; യുകെയിലെ പോലെ ഇടതു സാംസ്‌കാരിക കൂട്ടായ്മ സൃഷ്ടിച്ചു പ്രതിരോധ ശ്രമം; ലോകമെങ്ങും എത്താൻ കുതിച്ചു പായുന്ന മലയാളിക്ക് സംഭവിക്കുന്നതെന്ത്?
ലണ്ടൻ: മാൾട്ടയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ നൽകുന്ന ഒടുവിലെ കണക്കുകൾ വർഷങ്ങൾ പഴക്കമുള്ളതാണ്, ആ രേഖകൾ പ്രകാരം മാൾട്ടയെന്ന കൊച്ചു രാജ്യത്തെ ഇന്ത്യക്കാരുടെ എണ്ണം അയ്യായിരത്തിനു മുകളിലാണ. കോവിഡാനന്തര ലോകത്ത് ഗൾഫടക്കമുള്ള രാജ്യങ്ങളിൽ നിന്നും ലക്ഷക്കണക്കിനാളുകൾ കേരളത്തിലേക്ക് മടങ്ങി എത്തിയ ശേഷം ഇപ്പോൾ വീണ്ടുമൊരു കുടിയേറ്റ ബൂം നടക്കുമ്പോൾ മാൾട്ട പോലെയുള്ള രാജ്യങ്ങളിലാണ് മലയാളികളുടെ കണ്ണുടക്കുന്നത്.
സമ്പത്തുള്ള രാജ്യം ഒന്നും അല്ലെങ്കിലും മാൾട്ടയും പോളണ്ടും യൂറേഷ്യൻ രാജ്യമായ അർമേനിയായും ഒക്കെ തേടിപ്പോകാൻ കേരളത്തിലെ റിക്രൂട്ടിങ് ഏജൻസികൾക്ക് മുന്നിൽ വരിനിൽകുന്നത് ഇപ്പോൾ കേരളത്തിൽ എവിടെയും കാണാവുന്ന കാഴ്ചയാണ്. പ്രതിമാസം 90,000 രൂപ ശമ്പളമെന്നു റിക്രൂട്ട്മെന്റുകാർ തന്നെ പറയുമ്പോൾ ആ രാജ്യങ്ങളിലെ വാടകയും നികുതിയും ബില്ലും ഭക്ഷണ ചിലവും എല്ലാം കിട്ടുന്ന പണത്തിന്റെ ഇരട്ടിയിലേക്ക് കയറും എന്നത് അവിടെ എത്തിക്കഴിയുമ്പോൾ മാത്രമാണ് മലയാളി യുവതീ യുവാക്കൾ തിരിച്ചറിയുന്നത്. അപ്പോൾ പിടിച്ചു നില്ക്കാൻ രണ്ടാം ജോലിയും അനധികൃതമായി നികുതി വെട്ടിച്ചു കയ്യിൽ പണം കിട്ടുന്ന ജോലിയും ഒക്കെ ചെയ്യാൻ നിർബന്ധിതരാകും.
നിയമ ലംഘകർ ഒരു തരത്തിൽ ഉള്ള ദയയും പ്രതീക്ഷിക്കേണ്ടതില്ല, ഇത് യൂറോപ്പാണ്
എന്നാൽ ഇത്തരം കാര്യങ്ങൾ കടുത്ത നിയമ ലംഘനമായി കരുതുന്ന ഇത്തരം രാജ്യങ്ങളിൽ പിടിവീണാൽ യാതൊരു ദയാദാക്ഷിണ്യവും കൂടാതെ നേരെ വന്ന നാടുകളിലേക്ക് നാട് കടത്തുക എന്നതാണ് പ്രധാന രീതി. വിദ്യാർത്ഥി വിസയിൽ വന്ന ശേഷം ജീവിത ചെലവിനുള്ള പണം കണ്ടെത്താൻ ഇത്തരത്തിൽ ജോലി ചെയ്തു എന്ന കുറ്റത്തിന് കഴിഞ്ഞ വർഷം യുകെയിൽ നിന്നും നൂറിലേറെ മലയാളി വിദ്യാർത്ഥികളാണ് നാട് കടത്തപ്പെട്ടിരിക്കുന്നത്.
ഇപ്പോൾ ഇത്തരത്തിൽ ഒരു വാർത്തയാണ് മാൾട്ടയിലെ മലയാളി സമൂഹം പങ്കുവയ്ക്കുന്നതും. ഡ്രൈവർ വിസ എന്ന പേരിൽ എത്തിയ അനേകം മലയാളി യുവാക്കൾ പൊലീസിന്റെ വലയിൽ വീണു കൊണ്ടിരിക്കുകയാണ് എന്ന് അവിടെ നിന്നുള്ള മലയാളികൾ പരാതിപ്പെടുന്നു. ഒരു സ്ഥലത്തെ ജോലി കൊണ്ട് പിടിച്ചു നിൽക്കാൻ പറ്റാതായവർ മറ്റൊരിടത്തു കൂടി ജോലി ചെയ്യേണ്ടി വന്ന സാഹചര്യമാണ് പൊലീസിന്റെ വലയിലേക്ക് എത്തിച്ചേരാൻ കാരണമെന്നും പറയപ്പെടുന്നു.
ഇതോടെ ഇത്തരം നിയമ ലംഘനത്തിന് വശംവദരാകരുതെന്ന് മാൾട്ട മലയാളി സമൂഹത്തിൽ വ്യാപകമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഡ്രൈവർ വിസയിൽ മാത്രമല്ല, പച്ചക്കറിയും പഴങ്ങളും പറിച്ചെടുക്കാനും ഡെലിവറി ബോയ്സ് എന്ന പേരിൽ സാധന വിതരണം ചെയ്യാനും പോലും ആളെ ആവശ്യമുണ്ട് എന്നാണ് ഇപ്പോൾ ആർത്തി പിടിച്ച ഏജൻസികൾ പ്രചാരണം നടത്തുന്നത്. ആളെ ആവശ്യമുണ്ട് എന്നത് വാസ്തവം ആണെങ്കിലും ഇത്രയധികം പണം മുടക്കി ജോലി തേടി എത്തുന്ന മലയാളിക്ക് ഗൾഫിൽ ലഭിച്ച ആടുജീവിതത്തേക്കാൾ കഷ്ടമായ ഒന്നാണ് യൂറോപ്യൻ രാജ്യങ്ങളിൽ കാത്തിരിക്കുന്നത് എന്ന് ബോധ്യപ്പെടുത്തി കൊടുക്കാൻ ഉള്ള ഒരു ശ്രമവും കേരളത്തിൽ ഉണ്ടാകുന്നില്ല എന്നതാണ് ഓരോ ദിവസവും ഇത്തരം ജോലികൾ തേടി വരുന്ന മലയാളികളുടെ എണ്ണപ്പെരുക്കം തെളിയിക്കുന്നത്.
മാൾട്ടയും പോളണ്ടും ഒന്നും സ്വർഗ്ഗമല്ല, കിട്ടുന്ന പണം ചെലവിനു തികയില്ല
മാൾട്ട പോലെ ഉള്ള രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് എത്തുക എന്നത് താരതമ്യേനേ എളുപ്പമാണെന്ന പ്രചാരണവും യുകെ മോഹവും പേറി കഴിയുന്ന മലയാളി യുവത്വത്തെ ഈ രാജ്യത്തേക്ക് എത്താൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമാണ്. ഇതിനാലാണ് താത്കാലിക കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറായി ആയിരക്കണക്കിന് മലയാളി യുവാക്കൾ മാൾട്ടയും പോളണ്ടും ഒക്കെ തേടി വരാൻ കാത്തിരിക്കുന്നത്. എന്നാൽ മുൻ കാലങ്ങളിൽ ഉണ്ടായതു പോലെയുള്ള എളുപ്പത്തിൽ ഉള്ള കുടിയേറ്റം യുകെ അടക്കമുള്ളിടത്തേക്ക് സാധിക്കില്ല എന്ന് മാത്രമല്ല, നിസാര ശമ്പളമുള്ള ജോലികൊണ്ട് മാൾട്ട പോലെ ഒരു രാജ്യത്തു ജോലിയും ജീവിതവും കെട്ടിപ്പടുക്കാം എന്ന ചിന്തയും അർഥശൂന്യമാണ് എന്ന് തെളിയിക്കുകയാണ് ഇപ്പോൾ എത്തിയിട്ടുള്ള യുവാക്കളുടെ നരക ജീവിതം.
മാൾട്ട മലയാളി ഫെഡറേഷൻ എന്ന വാട്സാപ്പ് കൂട്ടായ്മയിലാണ് അനധികൃതമായി ടാക്സി ഡ്രൈവർ ജോലി ചെയ്ത മലയാളി യുവാവ് സ്വന്തം അനുഭവം മറ്റുള്ളവർക്കായി ഷെയർ ചെയ്തത്. താൻ നാട് കടത്തപ്പെടാൻ തയ്യാറായവരുടെ ലിസ്റ്റിൽ പെട്ടിരിക്കുകയാണ് എന്നാണ് ഈ യുവാവ് വെളിപ്പെടുത്തുന്നത്. മാൾട്ടയിൽ മലയാളികൾ നേരിടുന്ന പ്രശ്‌നത്തിൽ ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കാൻ എളമരം കരിം എംപി വഴി ശ്രമം നടത്തുന്നുണ്ട് എന്ന് ഇടതു പക്ഷ കൂട്ടായ്മയുടെ രൂപത്തിൽ സംഘടനയായി മാറിയ യുവധാരയുടെ പേരിൽ എത്തിയ കുറിപ്പിന് മറുപടിയായാണ് യുവാവ് താൻ നാടുകടത്തപ്പെടാൻ പോകുന്ന കാര്യം വെളിപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ മെയ് 31 നു മാത്രമാണ് ഇയാൾ മാൾട്ടയിൽ എത്തിയതെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത് തന്നെ.
ജോലി ചെയ്യാൻ എത്തിയ കമ്പനി നിർദ്ദേശാനുസരണം മാൾട്ടയിൽ നിയമ കാര്യങ്ങൾ അറിയാതെ പ്രവർത്തിച്ചതാണ് യുവാവിന് വിനയായത്. യുകെയിൽ കെയർ ഹോമുകളിൽ ജോലിക്ക് എത്തിച്ച ശേഷം നിസാര കാരണത്തിന്റെ പേരിൽ പ്രൊബേഷൻ സമയത്തു തന്നെ പിരിച്ചു വിട്ട് ഈ ഒഴിവിൽ മറ്റൊരു മലയാളിയെ പത്തോ പതിനഞ്ചോ ലക്ഷം വാങ്ങി എത്തിക്കുന്ന റൊട്ടേഷൻ സ്‌കീം എർപ്പാടിന്റെ മാൾട്ട പതിപ്പാണ് ഈ യുവാവും നേരിട്ടതെന്നു കരുതപ്പെടുന്നു.
പരിശീലന കാലം എന്ന് പറഞ്ഞ് അഞ്ചു ദിവസത്തെ ട്രയൽ പീരിഡിൽ ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ പൊലീസ് അനധികൃത ഡ്രൈവിങ്ങിനു പിടികൂടുക ആയിരുന്നു. വർക്ക് വിസയിൽ ഉള്ള ആൾ മറ്റൊരു കമ്പനിക്ക് വേണ്ടി ജോലി ചെയ്യാൻ പാടില്ലെന്ന് പൊലീസ് പറയുമ്പോഴാണ് യുവാവ് താൻ നടത്തിയ നിയമ ലംഘനത്തിന്റെ വ്യാപ്തി തിരിച്ചറിയുന്നത്. തന്നോടൊപ്പം മറ്റൊരു യുവാവ് കൂടി പൊലീസ് പിടിയിൽ ഉണ്ടെന്നും തങ്ങൾ ഡിറ്റെൻഷൻ സെന്ററിൽ ആണെന്നും ഒക്കെ യുവാവ് വെളിപ്പെടുത്തുന്നത് യാഥാർഥ്യമോ ഭാവന സൃഷ്ടിയോ ആയാലും മാൾട്ടയിൽ എന്ത് നടക്കുന്നു എന്നതിന്റെ ഒരു നേർചിത്രമാണ് വരച്ചിടുന്നത്.
സാമൂഹ്യ കൂട്ടായ്മകൾ വളരേണ്ടത് നേർവഴിയിൽ
അതിനിടെ യുകെയിൽ കൈരളി, സമീക്ഷ എന്ന മോഡലിൽ മാൾട്ടയിൽ യുവധാര എന്ന പേരിലും ഇടതു കൂട്ടായ്മ രൂപം കൊണ്ടതിലൂടെ മലയാളി യുവാക്കൾ എത്തുന്ന ഓരോ രാജ്യത്തും ഇത്തരം കാര്യങ്ങളിൽ ഏർപ്പെടാനും തുടക്കത്തിൽ പരസ്പര സഹായവും തുടർന്ന് പാർട്ടി പ്രവർത്തനത്തിന്റെ രൂപത്തിലേക്കും എത്തിക്കാനുള്ള ശ്രമമാണ് തൊഴിൽ പ്രശ്‌നത്തിൽ ഇന്ത്യൻ എംപിയായ എളമരം കരീമിനെ വലിച്ചിട്ടതെന്നു വ്യക്തം. എന്നാൽ എളമരം കരീമാകട്ടെ ഇക്കാര്യം മാധ്യമ പ്രവർത്തകരെ അറിയിക്കുകയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നതാണ് രസകരം.
അതായതു വാട്സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിക്കാൻ വേണ്ടി മാത്രമുള്ള ഒരു പോസ്റ്റായിട്ടാണ് യുവധാരയുടെ പേരിൽ എത്തിയ അവകാശവാദം തെളിയിക്കുന്നത്. മാത്രമല്ല മറ്റൊരു രാജ്യത്തു എത്തിയിട്ട് അവിടത്തെ നിയമത്തിന് എതിരായ കാര്യം ചെയ്തു ആ നാട്ടിലെ സർക്കാരിനെ ചോദ്യം ചെയ്യണം എന്നത് എളമരം കരീമിനെ പോലെ വർഷങ്ങളുടെ പാർലിമെന്ററി അനുഭവ സമ്പത്തുള്ള ഒരാളിൽ നിന്നും പ്രതീക്ഷിക്കാവുന്ന കാര്യവുമല്ല. യുവധാര ആവശ്യപ്പെടും പോലെ എളമരം കരീം വഴി ഇന്ത്യൻ വിദേശ കാര്യാ മന്ത്രിക്ക് പകരം സാക്ഷാൽ മോദിക്ക് പോലും ആവശ്യപ്പെടാൻ കഴിയുന്ന കാര്യവുമില്ല.
കുടിയേറ്റ നിയന്ത്രണം ലക്ഷ്യം വച്ചാണ് യൂറോപ്യൻ രാജ്യങ്ങൾ ഇത്തരം കർക്കശ നിലപാടുകൾ സ്വീകരിക്കുന്നതും. ആഴ്ചയിൽ 20 മണിക്കൂർ ജോലിക്ക് പകരം 22 മണിക്കൂർ ചെയ്‌തെന്ന കാരണത്താൽ കഴിഞ്ഞ വർഷം നാടുകടത്തപ്പെട്ട യുകെ മലയാളികൾ ഏറെയാണ്. ഇത്തരം കാര്യങ്ങളിൽ ഒരു വിട്ടു വീഴ്ചയും ഇല്ലാത്ത നിലപാടുകളാണ് യൂറോപ്യൻ രാജ്യങ്ങളിലെ നിയമ വ്യവസ്ഥയെ ആദരവോടെ നോക്കാൻ പ്രേരിപ്പിക്കുന്നത് എന്ന കാര്യവുമാണ് യുവധാര പോലെയുള്ള സാമൂഹ്യ കൂട്ടായ്മകൾ ആദ്യമായി തിരിച്ചറിയേണ്ടതും.
നിയമ വ്യവസ്ഥ പാലിക്കാൻ ഏവരെയും പ്രോത്സാഹിപ്പിക്കേണ്ട ബാധ്യതയാണ് കുടിയേറ്റ സമൂഹം എന്ന നിലയിൽ ഓരോ രാജ്യത്തും എത്തുന്ന മലയാളി സമൂഹം പ്രകടിപ്പിക്കേണ്ടതും. എന്നാൽ ലോകത്തെവിടെയും വിസ കിട്ടാൻ മാർഗം ഉണ്ടെന്നു കേട്ടാൽ മുൻപിൻ നോക്കാതെ ചാടിയിറങ്ങുന്ന മലയാളി യുവത്വം വലിയ ആശങ്കയാണ് ഇത്തരം രാജ്യങ്ങളിൽ നിന്നും പങ്കുവയ്ക്കുന്നതും. എങ്ങോട്ടാണ് മലയാളിയുടെ ഈ പാച്ചിൽ എന്ന ചോദ്യമാണ് ഇത്തരം പരാതിക്കൂമ്പാരങ്ങൾ ഉയർത്തുന്നതും.
വാട്സാപ്പിൽ പ്രചരിക്കുന്ന കുറിപ്പ് ഇതാ:
പ്രിയപ്പെട്ടവരെ ..
സന്തോഷവാർത്തയുണ്ട്. നമ്മുടെ ഡ്രൈവർമാരുടെ വിഷയത്തിൽ, മാൾട്ട ഗവൺമെന്റ്നോട് സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ എംപി സ: ഇളമരം കരീം കേന്ദ്രവിദേശകാര്യ വകുപ്പിനിന് നിവേദനം സമർപ്പിച്ച വിവരം നിങ്ങളെ അറിയിച്ചുകൊള്ളുന്നു..
നിയമം പെട്ടെന്ന് പ്രാബല്യത്തിൽ വരുത്തിയത് മൂലം അനിശ്ചിതാവസ്ഥയിൽ ആയ തൊഴിലാളികളുടെ ആശങ്കയും നിവേദനത്തിൽ സമർപ്പിച്ചിട്ടുണ്ട്.
ഇതിന്റെ തുടർച്ചയായി നാളെ ഇന്ത്യൻഎംബസി ഇവിടെയുള്ള അസോസിയേഷനുകളെ ചർച്ചയ്ക്ക് വിളിച്ച വിവരവും മുൻപിലേക്ക് വയ്ക്കുന്നു.
ഈ വിഷയത്തിന്മേൽ മാൾട്ട പ്രധാനമന്ത്രി,ഗതാഗത മന്ത്രാലയം, തൊഴിൽ മന്ത്രാലയം , മൈഗ്രേന്റ് കമ്മീഷൻ, ഇന്ത്യൻ എംബസി തുടങ്ങി സാധ്യമായ എല്ലാ രീതിയിലും ഇടപെടൽ നടത്തുവാൻ യുവധാര നിവേദനം സമർപ്പിച്ചിട്ടുണ്ട്.
ഇനിയും സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുവാൻ യുവധാര ബാധ്യസ്ഥരാണ്.മുൻപോട്ടുള്ള പ്രവർത്തനങ്ങളിലും മാൾട്ടയിലെ നല്ലവരായ സുഹൃത്തുക്കളുടെ പിന്തുണ യുവധാര അഭ്യർത്ഥിച്ചുകൊള്ളുന്നു.
സ്നേഹത്തോടെ .
യുവധാര സാംസ്‌കാരിക വേദി, മാൾട്ട
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.