കോഴിക്കോട്: എഡിജിപി എം ആര്‍ അജിത്ത്കുമാറിനെയും, സ്വര്‍ണ്ണക്കടത്തു സംഘങ്ങളുടെയും പേരില്‍ പി വി അന്‍വര്‍ എംഎല്‍എ ആരോപണം ഉന്നയിച്ചതിലൂടെ വിവാദമായ കോഴിക്കോട് മാമി തിരോധാനക്കേസില്‍ ദുരൂഹതകള്‍ തുടരുന്നു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ മാമിയുടെ ഡ്രൈവര്‍ എലത്തൂര്‍ സ്വദേശി രജിത്കുമാറിനെയും ഭാര്യ തുഷാരയെയും കാണാതായി. ഇന്നലെ മുതലാണ് രജിത്തിനെയും ഭാര്യയെയും കാണാതായത്. ഇവര്‍ നഗരത്തിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ചും പരിശോധന നടത്തും.

കോടീശ്വരനായ റിയല്‍ എസ്റ്റേറ്റുകാരനായ മാമിയുടെ തിരോധാനത്തില്‍ കാര്യമായ പങ്ക് ഡ്രൈവര്‍ രജിത്തിന് ഉണ്ടെന്ന് ക്രൈംബ്രാഞ്ച് സംഘം സംശയിച്ചിരുന്നു. ഇനിയും ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാനിരിക്കെയാണ് രജിത്തിന്റെ കാണാതാവല്‍. 2023 ഓഗസ്റ്റ് 21ന് രാത്രി ഏഴുമണിക്ക് അരയിടത്തുപാലം ഓഫിസില്‍ നിന്ന് വീട്ടിലേക്ക് പോവാനായി ഇറങ്ങിയതാണ് മുഹമ്മദ് ആട്ടൂര്‍ എന്ന മാമി. ഇതിനിടെ എത്താന്‍ വൈകുമെന്ന് ഭാര്യയുടെ ഫോണിലേക്ക് മെസേജ് അയച്ചു. പിന്നീട് ഒരു വിവരവുമില്ല. ഇതോടെ പൊലീസിലും പിന്നീട് മുഖ്യമന്ത്രിക്കും ആക്ഷന്‍ കമ്മിറ്റി പരാതി നല്‍കുകയായിരുന്നു.

എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരെ, പി വി അന്‍വര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, കോഴിക്കോട്ടെ മാമിയുടെ തിരോധാനം പരാമര്‍ശിച്ചിരുന്നു. എഡിജിപി എം. ആര്‍ അജിത് കുമാര്‍ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ റോള്‍മോഡല്‍ ദാവൂദ് ഇബ്രാഹിമാണോയെന്ന് സംശയിച്ചുപോകുമെന്നും അന്‍വര്‍ പറയുന്നു. എസ്.പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധ ഉപയോഗിച്ചാണ് കരിപ്പുര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ഉപയോഗിക്കുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ഈ വെളിപ്പെടുത്തലോടെയാണ് മാമിയുടെ തിരോധാനം വലിയ ചര്‍ച്ചയായത്.ഇതോടെയാണ് വലിയ വിവാദങ്ങള്‍ ഉണ്ടാവുകയും അന്വേഷണം മുന്നോട്ട് പോവുകയും ചെയ്തത്.

എല്ലാവരും കേസ് വഴിതിരിച്ച് വിടുന്നു

അതിനിടെ ദീര്‍ഘനാളെത്തെ അന്വേഷണത്തിനുശേഷം കേസില്‍ വഴിത്തിരിവ് ഉണ്ടായി എന്ന സൂചന ക്രൈംബ്രാഞ്ചില്‍നിന്ന് ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒരുപോലെ മറച്ചുവെക്കപ്പെടുകയും, മാമിയുടെ സുഹൃത്തുക്കള്‍ എന്നു പറയുന്നവര്‍പോലും അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചിട്ടും, ഏറെ പ്രയാസപ്പെട്ടാണ് ക്രൈംബ്രാഞ്ച് മുന്നേറിയത്. മാമിക്ക് എന്താണ് പറ്റിയത് എന്നു സംബന്ധിച്ച് അന്വേഷണസംഘത്തിന് കൃത്യമായ വിവരം കിട്ടിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ വൈകാതെ പുറത്തുവരുമെന്നാണ് അറിയുന്നത്.

.സംഭവത്തില്‍ ഇരുനൂറ്റന്‍പതോളംപേരെ ചോദ്യംചെയ്തിരുന്നു. കോടികള്‍ ആസ്തിയുണ്ടെന്ന് പറയുന്ന മാമിക്ക്, നാലു ഭാര്യമാരുണ്ട്. പക്ഷേ ഇവരൊക്ക പരസ്പരവിരുദ്ധമായ മൊഴിയാണ് നല്‍കിയത്. മാമിയുടെ സുഹൃത്തുക്കള്‍ എന്ന് പറയുന്നവരില്‍ പലരും, കേസ് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമം നടത്തിയതായും സംശയമുണ്ട്. മാമി കേസില്‍ ആത്്മാര്‍ത്ഥതയുള്ളത് സഹോദരിക്ക് മാത്രമാനെന്നാണ് അറിയുന്നു.

പുറമേ നിന്ന് നോക്കുമ്പോള്‍ ഒരു സാധാരണ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ മാത്രമായിരുന്നു മാമി. അധികം ആരോടും സംസാരിക്കാതെ സ്വന്തംകാര്യം നോക്കിപ്പോവുന്ന ഒരു മനുഷ്യന്‍ എന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെക്കുറിച്ച് പറയുന്നത്. പക്ഷേ മാമിക്ക് ഉന്നത തലത്തിലുള്ള പല ബന്ധങ്ങളും ഉണ്ടായിരുന്നു. അദ്ദേഹമറിയാതെ കോഴിക്കോട്ട് ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസും നടക്കില്ല എന്നാണ് പറയുന്നത്. ആഡംബര വാഹനങ്ങളുടെ വില്‍പ്പന, ഹോള്‍സെയിലായി കടപ്പ- മാര്‍ബിള്‍ കച്ചവടം, സ്വര്‍ണ്ണവ്യാപാരം, തുടങ്ങിയ നിരവധി കാര്യങ്ങളിയായി കോഴിക്കോട് മുതല്‍ മുബൈവരെ നീണ്ടുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ ശൃംഖല എന്നാണ് പറയുന്നത്.

അതേസമയം ബിസിനസില്‍ അങ്ങേയറ്റം സത്യസന്ധനുമായിരുന്ന മാമി എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കോഴിക്കോട്ടെ ഒരു ഷോപ്പിങ് മാളിന്റെ വില്‍പ്പനയുമായി ബന്ധപ്പെട്ട്, കോടികളുടെ ഇടപാട് മാമി നടത്തിയതായി പറയുന്നുണ്ട്. ഇതിന്റെ ഭാഗമായ കമ്മീഷന്‍ തര്‍ക്കത്തിന്റെ പേരില്‍ ചില ശത്രുക്കളും മാമിക്ക് ഉണ്ടായിരുന്നു എന്ന് പറയുന്നു. ഇവരാണോ അദ്ദേഹത്തിന്റെ തിരോധാനത്തിന് പിന്നില്‍ എന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ വഴിക്കും അന്വേഷണം പുരോഗമിക്കുന്നുണ്ട. അതുപോലെ മറ്റുപലരുടെയും ബിനാമിയാണോ മാമി എന്നും സംശയമുണ്ട്. സുഹൃത്തുക്കളും, ഇടപാടുകാരുമൊക്കെ പല രീതിയിലാണ് മാമിയെക്കുറിച്ച് മൊഴി കൊടുത്തിട്ടുള്ളത്.

ജ്വല്ലറികള്‍ക്ക് സ്വര്‍ണ്ണം സപ്ലെ ചെയ്യുന്ന, കമ്മീഷന്‍ ഏജന്റായും മാമി പ്രവര്‍ത്തിച്ചതായി പറയുന്നു. ഇതുവഴിയാണ് അദ്ദേഹത്തിന് പി വി അന്‍വര്‍ പറയുന്നതുപോലെ സ്വര്‍ണ്ണക്കടത്തുസംഘവുമായി ബന്ധം വരുന്നത് എന്നും പറഞ്ഞുകേള്‍ക്കുന്നു. സ്വര്‍ണ്ണ ബിസിനസിനിടയിലെ പല തര്‍ക്കങ്ങളും മാമി ഇടപെട്ടാണ് പരിഹരിച്ചതത്രേ. അതിനിടെയാണ് കോഴിക്കോട്ട് ഒരു നൂറുകിലോ സ്വര്‍ണ്ണം കാണാതായതായി അഭ്യൂഹം പരക്കുന്നത്. ഇതും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ഹൈദരബാദ് അടക്കമുള്ള സ്്ഥലങ്ങളിലും ഊര്‍ജിതമായി അന്വേഷണം നടക്കുന്നുണ്ട്. ഹൈദരബാദില്‍ വെച്ച്് ചില നിര്‍ണ്ണായക സംഭവങ്ങള്‍ ഉണ്ടായെന്നും, ക്രൈംബ്രാഞ്ചിന് സൂചനയുണ്ട്.