- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മണിമലയാറിന്റെ തീരത്ത് 35 മീറ്റർ മാത്രം സംരക്ഷണ ഭിത്തി നിർമ്മിച്ച് ജലസേചന വകുപ്പ്; അതിന്റെ ഗുട്ടൻസ് തേടി ചെന്ന നാട്ടുകാർ കണ്ടത് പുറമ്പോക്ക് ഭൂമിയിൽ നടന്ന വ്യാപക മരംമുറിയും; വ്യക്തിയുടെ റിസോർട്ട് നിർമ്മാണത്തിനായി സർക്കാരിന്റെ കൈ അയച്ച സഹായമെന്ന് നാട്ടുകാർ; നടപടി നിർത്തി വയ്ക്കുന്നുവെന്ന് ജലസേചന വകുപ്പ്
തിരുവല്ല: മണിമലയാറിന്റെ തീരത്ത് തിരുമൂലപുരത്ത് വെറും 35 മീറ്റർ മാത്രം സംരക്ഷണഭിത്തി നിർമ്മിച്ച് ജലസേചന വകുപ്പിന്റെ മാതൃക! ഇതിന്റെ ഗുട്ടൻസ് തേടി ഇറങ്ങിയ നാട്ടുകാർ കണ്ടത് പുറമ്പോക്ക് ഭൂമിയിൽ നേരത്തേ വച്ചു പിടിപ്പിച്ചിരുന്ന മരങ്ങൾ വെട്ടിനശിപ്പിച്ചിരിക്കുന്നത്. ഇവിടെ നിർമ്മിക്കാൻ പോകുന്ന സ്വകാര്യ റിസോർട്ട് ഉടമയ്ക്ക് വേണ്ടി സർക്കാർ സംവിധാനങ്ങൾ വഴിവിട്ടു പ്രവർത്തിച്ചുവെന്ന് ആരോപണമുയരുന്നതിനിടെ ജലസേചന വകുപ്പ് നിർമ്മാണം താൽക്കാലികമായി നിർത്തി വച്ചു.
തിരുവല്ല നഗരസഭ 21-ാം വാർഡിൽ പ്രവർത്തിക്കുന്ന ബിസിനസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയോട് ചേർന്നുള്ള ആറ്റു പുറമ്പോക്കിലാണ് സംരക്ഷണ ഭിത്തി നിർമ്മാണം തകൃതിയായി നടന്നു വന്നത്. 17 ലക്ഷം രൂപയാണ് ഇതിനായി ജലസേചന വകുപ്പിൽ നിന്ന് അനുവദിച്ചത്. അടിയന്തിരമായി തീരേണ്ട മറ്റ് പണികൾ പോലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് നിർത്തി വയ്ക്കുമ്പോഴാണ് ഇവിടെ സംരക്ഷണ ഭിത്തി കെട്ടാൻ അമിതാവേശം കാണിക്കുന്നത്.
സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിന് മുന്നോടിയായി പുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെടുന്ന എട്ടോളം മരങ്ങൾ ചൊവ്വാഴ്ച ഉച്ചയോടെ വെട്ടി നീക്കി. നദീതീര സംരക്ഷണത്തിനായി വർഷങ്ങൾക്കു മുമ്പ് വച്ചുപിടിപ്പിച്ച ആറ്റുവഞ്ചി അടക്കമുള്ള മരങ്ങളാണ് വെട്ടി വിറ്റത്. സംഭവമറിഞ്ഞ് നാട്ടുകാരിൽ ചിലർ പ്രതിഷേധവുമായി എത്തിയതോടെ മരം വെട്ടാൻ എത്തിയ തൊഴിലാളികൾ സ്ഥലത്ത് നിന്ന് മുങ്ങി. വർഷങ്ങളുടെ കാലപ്പഴക്കമുള്ള വന്മരങ്ങൾ വനംവകുപ്പിന്റെ അനുമതിയില്ലാതെയാണ് വെട്ടി നീക്കിയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മേജർ ഇറിഗേഷൻ വകുപ്പാണ് 17 ലക്ഷം രൂപയ്ക്ക് 35 മീറ്റർ ഭാഗത്ത് സംരക്ഷണ ഭിത്തികെട്ടാൻ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഇപ്പോൾ മരങ്ങൾ മുറിച്ച ഭാഗത്ത് മണ്ണിനടിയിൽ പഴയ സംരക്ഷണ ഭിത്തിയുണ്ടെന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. കമ്പി ഉപയോഗിച്ച് കുഴിച്ചപ്പോൾ ഭിത്തിയുടെ ഭാഗങ്ങൾ പുറത്തു കാണുകയും ചെയ്തു. എന്നാൽ വിവാദമായ ഭൂമിക്ക് കിഴക്കുഭാഗത്ത് വള്ളംകുളം വരെയുള്ള ഇടങ്ങളിൽ നീളത്തിൽ തീരം ഇടിഞ്ഞിട്ടുണ്ട്. ഇവിടെയൊന്നും തീരംകെട്ടി സംരക്ഷിക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ നടപ്പാക്കിയിട്ടുമില്ല.
കിഴക്കുനിന്ന് വരുമ്പോൾ ആറ് വലത്തേക്ക് തിരിയുന്ന ഭാഗമാണ് ഇവിടം. വളവുമൂലം ഒഴുക്കിന്റെ ശക്തി എതിർ കരയിലായിരിക്കും കൂടുതൽ ഉണ്ടാവുക. തീരം ഇടിച്ചിൽ ഇല്ലാത്തതും അപകടാവസ്ഥ ഇല്ലാത്തതുമായ സ്ഥലത്ത് ചെറിയ ഭാഗം മാത്രം സർക്കാർ ഖജനാവിൽ നിന്നുള്ള വൻ തുക മുടക്കി ഭിത്തികെട്ടുന്നത് വ്യക്തിയെ സഹായിക്കാനാണെന്ന ആക്ഷേപമാണ് നാട്ടുകാർ പ്രധാനമായും ഉയർത്തുന്നത്.
അതേസമയം സംഭവം വിവാദമായ പശ്ചാത്തലത്തിൽ നിലവിലെ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചതായും റവന്യൂ വിഭാഗം ഭൂമി അളന്ന് തിട്ടപ്പെടുത്തിയ ശേഷം മാത്രമേ തുടർ നടപടി സ്വീകരിക്കൂ എന്നും മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ പറഞ്ഞു. നാട്ടുകാരിൽ നിന്ന് എതിർപ്പില്ലെങ്കിൽ ഈ ഭാഗം കൂടി വ്യക്തികൾക്ക് കൊടുക്കാനുള്ള നീക്കമാണ് നടന്നതെന്ന ആരോപണവും ശക്തമാണ്.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്