തിരുവനന്തപുരം: നിയമത്തിന്റെ പഴുതുകള്‍ കൃത്യമായി അറിയാവുന്ന ഒരു തിരക്കഥാകൃത്തിന്റെ ബുദ്ധിയോടെയാണോ നടന്‍ മണിയന്‍പിള്ള രാജു ഇന്നലെ രാത്രി പെരുമാറിയത്? നിര്‍ത്താതെ പോയതുകൊണ്ട് തന്നെ സംഭവത്തില്‍ പലവിധ സംശയങ്ങളും ഉയരുന്നു. അപകടമുണ്ടായ ശേഷം നടന്‍ ഒരു ഉന്നതനെ ബന്ധപ്പെട്ടിരുന്നു. ഇത് അനുസരിച്ചായിരുന്നു ബാക്കിയെല്ലാം എന്നാണ് സൂചന.

അപകട ശേഷം വോള്‍വോ കാറില്‍ രാജു പോയത് കവടിയാറിലെ വീട്ടിലാണ്. വാഹനം തിരിച്ചറിഞ്ഞ പോലീസ് രാത്രി ഇവിടെ എത്തിയതായി പറയുന്നു. എന്നാല്‍ രാജുവിനെ കണ്ടില്ലെന്നാണ് വിശദീകരണം. എന്നാല്‍ രാവിലെ അറു മണിക്ക് ആ വീട്ടില്‍ രാജു ഉണ്ടായിരുന്നു. പത്ത് മണിക്കാണ് അപകടം ഉണ്ടായത്. അറു മണിയായപ്പോള്‍ എട്ട് മണിക്കൂറായി. ഇതോടെ രക്തപരിശോധനാ സാധ്യത തീര്‍ന്നു. അപ്പോള്‍ രാജുവിന്റെ ഫോണ്‍ സ്വിച്ച് ഓണുമായി. ഇതെല്ലാം വിലയ ദുരൂഹതയാണ് നല്‍കുന്നത്.

താന്‍ തന്നെ കാര്‍ ഓടിച്ചുവെന്ന് രാജു ഇപ്പോള്‍ സമ്മതിച്ചിട്ടുമുണ്ട്. കാന്‍സര്‍ രോഗത്തെ പൊരുതി തോല്‍പ്പിച്ച നടനാണ് മണിയന്‍പിള്ള രാജു എന്നതുകൊണ്ട് അദ്ദേഹം മദ്യപിക്കില്ലെന്ന വാദവുമുണ്ട്. അങ്ങനെ വേണമെന്നുമില്ല. എന്നാല്‍ എന്തുകൊണ്ട് നിര്‍ത്താതെ പോയി എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. ഏതായാലും പരിക്കേറ്റവരെ റോഡില്‍ ഉപേക്ഷിച്ച് കാര്‍ നിര്‍ത്താതെ പോയത് അതീവ ഗൗരവമുള്ള കുറ്റമാണ്. ഗതാഗത നിയമങ്ങളെ കുറിച്ച് വാചാലനാകുന്ന ഉന്നതനെയാണ് രാജു ബന്ധപ്പെട്ടതെന്നും സൂചനയുണ്ട്.

ഒരാള്‍ മദ്യപിച്ചിരുന്നോ എന്ന് അറിയാന്‍ രക്തപരിശോധനയാണ് കേരളത്തിലെ പതിവ് രീതി. എന്നാല്‍ ശാസ്ത്രീയമായി ഇത് തെളിയിക്കണമെങ്കില്‍ അപകടം നടന്ന് എട്ടു മണിക്കൂറിനുള്ളില്‍ രക്തപരിശോധന നടത്തണം. ഇന്നലെ രാത്രി 10 മണിക്ക് അപകടമുണ്ടാക്കി മുങ്ങിയ താരം, കൃത്യം ഈ 'എട്ടു മണിക്കൂര്‍ പരിധി' കഴിയുന്നത് വരെ ഒളിവില്‍ പോയത് ബോധപൂര്‍വ്വമാണെന്ന സംശയം ശക്തമാവുകയാണ്.

അപകടത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അപ്രത്യക്ഷനായ താരം, ഇന്ന് രാവിലെയാണ് താന്‍ തന്നെയാണ് വണ്ടി ഓടിച്ചതെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. മദ്യപാനം തെളിയിക്കാനുള്ള മെഡിക്കല്‍ പരിശോധനയുടെ പ്രസക്തി നഷ്ടപ്പെടുന്ന സമയം വരെ താരം എവിടെയായിരുന്നു?

ഇന്നലെ രാത്രി 10 മണിയോടെ വഴുതക്കാട് ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു മണിയന്‍പിള്ള രാജുവിന്റെ (ഞഇ ഉടമ സുധീര്‍കുമാര്‍ രാജു) ആഡംബര കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചത്. സുബ്രഹ്‌മണ്യം ഹാളിലെ ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു താരം. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു ധ00:45പ. നിവേദിതിന്റെ കാലുകള്‍ തകര്‍ന്നു, സൂരജിന്റെ നട്ടെല്ലിന് ഒടിവുണ്ട്. ഇരുവരും ഇപ്പോള്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭയം കൊണ്ടാണ് നിര്‍ത്താതെ പോയത്, കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചത് അറിഞ്ഞു' എന്നാണ് രാജുവിന്റെ ഇപ്പോഴത്തെ വാദം. എന്നാല്‍ പോലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത് വച്ച് അപകടമുണ്ടാക്കിയിട്ടും പരിക്കേറ്റവര്‍ക്ക് സഹായമെത്തിക്കാതെ താരം കടന്നുകളഞ്ഞത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ബാര്‍ സൗകര്യമുള്ള ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്നാണ് കാര്‍ പുറത്തേക്ക് വന്നതെന്നതും സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

പ്രമുഖ നടനായതുകൊണ്ട് പോലീസ് കേസ് തേയ്ച്ചുമായ്ച്ചു കളയുമോ അതോ നിയമം അതിന്റെ വഴിക്ക് പോകുമോ എന്ന് കണ്ടറിയണം. പരിക്കേറ്റ യുവാക്കളുടെ നില ഇപ്പോഴും ആശങ്കാജനകമായി തുടരുകയാണ്. ഏതായാലും ഉന്നത ഇടപെടലുകള്‍ രാജുവിന് വേണ്ടി ഉണ്ടായിട്ടുണ്ട്.