- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2007 ലെ വനവിജ്ഞാപനത്തില്‍ അസൈന്‍മെന്റ് ലാന്‍ഡ് ഒഴികെ ഉള്ള വസ്തുക്കളുടെ കൈവശം പരിശോധിച്ച് സെറ്റില്‍മെന്റ് ഓഫീസര്‍ തീരുമാനമെടുത്തത് മാങ്കുളത്ത് റിസര്‍വ് വനം ആക്കാന്‍; അസൈന്‍മെന്റ് ലാന്‍ഡില്‍ പട്ടയത്തിനു വേണ്ടി അപേക്ഷ നല്‍കിയപ്പോള്‍ ഈ വസ്തു റിസര്‍വ് ഫോറസ്റ്റില്‍ വരുന്നതാണെന്ന് ജില്ലാ കളക്ടര്‍; കൃഷി ചെയ്യുന്ന കര്‍ഷകരെ കേസില്‍ കുടുക്കാന്‍ വനം വകുപ്പും; ഇത് മാങ്കുളത്തിന്റെ രോദനം; അധികാരികള്‍ കാട്ടേണ്ടത് മനുഷ്യത്വം
മാങ്കുളം: മാങ്കുളം പഞ്ചായത്തില്‍ നിലനില്‍ക്കുന്ന പട്ടയ, ഭൂവിഷയങ്ങളില്‍ പൂര്‍ണപരിഹാരം വേണമെന്ന ആവശ്യം ശക്തമാകുമ്പോള്‍ നടപടി കടുപ്പിച്ച് വനം വകുപ്പ്. കൈവശ ഭൂമിയില്‍ പോലും കൃഷി ചെയ്താല്‍ കേസെടുക്കുന്ന അവസ്ഥയിലാണ് കര്‍ഷകര്‍. ഇതോടെ മാങ്കുളത്ത് രോഷം ഇരമ്പുകയാണ്. 2007 ലെ വനവിജ്ഞാപനത്തില്‍ അസൈന്‍മെന്റ് ലാന്‍ഡ് ഒഴികെ ഉള്ള വസ്തുക്കളുടെ കൈവശം പരിശോധിച്ച് സെറ്റില്‍മെന്റ് ഓഫീസര്‍ തീരുമാനമെടുത്തത് മാങ്കുളത്ത് റിസര്‍വ് വനം ആക്കാന്‍ ആണ് വിജ്ഞാപനം. എന്നാല്‍ അസൈന്‍മെന്റ് ലാന്‍ഡില്‍ പട്ടയത്തിനു വേണ്ടി അപേക്ഷ നല്‍കിയപ്പോള്‍ ഈ വസ്തു റിസര്‍വ് ഫോറസ്റ്റില്‍ വരുന്നതാണെന്ന് ജില്ലാ കളക്ടര്‍ പറയുന്നു. അപ്പോള്‍ സെറ്റില്‍മെന്റ് ഓഫീസറും ഗവണ്‍മെന്റിന്റെ മറ്റ് നടപടിക്രമങ്ങളും വെറും പരിഹാസമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഹൈക്കോടതി നിര്‍ദ്ദേശങ്ങളെ പോലും കാറ്റില്‍ പറത്തിയാണ് മാങ്കുളത്തെ ജനങ്ങളെ വനംവകുപ്പ് ദ്രോഹിക്കുന്നത്.
കൈവശമുള്ള ഭൂമിയില്‍ കൃഷി ചെയ്യുന്നതിനുള്ള പൂര്‍ണ്ണ അവകാശം പട്ടയം സിദ്ധിച്ച് ആറു മാസത്തിനുള്ളിലാണ്. അതിനാല്‍ ആലുവ-മൂന്നാര്‍ കുതിരപ്പാതയിലൂടെ മണ്ണ് മാന്തി യത്രം ഉപയോഗിച്ച് കൃഷിയിടം ഒരുക്കുന്നതും വാഴക്കുഴികള്‍ കുത്തുന്നതും തെറ്റാണെന്നാണ് വനം വകുപ്പിന്റെ നിലപാട്. കൃഷിയിടത്തിന് ചുറ്റും മുള്ളി വേലി സ്ഥാപിക്കുന്നതിനും അധികാരം കര്‍ഷകര്‍ക്കില്ല. നിയമവിരുദ്ധമായി മൂന്നാര്‍ പ്രപ്പോസ്ഡ് റിസര്‍വ്വിന്റെ അതിര്‍ വരുമ്പുകള്‍ക്കുള്ളിലാണേ്രത ഈ സ്ഥലം. അവിടെ കൃഷി ചെയ്താല്‍ നിയമ നടപടികള്‍ എടുക്കുമെന്നാണ് വനംവകുപ്പ് തീരുമാനം. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കല്ലാറിന് നിരീക്ഷണത്തിന് നിര്‍ദ്ദേശവുമുണ്ട്. ഫീല്‍ഡ് ഇന്‍സ്‌പെഷന്‍ റിപ്പോര്‍ട്ട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് എല്ലാ ദിവസവും നല്‍കണം. ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം പേരിന് മാത്രം ചിലര്‍ക്ക് പട്ടയം നല്‍കി. ബാക്കിയെല്ലാം വനഭൂമിയാക്കാനാണ് നീക്കം.
മാങ്കുളത്ത് ജനവാസമാരംഭിച്ചിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും കര്‍ഷകര്‍ മുമ്പോട്ടുവയ്ക്കുന്ന ഭൂവിഷയങ്ങളില്‍ ഇനിയും ശാശ്വത പരിഹാരം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 1999-ല്‍ ഭൂമി ലഭിച്ച ആയിരത്തിലധികം കര്‍ഷകര്‍ ഉള്‍പ്പെടെ പട്ടയം ലഭിക്കുന്നതടക്കമുള്ള തുടര്‍നടപടികള്‍ക്കായി ഇപ്പോഴും കാത്തിരിക്കുകയാണ്. കവിതക്കാട്, പാമ്പുംകയം, മാങ്ങാപ്പാറ, ആറാംമൈല്‍ തുടങ്ങി മാങ്കുളം പഞ്ചായത്തിന്റെ വിവിധ മേഖലകളിലായിരുന്നു കര്‍ഷകര്‍ക്കായി ഭൂമി വിതരണം ചെയ്തത്. അലോട്മെന്റ് ഉത്തരവ് ലഭിച്ചതൊഴിച്ചാല്‍ പിന്നീട് തുടര്‍നടപടികളില്‍ മുമ്പോട്ട് പോക്കുണ്ടായില്ലെന്നാണ് കര്‍ഷകരുടെ പരാതി. അലോട്‌മെന്റ് ഉത്തരവ് കിട്ടിവര്‍ക്ക് പോലും ഭൂമി ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ ഈ മേഖലയില്‍ ഇപ്പോഴുണ്ട്.
മാങ്കുളത്ത് കാടുപിടിച്ചുകിടക്കുന്ന ഒമ്പതിനായിരത്തില്‍ പരം ഹെക്ടര്‍ ഭൂമി റവന്യൂ വകുപ്പിന്റേതാണ്. അവിടെ വേണ്ട സംരക്ഷണം നല്‍കുകയെന്ന ചുമതലയെ വനംവകുപ്പിനുള്ളൂ. റിസര്‍വ് വനമാക്കാനുള്ള വിജ്ഞാപനം പൂര്‍ത്തിയാക്കിയിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ദേവികുളം ആര്‍.ഡി.ഒ ആണ് ഫോറസ്റ്റ് സെറ്റില്‍മെന്റ് ഓഫീസര്‍. ഇതുവരെയും അതിരുകള്‍ നിര്‍ണ്ണയിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. വനവിജ്ഞാപനം തൃശങ്കുവിലായതിനാല്‍ വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമായി നിരന്തരം സംഘട്ടനം നടക്കുന്നുമുണ്ട്. മാങ്കുളം വനം എന്നത് ഒന്നിച്ചു കിടക്കുന്നതല്ല. തുണ്ടുതുണ്ടായി കാടുപിടിച്ചു കിടക്കുന്നയിടങ്ങളും അതിനിടയില്‍ മനുഷ്യര്‍ താമസിക്കുന്ന സ്ഥലങ്ങളും ചേര്‍ന്നതാണിത്.
പ്രദേശവാസികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വൃക്ഷങ്ങളുടെ രൂപവത്ക്കരണം, സൂഷ്മആവാസവ്യവസ്ഥ, ജൈവവൈവിധ്യം എന്നിവയെ പ്രതികൂലമായി ബാധിക്കുന്നു. മാങ്കുളം റിസര്‍വ് വനം സംബന്ധിച്ച കരടുവിജ്ഞാപനം 2007 മെയ് 16 ന് പുറപ്പെടുവിച്ചുവെങ്കിലും ഇതുവരെ വനത്തിന്റെ കൃത്യമായ മാപ്പ് പ്രസിദ്ധീകരിക്കാന്‍ പോലും വനംവകുപ്പിന് കഴിഞ്ഞിട്ടില്ല എന്നതാണ്. 2024-34 കാലഘട്ടത്തിലേക്കുള്ള മാങ്കുളം ഫോറസ്റ്റ് ഡിവിഷന്റെ വര്‍ക്കിങ് പ്ലാനിന്റെ 26 ാം പേജില്‍ ഒരു മാപ്പ് നല്‍കിയിട്ടുണ്ട്. ഒപ്പം ഇതിന് നിയമപരമായ സാധുതയില്ലെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. അതായത് നാടേത് കാടേത് എന്ന കാര്യത്തില്‍ പോലും തീരുമാനമായിട്ടില്ലെങ്കിലും മാങ്കുളത്ത് കാട്ടുനീതി കൊണ്ടുവന്നേ ഒക്കൂവെന്ന നിര്‍ബന്ധത്തിലാണ് വനംവകുപ്പ്. ഇതിന് കളക്ടറും കൂട്ടു നില്‍ക്കുന്നു.
1980-85 കാലഘട്ടങ്ങളില്‍ മാങ്കുളത്ത് ഭൂമി ലഭിച്ച കര്‍ഷകരില്‍ ഒരുവിഭാഗം ആളുകളും പട്ടയമെന്ന സ്വപ്നവുമായി ഇവിടെ കഴിയുന്നുണ്ട്. ആയിരത്തിലധികം ആളുകള്‍ക്ക് 1980-ലും മാങ്കുളത്ത് ഭൂമി വിതരണം ചെയ്തിരുന്നു. മാങ്കുളം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ കര്‍ഷകര്‍ ഭൂവിഷയമൊഴിയുന്നതും പട്ടയം ലഭിക്കുന്നതും കാത്തിരിക്കുന്നുണ്ട്. ഉത്തരവുകളുടെയും വ്യക്തതകളുടെയും അഭാവത്താല്‍ വനംവകുപ്പുമായി കലഹിച്ച് കഴിയുന്ന കര്‍ഷകരുമുണ്ട്. പട്ടയ, ഭൂവിഷയങ്ങളില്‍ ഇനിയും ശാശ്വതപരിഹാരം ഉണ്ടാവാത്തത് വിനോദസഞ്ചാരമേഖലയടക്കമുള്ള മാങ്കുളത്തിന്റെ സമഗ്രവികസനത്തിന് തിരിച്ചടിയാകുന്നുവെന്ന വാദമുയരുന്നു. 1980, 85, 93, 99 വര്‍ഷങ്ങളിലാണ് ഇവിടെ കര്‍ഷകര്‍ക്ക് ഭൂമി പതിച്ച് നല്‍കിയത്. ഇവര്‍ക്ക് ഇനിയും പട്ടയം ലഭിക്കേണ്ടതുണ്ട്. ഇടുക്കിയില്‍ മിക്ക പ്രദേശങ്ങളും കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്. മൂന്നാര്‍, ഉപ്പുതറ, കാഞ്ചിയാര്‍ കോവില്‍മല, വാഗമണ്‍, മാങ്കുളം, അടിമാലി, ചിന്നക്കനാല്‍, പീരുമേട് എന്നീ പ്രദേശങ്ങളിലെ കര്‍ഷകരും ടൂറിസം മേഖലയില്‍ പണം മുടക്കിയവരും നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ പ്രവചനാതീതമാണ്. എന്നാല്‍ പലരും ഇതിന്റെ ഗൌരവം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടിട്ടില്ല എന്നുവേണം കരുതുവാന്‍. ഇടുക്കി ജില്ലയിലെ ഓരോ പ്രദേശത്തെയും ജനങ്ങള്‍ അഭിമുഖീകരിക്കുന്നത് വ്യത്യസ്തങ്ങളായ വിഷയങ്ങളാണ്. പട്ടയം ലഭിച്ച വസ്തു നാലും അഞ്ചും അതിലധികവും കൈമറിഞ്ഞാണ് ഇപ്പോള്‍ പലരുടെയും കൈവശം എത്തിയിരിക്കുന്നത്.
ഈ കാലത്തിനിടയില്‍ ഈ പട്ടയ ഭൂമി പലര്‍ക്കായി വില്‍ക്കപ്പെടുകയും പല പ്രാവശ്യം ആധാരം രജിസ്റ്റര്‍ ചെയ്യപ്പെടുകയും കാലാകാലങ്ങളിലെ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സ്ഥലപരിശോധന നടത്തി ലൊക്കേഷന്‍ സ്‌കെച്ച് വരച്ചു നല്‍കുകയും പേരില്‍ കൂട്ടി കരം സ്വീകരിച്ച് രസീത് നല്‍കുകയും ചെയ്തിട്ടുള്ളതാണ്. കൂടാതെ കൈവശ സര്‍ട്ടിഫിക്കറ്റ്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട രേഖകളും നല്‍കിയത് റവന്യൂ ഉദ്യോഗസ്ഥരാണ്. തികച്ചും നിയമപരമായി വിലകൊടുത്തുവാങ്ങിയ ഈ ഭൂമികളാണ് ഇപ്പോള്‍ കയ്യേറ്റഭൂമിയായി ചിത്രീകരിച്ചിരിക്കുന്നത്.




