തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട എം ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ പ്രത്യക്ഷത്തിൽ തന്നെ പരാമർശിക്കുന്ന ഭാഗങ്ങളും. ഇതാണ് നിയമസഭയിൽ മാത്യുകുഴൽ നാടൻ എംഎൽഎ സഭയിൽ ചർച്ച ചെയ്തത്. റിമാൻഡ് റിപ്പോർട്ട് നേരത്തെ തന്നെ ചർച്ചയായിരുന്നു. എന്നാൽ അതിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമനെന്ന് അറിയപ്പെടുന്ന സി എം രവീന്ദ്രനെതിരെ മാത്രമേ പരോക്ഷമായെങ്കിലുമുള്ള സൂചനകൾ ഉണ്ടായിരുന്നുള്ളൂ എന്നായിരുന്നു വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ രവീന്ദ്രൻ ഇന്നലെ ഹാജരായില്ല. അതിനിടെയാണ് ഇന്ന് നിയമസഭയിൽ മാത്യു കുഴൽനാടൻ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രിയും കോൺസുൽ ജനറലും സ്വപ്നയും ശിവശങ്കറും തമ്മിലെ ചർച്ച അങ്ങനെ അഴിമതിയുടേതാണെന്ന ആരോപണവും എത്തി.

ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിനൊപ്പമുള്ള അനക്ഷ്വർ എയിലാണ് ഈ ആക്ഷേപമുള്ള. 2019 ജൂലൈയിലാണ് ഈ കൂടിക്കാഴ്ച നടന്നതെന്നാണ് അനക്ഷ്വറിൽ പറയുന്നത്. അഴിമതിയുടെ തുടക്കവും ഒടുക്കവും വരെ അക്കമിട്ട് വിശദീകരിക്കുന്ന തരത്തിലാണ് ഈ അനക്ഷ്വർ. 22 സംഭവങ്ങളാണ് വിശദീകരിക്കുന്നത്. ഇതിൽ പതിനാറാം ഇനമായാണ് മുഖ്യമന്ത്രിയെ നേരിട്ട് പരാമർശിക്കുന്ന വിവരമുള്ളത്. ഈ സാഹചര്യത്തിൽ അഴിമതി കേസിൽ മുഖ്യമന്ത്രിയെ പോലും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. കൂടിക്കാഴ്ച നടന്നിട്ടുണ്ടെന്ന് നിയമസഭയിൽ ചോദ്യങ്ങൾക്കുള്ള മറുപടിയിൽ മുഖ്യമന്ത്രിയും സമ്മതിച്ചിട്ടുണ്ട്.

ലൈഫ് മിഷൻ അഴിമതിയുടെ തുടക്കമായി ഇഡി കാണുന്നത് 2016ൽ സ്വപ്നാ സുരേഷ് യുഎഇ കോൺസുലേറ്റിൽ ജോലി ചെയ്യുന്നിടത്താണ്. അതേ വർഷം സരിത്ത് പി ആർ ഒയായി അവിടെ എത്തി. 2016ന്റെ പകുതിയോടെ കോൺസുൽ ജനറലിന്റെ സുഹൃത്തും പങ്കാളിയും വിശ്വസ്തനുമായ ഖാലിദ് കോൺസുലേറ്റിൽ എത്തി. 2016 അവസാനം മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറും സ്വപ്നയും ഫോണിലൂടെ പരിചയപ്പെടുന്നു. യുഎഇ സന്ദർശിക്കുന്ന കേരള സംഘത്തിന്റെ യാത്രയുമായി ബന്ധപ്പെട്ടായിരുന്നു പരിചയത്തിന്റെ തുടക്കം.

മുഖ്യമന്ത്രിയുടെ യാത്രയുടെ ഏകോപനത്തിന് വേണ്ടത് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വപ്നയെ 2017ലാണ് ശിവശങ്കർ വിളിക്കുന്നത്. പിന്നീട് കോൺസുലേറ്റ് ജനറലിന്റെ ചാരിറ്റ് ഡോളർ അക്കൗണ്ടിലേക്ക് യുഎഇയിൽ നിന്നും വൻ തോതിൽ സംഭാവന എത്തുന്നു. ഇത് ഇന്ത്യൻ രൂപയിലേക്ക് മാറ്റി മറ്റൊരു സമാന്തര എൻ ആർ ഐ ചാരിറ്റി അക്കൗണ്ടു ഉണ്ടാക്കുന്നു. സ്വപ്നയെ ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലിനെ പരിചയപ്പെടുത്തുന്നു. ലോക്കർ തുറക്കാനായിരുന്നു ഇത്. അങ്ങനെ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിൽ സ്വപ്ന ലോക്കർ തുറന്നു. ഈ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശിവശങ്കറുമായി സ്വപ്ന പങ്കുവയ്ക്കുന്നുണ്ട്. 2018ലാണ് ഇതെല്ലാം സംഊവിക്കുന്നത്.

ഇതേ സമയത്താണ് ലൈഫ് മിഷൻ സിഇഒയായിരുന്ന യുവി ജോസ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്നതും ഒരു മാസത്തേക്ക് ചുമതല ശിവശങ്കറിന് വരുന്നതും. അന്ന് മുന്നൊരുക്കം തുടങ്ങുന്നു. 2019 ഏപ്രിലിൽ സ്വപ്ന ലൈഫ് മിഷന് വേണ്ടി ക്വട്ടേഷൻ വാങ്ങുന്നു. 2019ൽ സ്വപ്നയ്ക്ക് ജോലി ഓഫർ. പിന്നീട് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് ജോലിയെന്ന് അറിയിക്കുന്നു. റെഡ് ക്രസന്റ് പദ്ധതിയുടെ എംഒയു വിവരങ്ങൾ കൈമാറുന്നു. 2019 ജൂലൈയിലാണ് മുഖ്യമന്ത്രിയും കോൺസുൽ ജനറലും സ്വപ്നയും ശിവശങ്കറുമായുള്ള ചർച്ച നടക്കുന്നത്. ഇതേ മാസമാണ് ധാരണാ പത്രത്തിൽ ഒപ്പിടുന്നതും.

പിന്നീട് ക്വട്ടേഷൻ ക്ഷണിക്കാനും മുന്നിൽ നിന്നും മാറി നിന്ന് എല്ലാം ചെയ്യണമെന്നും സ്വപ്നയെ ശിവശങ്കർ ഉപദേശിക്കുന്നു. പിന്നീട് കരാർ ഒപ്പിടുന്നത്. ഇതിന് ശേഷം ഹോട്ടൽ ഹൈസിന്തിൽ സ്വപ്നയ്ക്കും സരിത്തിനും സന്ദീപിനും സന്തോഷ് ഈപ്പനും വിനോദും മദ്യപാന പാർട്ടിയൊരുക്കിയെന്നും ഇഡി പറയുന്നു. ഇതാണ് നിയമസഭയിൽ മാത്യു കുഴൽനാടൻ ചർച്ചയാക്കുന്നതും അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് മാത്യു കുഴൽനാടൻ എംഎ‍ൽഎ സംസാരിച്ച് തുടങ്ങിയപ്പോൾ നിയമസഭയുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടാകാത്ത സംഭവങ്ങളാണ് അരങ്ങേറിയത്. മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പ്രസംഗം തടസപ്പെടുത്തി.

ഇതിലെ ചട്ടവിരുദ്ധത പ്രതിപക്ഷ നേതാവ് വിഡി സതീശനും ചൂണ്ടിക്കാട്ടി. അടിയന്തിര പ്രമേയത്തിൽ പോയിന്റ് ഓഫ് ഓർഡർ അനുവദിക്കില്ലെന്ന് സ്പീക്കർ പറഞ്ഞിട്ടും മന്ത്രിമാർ അത് ഉന്നയിക്കുന്ന സാഹചര്യമുണ്ടായി. കുറ്റപത്രം നൽകി വിചാരണയിലേക്ക് കടക്കുന്ന വിഷയങ്ങൾ നിയമസഭയിൽ അടിയന്തിര പ്രമേയത്തിൽ ഉന്നയിക്കാൻ പാടില്ലെന്നു മാത്രമാണ് റൂൾസ് ഓഫ് പ്രൊസീജിയറിൽ പറയുന്നത്. ലൈഫ് മിഷൻ കേസ് ഇപ്പോഴും അന്വേഷണ ഘട്ടത്തിലാണ്. കുറ്റപത്രം നൽകുകയോ വിചാരണയിലേക്ക് കടക്കുകയോ ചെയ്തിട്ടില്ല. കേസ് നടക്കുന്ന കാലത്ത് പോലും ബാർ കോഴയെ കുറിച്ചും സോളാർ കേസിനെ കുറിച്ചും കെ.എം മാണിയെ കുറിച്ചുമൊക്കെ എത്രയോ തവണ അടിയന്തിര പ്രമേയം അനുവദിച്ചിട്ടുണ്ട്. എല്ലാ ഒരു സുപ്രഭാതത്തിൽ മറക്കുകയാണ്. ലൈഫ് മിഷനെ കുറിച്ച് മിണ്ടിപ്പോകരുതെന്നാണ് സർക്കാർ പറയുന്നത്-ഇതായിരുന്നു വിഡിക്ക് പറയാനുള്ളത്.

സ്വർണക്കടത്ത് അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ഏജൻസികൾ സ്വപ്ന സുരേഷിനും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനും പങ്കാളിത്തമുള്ള ലോക്കറിൽ നിന്നാണ് ലൈഫ് മിഷൻ കരാറുകാരനായ സന്തോഷ് ഈപ്പൻ നൽകിയ 63 ലക്ഷം കണ്ടെടുത്തത്. അവിടെ നിന്നാണ് ലൈഫ് മിഷൻ കോഴയിൽ അന്വേഷണം ആരംഭിച്ചത്. ലൈഫ് മിഷനിൽ കോഴ നടന്നിട്ടുണ്ടെന്നും അതുകൊണ്ടു പോയത് കോൺസുലേറ്റിലെ ഖാലിദാണെന്നും അന്ന് മന്ത്രിമാരായിരുന്ന തോമസ് ഐസക്കും എ.കെ ബാലനും പറഞ്ഞിട്ടുണ്ട്. നാല് കോടി രൂപ വിദേശത്തേക്ക് പോയി. ഒരു കോടി രൂപയാണ് ഇവരുടെ കയ്യിലുള്ളത്. നാലേ കാൽ കോടി രൂപ കാണാനില്ല. ആകെ ഒൻപതേകാൽ കോടി രൂപയാണ് കോഴ. മൊത്തം തുകയും 46 ശതമാനവും കോഴ വാങ്ങുന്നത് ബിഹാറിൽ പോലും നടക്കില്ല. ഈ കേസാണ് വിജിലൻസിനെ ഏൽപ്പിച്ചത്. രാജ്യാന്തര ബന്ധങ്ങളുള്ള കേസ് സംസ്ഥാന വിജിലൻസ് എങ്ങനെ അന്വേഷിക്കും?-വിഡി സതീശൻ പറയുന്നു.

സിബിഐ അന്വേഷണം വരാതിരിക്കാനാണ് അനിൽ അക്കരയുടെ മൊഴിയെടുക്കുന്നതിന്റെ തലേദിവസം കേസ് വിജിലൻസിനെ ഏൽപ്പിച്ചതും അവർ ഫയലുകളെല്ലാം പിടിച്ചെടുത്തതും. കൈക്കൂലി കൊടുത്തെന്ന് സമ്മതിച്ച സന്തോഷ് ഈപ്പനൊപ്പമാണ് സർക്കാർ സിബിഐ അന്വേഷണത്തെ എതിർത്ത് സുപ്രീം കോടതിയിൽ പോയത്. സംസ്ഥാന ഏജൻസികൾക്ക് അന്വേഷിക്കാൻ പരിമിതിയുണ്ടെന്ന മുഖ്യമന്ത്രിയുടെ അതേ വാദത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം കോടതിയിൽ പോയത്. നിങ്ങൾക്ക് ഒരു പങ്കുമില്ലെങ്കിൽ കോഴ കൊടുത്തവനൊപ്പം നിന്ന് സിബിഐ അന്വേഷണം വേണ്ടെന്ന് ആവർത്തിച്ച് പറയുന്നത് എന്തിനാണ്? മൂന്ന് വർഷമായി സിബിഐ ഒന്നും ചെയ്യുന്നില്ല. അവർ നിങ്ങളുടെ കൂടെയാണെന്നും വിഡി ആരോപിച്ചിട്ടുണ്ട്.