തൊടുപുഴ: ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സിപിഎം ഗുണ്ടയ്ക്കുള്ളത് നാട്ടുകാരും വീട്ടുകാരും കൈവിട്ട കഥ. സ്വഭാവ ദൂഷ്യം അറിഞ്ഞ് മനെനൊന്ത ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ മാത്യൂസ് കൊല്ലപ്പള്ളിയുടെ ദുര്‍നടപ്പിന്റെ ഇരകളാണ്. കുടുംബത്തിലെ എല്ലാവര്‍ക്കും ഇയാള്‍ തലവേദനയാണ്. ഡോക്ടറായ മുത്തച്ഛനില്‍ തുടങ്ങുന്ന പാരമ്പര്യം. അച്ഛന്‍ അധ്യാപകനാണ്. പക്ഷേ മകനിഷ്ടം വഴി തെറ്റിയുള്ള യാത്രകളാണ്. അത് ഇപ്പോഴും തുടരുന്നു. അതാണ് തൊടുപുഴയിലെ മങ്ങാട്ട് കവലയില്‍ കഴിഞ്ഞ ദിവസം കണ്ടതും. അതിനിടെ ഷാജന്‍ സ്‌കറിയയെ ആക്രമിച്ചവരെ ഉടന്‍ പിടികൂടണമെന്ന നിര്‍ദ്ദേശം ഇടുക്കി പോലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടുണ്ട്. പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇത്.

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി ഓടിയ ജോജു ജോര്‍ജ് സിനിമയായ 'പണി'യിലെ പിള്ളാരെ പോലെയാണ് മാത്യൂസ് കൊല്ലപ്പള്ളിയുടെ സ്വഭാവം. എന്തും ചെയ്യും. ഒരു കണ്ണില്‍ ചോരയുമില്ല. പ്ലസ് ടുവില്‍ തുടങ്ങിയ പ്രണയം വിവാഹത്തില്‍ എത്തി രണ്ടു മാസം കൊണ്ട് അനുഷ ഈ ലോകത്ത് നിന്നും മാഞ്ഞത് അതുകൊണ്ടാണ്. പണിയെന്ന സിനിമയില്‍ 'ആനപ്പക'യാണ് ഇതിവൃത്തമായി കാട്ടുന്നത്. തന്റെ ക്രൂരതയെ എതിര്‍ത്ത യുവതിയോട് കാട്ടുന്ന ആനപ്പകയാണ് ആ സിനിമ. പോലീസ് തിരഞ്ഞ് നടക്കുമ്പോഴും ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ 'ആനപ്പക' സൂചിപ്പിച്ച് പോസ്റ്റിട്ടിരിക്കുന്ന മാത്യൂസ് കൊലപ്പള്ളി. ഏറെ കേസുണ്ടായിട്ടും കാപ്പ കേസില്‍ ഇയാള്‍ കുടുങ്ങാത്തത് ഭരണകൂട സഹായം കൊണ്ടു മാത്രമാണ്. എങ്ങനേയും നല്ലവഴിക്ക് മാത്യൂസിനെ എത്തിക്കാനായിരുന്നു സര്‍ക്കാര്‍ കരാറുകാരനായ അമ്മാവന്റെ ശ്രമം. അങ്ങനെയാണ് വാട്ടര്‍ അതോറിട്ടിയുടെ കരാറുകാരനായി മാറിയത്. ഇപ്പോള്‍ ആ നല്ല മനസ്സുള്ള അമ്മാവനും വേദനിക്കുകയാണ്. ആര്‍ക്കും നേരെയാക്കാന്‍ കഴിയുന്നില്ലെന്നതാണ് വസ്തുത. ഭാര്യയായ അനുഷയുടെ മരണത്തില്‍ സത്യസന്ധമായ അന്വേഷണം നടന്നിരുന്നുവെങ്കില്‍ അകത്ത് കിടക്കുമായിരുന്ന ക്രിമിനലാണ് തൊടുപുഴയില്‍ പ്രതിസന്ധിയായി മാറുന്നത്.

മോഹന്‍ ലാലിന്റെ അതിവിശ്വസ്തനാണ് ആന്റണി പെരുമ്പാവൂര്‍. തൊടുപുഴയില്‍ ആശിര്‍വാദ് സിനിമാസ് തിയേറ്റര്‍ തുറക്കുന്നു. ഇവിടെ സിനിമ കാണാനെത്തിയ മാത്യുവിനോട് വാഹനം അല്‍പ്പമൊന്ന് മാറ്റിയിടാന്‍ സെക്യൂരിറ്റി ആവശ്യപ്പെട്ടു. ഇതിന് പ്രതികാരമായി അയാളെ തല്ലി ചതച്ചു. പ്രതിരോധിക്കാനായി മാത്യൂസിനെ പിടിച്ചു തള്ളേണ്ടി വന്നു സെക്യൂരിറ്റിക്ക്. അങ്ങനെ വീണ് മാത്യുവിന്റെ കൈയ്യൊടിഞ്ഞു. ഇതിന്റെ പേരില്‍ സമരം നടത്തി രണ്ടു ദിവസം ആ മള്‍ട്ടി പ്ലക്‌സ് അടച്ചിടിപ്പിച്ച രാഷ്ട്രീയ കരുത്തുള്ള ക്രിമനലാണ് മാത്യൂസ്. സിസിലി ബാറില്‍ പാതി രാത്രി ബിയര്‍ ചോദിച്ചെത്തിയതും ഇല്ലെന്ന് മറുപടി പറഞ്ഞതിനും കാട്ടികുട്ടീയ അക്രമവും ഏവരേയും ഞെട്ടിച്ചിരുന്നു. ഇതടക്കമുള്ള കേസുകള്‍ ഹൈക്കോടതിയില്‍ ഒത്തൂതീര്‍പ്പാക്കിയത് പരാതിക്കാരുടെ കൈയ്യും കാലും പിടിച്ചാണ്. ഇത്തരത്തില്‍ നിരവധി കേസുകള്‍ ഒതുക്കി തീര്‍ത്തു. ഇങ്ങനെ അടിയും പിടിയുമായി നടന്നാല്‍ ശരിയാകില്ലെന്ന ഉദ്ദേശത്തിലാണ് അമ്മാവന്‍ സര്‍ക്കാര്‍ കരാറുകള്‍ പിടിച്ചു കൊടുത്തത്. അതുപയോഗിച്ച് തിരുവനന്തപുരത്ത് മറ്റൊരു മാഫിയ ഉണ്ടാക്കുകയായിരുന്നു മാത്യൂസ്. വെറും 27 വയസ്സായപ്പോള്‍ തന്നെ നിരവധി ക്രമിനല്‍ കേസുകള്‍ ഉണ്ടാക്കിയ വ്യക്തി. ഇയാളാണ് ഷാജന്‍ സ്‌കറിയയേയും പിന്തുടര്‍ന്ന് ആക്രമിച്ചത്.

ഷാജന്‍ സ്‌കറിയയെ മങ്ങാട്ടു കവലയില്‍ വച്ച് ആക്രമിച്ചത് അഞ്ചു പേര്‍ ചേര്‍ന്നെന്ന് പോലീസ് എഫ് ഐ ആര്‍ പറയുന്നുണ്ട്. ആരുടേയും പേര് എഫ് ഐ ആറില്‍ ഇല്ല. എന്നാല്‍ ക്വാറി മുതലാളിയായ സിപിഎം അടുപ്പക്കാരനാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. ഷാജന്‍ സ്‌കറിയയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്ന് എഫ് ഐ ആര്‍ പറയുന്നു. ശനിയാഴ്ച രാത്രി ആറു നാല്‍പ്പതിനായിരുന്നു ആക്രമണം. ഭാരതീയ ന്യായ സംഹിതയിലെ 182(2), 190, 191(1), 191(2), 191(3), 115(2), 351(2), 126(2), 110 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി കൃത്യമായ എഫ് ഐ ആര്‍ ആണ് പോലീസ് ഇട്ടിട്ടുള്ളത്. വധശ്രമകുറ്റവും ചുമത്തി. അതുകൊണ്ട് തന്നെ ഈ കേസ് മാത്യൂസിന് ഊരാക്കുടുക്കാകും.

ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ക്ക് മാധ്യമ പ്രവര്‍ത്തകനായ ആവലാതിക്കാരനെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടും കരുതലോടും കൂടി പ്രതികള്‍ ന്യായ വിരുദ്ധമായി സംഘം ചേര്‍ന്ന്ത ങ്ങള്‍ ഓരോരുത്തരും ടി സംഘത്തിലെ അംഗങ്ങള്‍ ആണെന്ന അറിവോടെ അക്രമം നടത്തിയെന്നാണ് എഫ് ഐ ആര്‍ പറയുന്നത്. മങ്ങാട്ടു കവല മില്ലിന് മുന്‍വശം ഭാഗത്തു വച്ച് ഥാര്‍ ജീപ്പ് ഇടിച്ചു. അതിന് ശേഷം ജിപ്പില്‍ നിന്നും ഡോറ് തുറന്ന് ഇറങ്ങി വന്ന് നിന്നെ കൊന്നിട്ടേ ഞങ്ങള്‍ പോകുകയുള്ളൂ എന്ന് പറഞ്ഞ് ആവലാതിക്കാരനെ കാറില്‍ നിന്നും വലിച്ചു ചാടിക്കാന്‍ ശ്രമിച്ചു. അതിനെ എതിര്‍ത്ത ആവലാതിക്കാരനെ ഒന്നാം പ്രതി കൈ ചുരുട്ടി വലതു മുഖഭാഗത്തും മുക്കിലും തലയിലും വലത് നെഞ്ചിലും തുടരെ ഇടിച്ചു. ആവലാതിക്കാരന്റെ മൂക്കിലും വായിലും മുറിവുണ്ടായി.

രണ്ടു മതുല്‍ അഞ്ചു വരെയുള്ള പ്രതികള്‍ ഷാജന്‍ സ്‌കറിയയെ ബലമായി കാറില്‍ പിടിച്ചിരുത്തി. രണ്ടാം പ്രതിയും നിന്നെ കൊന്നിട്ടേ പോകൂവെന്ന് പറഞ്ഞ് കഴുത്തില്‍ അമര്‍ത്തി പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. മരണവെപ്രാളത്തില്‍ കൈ തട്ടി മാറ്റിയതു കൊണ്ടാണ് ആവലാതിക്കാരന്‍ മരണം സംഭവിക്കാത്തതെന്നും എഫ് ഐ ആര്‍ പറയുന്നു. അതായത് വധശ്രമത്തിനാണ് കേസെടുത്തത്. പ്രതികളെ പറ്റിയും പോലീസിന് വ്യക്തമായ സൂചനകളുണ്ട്. എന്നാല്‍ ആരേയും അറസ്റ്റു ചെയ്തിട്ടില്ല. ഇടുക്കിയിലെ മുന്‍ മന്ത്രി കൂടിയായ നേതാവിന്റെ സംരക്ഷണയിലാണ് പ്രതികള്‍ എന്നാണ് സൂചന. പ്രതികളുടെ വീട്ടിലെല്ലാം പോലീസ് രാത്രിയില്‍ റെയ്ഡ് നടത്തിയിരുന്നു. വൈകാതെ പ്രതികളെ സിപിഎം തന്നെ പോലീസിനെ ഏല്‍പ്പിക്കുമെന്നും സൂചനയുണ്ട്. സ്ഥിതി ഗതികള്‍ എകെജി സെന്റര്‍ നേരിട്ട് വിലയിരുത്തുന്നുണ്ട്. നേതൃത്വത്തിന്റെ അറിവും സമ്മതവും ഈ ആക്രമണത്തിന് കിട്ടിയെന്നാണ് സൂചന.

ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തിലാണ് ഷാജന്‍ സ്‌കറിയയ്ക്ക് പരിക്കേറ്റതെന്ന് പോലീസും സമ്മതിക്കുന്നുണ്ട്. മങ്ങാട്ടുകവലയില്‍, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം.ശിവപ്രസാദ് ഉദ്ഘാടനം ചെയ്ത ടി.എ.നസീര്‍ അനുസ്മരണ സമ്മേളനത്തിന്റെ വേദിക്കു സമീപത്തായിരുന്നു മര്‍ദനം. മുതലക്കോടത്ത് വിവാഹത്തില്‍ പങ്കെടുത്തു മടങ്ങിയ ഷാജന്റെ കാറില്‍ ഥാര്‍ ഇടിച്ചു. തുടര്‍ന്ന് കാര്‍ നിര്‍ത്തിയ ഷാജനെ കാറിനുള്ളില്‍ വച്ചുതന്നെ സംഘം മൂക്കിലും ശരീരത്തിലും തുടരെ ഇടിക്കുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. മൂക്കില്‍നിന്ന് രക്തം ഒഴുകുന്ന നിലയിലായിരുന്നു ഷാജന്‍. തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി ജില്ലാ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സയ്ക്കായി സ്മിത മെമ്മോറിയല്‍ ആശുപത്രിയിലേക്കും മാറ്റി.

ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചതായി തൊടുപുഴ എസ്എച്ച്ഒ പറഞ്ഞു. ഷാജന്‍ എത്തിയതറിഞ്ഞ് ആസൂത്രിതമായി വാഹനം പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.