തിരുവനന്തപുരം: ആഘോഷപൂര്‍വം ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട്ട് റോഡുകളുടെ അവകാശത്തെച്ചൊല്ലി സിപിഎം മന്ത്രിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തു വന്ന സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്ത അതൃപ്തിയില്‍. ഉദ്ഘാടനത്തിനു തദ്ദേശവകുപ്പു മന്ത്രിയായ തന്നെ ക്ഷണിച്ചില്ലെന്ന് മന്ത്രി എം.ബി. രാജേഷ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു പരാതി അറിയിച്ചുവെന്നും ഇതിനെത്തുടര്‍ന്നാണു മുഖ്യമന്ത്രി ഉദ്ഘാടനച്ചടങ്ങില്‍നിന്നും വിട്ടുനിന്നതെന്നുമാണു പുറത്തു വന്ന വിവാദ വിവരം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ അമിതാധികാര ഇടപെടലിനെതിരേയായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ പരാതിയെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്വത്തെ ബാധിക്കുന്ന വിഷയമായിട്ടും മന്ത്രി എംബി രാജേഷ് ആരോപണം വന്നയുടന്‍ നിഷേധിച്ചില്ല. ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിഷേധ കുറിപ്പിറക്കി. പിന്നേയും മണിക്കൂറുകള്‍ കഴിഞ്ഞാണ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എംബി രാജേഷ് വിശദീകരണവുമായി എത്തിയത്. സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്‍ നേരിട്ട് മന്ത്രി രാജേഷിനെ വിളിച്ചെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രിയുടെ നീരസവും പാര്‍ട്ടിയുടെ അതൃപ്തിയും വിശദീകരിച്ചുവെന്നാണ് സൂചന. അതിന് ശേഷമാണ് മന്ത്രി എംബി രാജേഷ് നിഷേധവുമായി എത്തിയതെന്നാണ് സൂചന.

രാജേഷിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് പോലും അഭിപ്രായമുള്ളവര്‍ സിപിഎമ്മിലുണ്ട്. തുടര്‍ ഭരണം ലക്ഷ്യമിട്ട് സിപിഎം മുന്നേറുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ ഗുണം ചെയ്യില്ല. ഹാട്രിക് ഭരണതുടര്‍ച്ചയ്ക്കായി പിണറായി പെടാപാടു പെടുമ്പോള്‍ മന്ത്രിസഭയിലുള്ളവര്‍ കൂട്ടുത്തരവാദിത്തം കാട്ടണം. വാര്‍ത്തകള്‍ വരും. പക്ഷേ അതിലെ ചതി തിരിച്ചറിഞ്ഞ് അതിവേഗം പ്രതികരിക്കണം. അതില്‍ രാജേഷ് വലിയ വീഴ്ച വരുത്തി. മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കിയിട്ടു പോലും അത്തരമൊരു ഇടപെടലിന് രാജേഷ് മുതിര്‍ന്നില്ല. ഇത് വലിയ തെറ്റായി സിപിഎം വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്ത നിഷേധിച്ചിട്ടും മന്ത്രിസഭയിലെ ഭിന്നത വാര്‍ത്ത അതേ പോലെ തുടര്‍ന്നു.

സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രചാരണ ബോര്‍ഡുകളില്‍ മുഖ്യമന്ത്രിയുടെയും മന്ത്രി റിയാസിന്റെയും ചിത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതും സിപിഎമ്മിനുള്ളില്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് ഉദ്ഘാടനത്തിനു തന്നെ ഒഴിവാക്കിയതിലുള്ള നീരസം മന്ത്രി രാജേഷ് മുഖ്യമന്ത്രിയെ നേരില്‍ കണ്ടു പറഞ്ഞത് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ 12 സ്മാര്‍ട്ട് റോഡുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തു പൂര്‍ത്തിയാക്കിയ 62 റോഡുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു പുറത്തു പ്രചരിക്കുന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ മാസം 16നായിരുന്നു സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടനം. ആരോഗ്യപരമായ കാരണങ്ങളാല്‍ അന്ന് ഉച്ചയ്ക്കു ശേഷമുള്ള മൂന്നു പരിപാടികള്‍ മുഖ്യമന്ത്രി റദ്ദാക്കിയിരുന്നു. കാലവര്‍ഷ മുന്‍കരുതലുമായി ബന്ധപ്പെട്ടു വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്ഘാടനവും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് ഇവ. ഇക്കാര്യം വിവിധ മാധ്യമങ്ങള്‍ അന്നു വാര്‍ത്ത നല്‍കിയതുമാണ്. എന്നാല്‍ പിന്നീടു മറ്റെന്തോ കാരണങ്ങള്‍കൊണ്ടാണു റോഡുകളുടെ ഉദ്ഘാടന പരിപാടിയില്‍ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക പരിപാടി വിജയകരമായി മുന്നേറുന്‌പോള്‍ അതിന്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വാര്‍ത്ത എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിഷേധ കുറിപ്പ് വന്നു. പക്ഷേ എംബി രാജേഷ് രാത്രി മാത്രമാണ് പ്രതികരിച്ചത്.

തിരുവനന്തപുരത്തെ സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിന് ആകെ കണക്കാക്കിയത് 200 കോടി രൂപയാണ്. കേന്ദ്രവും സംസ്ഥാനവും കൂടി 80 കോടി രൂപ നല്‍കി. 80 കോടി നല്‍കിയത് തദ്ദേശ ഭരണ അക്കൗണ്ടില്‍ നിന്നാണ്. ബാക്കി തുക തിരുവനന്തപുരം കോര്‍പറേഷനും ചെലവാക്കി. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡിനു റോഡുകളുടെ മേല്‍നോട്ട ചുമതല മാത്രമാണ് ഉണ്ടായിരുന്നത്. എന്നിട്ടും തദ്ദേശ വകുപ്പിനെ പൂര്‍ണമായും ഒഴിവാക്കി റോഡുകളുടെ ക്രെഡിറ്റ് പൊതുമരാമത്തു വകുപ്പു കൊണ്ടുപോയതിലെ ദേഷ്യം കൂടിയാണ് മന്ത്രി രാജേഷ് പ്രകടമാക്കിയത് എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. സ്മാര്‍ട്ട് റോഡ് ഉദ്ഘാടന വിവാദവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ നിഷേധിച്ച് മന്ത്രി എം.ബി. രാജേഷ് എത്തിയത് സിപിഎം ഇടപെടലിന് ശേഷമാണ്. മുഖ്യമന്ത്രിയുടെ അതൃപ്തി മനസ്സിലാക്കിയായിരുന്നു സിപിഎം സെക്രട്ടറിയുടെ ഇടപെടല്‍. സിപിഎം നേതൃയോഗത്തില്‍ മുഖ്യമന്ത്രി തന്നെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുമെന്ന് സൂചനയുണ്ട്. ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് അന്യായമാണെന്നും മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

മന്ത്രിസഭയില്‍ ഭിന്നതയില്ല. മന്ത്രി മുഹമ്മദ് റിയാസുമായി തര്‍ക്കമെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ്.സ്മാര്‍ട്ട് റോഡ് ഉദ്ഘാടന ദിനത്തില്‍ താന്‍ റവന്യൂ-തദ്ദേശ വകുപ്പുകളുടെ മറ്റൊരു യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. യോഗം ആറുമണിവരെ നീണ്ടുപോയതിനാലാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. തെരഞ്ഞെടുപ്പ് വര്‍ഷങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി മുഹമ്മദ് റിയാസ്, എംബി രാജേഷ്‌