- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവല്ലയിലെ എംഡിഎംഎ കേസ് അട്ടിമറിക്ക് പിന്നില്‍ വന്‍ഗൂഢാലോചന; സിപിഎം-ഡി വൈ എഫ് ഐ നേതാക്കള്‍ ഇടപെട്ടു? നാര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പിയും പ്രതിക്കൂട്ടില്‍
തിരുവല്ല: സ്വകാര്യ ബസില്‍ നിന്ന് എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത യുവാക്കളില്‍ ഒരാളെ മാത്രം അറസ്റ്റ് ചെയ്യുകയും അപരനെ ഒഴിവാക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായി സൂചന. സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും അടൂരില്‍ നിന്നുളള ജില്ലാ നേതാക്കള്‍ ഇടപെട്ടതിന് പിന്നാലെ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ കേസ് അട്ടിമറിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
മാധ്യമ ഇടപെടലിനെ തുടര്‍ന്നാണ് അട്ടിമറി നീക്കം പൊളിഞ്ഞത്. പത്തനംതിട്ട ജില്ലയില്‍ ലഹരി മരുന്നുകളുടെ ഹബ് അടൂരാണ്. പറക്കോട്, പഴകുളം മേഖലലകളിലാണ് ഇവ എത്തിക്കുന്നതും നാടിന്റെ നാനാഭാഗത്തേക്കും വിതരണം ചെയ്യുന്നതും. ശക്തമായ രാഷ്ട്രീയ പിന്തുണയും ലഹരി കടത്തുകാര്‍ക്കുണ്ട്. സിപിഎമ്മിന്റെ സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ ഈ പ്രദേശത്ത് നിലവില്‍ ലഹരി മരുന്ന് വ്യാപനം കുറവാണ്.
പിടിക്കപ്പെടുന്നവര്‍ക്ക് പാര്‍ട്ടിയുടെ ഏതെങ്കിലും പോഷക ഘടകവുമായി ഉള്ള ബന്ധം പുറത്തു വരുന്നതാണ് കാരണം. അതിനിടെയാണ് അടൂരിലേക്ക് കൊണ്ടു വന്ന എംഡിഎംഎയുമായി അടൂര്‍ പഴകുളം വലിയവിളയില്‍ ഫൈസല്‍ മുഹമ്മദ് (24), പറക്കോട് അണ്ടൂര്‍ തേക്കേതില്‍ റോക്കി റോയി ( 21 ) എന്നിവരെ തിരുവല്ലയില്‍ നിന്ന് ജില്ലാ ഡാന്‍സാഫ് ടീം, നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി, ലോക്കല്‍ പോലീസ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഫൈസലിനെ അടൂര്‍ പോലീസും അന്വേഷിച്ചു വരികയായിരുന്നു. ഡാന്‍സാഫ് ഇയാള്‍ക്ക് പിന്നാലെയുണ്ടെന്ന് കണ്ടാണ് അവര്‍ പിന്മാറിയത്.
പിടിയിലായ യുവാക്കളെ വിലങ്ങണിയിച്ച് തെളിവെടുപ്പും നടത്തിയിരുന്നു. രണ്ടു പ്രതികളുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് വിവരവും നല്‍കി. പ്രതികളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ അടൂരില്‍ നിന്ന് ആഡംബരക്കാറില്‍ ഒരു സംഘം സ്ഥലത്ത് വന്നതോടെ കഥ മാറി. ഡിവൈ.എസ്.പി പതുക്കെ സ്ഥലം വിട്ടു. വൈകിട്ട് ജില്ലാ പോലീസ് മേധാവിയുടെ പത്രക്കുറിപ്പ് വന്നപ്പോള്‍ പ്രതിയായുള്ളത് ഒരാള്‍ മാത്രം.
എന്തു സംഭവിച്ചുവെന്ന് മാധ്യമങ്ങള്‍ അന്വേഷിച്ചപ്പോള്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയ ഡാന്‍സാഫ് ടീമിന്റെ തലവനും നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പിയുമായ ജെ. ഉമേഷ്‌കുമാര്‍ ഉരുണ്ടു കളിച്ചു. എം.ഡി.എം.എ കൈവശം വച്ചിരുന്നയാളെ മാത്രമേ അറസ്റ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ. രണ്ടാമനെതിരേ അന്വേഷണം ഉണ്ടാകും. അത് അന്വേഷിക്കേണ്ടത് തിരുവല്ല പോലീസാണെന്നും സ്വാധീനമൊന്നും ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഉമേഷ്‌കുമാറിന്റെ നിലപാട്. മാധ്യമങ്ങള്‍ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തതോടെ അട്ടിമറി നീക്കം പാളി. ഒഴിവാക്കാന്‍ നിര്‍ത്തിയിരുന്ന റോക്കിയെ പ്രതി ചേര്‍ത്ത് ഫൈസലിനൊപ്പം റിമാന്‍ഡ് ചെയ്തു.
ഇതിന് പിന്നാലെയാണ് ജില്ലാ നേതാക്കളുടെ ഇടപെടല്‍ സംബന്ധിച്ച വിവരം പുറത്തു വരുന്നത്. സ്ഥിരം ലഹരി മരുന്ന് കേസ് പ്രതിയായ ഫൈസലിന് ഡിവൈഎഫ്ഐ ജില്ലാ നേതാവുമായി അടുത്ത ബന്ധമാണുള്ളത്. ഈ ബന്ധം ഉപയോഗിച്ചാണ് അട്ടിമറിക്ക് നീക്കം നടന്നത്. അതിന് വേണ്ടി രംഗത്തു വന്നത് സിപിഎമ്മിന്റെ രണ്ടു ജില്ലാ നേതാക്കളാണെന്നും പറയുന്നു. അട്ടിമറി സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കാനും പാര്‍ട്ടിയില്‍ ഒരു വിഭാഗം നീക്കം നടത്തുന്നുണ്ട്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്