തിരുവനന്തപുരം: തിരുവനന്തപുരത്ത് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയുടെ മേയറാകും. കൊച്ചിയില്‍ കോണ്‍ഗ്രസിനാണ് ഭരണം. ഇവിടെ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗ്ഗീസ് മേയറാകും. തൃശൂരില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചിച്ചുണ്ട്. ലാലി ജയിംസ് ലാലൂരിലും, ശ്യാമള മുരളീധരന്‍ മുക്കാട്ടുകരയിലും, സുബി ബാബു ഗാന്ധി നഗറിലും, ഷീന ചന്ദ്രന്‍ പനമുക്കിലും വിജയിച്ചു. ഇതില്‍ സമുദായിക സമവാക്യങ്ങളെല്ലാം പരിഗണിച്ച് തീരുമാനം കോണ്‍ഗ്രസ് എടുക്കും. കണ്ണൂരില്‍ ശ്രീജ മഠത്തില്‍ മുണ്ടയാട് സീറ്റിലും പി ഇന്ദിര പയ്യാമ്പലം സീറ്റിലും ജയിച്ചു. ഇതില്‍ പി ഇന്ദിരയ്ക്കാണ് മേയറാകാന്‍ കൂടുതല്‍ സാധ്യത. കോഴിക്കോട് സിപിഎമ്മിനാണ് മുന്‍തൂക്കം. ഇവിടെ മേയര്‍ സ്ഥാനത്തേക്ക് എസ്. ജയശ്രീയെ പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സി.പി. മുസാഫിര്‍ അഹമ്മദ് മീന്‍ചന്ത ഡിവിഷനില്‍ പരാജയപ്പെട്ടിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഉടന്‍ മേയറില്‍ വ്യക്തത വരും. കൊല്ലത്ത് കോണ്‍ഗ്രസ് നേരത്തെ തന്നെ മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഐഎന്‍ടിയുസി ജില്ലാ അധ്യക്ഷനായ എകെ ഹഫീസ് മേയറാകും. അതായത് കേരളത്തിലെ ആറു കോര്‍പ്പറേഷനില്‍ ബഹുഭൂരിഭാഗവും സ്ത്രീ മേയര്‍മാരുടെ ഭരണത്തിലാകും.

തിരുവനന്തപുരവും കോഴിക്കോടും കൊല്ലവും മേയര്‍ പദവിയില്‍ ജനറലാണ്. അതുകൊണ്ട് തന്നെ സ്ത്രീയ്ക്കും പുരുഷനും മേയറാകാം. തിരുവനന്തപുരത്ത് ശ്രീലേഖയെ മേയറായി ബിജെപി ഉറപ്പിച്ചിട്ടുണ്ട്. കോഴിക്കോട് സിപിഎമ്മും വനിതയെ മേയറാക്കിയാല്‍ ആ ജനറല്‍ സീറ്റിലും വനിതാ മേയറാകും. കൊല്ലത്ത് മാത്രമാണ് നിലവില്‍ പുരുഷ മേയര്‍ക്ക് സാധ്യതയുള്ളത്. കൊച്ചിയില്‍ ദീപ്തി മേരി വര്‍ഗ്ഗീസ് മേയറാകുമെന്ന് ഉറപ്പാണ്. തൃശൂരില്‍ സമുദായ സമവാക്യം നിര്‍ണ്ണായകമാകും. കണ്ണൂരില്‍ ഇന്ദിരയ്ക്ക് അനുകൂലമാണ് കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍. കെ സുധാകരന്റെ തീരുമാനമാകും കണ്ണൂരിലെ മേയറെ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാകുക. ബിജെപിയും കോണ്‍ഗ്രസും പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്നെ മേയര്‍മാരെ നിശ്ചയിക്കും. തിരുവനന്തപുരത്ത് ശ്രീലേഖയെ ബിജെപി ദേശീയ നേതൃത്വവും അംഗീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസും ഹൈക്കമാണ്ട് നിര്‍ദ്ദേശം പരിഗണിച്ചാകും മേയര്‍മാരെ പ്രഖ്യാപിക്കുക. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ നിലപാട് തൃശൂരില്‍ നിര്‍ണ്ണായകമാകും.

കൊച്ചിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന്റെ പേര് മാത്രമേ പരിഗണിക്കുന്നുള്ളൂ. ഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. മിനിമോളുടെ പേര് ചിലരുയര്‍ത്തിയെങ്കിലും ദീപ്തി മതിയെന്നാണ് കെപിസിസിയുടെ തീരുമാനം. രണ്ടു പേരുകാരും ഐ വിഭാഗത്തില്‍നിന്നായിരുന്നു. ദീപ്തി കെ.സി. വേണുഗോപാല്‍ വിഭാഗത്തിന്റെ ആളായാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ അറിയപ്പെടുന്നത്. കൊച്ചിയില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും വലിയൊരു നിരതന്നെയുണ്ട്. കഴിഞ്ഞ കൗണ്‍സിലില്‍ യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായ എം.ജി. അരിസ്റ്റോട്ടിലും ഡെപ്യൂട്ടി ലീഡറായിരുന്ന ഹെന്‍ട്രി ഓസ്റ്റിനും കൂടാതെ മുന്‍ കൗണ്‍സിലര്‍മാരായ മുതിര്‍ന്ന നേതാക്കളുടെയും വലിയ നിരതന്നെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനായുണ്ട്. കൊച്ചിയില്‍ വന്‍ വിജയം നേടിയ കോണ്‍ഗ്രസ് സമുദായിക പരിഗണനകള്‍ അടക്കം പരിശോധിച്ചാകും ഡെപ്യൂട്ടി മേയറെ നിശ്ചയിക്കുക.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിക്കുന്ന തീയതിയില്‍ ത്രിതല പഞ്ചായത്ത് പ്രസിഡന്റ്/വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരണാധികാരികള്‍ നടത്തും. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍, ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ തിരഞ്ഞെടുപ്പ് വരണാധികാരികളും കോര്‍പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ജില്ലാ കളക്ടര്‍മാരും നടത്തും.