- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തന്നെ പഠിപ്പിക്കേണ്ട, ഈ പണി തുടങ്ങിയിട്ട് കാലമേറെയായി'; പ്രസംഗം നീണ്ടപ്പോള്‍ കുറിപ്പ് നല്കിയ ഡി.വൈ.എഫ്.ഐ നേതാവിനെ വേദിയിലിട്ട് ശകാരിച്ച് എം.എം. മണി; മുതിര്‍ന്ന നേതാവ് അതിരു വിടുന്നുവെന്ന് സിപിഎം; എം.എം മണിക്ക് താക്കീത് നല്കാന് നേതൃത്വം; മണിയാശാന്റേത് സീറ്റ് കിട്ടാത്തതിന്റെ കലിപ്പോ?

നെടുങ്കണ്ടം: നെടുങ്കണ്ടത്തെ പൊതുവേദിയില്‍ യുവനേതാവിനെ പരസ്യമായി ശകാരിച്ച എം.എം. മണി എം.എല്‍.എയുടെ നടപടിയില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് കടുത്ത അമര്‍ഷം. മുതിര്‍ന്ന നേതാവ് തുടര്‍ച്ചയായി അതിരുവിടുന്നത് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നു എന്ന വിലയിരുത്തലിനെത്തുടര്‍ന്ന്, മണിയോട് വാക്കുകള്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കാന്‍ നേതൃത്വം തീരുമാനിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മണിയുടെ ഇത്തരം പ്രസ്താവനകള്‍ തിരിച്ചടിയാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച സെമിനാറില്‍ ഉദ്ഘാടകനായി എത്തിയതായിരുന്നു എം.എം. മണി. പ്രസംഗം നീണ്ടുപോവുകയും സദസ്സില്‍ നിന്ന് ആളുകള്‍ എഴുന്നേറ്റു പോകാന്‍ തുടങ്ങുകയും ചെയ്തതോടെയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയുമായ രമേശ് കൃഷ്ണന്‍ സമയം ഓര്‍മ്മിപ്പിച്ച് കുറിപ്പ് നല്‍കിയത്. ഇതോടെ ക്ഷുഭിതനായ മണി, **'താന്‍ ജനിക്കുന്നതിനും മുന്‍പേ ഞാന്‍ ഈ പണി തുടങ്ങിയതാണെന്നും എന്നെ പഠിപ്പിക്കാന്‍ വരേണ്ടെന്നു'**മും വേദിയിലിരുത്തി രമേശിനെ ശകാരിച്ചു. പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ച മണി ഉടന്‍ വേദി വിടുകയും ചെയ്തു.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.എം. മണിക്ക് മത്സരിക്കാന്‍ പാര്‍ട്ടി സീറ്റ് നല്‍കിയിരുന്നില്ല. ഇതിലുള്ള അമര്‍ഷമാണ് പാര്‍ട്ടിക്കുള്ളിലെയും പോഷക സംഘടനകളിലെയും നേതാക്കള്‍ക്കെതിരെയുള്ള മണിയുടെ പരസ്യ പ്രതികരണങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന. നേരത്തെ, ഓണ്‍ലൈന്‍ ഉദ്ഘാടനം നടത്തിയതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാനെതിരെയും മണി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഒരു മന്ത്രിക്കു നേരെ പാര്‍ട്ടിയിലെ തന്നെ മുതിര്‍ന്ന നേതാവ് പരസ്യമായി രംഗത്തെത്തിയത് സര്‍ക്കാരിനും പാര്‍ട്ടിക്കും വലിയ തലവേദനയുണ്ടാക്കിയിരുന്നു.
തിരഞ്ഞെടുപ്പ് ഗോദയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ മണിയുടെ ഇത്തരം അച്ചടക്കമില്ലാത്ത പെരുമാറ്റങ്ങള്‍ വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം കരുതുന്നു. യുവനേതാക്കളെ പരസ്യമായി അവഹേളിക്കുന്നത് യുവാക്കള്‍ക്കിടയില്‍ പാര്‍ട്ടിയോടുള്ള അതൃപ്തി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഈ പശ്ചാത്തലത്തിലാണ് മണിയെ നിയന്ത്രിക്കാന്‍ പാര്‍ട്ടി നേതൃത്വം അടിയന്തരമായി ഇടപെടുന്നത്.
പരസ്യ പ്രതികരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അണികള്‍ക്കും നേതാക്കള്‍ക്കും മാതൃകയാകണമെന്നും മണിയോട് പാര്‍ട്ടി കര്‍ശനമായി ആവശ്യപ്പെടും. അല്ലാത്തപക്ഷം തിരഞ്ഞെടുപ്പ് ഫലത്തെ ഇത് ബാധിക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പും നല്‍കിയേക്കും.


