- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉണ്ണിമുകുന്ദനുണ്ടാക്കിയ പ്രശ്നങ്ങള്‍ കൂടുതല്‍ മനസ്സ് മടുപ്പിച്ചു; ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ കോപ്പു കുട്ടുന്നവര്ക്ക് ഒപ്പം നിന്നാല്‍ പേരു ദോഷമുണ്ടാകുമെന്ന് ഉറപ്പിച്ചു; ഇടവേളയേയും സിദ്ദിഖിനേയും മുന്നില്‍ നിര്‍ത്തി നടത്തി പിന്‍സീറ്റ് ഡ്രൈവിംഗ് സാധ്യമാകില്ലെന്ന് തിരിച്ചറിവ്; ചേര്‍ത്തല ജയനോടും എതിര്‍പ്പ്; എന്തുകൊണ്ട് താര സംഘടനയോട് മോഹന്‍ലാല്‍ 'ബൈ' പറയുന്നു?
കൊച്ചി: താരസംഘടനയെ നയിക്കാനില്ലെന്ന മോഹന്‍ലാലിന്റെ നിലപാട് അമ്മയ്ക്ക് നല്‍കുന്നത് പുതിയ പ്രതിസന്ധി. താര സംഘടനയിലെ അംഗങ്ങള്‍ ഒന്നാകെ കൈപൊക്കി ആവശ്യപ്പെട്ടിട്ടും മോഹന്‍ലാല്‍ പിന്നോട് പോകുന്നത് സമീപ കാല വിവാദങ്ങള്‍ അടക്കം കണക്കിലെടുത്താണ്. ഉണ്ണി മുകുന്ദന്‍ അടക്കമുണ്ടാക്കിയ തലവേദനകളില്‍ ലാലിന് വേദനയുണ്ട്. ലാല്‍ പറഞ്ഞ് കേള്‍ക്കാതെ വിഷയം വഷളാക്കിയെന്നാണ് സൂചന. യുവ നടന്റെ ചിത്രം താര സംഘടനയുടെ ജനറല്‍ ബോഡി പോസ്റ്ററുകളില്‍ നിന്ന് പോലും നീക്കി. ഇതിനൊപ്പം ബാബുരാജിനെ പോലൊരു ജനറല്‍ സെക്രട്ടറി ഇനി അമ്മയ്ക്ക് എത്തുമെന്ന വിലയിരുത്തലും സജീവം. ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ എല്ലാം ലാല്‍ അറിഞ്ഞു. തിരക്കു പിടിച്ച അഭിനയ ജീവിതം ലാലിന് മുന്നിലുണ്ട്. തുടരും സിനിമയുടെ വന്‍ വിജയം നല്‍കിയത് ഈ സൂചനയാണ്. അതുകൊണ്ട് തന്നെ സിനിമകളിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാനാണ് ശ്രമം. വിവാദങ്ങള്‍ക്ക് പിറകെ പോയി ശത്രുക്കളെ സൃഷ്ടിക്കാനും ലാലിന് താല്‍പ്പര്യമില്ല.
അമ്മയുടെ ജനറല്‍ ബോഡിയില്‍ മോഹന്‍ലാലിനെപ്പോലെയുള്ള ഒരു ഗജവീരനാണ് അമ്മയുടെ പ്രസിഡന്റാകേണ്ടതെന്നു സുരേഷ് ഗോപി പ്രതികരിച്ചു. സംഘടന പ്രതിസന്ധി നേരിട്ടപ്പോള്‍ പ്രസിഡന്റ് എന്ന നിലയില്‍ ഒറ്റപ്പെടുത്താന്‍ ശ്രമമുണ്ടായതു മോഹന്‍ലാലിനെ വേദനിപ്പിച്ചുവെന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം. നടന്‍ ബൈജു സന്തോഷ് തന്റെ പ്രസംഗത്തിനിടെ മോഹന്‍ലാല്‍ തുടരണമെന്നുള്ളവര്‍ കൈ പൊക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അംഗങ്ങള്‍ ഒന്നടങ്കം കൈ പൊക്കി. സമ്മര്‍ദം മുറുകിയപ്പോള്‍ 'ഇനിയും സമയമുണ്ടല്ലോ, മത്സരിക്കുന്ന കാര്യമൊക്കെ പിന്നീടു തീരുമാനിക്കാമല്ലോ' എന്നു ലാല്‍ പ്രതികരിച്ചു. പക്ഷേ ലാല്‍ ഇനി മത്സരിക്കില്ലെന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹന്‍ലാല്‍ തീര്‍ത്തു പറഞ്ഞതോടെ മലയാളത്തിലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭരണസമിതി തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ്. മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനമായത്. അതുവരെ നിലവിലുള്ള അഡ്ഹോക് കമ്മിറ്റി തുടരും. പുതിയ ഭരണസമിതി നിലവില്‍ വരാത്തതിനാല്‍ മലയാള സിനിമ മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മറ്റു വിഷയങ്ങളൊന്നും ജനറല്‍ ബോഡിയില്‍ ചര്‍ച്ചയായില്ല. അതീവ രഹസ്യമായാണ് ചര്‍ച്ചകള്‍ നടത്തിയത്. കഴിഞ്ഞ തവണ ചര്‍ച്ചകള്‍ മുഴുവന്‍ തല്‍സമയം യു ട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലെ തര്‍ക്കം അടക്കം പൊതു സമൂഹത്തിലെത്തി. അതുകൊണ്ട് തന്നെ ഇത്തവണ ലൈവ് ഒഴിവാക്കി. ഏറെ നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവിലാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താനുള്ള തീരുമാനമുണ്ടായത്.
കഴിഞ്ഞ ഭരണസമിതിയുടെ പ്രസിന്റായിരുന്ന മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്തുമെന്ന് ഏവരും പ്രചരിപ്പിച്ചു. വോട്ടെടുപ്പില്ലാതെ തന്നെ മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് ജനറല്‍ ബോഡി തീരുമാനിച്ചു. രാജിവച്ച ശേഷം അഡ്ഹോക്ക് കമ്മിറ്റിയായി തുടരുന്നവര്‍ തന്നെ വീണ്ടും ഭരണസമിതിയില്‍ വരട്ടെ എന്നുള്ള ചര്‍ച്ചയും സജീവമാക്കി. ബാബുരാജ് ജനറല്‍ സെക്രട്ടറിയാക്കട്ടേ എന്നതായിരുന്നു ഈ ഗ്രൂപ്പിന്റെ നിലപാട്. എന്നാല്‍ ഇതൊന്നും ലാല്‍ അംഗീകരിച്ചില്ല. താന്‍ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹന്‍ലാല്‍ കടുത്ത നിലപാട് സ്വീകരിച്ചു. പല വിവാദങ്ങളിലും ചേര്‍ത്തല ജയന്‍ അടക്കമുള്ളവര്‍ സ്വീകരിച്ച പരസ്യ നിലപാടുകള്‍ ലാലിനെ വേദനിപ്പിച്ചിരുന്നു. 20ഓളം പേര്‍ ജനറല്‍ ബോഡിയില്‍ മോഹന്‍ലാലിനു വേണ്ടി ശക്തമായി വാദിച്ചു. മോഹന്‍ലാല്‍ തുടരുന്നില്ല എന്ന് വ്യക്തമാക്കിയതോടെ അംഗങ്ങള്‍ പ്രതിഷേധിച്ചു. എന്നാല്‍ നിലപാട് മാറ്റാന്‍ മോഹന്‍ലാല്‍ തയാറായില്ല.
തിരഞ്ഞെടുപ്പ് വരട്ടെയെന്നും പുതിയ ആളുകള്‍ നേതൃത്വത്തിലുണ്ടാകണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇതോടെയാണ് അഡ്‌ഹോക് കമ്മിറ്റി 3 മാസം കൂടി തുടരാനും അതിനു ശേഷം തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായത്. താന്‍ പ്രസിഡന്റാകാന്‍ ഇല്ലെന്നും സംഘടനയുടെ തലപ്പത്തേക്കു പുതിയ അംഗങ്ങളോ ചെറുപ്പക്കാരോ സ്ത്രീകളോ വരട്ടെയെന്നും മോഹന്‍ലാല്‍ നിലപാടെടുത്തു. അംഗങ്ങള്‍ക്കെതിരായ ലൈംഗിക ആരോപണങ്ങളില്‍ അമ്മയ്ക്കു ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്നതിനാല്‍ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നു. സംഘടന തിരഞ്ഞെടുപ്പിലേക്കു പോകുന്നതാണ് ഉചിതമെന്നും ലാല്‍ പറഞ്ഞു. കൈനീട്ടമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കാതെയാണ് ഇന്നലത്തെ യോഗം പിരിഞ്ഞത്. പുതിയ ഭരണസമിതി വന്നശേഷം ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കും. 500 അംഗങ്ങളില്‍ 320 പേര്‍ പൊതുയോഗത്തിനെത്തി. മുതിര്‍ന്ന നടന്‍ മധു ഓണ്‍ലൈനായി പങ്കെടുത്തു. ജഗതി ശ്രീകുമാര്‍ 15 വര്‍ഷത്തിന് ശേഷം യോഗത്തിന് എത്തി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ അമ്മ നേതൃത്വത്തിലെ ചിലര്‍ക്കെതിരെ ലൈംഗികാരോപണം ഉയരുകയും സെക്രട്ടറിയിയിരുന്ന സിദ്ദിഖ് രാജി വയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് അമ്മ ഭരണസമിതി ഒന്നാകെ രാജി വച്ചത്. പിന്നീട് അഡ്‌ഹോക് ഭരണമായി.




