- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്തുരിലെ ആയുർവേദ ആശുപത്രിയും റിസോർട്ടും ഉൾപ്പെടുന്ന പദ്ധതിയുടെ ഭരണതലപ്പത്ത് അടി മൂപ്പിച്ചത് ജയ്സണിന്റെ ഇടപെടൽ; രമേശിനെ മാറ്റി ഷാജിയെ കൊണ്ടു വന്നത് ഇപിയുടെ താൽപ്പര്യത്തിൽ; എംഡി മാറിയപ്പോൾ തെളിവുകൾ പിജെയ്ക്ക് കിട്ടി; കണ്ണൂർ സിപിഎമ്മിൽ ധ്രുവീകരണത്തിന് വഴിയൊരുക്കി ഇപി-പിജെ തർക്കം; വൈദേകം വിവാദത്തിൽ അന്വേഷണത്തിന് പിബിയും
കണ്ണൂർ: ആന്തുരിലെ ആയുർവേദ ആശുപത്രിയും റിസോർട്ടും ഉൾപ്പെടുന്ന പദ്ധതിയുടെ ഭരണതലപ്പത്ത് ഈയിടെ ഉണ്ടായ പടലപ്പിണക്കങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദമായി മാറിയതെന്നാണ് സൂചന. കണ്ണൂരിൽ ഇ.പി ജയരാജനെ അനുകൂലിക്കുന്നവരും പി ജയരാജനൊപ്പം നിൽക്കുന്നവരും എന്ന രീതിയിൽ ധ്രുവീകരണമുണ്ടായാൽ ആപത്ക്കരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിലെ ചിലർ ഭയപ്പെടുന്നുണ്ട്.
അതിനിടെ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്രകമ്മറ്റിയഗവുമായ ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ സിപിഎം കേന്ദ്ര നേതൃത്വം വിവരം തേടി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനോട് വിവരം തേടിയത്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ചേരുന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ സംസ്ഥാന ഘടകം ഉന്നയിച്ചാൽ വിഷയം ചർച്ച ചെയ്യും. ത്രിപുര തെരഞ്ഞെടുപ്പ് ഒരുക്കമാണ് പിബിയുടെ പ്രധാന അജണ്ട. അതിനാൽ വിശദമായ ചർച്ച തല്ക്കാലം ഉണ്ടാവില്ല. കേന്ദ്രകമ്മിറ്റി അംഗമായതിനാൽ ഇപി ജയരാജനെതിരെ അന്വേഷണത്തിന് പൊളിറ്റ് ബ്യൂറോയുടെ അനുമതി വേണമെന്നും നേതാക്കൾ സൂചിപ്പിച്ചു. സംസ്ഥാന ഘടകം ഉന്നയിച്ചാൽ പിബിയിൽ വിഷയം ചർച്ചയായേക്കും. ഇപി ജയരാജനെതിരായ പരാതിയിൽ പാർട്ടി അന്വേഷണത്തിനും സാധ്യതയുണ്ട്. ആരോപണമുന്നയിച്ച പി ജയരാജൻ രേഖാമൂലം പരാതി നൽകിയാൽ അന്വേഷണ കമ്മീഷനെ നിയോഗിക്കും.
രാഷ്ട്രീയക്കാരല്ലാത്ത പ്രവാസികളാണ് കണ്ണൂർ മൊറാഴ ഉടുപിക്കുന്നിലെ വൈദേകം ആയുർവേദ റിസോർട്ടിലെ ഡയറക്ടർമാരിൽ കൂടുതലും. ഏഴു നിക്ഷേപരാണ് ഇതിലുള്ളത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജയ്‌സൺ രാജും പട്ടികയിലുണ്ടെന്നത് പുതിയ കാര്യമല്ല. എന്നാൽ മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്നും തലശേരിയിലെ പ്രമുഖ ബിൽഡറും മുഖ്യമന്ത്രി പിണറായി വിജയൻ , പി.ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന കെ.പി രമേഷ് കുമാർ മാറിയതാണ് ഇപ്പോഴുള്ള വിവാദങ്ങൾക്ക് കാരണമായത്.
കഴിഞ്ഞ അഞ്ചു വർഷമായി രമേഷ് കുമാറായിരുന്നു എം.ഡി. ഇ.പി ജയരാജന്റെ മകൻ ജയ്‌സൺ രാജുമായി തെറ്റിയതാണ് രമേഷിന്റെ പുറത്തുപോകലിന് കാരണമായത്. രമേഷിന് പകരം വിദ്യാഭ്യാസ വാണിജ്യ രംഗങ്ങളിൽ പ്രവർത്തിച്ചു വരുന്ന കെ.സി ഷാജിയാണ് ചുമതല വഹിച്ചിരുന്നത്. ഇതിന് പിന്നിൽ ഇ.പിയുടെ ഇടപെടലുകളുണ്ടെന്ന പ്രചാരണമാണ് പാർട്ടിയെ ഉലയ്ക്കുന്ന വിവാദമായി മാറിയത്.
സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയംഗമായ പി.ജയരാജൻ ഉന്നയിച്ച വിമർശനങ്ങൾക്ക് വിശദീകരണം നൽകാതെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഒഴിഞ്ഞു മാറിയതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ കണ്ണൂരിലുണ്ട്. തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ് ഫെസ്റ്റിന്റെ നടത്തിപ്പുകാരനായ മണ്ഡലം എംഎൽഎ കൂടിയായ എം.വി ഗോവിന്ദനോട് ഈ വിഷയത്തിൽ മാധ്യമ പ്രവർത്തകർ പ്രതികരണം ആരാഞ്ഞു വെങ്കിലും അദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു..
വിവാദത്തിൽ ഇ.പി ജയരാജനും മൗനം തുടരുകയാണ്. ആകെ ഈ വിഷയത്തിൽ പി.ജയരാജൻ മാത്രമാണ് പ്രതികരിച്ചത്. പാർട്ടിക്കുള്ളിൽ പറഞ്ഞ കാര്യങ്ങൾ മാധ്യമ പ്രവർത്തകരോട് പുറത്തു പറയാൻ കഴിയില്ലെന്നായിരുന്നു പി.ജയരാജന്റെ പ്രതികരണം എന്നാൽ പാർട്ടിക്കുള്ളിൽ തെറ്റുതിരുത്തലുമായി ബന്ധപ്പെട്ട ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി ഉന്നത നേതാവായ ഇപി ജയരാജനെതിരെ താൻ പരാതി നൽകിയിട്ടില്ലെന്നായിരുന്നു പി.ജയരാജന്റെ മറുപടി.
പിണറായി - പാറപ്രം സമ്മേളനത്തിനത്തിന്റെ എൺപത്തിമൂന്നാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലുണ്ടെങ്കിലും ഈ വിഷയത്തിൽ ഇതുവരെ അദ്ദേഹം പ്രതികരിക്കാതെ മൗനം തുടരുകയാണ്. ഇന്നലെ ധർമ്മശാലയിൽ നടന്ന പൊതുപരിപാടിക്കിടെ മുഖ്യമന്ത്രി അതിരൂക്ഷമായ വിമർശനമാണ് മാധ്യമങ്ങൾക്കെതിരെ അഴിച്ചുവിട്ടത്. ചില മാധ്യമങ്ങൾ സംസ്ഥാനത്തിന്റെ പൊതു താൽപര്യത്തിന് എതിരു നിൽക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പാർട്ടിയിൽ ഒരു നേതാവ് ഒതുക്കപ്പെട്ട മറ്റൊരു നേതാവിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത് സിപിഎമ്മിൽ അസാധാരണ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇ.പി ജയരാജന് ബന്ധമുള്ള ആയുർവേദ റിസോർട്ടിന്റെ നിർമ്മാണം ആരംഭിച്ചത് അനുമതിയില്ലാതെയെന്ന് ആരോപണവും ശ്ക്തമാണ്. അനുമതികൾ പലതും നേടിയെടുത്തത് നിർമ്മാണം ആരംഭിച്ചതിന് ശേഷമാണെന്ന് പരാതിക്കാരനായ കെ.വി സജിൻ പറയുന്നു. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും വാങ്ങിയിരുന്നില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ബക്കളം യൂണിറ്റ് സെക്രട്ടറി കൂടിയായ സജിൻ പറയുന്നു. പരാതിയുമായി മുന്നോട്ട് പോയതിനെ തുടർന്ന് സജിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സിപിഎം നീക്കിയിരുന്നു. നിർമ്മാണ പ്രവർത്തനം നടക്കുന്നതിൽ ജനങ്ങൾക്ക് പരാതിയില്ലെന്ന റിപ്പോർട്ടാണ് തഹസിൽദാർ സമർപ്പിച്ചത്. അനുമതിയില്ലാതെ കുഴൽക്കിണർ കുഴിക്കുകയും, മലിനീകരണ ബോർഡിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്നും വിവരാവകാശ രേഖയിൽ വ്യക്തമായിരുന്നുവെന്നും സജിൻ പറഞ്ഞു.
ഇ.പി ജയരാജന് കൂടുതൽ കെണിയൊരുക്കുന്ന ആരോപണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പരാതി ഉന്നയിച്ചതിന്റെ പേരിൽ പുന്നക്കുളങ്ങര ബ്രാഞ്ച് അംഗത്വത്തിൽ പുറത്താക്കുകയായിരുന്നുവെന്ന് സജിൻ പറയുന്നു. യോഗങ്ങൾ അറിയിക്കാതിരിക്കുകയും പിന്നീട് യോഗത്തിൽ പങ്കെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് നീക്കിയത്. മലിനീകരണ നിയന്ത്രണ ബോർഡിന്റേയും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റേയും അനുമതി ലഭിക്കാതെയാണ് നിർമ്മാണ പ്രവർത്തനം എന്നത് പ്രചരിപ്പിച്ചതിന്റെ പേരിലാണ് സജിനെതിരെ നടപടിയുണ്ടായത്.




