- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുണ്ടേല മോഹനന് പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ബിനാമി; ആ ബാങ്കിനെ തളര്‍ത്തിയതും കോണ്‍ഗ്രസ് പ്രമുഖന്റെ കൈവിട്ടുള്ള പണമൂറ്റല്‍; കഴിഞ്ഞ ദിവസം രാത്രിയില്‍ പണം തിരികെ ചോദിച്ചപ്പോള്‍ സ്വന്തം നേതാവ് കൈമലര്‍ത്തിയത് വാക്കുതര്‍ക്കവും കശപിശയുമായി; രാവിലെ കോണ്‍ഗ്രസ് സഹകാരി മരിച്ച നിലയില്‍ അമ്പൂരിയിലും; ആത്മഹത്യാ എഫ് ഐ ആറില്‍ അടക്കം ദുരൂഹത
തിരുവനന്തപുരം: മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് മുണ്ടേല മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് ബിനാമി സ്വ്ത്തുമായി ബന്ധപ്പെട്ട ദുരൂഹതകള്‍. ബുധനാഴ്ച രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന നിഗമനത്തില്‍ കേസ് എഴുതി തള്ളാനാണ് നീക്കം. എന്നാല്‍ അതിന് അപ്പുറത്തേക്കുള്ള ദുരൂഹതകള്‍ ഈ കേസിനുണ്ട്. നെടുമങ്ങാട് നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവുമായി മോഹനന് വലിയ അടുപ്പമുണ്ട്. ഈ നേതാവിന്റെ ബിനാമിയാണ് മോഹനന്‍ എന്ന് പോലും കരുതുന്നവര്‍ കോണ്‍ഗ്രസിലുണ്ട്.
മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ ബാങ്കിലെ ക്രമക്കേട് സംബന്ധിച്ചുള്ള പരാതിയെ തുടര്‍ന്ന് മോഹനന്‍ ഒളിവിലായിരുന്നു. ഈ ബാങ്കിനെ പ്രതിസന്ധിയിലാക്കിയത് പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ വഴിവിട്ട ഇടപെടലുകളായിരുന്നു. ആദ്യമെല്ലാം ഇതിന് കൂട്ടു നിന്ന മോഹനന്‍ ഒടുവില്‍ പെട്ടെന്ന് മനസ്സിലായി. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ സംഘമാണ് മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം. യഥാസമയം പണം തിരികെ നല്‍കിയില്ലെന്ന പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മാസം സഹകരണ സംഘത്തില്‍ നിക്ഷേപകര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുക തിരികെ നല്‍കണമെന്ന ആവശ്യവുമായി സഹകരണ സംഘത്തിലെത്തിയ നിക്ഷേപകര്‍ക്ക് മുന്നില്‍ സെക്രട്ടറി കൈമലര്‍ത്തിയത് സംഘര്‍ഷത്തിന് ഇടയാക്കി. തുടര്‍ന്ന് പൊലീസും സഹകരണ വകുപ്പും നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ഈ മാസം അഞ്ചിനകം തുക മുന്‍ഗണനാ ക്രമത്തില്‍ തിരികെ നല്‍കാന്‍ ധാരണയായിരുന്നു.
എന്നാല്‍ ഇതിനുള്ള പണം കോണ്‍ഗ്രസ് പ്രമുഖന്‍ നല്‍കുമെന്നായിരുന്നു മുണ്ടേല മോഹനന്‍ പ്രതീക്ഷിച്ചത്. അതുണ്ടായില്ല. പാലക്കാട് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പേരില്‍ തിരുവനന്തപുരത്ത് നിന്നും മാറി നിന്ന നേതാവ് ഒടുവില്‍ കൈമലര്‍ത്തി. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ മോഹനനും നേതാവും തമ്മില്‍ നടന്നു. ഈ ചര്‍ച്ചകള്‍ വാക്കേറ്റവും അടിപിടിയുമായി എന്ന് സൂചനകളുണ്ട്. നേതാവ് പണം നല്‍കില്ലെന്ന തിരിച്ചറിവ് മോഹനനെ മാനസികമായി തളര്‍ത്തി. എല്ലാം പുറത്തു പറയുമെന്ന് മോഹനന്‍ നേതാവിനോട് പറഞ്ഞെന്നും സൂചനയുണ്ട്. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും പ്രതിസന്ധിയിലായ മുണ്ടേല മോഹനനാണ് മരിച്ചത്. പോലീസ് എഫ് ഐ ആറില്‍ കൊലപാതക സാധ്യതയൊന്നും പറയുന്നില്ല. സഹകരണ സംഘത്തിലെ പ്രശ്‌നങ്ങളുടെ മനോവിഷമത്തിലെ മരണമായി ഇതിനെ വിശദീകരിക്കുകയാണ് പോലീസ് എഫ് ഐ ആര്‍.
കാട്ടാക്കട അമ്പൂരി തേക്ക് പാറ എന്ന സ്ഥലത്ത് റിസോര്‍ട്ടിന് പുറകില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സഹകരണ ബാങ്കിലെ ക്രമക്കേടിനെ തുടര്‍ന്ന് ഒളിവിലായിരുന്നു മോഹനന്‍. എങ്ങനേയും പണം തിരികെ കൊടുത്ത് കേസൊഴിവാക്കുകയായിരുന്നു ലക്ഷ്യം. കുനിച്ച് മലയിലാണ് മുണ്ടേല മോഹനന്‍ മരിച്ച റിസോര്‍ട്ട്. ഇത് മോഹനന്റെ അനുജന്‍ ജയചന്ദ്രന്റെ പേരിലുള്ളതാണ്. ഒരു ദുരൂഹതയും മരണത്തില്‍ ഇല്ലാത്ത വണ്ണമാണ് പോലീസ് എഫ് ഐ ആര്‍ തയ്യാറാക്കിയിരിക്കുന്നത്. മോഹനന്‍ മരിച്ചതോടെ മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫയര്‍ സഹകരണ സംഘത്തിലെ പണം തട്ടിപ്പിലെ പ്രതിസന്ധിയെല്ലാം യഥാര്‍ത്ഥത്തില്‍ പണം തെട്ടിയെടുത്തവര്‍ക്ക് മോഹനന്റെ പേരില്‍ ആരോപിക്കാം. ഇതിലൂടെ സാധാരണക്കാര്‍ക്ക് പണം തിരികെ കിട്ടാത്ത അവസ്ഥയും വരും. എല്ലാ രഹസ്യങ്ങളും പറയുമെന്ന മുണ്ടേല മോഹനന്റെ വെളിപ്പെടുത്തലിന് മരണവുമായി ബന്ധമുണ്ടെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ ഇടതു ഭരണത്തില്‍ പോലും സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഉന്നതനാണ് മുണ്ടേല മോഹനനെ ബിനാമിയാക്കി റിസോര്‍ട്ടുകള്‍ അടക്കം നടത്തിയതെന്ന സൂചനകളുമുണ്ട്.
സഹകരണ സംഘത്തില്‍ 24 കോടി രൂപയുടെ അഴിമതി കണ്ടെത്തിയിരുന്നു. ജനങ്ങളുടെ പരാതിയെത്തുടര്‍ന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇതോടെ ഭരണസമിതി പിരിച്ചുവിട്ടു. ഗ്രാമീണ മേഖലയായ അരുവിക്കര പഞ്ചായത്തിലെ സാധാരണക്കാരായ ജനങ്ങളുടെ നിക്ഷേപങ്ങള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ഭരണസമിതി തട്ടിയെടുത്തെന്നാണ് പരാതി. 2004ല്‍ സംഘം പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണുള്ളത്. തിരുവനന്തപുരത്തെ ഡിസിസി പുനസംഘടനാ കാലത്ത് മുണ്ടേല മോഹനനെ ട്രഷററാക്കാനും ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ചില ഗ്രൂപ്പുകാരുടെ എതിര്‍പ്പുമൂലം അത് നടക്കാതെ പോയി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അടക്കം മത്സരിച്ചിട്ടുമുണ്ട് മുണ്ടേല മോഹനന്‍. വെള്ളറട പൊലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. പക്ഷേ ആത്മഹത്യാ കേസിന് അപ്പുറമുള്ള തെളിവെടുപ്പൊന്നും തുങ്ങി മരിച്ച സ്ഥലത്ത് ഉണ്ടായില്ല.
കണ്ടലയ്ക്കും നേമത്തിനും ശേഷം തിരുവനന്തപുരം ജില്ലയില്‍ നടന്ന വലിയ അഴിമതിയെന്ന ആരോപണം നേരിടുന്നതാണ് മുണ്ടേല സഹകരണസംഘം. ഭരണസമിതി മുന്‍പ്രസിഡന്റും പ്രദേശിക കോണ്‍ഗ്രസ് നേതാവുമായ മോഹനകുമാരന്‍ നായര്‍ എന്ന മുണ്ടേല മോഹനനെ കേന്ദ്രീകരിച്ചാണ് ആരോപണങ്ങളത്രയും ഉയര്‍ന്നത് . വെള്ളറടയ്ക്ക് സമീപം കൊണ്ടകെട്ടി മലയോട് ചേര്‍ന്നുള്ള റിസോര്‍ട്ടിലാണ് മൃതദേഹം കണ്ടത്. തിങ്കളാഴ്ച റിസോര്‍ട്ടിലെത്തിയ മോഹനനെ രാവിലെ ജീവനക്കാരാണ് മേല്‍ക്കൂരയിലെ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആറുമാസം മുമ്പാണ് സഹകരണസംഘം ഭരണസമിതിക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്. പണം കിട്ടാതെ വന്നതോടെ ഇവിടെ നിക്ഷേപകര്‍ പ്രതിഷേധത്തിലാണ്. മരിച്ച റിസോര്‍ട്ട് മുണ്ടേല മോഹനന്റേതാണെന്നാണ് ഏവരും പറഞ്ഞിരുന്നത്. എന്നാല്‍ പോലീസ് എഫ് ഐ ആര്‍ പ്രകാരം അത് അനുജന്‍ ജയചന്ദ്രന്റേതാണ്. ഈ റിസോര്‍ട്ട് അടക്കം ബിനാമി സമ്പാദ്യമാണെന്ന സൂചനകളാണ് ഇത് നല്‍കുന്നത്.
സഹകരണ റജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ 34 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. പ്രസിഡന്റ് ഉള്‍പ്പടെയുള്ള ഭരണസമിതി അംഗങ്ങള്‍ ബെനാമി പേരില്‍ വായ്പയെടുത്ത് കൂട്ടിയെന്നാണ് പ്രാഥമിക നിഗമനം. ഇതോടെ ഭരണസമിതിയെ പിരിച്ചുവിടുകയും അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏല്‍പ്പിക്കുകയും ചെയ്തു. മോഹനനെ രണ്ടാം പ്രതിയാക്കി 31 കേസുമെടുത്തതോടെയാണ് ഒളിവില്‍ പോയത്. തമിഴ്‌നാട്ടിലടക്കം ഒളിവില്‍ കഴിഞ്ഞ ശേഷം റിസോര്‍ട്ടിലെത്തി ജീവനൊടുക്കിയെന്ന് വരുത്താനാണ് ശ്രമം. എന്നാല്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലെ പ്രമുഖ നേതാവിനെ കട്ടു കൊണ്ടു പോയ പണമെല്ലാം വേണമെന്ന ആവശ്യം മോഹനന്‍ ഉയര്‍ത്തിയിരുന്നതായാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ മൂന്ന് മാസമായി നിക്ഷേപകര്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇന്നലെയും സമാനമായ പ്രതിഷേധം ബാങ്കില്‍ അരങ്ങേറിയിരുന്നു. സഹകരണ വകുപ്പിന്റെ അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ 34 കോടിയിലധികം രൂപയുടെ തിരിമറി നടത്തിയതായി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ വിവരം ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ബോര്‍ഡ് പിരിച്ച് വിട്ടു. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ ഈ മാസം 11നകം അറസ്റ്റ് ചെയ്യുവാനുള്ള നടപടികള്‍ എടുക്കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഭരണ സമിതി സമരക്കാരെ അറിയിച്ചുവെങ്കിലും ഇതു വരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി ഇതുവരെ 168 പരാതികളാണ് അരുവിക്കര പൊലീസിന് ലഭിച്ചത്. കഴിഞ്ഞദിവസം പണം നിക്ഷേപിച്ചിരുന്ന ഭിന്നശേഷിക്കാരായവര്‍ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാങ്കില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു. രാത്രി വൈകിയായിരുന്നു പ്രതിഷേധം അവസാനിപ്പിച്ചത്.