- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗോവിന്ദന്റെ അനുനയവും സമവായമായില്ല; പാർട്ടി പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നിലപാടിൽ മാറ്റമില്ലാത്ത കാരിരുമ്പു പോലെ തുടർന്ന് പയ്യന്നൂരിലെ ജനകീയ സഖാവ്; വി കുഞ്ഞികൃഷ്ണൻ അകത്തോ പുറത്തോ എന്ന് ഫെബ്രുവരി ഒന്നിന് അറിയാം; ഏരിയാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കണമെന്ന് പാർട്ടി ഉഗ്രശാസനം; ബഹിഷ്‌കരിച്ചാൽ പാർട്ടിയിൽ നിന്ന് പുറത്താക്കും
പയ്യന്നൂർ: സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ സമവായ നീക്കങ്ങൾ പാളിയതോടെ പയ്യന്നൂരിൽ പാർട്ടിയെ ബാധിച്ച വിഭാഗീയ പ്രശ്നങ്ങൾ പരിഹാരമായില്ല. പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്ന മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ നേതൃത്വം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും തന്റെ നിലപാടിൽ മാറ്റമില്ലാതെ കാരിരുമ്പുമാതിരു യാതൊരു കുലുക്കവുമില്ലാതെ നിൽക്കുകയാണ് പയ്യന്നൂരിലെ ഈ ജനകീയ നേതാവ്. ഇതോടെ തൊണ്ടയിൽ മുള്ളുകുടുങ്ങിയ അവസ്ഥയിലായിരിക്കുകയാണ് കണ്ണൂരിലെ പാർട്ടി നേതൃത്വം.
പാർട്ടിയോട് ഇടഞ്ഞു നിൽക്കുന്ന വി.കുഞ്ഞികൃഷ്ണനെ തിരിച്ചുകൊണ്ടുവരാൻ നടത്തിയ അനുനയ നീക്കങ്ങൾ പാളിയതോടെ അച്ചടക്കത്തിന്റെ വാൾ ഉയർത്തി വരുതിയിൽ നിർത്താനാണ് അടുത്ത പടിയായി നേതൃത്വം ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി പാർട്ടി ഫണ്ട് വിവാദത്തിനെ തുടർന്ന് കഴിഞ്ഞ ഏഴുമാസമായി പാർട്ടിപ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന പയ്യന്നൂർ മുൻ ഏരിയാ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെ ഏരിയാകമ്മിറ്റി സ്ഥാനത്തു നിന്നും സി.പി. എം ഒഴിവാക്കിയേക്കും.
തുടർച്ചയായി മൂന്ന് ഏരിയാകമ്മിറ്റിയോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ ഒഴിവാക്കണമെന്നാണ്പാർട്ടി ഭരണഘടനയിൽ പറയുന്നതെങ്കിലും പയ്യന്നൂരിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കുഞ്ഞികൃഷ്ണന് പാർട്ടി ജില്ലാ നേതൃത്വം ഇളവു നൽകുകയായിരുന്നു. എന്നാൽ ഇനിയതു തുടരേണ്ടെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയതായാണ് സൂചന. വരുന്ന ഫെബ്രുവരി ഒന്നിന് നടക്കുന്ന പയ്യന്നൂർ ഏരിയാകമ്മിറ്റിയോഗത്തിൽ കുഞ്ഞികൃഷ്ണൻ പങ്കെടുത്തില്ലെങ്കിൽ ഏരിയാകമ്മിറ്റിയിൽ നിന്നും ഒഴിവാക്കാനാണ് നീക്കം. സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ, സംസ്ഥാനകമ്മിറ്റിയംഗംപി.ജയരാജൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അന്ന് പാർട്ടി യോഗത്തിൽ കുഞ്ഞികൃഷ്ണൻ പങ്കെടുത്തില്ലെങ്കിൽ പയ്യന്നൂരിലെ ജനകീയ നേതാവ് പടിക്കു പുറത്താവുമെന്നാണ് സി.പി. എം കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
പാർട്ടിഫണ്ട് തിരിമറി ആരോപണമുന്നയിച്ചതിനു വി.കുഞ്ഞികൃഷ്ണനെതിരെ ഇതുവരെ പാർട്ടി നടപടിയെടുത്തില്ലെന്നു നേരത്തെ ജില്ലാസെക്രട്ടറി എം.വി ജയരാജൻ കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ ഈവിഷയം അടഞ്ഞ അധ്യായമാണെന്നു പറഞ്ഞു വി.കുഞ്ഞികൃഷ്ണൻ ഉയർത്തിയ ധാർമിക വിഷയങ്ങൾ പാർട്ടിയെ സംബന്ധിച്ചു ഗൗരവമുള്ളതല്ലെന്നു പറഞ്ഞു തള്ളിക്കളയുകയും ചെയ്തു.
എംഎൽഎയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയ തന്നെ വ്യക്തമായ വിശദീകരണം നൽകാതെ പാർട്ടി ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയതിലും കുറ്റാരോപിതർക്കെതിരെ ഗൗരകകരമല്ലാത്ത നടപടി പേരിന് മാത്രമായെടുത്തതിലും പ്രതിഷേധിച്ചാണ് കഴിഞ്ഞ ഏഴുമാസമായി വി.കുഞ്ഞികൃഷ്ണൻ പാർട്ടിയിൽ നിന്നും വിട്ടു നിൽക്കുന്നത്. എന്നാൽ കുഞ്ഞികൃഷ്ണനു പകരം സംസ്ഥാനകമ്മിറ്റിയംഗമായ ടി.വി രാജേഷിന് ഏരിയാ സെക്രട്ടറിയായി നിയോഗിച്ചുവെങ്കിലും ഇതു സ്ഥിരം സംവിധാനമല്ലെന്ന് അന്നേ പാർട്ടി വ്യക്തമാക്കിയിരുന്നു.
ഇതോടെ വി.കുഞ്ഞികൃഷ്ണനെ ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടു വരുന്നതിനായി അണിയറ നീക്കങ്ങൾ ശക്തമാക്കിയിരുന്നു. ഏരിയാസെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരാൻ വി.കുഞ്ഞികൃഷ്ണനു മേൽ അടുപ്പമുള്ള നേതാക്കളും പ്രവർത്തകരും കടുത്ത സമ്മർദ്ദം ചെലുത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. എന്നാൽ താൻ ഉന്നയിച്ച ആരോപണങ്ങളിൽ വ്യക്തത വരുത്താതെ പാർട്ടിയിൽ സജീവമാകാൻ കഴിയില്ലെന്നാണ് വി.കുഞ്ഞികൃഷ്ണൻ ഇവരെ അറിയിച്ചത്. സി.പി. എം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ സ്ഥാനമേറ്റതിനു ശേഷമാണ് വി.കുഞ്ഞികൃഷ്ണനെ പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവരാൻ അണിയറ ചർച്ചകൾ തുടങ്ങിയിത്.
എന്നാൽ ഇതൊന്നും വിജയിച്ചില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതി ഗതികൾ സൂചിപ്പിക്കുന്നത്. ധനരാജ് രക്തസാക്ഷി ഫണ്ടുവെട്ടിപ്പുമായി ബന്ധപ്പെട്ടു ആരോപണവിധേയനായ ടി. ഐ മധുസൂദനനും സംഘവും പയ്യന്നൂരിലെ പാർട്ടിയിൽ ഇപ്പോഴും നിർണായക ശക്തിതന്നെയാണ്. ഇവരാണ് പയ്യന്നൂരിലെ പാർട്ടിയെ ഇപ്പോഴും നിയന്ത്രിക്കുന്നത്. എന്നാൽ പയ്യന്നൂരിലെ ജനകീയ സ്വാധീനമുള്ള വി.കുഞ്ഞികൃഷ്ണൻ പാർട്ടിയിൽ നിന്നും പുറത്തുപോകേണ്ടിവന്നത് പ്രവർത്തകരിൽ കടുത്ത അമർഷം സൃഷ്ടിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തവരുന്ന സാഹചര്യത്തിൽ വി.കുഞ്ഞികൃഷ്ണൻ അകന്നു നിൽക്കുന്നത് സി.പി. എമ്മിന് ചില്ലറ തലവേദനയൊന്നുമല്ല സൃഷ്്ടിക്കുന്നത്.തളിപറമ്പ് മാന്ധംകുണ്ട് സഖാവായ കോമത്ത് മുരളീധരനെപ്പോലെ വി.കുഞ്ഞികൃഷ്ണനും സി.പി. ഐയിലേക്ക് മറുകണ്ടം ചാടുമോയെന്ന ആശങ്കയും ശക്തമാണ്.




