- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുഹൃത്തിന് വേണ്ടി മൊബൈൽ ഫോൺ വാങ്ങാൻ പോയപ്പോൾ നൽകിയത് സ്വന്തം ക്രെഡിറ്റ് കാർഡ് നമ്പർ; മാസന്തോറും ഇ എം ഐ മാത്രം അടച്ചാൽ മതിയെന്ന് മൈ ജി ഷോറൂം; അക്കൗണ്ടിൽ നിന്ന് ഓരോ മാസവും പിടിക്കുന്നത് ഇ എം ഐക്ക് പുറമേ ജിഎസ്ടിയും പലിശയും; ഇത് തട്ടിപ്പെന്ന് മലപ്പുറം സ്വദേശി; മൈജിയിലെ തട്ടിപ്പെന്ന് ആരോപണം
മലപ്പുറം: മൊബൈൽ ഷോപ്പ് രംഗത്തെ ശൃംഖലയായ മൈജിയിൽ നിന്നും മൊബൈൽ ഫോൺ വാങ്ങിച്ച ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് അധികം പണം ഈടാക്കിയതായി പരാതി. മലപ്പുറം കോട്ടപ്പടിയിലെ മൈജി ഷോറൂമിൽനിന്നും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇ.എം.ഐ വഴി വാങ്ങിച്ച ഫോണിനാണ് മൈജിയിൽനിന്നും പറഞ്ഞ തുകയേക്കാൾ ഓരോമാസവും പലിശയും ജി.എസ്.ടിയും അധികം ഈടാക്കുന്നതെന്ന് പരാതിക്കാരനായ മലപ്പുറം കോഡൂർ സ്വദേശി നിസാർ പറഞ്ഞു.
ഇതിന്റെ രേഖകളും മൈജി ഷോറൂമിലെ ജീവനക്കാരൻ അയച്ചു നൽകിയ സന്ദേശവും നിസാർ തെളിവായി നരത്തുന്നു. സംഭവത്തെ കുറിച്ചു പരാതിക്കാരൻ പറയുന്നത് ഇങ്ങനെയാണ്:
സുഹൃത്തിനുവേണ്ടി മൊബൈൽ ഫോൺ വാങ്ങിക്കാനായാണ് കഴിഞ്ഞ സെപ്റ്റംബർ 19ന് മൈജിയുടെ ഷോറൂമിലെത്തുന്നത്. തന്റെ പക്കലുള്ള എസ്.ബി.ഐയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നതെന്നും, സുഹൃത്തിനുവേണ്ടിയാണ് വാങ്ങിക്കുന്നതെന്നും പറഞ്ഞു. തുടർന്ന് ക്രെഡിറ്റ് കാർഡ് പരിശോധിച്ച ശേഷം അധികം തുക അടവ് വരില്ലെന്നും ഇ.എം.ഐ തുക മാത്രം അടച്ചാൽ മതിയാകുമെന്നും പറഞ്ഞു.
എന്നാൽ ഇത്തരത്തിൽ എല്ലാ ഫോണുകളും വാങ്ങിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ചില ഫോണുകൾ മാത്രം കാണിച്ചു നൽകി. ഈ ഫോണുകൾക്കു മാത്രമാണ് ഇൻട്രസ്റ്റ് ഒഴിവാക്കുകയെന്ന് പറഞ്ഞു. പണം പിടിക്കുന്നത് ക്രെഡിറ്റ് കാർഡ് ആണെങ്കിലും ഇത്തരം ഫോണുകൾക്കു മാത്രമുള്ള ഓഫർ ആണെന്ന് പറഞ്ഞാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഈ സമയത്ത് ഇക്കാര്യങ്ങൾ തനിക്ക് മനസ്സിലായിരുന്നില്ല. തുടർന്ന് ഇവർ കാണിച്ചു നൽകിയ ഫോണുകളിൽ നിന്നും ഒന്നു തന്നെയെടുത്തു. ഫോൺ വാങ്ങിക്കാൻ ഈ സമയത്തു സുഹൃത്തും വന്നിരുന്നു. ഇവർകൂടി പരിശോധിച്ച ശേഷമാണ് ഫോൺ എടുത്തത്.
ഓപ്പോയുടെ എഫ്-21 എസ്. പ്രോയാണ് സെലക്ട് ചെയ്തത്. ഇതിന് 25999 രൂപയാണ് വിലയിട്ടത്. തുടർന്ന് ഇ.എം.ഐ തുക 2240.99രൂപ യാണെന്ന് പറഞ്ഞ് ബില്ലും നൽകി. ആദ്യഘട്ടത്തിൽ ചെറിയൊരു തുക പ്രോസസിംങ് തുക പിടിക്കുമെന്ന് പറഞ്ഞു. അതു ക്രെഡിറ്റ് കാർഡിൽ നിന്നും പിടിക്കുകയും ചെയ്തു. ഇനി മറ്റു തുകയൊന്നും ഉണ്ടാകില്ലെന്നും ഇ.എം.ഐ തുക മാത്രം അടച്ചാൽ മതിയെന്നും പറഞ്ഞാണ് ഫോൺ നൽകിയത്.
ഈ സമയത്ത് കാർഡ് പരിശോധിച്ച് ഉറപ്പുവരുത്തിയാണ് ഇക്കാര്യങ്ങൾ ഇവർ പറഞ്ഞത്. എന്നാൽ പിന്നീട് ഓരോമാസവും ഇ.എം.ഐ തുക പിടിക്കുന്നതിന് പുറമെ ഇൻട്രസ്റ്റ് ആയി 245.41രൂപയും, ജി.എസ്.ടി എന്നു പറഞ്ഞ് 44.17രൂപയും അക്കൗണ്ടിൽനിന്നും പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. രണ്ടുമാസം തുടർച്ചയായി തുക പോയതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് മൈജിയിൽ നേരിട്ടെത്തി കാര്യം അന്വേഷിച്ചത്.
എന്നാൽ ഈ സമയത്ത് ഇവർ കൈമലർത്തുകയായിരുന്നു. ഇത് ഞങ്ങൾക്കറിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും യുവാവ് പറഞ്ഞു. ശേഷം അന്വേഷിച്ച് മറുപടി നൽകാമെന്ന് പറഞ്ഞ് മൈജിയിൽനിന്നും തനിക്ക് അയച്ച ജീവനക്കാരന്റെ ശബ്ദ സന്ദേശവും തെളിവിന് ആധാരമായി യുവാവ്് ചൂണ്ടിക്കാട്ടി. കാർഡിനെ കുറിച്ചുള്ള വിവരങ്ങൾ ഇവർക്ക് അറിയില്ലെങ്കിൽ നേരത്തെ തന്നെ ഇക്കാര്യം വ്യക്തമാക്കണമായിരുന്നുവെന്നും ഇവിടെ നടന്നത് തികച്ചും തട്ടിപ്പാണെന്നും ഇത്തരത്തിൽ അധികം ചാർജ് പിടിക്കുന്നുണ്ടെങ്കിൽ താൻ ഫോൺ വാങ്ങുമായിരുന്നില്ല.
ഇത് തനിക്കു മാത്രമുള്ള അനുഭവമാകില്ല. ഇത്തരത്തിൽ ഇവരുടെ തട്ടിപ്പ് പലരും ഇരയായിട്ടുണ്ടാകും. ഇത് അവസാനിപ്പിക്കാൻ താൻ ഇക്കാര്യം നിയമപരമായി നേരിടാൻ ഒരുങ്ങുകയാണെന്നും നിസാർ വ്യക്തമാക്കി. മൈജിയിലെ ജീവനക്കാരുടെ വാക്കുകേട്ടാണ് താൻ ഫോൺ വാങ്ങിച്ചത്. അവർക്ക് അറിവില്ലാത്ത കാര്യമാണെങ്കിലും അത് അവർ പറയണമായിരുന്നു. അവസാനം ക്രെഡിറ്റ് കാർഡിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് കൈമലർത്തുന്നത് ഉപഭോക്താക്കളെ വഞ്ചിക്കുന്നത് തുല്യമാണെന്ന് യുവാവ് ആരോപിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്