കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തില്‍ വേണ്ടത് സത്യസന്ധമായ അന്വേഷണമെന്ന വാദം ശക്തമാക്കി പുതിയ വിവരങ്ങള്‍ പുറത്ത്. നവീന്‍ ബാബുവിനെ കൊലപ്പെടുത്താനും സാധ്യതകള്‍ ഏറെയാണ്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ പെട്രോള്‍ പമ്പ് വിവാദത്തിന് അപ്പുറമുള്ള ശത്രുക്കള്‍ നവീന്‍ ബാബുവിന് പിന്നാലെയുണ്ടായിരുന്നു. കളക്ടറേറ്റിലെ യാത്ര അയപ്പ് ചടങ്ങിലെ വേദനിപ്പിക്കും അനുഭവം കഴിഞ്ഞ് താക്കോലും ഏല്‍പ്പിച്ച് കാറില്‍ കയറിയ നവീന്‍ ബാബു ഇറങ്ങിയത് മുനീശ്വരം ക്ഷേത്രത്തിന് അടുത്താണ്. അവിടെ തൊട്ടടുത്താണ് പയ്യാമ്പലം ബീച്ച്. നവീന്‍ ബാബു ബീച്ചിലേക്ക് പോകാനും അവിടെ ആരെയെങ്കിലും കാണാനുമെല്ലാം സാധ്യത ഏറെയാണ്. നവീന്‍ ബാബു മരിച്ചു കിടന്ന ക്വാര്‍ട്ടേഴ്‌സിലെ വാതിലുകള്‍ തുറന്നു കിടന്നതും ദുരൂഹത കൂട്ടുകയാണ്. എന്നാല്‍ ഇതിലേക്കൊന്നും അന്വേഷണം നീളുന്നില്ല. ദിവ്യയെ ആത്മഹത്യാ പ്രേരണയില്‍ പ്രതിയാക്കി അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം. ഇതിനിടെയാണ് നവീന്‍ ബാബു ഇടപെട്ട മറ്റൊരു വിഷയവും ചര്‍ച്ചകളിലേക്ക് എത്തുന്നത്. ഭൂമി മാഫിയയുമായി നവീന്‍ ബാബു നിരന്തര ഏറ്റുമുട്ടലിലാണെന്ന് തെളിയിക്കുന്നതാണ് ഈ വസ്തുത. ടിടികെ ദേവസ്വം ഭൂമി കൈയ്യേറിയ മാഫിയയ്ക്ക് സമാനമായ മറ്റൊരു ക്രിമിനല്‍ സംഘവും ചെങ്ങളായി മേഖലയിലുണ്ട്. ഇവരും സംശയ നിഴലിലാണ്. എന്നാല്‍ പോലീസ് ഇതൊന്നും അന്വേഷിക്കുന്നില്ല.

33 വര്‍ഷം മുന്‍പ് അധികൃതര്‍ അളന്നുതിരിച്ച് അനുവദിച്ച ഭൂമി തേടി മിച്ചഭൂമി ലഭിച്ചവര്‍ അലഞ്ഞു തിരിയുന്നത്. ചുഴലി വില്ലേജിലെ കൊളത്തൂര്‍, ഇരുവള്ളൂര്‍, മാവിലംപാറ, കിരാത്ത് പ്രദേശത്താണ്. ഭൂമി കിട്ടിയ ആളുകളാണ് തങ്ങള്‍ക്ക് അനുവദിച്ച സ്ഥലം തേടി നടക്കുന്നത്. റവന്യു ഓഫീസുകള്‍ മാറി മാറി കയറിയിട്ടും പരിഹാരം ലഭിക്കുന്നില്ലെന്നാണ് പരാതി അവര്‍ ഉയര്‍ത്തി. പ്ലോട്ട് 872 അസൈനാര്‍ തട്ടുകുന്നുമ്മല്‍ ചെങ്ങളായി, പ്ലോട്ട് 870 മുസ്തഫ ചെങ്ങളായി, ഫ്‌ളോട്ട് 871 സക്കീന ചപ്പാരപ്പടവ്, ഫ്‌ളോട്ട് 853 കാനംവളപ്പില്‍ ഓമന, കോട്ടൂര്‍ ഫ്‌ളോട്ട് 353 ഇടച്ചേരിയില്‍ നാരായണി മുയ്യം തുടങ്ങി നിരവധി പേരാണ് ഭൂമി ഏതാണെന്നറിയാതെ വലയുന്നത്. ഇവരുടെ പ്രശ്‌നങ്ങള്‍ എഡിഎമ്മായ നവീന്‍ ബാബുവിനും മുന്നിലെത്തി. ഭൂ മാഫിയയെ കണ്ടെത്തിയ നവീന്‍ ബാബുവിന്റെ ഇടപെടലുകള്‍ വിജിലന്‍സ് കേസായും മാറി. ഇതില്‍ നിരവധി പ്രമുഖര്‍ക്ക് നവീന്‍ ബാബുവുമായി പകയുണ്ട്. ഇവരെല്ലാം ചേര്‍ന്ന് നവീന്‍ ബാബുവിനെ വകവരുത്താനും സാധ്യത ഏറെയാണ്. കൊലപതാകത്തെ ആത്മഹത്യാ പ്രേരണയാക്കാനുള്ള കുതന്ത്രങ്ങളും നടന്നേക്കും. ഈ ലോബിയുമായി പിപി ദിവ്യയ്ക്കും അടുത്ത ബന്ധമുണ്ടെന്നത് വ്യക്തമാണ്. സിപിഎമ്മിലെ പല പ്രമുഖരും ഇതില്‍ പങ്കാളികളാണ്. അതുകൊണ്ടാണ് ദിവ്യയ്‌ക്കെതിരായ സംഘടനാ നടപടി നീണ്ടു പോകുന്നതെന്നും വിലയിരുത്തലുണ്ട്.

മുഖ്യമന്ത്രിയുടെ നവകേരളസദസ്സില്‍ ഇതുസംബന്ധിച്ച് അസൈനാര്‍ തട്ടുകുന്നുമ്മല്‍, റംലത്ത് നടുക്കുന്നുമ്മല്‍ എന്നിവര്‍ പരാതി നല്‍കുകയുണ്ടായി. വില്ലേജില്‍ ഇപ്പോള്‍ ഡിജിറ്റല്‍ സര്‍വേ നടക്കുകയാണെന്നും ആവശ്യമായ രേഖകളുമായി സര്‍വേ ടീമിനെ ചെന്ന് കണ്ടാല്‍ ബന്ധപ്പെട്ട സര്‍വേ നമ്പറില്‍ അളന്നുതിരിച്ചു തരുമെന്നുമാണ് തളിപ്പറമ്പ് തഹസില്‍ദാര്‍ ഇതിന് മറുപടി നല്‍കിയിട്ടുള്ളത്. എന്നാല്‍, സ്ഥലത്തെത്തുമ്പോള്‍ ഭൂമാഫിയയുമായി ബന്ധമുള്ളവര്‍ ഭീഷണിപ്പെടുത്തുന്നതായാണ് ഇവര്‍ പറയുന്നത്. ഓട്ടോറിക്ഷാ തൊഴിലാളിയാണ് അസൈനാര്‍. തന്റെ ഭൂമി കൈയ്യേറി വ്യാജരേഖ നിര്‍മിച്ചതായി കാണിച്ച് കൊളത്തൂരിലെ കെ. ചിയ്യേയി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ചുഴലി വില്ലേജ് ഓഫീസില്‍ മിന്നല്‍ പരിശോധന ഉള്‍പ്പെടെ നടത്തി വിജിലന്‍സ് അന്വേഷണം നടത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചു. വ്യാജരേഖ നിര്‍മിച്ച് കൈവശപ്പെടുത്തിയവര്‍ മറിച്ചു നല്‍കിയ സ്ഥലത്താണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്ഥാപനവും പാര്‍ട്ടി ഓഫീസും പണിയുന്നതെന്നും പരാതിയുണ്ട്. ഈ പരാതികളൊന്നും മുമ്പ് ആരും ഗൗരവത്തോടെ എടുത്തില്ല. അനീഷ് എന്നയാള്‍ നല്‍കിയ പരാതിയില്‍ നവീന്‍ ബാബു നടപടികള്‍ എടുത്തു. ഇതാണ് വിജിലന്‍സ് അന്വേഷണമായത്. ഇതില്‍ പക പൂണ്ട കൊടും ക്രിമിനലുകളും കണ്ണൂരിലുണ്ടായിരുന്നു.

ചുഴലി വില്ലേജില്‍ ഡിജിറ്റല്‍ സര്‍വേനടപടികള്‍70 ശതമാനം പൂര്‍ത്തിയായി. നിടുവാലൂ, ചുഴലി, കൊളത്തൂര്‍ എന്നിങ്ങനെ മൂന്ന് ദേശങ്ങളായി തിരിച്ചാണ് അളക്കുന്നത്. കൊളത്തൂരില്‍ സര്‍വേ തുടങ്ങി. ഇവിടെ 25 സെന്റ് സ്ഥലം വെച്ച് 800 പ്ലോട്ടുകള്‍ ഭൂമിയില്ലാത്തവര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍പ്പെടുന്നവര്‍ക്കാണ് സ്ഥലം ഇനിയും കണ്ടെത്താന്‍ കഴിയാത്തത്. ഡിജിറ്റല്‍ സര്‍വേക്ക് ശേഷം തഹസില്‍ദാരും റവന്യു ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന പരാതി പരിഹാര കമ്മിറ്റി രൂപവത്കരിക്കാന്‍ നിര്‍ദേശമുണ്ട്. ബന്ധപ്പെട്ട കമ്മിറ്റി വിശദ പരിശോധന നടത്തിയേ അധികമായ ഭൂമി കൈവശം വെക്കാന്‍ വിട്ടുകൊടുക്കുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്. തര്‍ക്കങ്ങളില്ലാത്തതും മിച്ചഭൂമിയോ സര്‍ക്കാര്‍ ഭൂമിയോ അല്ലാത്തതുമായ സ്ഥലം മാത്രമാണ് ഫെയര്‍വാല്യു നിശ്ചയിച്ച് അനുവദിക്കുകയുള്ളൂ. എന്നാല്‍ പാവങ്ങള്‍ക്ക് മിച്ചഭൂമി ലഭിച്ച സ്ഥലത്തേക്ക് കടന്നുപോകാന്‍ പറ്റാത്ത സ്ഥിതിയാണ്. കൈയ്യേറിയവര്‍ ആക്രമിക്കാന്‍ വന്നതിനാല്‍ സ്ഥലത്ത് പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നതായിരുന്നു അവസ്ഥ. ഇവിടെയാണ് നവീന്‍ ബാബു ഇടപെടല്‍ നടത്തിയത്. ഈ ഭൂമാഫിയേയും സംശയിക്കേണ്ടതുണ്ടെന്നാണ് നവീന്‍ ബാബുവിനെ സ്‌നേഹിക്കുന്നവര്‍ പറയുന്നത്.

ദിവ്യക്ക് പിന്നാലെ മാഫിയ തലവന്മാര്‍ എത്തിയോ? എഡിഎമ്മിനെ കൊന്നതോ? എഡിഎമ്മിനെ കൊന്ന് തള്ളിയതാവാന്‍ മറ്റൊരു കാരണം കൂടി- ഈ വാര്‍ത്തയുടെ വിശദ വീഡിയോ സ്‌റ്റോറി ചുവടെ


ദിവ്യ ആരോപണമുന്നയിച്ച കേസില്‍ എ.ഡി.എം. നവീന്‍ ബാബുവിനെതിരേ തെളിവില്ലെന്നു വ്യക്തമാക്കി ലാന്‍ഡ് റവന്യു ജോ. കമ്മിഷണര്‍ എ. ഗീതയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചിട്ടുണ്ട്. നവീനിന്റെ നിരപരാധിത്വം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മന്ത്രി കെ. രാജനാണ് മുഖ്യമന്ത്രിക്കു കൈമാറിയത്. മന്ത്രിക്കുപുറമേ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും റിപ്പോര്‍ട്ട് അംഗീകരിച്ചിരുന്നു. ഉദ്യോഗസ്ഥതലത്തിലുള്ള തെളിവെടുപ്പിന്റെ ഭാഗമായുള്ള സാക്ഷിമൊഴികളും വിശദീകരണവുമാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. നവീനിന്റെ മരണവുമായി ബന്ധപ്പെട്ടുനടന്ന സംഭവങ്ങളെക്കുറിച്ചായിരുന്നു പരിശോധന. യാത്രയയപ്പിനുശേഷം തന്റെ ചേംബറിലെത്തി നവീന്‍ ബാബു തെറ്റുപറ്റിയെന്നു പറഞ്ഞതായുള്ള കളക്ടറുടെ മൊഴി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്ത് ഉദ്ദേശിച്ചാണ് തെറ്റുപറ്റിയതായി കളക്ടര്‍ പറഞ്ഞതെന്നതിനെക്കുറിച്ച് വിശദീകരണമില്ല. മൊഴിയെടുക്കല്‍ എന്നനിലയിലല്ല, കളക്ടറുടെ വിശദീകരണക്കുറിപ്പാണ് റിപ്പോര്‍ട്ടില്‍ ഉള്ളടക്കമായി ചേര്‍ത്തിട്ടുള്ളത്. ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നതടക്കമുള്ള സംഘാടകരുടെ വിശദീകരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, എ.ഡി.എമ്മിനെതിരേ ഉയര്‍ന്ന കൈക്കൂലി ആരോപണം പൂര്‍ണമായി നിഷേധിക്കുന്നതരത്തിലാണ് റിപ്പോര്‍ട്ട്. കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്ന ഈ വിലയിരുത്തല്‍, ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിലും നിര്‍ണായകമാവും. റിപ്പോര്‍ട്ടിലെ തുടര്‍നടപടി മുഖ്യമന്ത്രി തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.