കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് സംഭവങ്ങള്‍ എത്തിയതിന് പിന്നിലെ ക്രിമിനല്‍ ഗൂഡാലോചന പുതിയ തലത്തിലേക്ക്. പിപി ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്റെ വെളിപ്പെടുത്തല്‍ അടക്കം നിര്‍ണ്ണായകമാണ്. കേസില്‍ നിന്നും തലയൂരാന്‍ തെറ്റായ വാദങ്ങളാണ് ദിവ്യ മുമ്പോട്ട് വയ്ക്കുന്നതെന്ന് വ്യക്തം. എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്ന് പറയുന്ന ഒക്ടോബര്‍ ആറിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എഡിഎം ഓഫീസില്‍ നിന്ന് തന്റെ ക്വാര്‍ട്ടേര്‍സിലേക്ക് നടന്നുപോകുമ്പോള്‍ പിന്തുടര്‍ന്ന് വന്ന സ്‌കൂട്ടര്‍ യാത്രികന്‍ എഡിഎമ്മിന്റെ അരികിലേക്ക് വാഹനം കൊണ്ടുവന്ന ശേഷം, വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തില്‍ പോകുന്നതാണ് ദൃശ്യം. എഡിഎമ്മിനെ പിന്തുടര്‍ന്ന സ്‌കൂട്ടര്‍ യാത്രികന്‍ പ്രശാന്തനാണ് എന്ന് പൊലീസ് സംശയിക്കുന്നു. ഒക്ടോബര്‍ ആറ് അവധി ദിവസമായിരുന്നു. പ്രശാന്തനെന്ന് ഏറെ കുറേ ഉറപ്പായിട്ടുണ്ട്. അതേ ദിവസം വീട്ടിനുള്ളില്‍ വച്ചാണ് കളക്ടറെ പ്രശാന്തന്‍ കണ്ടതെന്നാണ് പറഞ്ഞു വച്ചത്. എന്നാല്‍ ആ കൂടിക്കാഴ്ച പുറത്തായിരുന്നു. പ്രശാന്തന്റേയും എഡിഎമ്മിന്റേയും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഒരു സ്ഥലത്ത് രേഖപ്പെടുത്താനുള്ള ഗൂഡാലോചനയായി ഇതിനെ കാണാം.

കണ്ണൂര്‍ പള്ളിക്കുന്നില്‍ കെഎംഎം വിമന്‍സ് കോളേജിന് സമീപത്തെ ക്വാര്‍ട്ടേര്‍സിലേക്ക് എഡിഎം നടന്നുപോകുമ്പോഴാണ് സ്‌കൂട്ടറിലെത്തിയ ആള്‍ അടുത്തേക്ക് വന്നത്. ഒക്ടോബര്‍ ആറിന് എഡിഎമ്മിന്റെ വീട്ടില്‍ പോയി 98500 രൂപ കൈക്കൂലിയായി നല്‍കിയെന്നാണ് പ്രശാന്തന്റെ ആരോപണം. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചത്. എന്നാല്‍ വീട്ടിലേക്ക് പ്രശാന്തന്‍ കയറയിട്ടില്ല. നവീന്‍ ബാബു മരിക്കുമെന്നും അന്ന് ചര്‍ച്ച ചെയ്യാന്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അനിവാര്യമാണെന്ന ക്രിമിനല്‍ ബുദ്ധിയല്ലേ ഈ വരവിന് പിന്നിലെന്ന സംശയം ശക്തമാണ്. അതിനിടെ എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കി എന്നാരോപിച്ച് ടി വി പ്രശാന്തന്‍ നല്‍കിയ പരാതി വ്യാജമെന്ന് തെളിയുന്നു. പരാതിയിലെ പ്രശാന്തന്റെ ഒപ്പും പെട്രോള്‍ പമ്പിന്റെ ഭൂമിക്കായുള്ള പാട്ടക്കരാറിലെ ഒപ്പും വ്യത്യസ്തമാണ്. പേരുകളിലും വൈരുധ്യമുണ്ട്. പരാതിയില്‍ പേര് പ്രശാന്തന്‍ എന്നും പാട്ട കരാറില്‍ പ്രശാന്ത് എന്നുമാണ് രേഖപ്പെടുപത്തിയത്. ഇതിനൊപ്പമാണ് തന്നെ ക്ഷണിച്ചത് കളക്ടറാണെന്ന ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കള്ളം പറച്ചില്‍.

ക്വാര്‍ട്ടേഴ്സിന്റെ താക്കോല്‍ നവീന്‍ ബാബു നേരത്തെ കൈമാറാനാണ് സാധ്യത. കാരണം സ്ഥലം മാറ്റം കിട്ടിയ നവീന്‍ ബാബു സാധനങ്ങളുമായാണ് കളക്ടറേറ്റില്‍ എത്തിയത്. യാത്ര അയപ്പ് ചടങ്ങിന് ശേഷം ഓഫീസില്‍ നിന്നും വീട്ടിലേക്ക് പോവാനായിരുന്നു പദ്ധതി. അതുകൊണ്ട് തന്നെ ക്വാര്‍ട്ടേഴ്‌സ് എല്ലാ അര്‍ത്ഥത്തിലും നവീന്‍ ബാബു വിട്ടിരുന്നു. പത്തനംതിട്ടയില്‍ ചുമതലയേറ്റാല്‍ പിന്നെ കണ്ണൂരിലേക്ക് വരുന്നതും പദ്ധതിയില്‍ ഇല്ല. പുതിയ എഡിഎമ്മിന് ക്വാര്‍ട്ടേഴ്‌സ് കൈമാറേണ്ടതുണ്ടെന്ന സാഹചര്യം അടക്കം മനസ്സിലാക്കി നവീന്‍ ബാബു പ്രവര്‍ത്തിച്ചിരുന്നു. താക്കോല്‍ ഇല്ലാതിരുന്നിട്ടും എങ്ങനെ നവീന്‍ ബാബു ക്വാര്‍ട്ടേഴ്‌സിനുള്ളില്‍ കയറിയെന്ന ചോദ്യവും പ്രസക്തമാണ്. മുറിക്കുള്ളില്‍ പലതും നശിപ്പിച്ചുവെന്നും സൂചനകളുണ്ട്. ആത്മഹത്യാ കുറിപ്പില്ലാത്തതും സംശയങ്ങള്‍ കൂട്ടുന്നു. ഡ്രൈവറുടെ മൊഴികളിലും വൈരുദ്ധ്യമുണ്ട്. പ്രശാന്തനേയും ഡ്രൈവറേയും കിറുകൃത്യമായി ചോദ്യം ചെയ്താല്‍ സത്യം പുറത്തു വരും. കൈക്കൂലി കൊടുത്തു എന്നത് പ്രശാന്തന്‍ ദിവ്യയോട് പറഞ്ഞ നുണയോ അല്ലെങ്കില്‍ ദിവ്യയുടെ നിര്‍ദ്ദേശ പ്രകാരം പുറത്തു പറഞ്ഞതോ ആണ്. നവീനെ കൊന്നതാണെന്നും സൂചനയുണ്ട്.

ഇതു സംബന്ധിച്ച് ഗുരുതര വിലയിരുത്തലുകള്‍ മെട്രോ വാര്‍ത്തെന്ന പത്രം പുറത്തു വിട്ടിട്ടുണ്ട്. എഡിഎമ്മിനെ താന്‍ റെയില്‍വേ സ്റ്റേഷനില്‍ വിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ ഡ്രൈവര്‍ ഷംസുദ്ദീന്‍ പറയുന്നത്. അദ്ദേഹത്തിന്റെ മരണം ആദ്യം അറിഞ്ഞതും ഇതേ ഡ്രൈവര്‍ ആണ്. തന്നെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വിടണമെന്നു പറഞ്ഞിരുന്നു നവീന്‍ ബാബു എന്നും അദ്ദേഹത്തിന്റെ കൈയില്‍ വീട്ടിലേയ്ക്കു പോകാനുള്ള രണ്ടു ബാഗുകള്‍ ഉണ്ടായിരുന്നു എന്നും ഇതേ ഡ്രൈവര്‍ തന്നെ പറയുന്നു. എന്നിട്ട് അദ്ദേഹം റെയില്‍വേ സ്റ്റേഷനെത്തും മുമ്പുള്ള മുനീശ്വര കോവിലിനടുത്ത് വച്ച് ഒരു സുഹൃത്ത് വരാനുണ്ട് എന്നു പറഞ്ഞ് ഇറങ്ങിയെന്നും താന്‍ കാര്‍ കലക്ട്രേറ്റില്‍ തിരിച്ചു കൊണ്ടിട്ടു എന്നും ഷംസുദ്ദീന്‍ പറഞ്ഞിരിക്കുന്നു. കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ള അദ്ദേഹം മുനീശ്വരന്‍ കോവിലിനടുത്ത് ഇറങ്ങിയതായോ മറ്റൊരു സുഹൃത്തിനെ കാത്തു നിന്നതായോ ഭാര്യയോടോ മക്കളോടോ നടത്തിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഇല്ല.

മറിച്ച് താന്‍ കണ്ണൂര് നിന്നും ട്രെയിനില്‍ കയറിയെന്നും ഭാര്യ ബുക്കു ചെയ്ത സീറ്റില്‍ തന്നെ യാത്ര ചെയ്യുന്നു എന്നുമാണ് അറിയിച്ചത്. 8.55 ന് കണ്ണൂര് നിന്നു പുറപ്പെട്ട മലബാര്‍ എക്‌സ്പ്രസിന്റെ എസി കോച്ചില്‍ രാത്രി 11.10 വരെ അദ്ദേഹം ഉണ്ടായിരുന്നു എന്നാണ് മക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണം വ്യക്തമാക്കുന്നത്. 11.4ന് ന് മലബാര്‍ എക്‌സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷന്‍ വിടും.അത് 11.14 ന് താനൂര്‍ സ്റ്റേഷനിലെത്തും. അങ്ങനെയെങ്കില്‍ കോഴിക്കോട് ജില്ലയിലെവിടെയോ നിന്ന് അദ്ദേഹത്തെ ആക്രമിച്ചു വധിച്ചവര്‍ പിന്നീട് അദ്ദേഹത്തെ കൊന്നു ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടിട്ടതാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഡ്രൈവറുടെ പെരുമാറ്റവും അദ്ദേഹത്തിന്റെ മുറി തുറന്നു കിടന്നതും ആത്മഹത്യാക്കുറിപ്പൊന്നും ഇല്ലാതിരുന്നതും ഇതോടു ചേര്‍ത്തു വായിക്കണം-മെട്രോ വാര്‍ത്ത റിപ്പോര്‍ട്ടാണ് ഇത്. വിശദമായ അന്വേഷണം അനിവാര്യമെന്ന ചര്‍ച്ചയാണ് ഈ റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തുന്നത്. നവീന്റേത് കൊലപാതകമാകാനുള്ള സാധ്യത ഏറെയാണ്. മുനീശ്വരന്‍ കോവിലിനടുത്തുള്ള സിസിടിവി പരിശോധന അതിനിര്‍ണ്ണായകമാണ്. നവീന്‍ ബാബുവിന്റെ നീക്കത്തില്‍ വ്യക്തത വരുത്താന്‍ ഇതിലൂടെ കഴിയും.

പരാതിയിലെ ഒപ്പുകളിലെ വൈരുധ്യം കൂടി പുറത്ത് വന്നതോടെ എഡിഎമ്മിനെതിരെ വന്നത് വ്യാജ പരാതി തന്നെയാണെന്ന് നവീന്‍ ബാബുവിന്റെ ബന്ധു ബാലകൃഷ്ണന്‍ പറയുന്നു. ഇതില് വലിയൊരു ഗൂഡാലോചന നടന്നിട്ടുണ്ട്. രണ്ടാഴ്ച മുന്‍പ് നവീന്‍ ബാബു നാട്ടില്‍ വന്ന സമയത്ത് സംസാരിച്ചത് അനുസരിച്ച് ജോലി സംബന്ധമായ സമ്മര്‍ദ്ദം നവീന്‍ ബാബു നേരിട്ടതായി മനസിലായിരുന്നു. ഒരു പരുവത്തില്‍ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ്, വല്യ ബുദ്ധിമുട്ടാണ്, എങ്ങനെയെങ്കിലും ട്രാന്‍സ്ഫര്‍ വാങ്ങി തിരികെ വരണം എന്ന് നവീന്‍ ബാബു വിശദമാക്കിയതായാണ് ബാലകൃഷ്ണന്‍ പറയുന്നത്. ട്രാന്‍സ്ഫര്‍ വാങ്ങി വരണമല്ലോയെന്ന് കരുതി ആരോടും മറുത്ത് സംസാരിക്കാതെ ഇരിക്കുകയാണെന്നും നവീന്‍ ബാബു പറഞ്ഞിരുന്നു. പല കാര്യങ്ങളും നിയമം വിട്ട് ചെയ്യാന്‍ നവീന്‍ ബാബുവിനെ ബുദ്ധിമുട്ടിച്ചതായി മനസിലാക്കിയിരുന്നു. എതിര്‍ത്ത് പറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന ഭയവും നവീനിന് ഉണ്ടായിരുന്നുവെന്നും ബന്ധു പറയുന്നു. ഇതെല്ലാം നവീന്‍ ബാബുവിനെതിരെ വ്യക്തമായ ഗൂഡാലോചന തെളിവായി വിലയിരുത്തുന്നുണ്ട്.

യാത്ര അയപ്പില്‍ നേരിട്ട അപമാനത്തേക്കുറിച്ച് നവീന്‍ ബാബു ഭാര്യയോട് സംസാരിച്ചിരുന്നു. കളക്ടര്‍ ലീവ് അനുവദിക്കില്ലായിരുന്നു. അവധി ദിവസങ്ങളില്‍ വീട്ടിലെത്താനൊന്നും നവീനിന് സാധിച്ചിരുന്നില്ല. ലീവ് കൊടുക്കാന്‍ മടിക്കും. അഥവാ ലീവ് നല്‍കിയാല്‍ തന്നെ നാട്ടിലെത്തുമ്പോഴേയ്ക്കും തിരികെ എത്താന്‍ നിര്‍ദ്ദേശം നല്‍കും. എല്ലാ ഉത്തരവാദിത്തങ്ങളും നവീന്‍ ബാബുവിന് ഏല്‍പ്പിച്ച് പോകുന്ന ആളായിരുന്നു കളക്ടര്‍ അരുണ്‍ കെ വിജയന്‍ എന്നും ബാലകൃഷ്ണന്‍ പറയുന്നു. കളക്ടര്‍ ഇതില്‍ ഒരു പ്രധാന കക്ഷിയാണ്. അതില്‍ ഒരു സംശയവുമില്ലെന്നും നവീന്‍ ബാബുവിന്റെ ബന്ധു ബാലകൃഷ്ണന്‍ ആരോപിക്കുന്നത്. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നിലെ ഗൂഡാലോചനയില്‍ കളക്ടര്‍ക്ക് പങ്കുണ്ട്. അവനെ കൊലയ്ക്ക് കൊടുത്തിട്ടുള്ള കുമ്പസാരം തങ്ങള്‍ക്ക് വേണ്ടെന്നാണ് ബാലകൃഷ്ണന്‍ കളക്ടറുടെ അനുശോചന കുറിപ്പിനേക്കുറിച്ച് പറയുന്നത്. അവരും സംശയിക്കുന്നത് ഇതൊരു കൊലപാതകമാണെന്നാണ്.