- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്നവിധം തര്‍ക്കം നീണ്ടാല്‍ ആ ഘട്ടത്തില്‍ മറ്റുതീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്; എന്‍സിപിയെ പിളര്‍ത്തിയാലും സിപിഎം ശശീന്ദ്രനൊപ്പം നില്ക്കും; പിസി ചാക്കോയേയും തോമസ് കെ തോമസിനേയും ഇടതു മുന്നണിയില്‍ നിന്നും ഒഴിവാക്കും; മന്ത്രി ശശീന്ദ്രന് പിണറായിയുടെ പൂര്‍ണ്ണ പിന്തുണ
തിരുവനന്തപുരം: കേരളത്തിലെ എന്‍സിപി പിളരും. പിളര്‍ന്നാലും മന്ത്രി എകെ ശശീന്ദ്രനെതിരെ അയോഗ്യതാ നടപടികള്‍ എടുക്കാന്‍ എന്‍സിപിയുടെ ശരത് പവാര്‍ വിഭാഗം സംസ്ഥാന നേതൃത്വത്തിന് കഴിയില്ല. ബിജെപിക്കൊപ്പമുള്ള അജിത് പവാറിനാണ് എന്‍സിപിയുടെ ഔദ്യോഗിക അംഗീകാരമുള്ളത്. കേരളത്തിലെ പ്രശ്‌നങ്ങളില്‍ അജിത് പവാറിന് താല്‍പ്പര്യവുമില്ല. അതുകൊണ്ട് തന്നെ എന്‍സിപിയുടെ കേരളത്തിലെ ശരത് പവാര്‍ വിഭാഗം നേതാക്കളെ വെല്ലുവിളിച്ചാലും ശശീന്ദ്രന് ഒന്നും സംഭവിക്കില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ പിളര്‍ത്താനാണ് ശശീന്ദ്രന്റെ ആലോചന. ഇതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയും ശശീന്ദ്രനുണ്ട്. തോമസ് കെ തോമസിനെ ഒരു കാരണവശാലും മന്ത്രിയാക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ശരത് പവാറിന്റെ പാര്‍ട്ടി ഇടതു മുന്നണി വിട്ടാലും കുഴപ്പമില്ലെന്നാണ് പിണറായിയുടെ പക്ഷം.
എന്‍.സി.പി.യില്‍ പിളര്‍പ്പുണ്ടാവുമോ എന്ന ചോദ്യത്തിന് മന്ത്രി ശശീന്ദ്രന്‍ പ്രതികരിച്ചത് ശക്തമായാണ്. ഇതൊരു സാങ്കല്പികചോദ്യമാണ്. തോമസിനെ മന്ത്രിയാക്കുക എന്ന അധ്യായം അവസാനിച്ചതാണ്. പാര്‍ട്ടി വേദികളില്‍ സംസാരിക്കേണ്ട വിഷയങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങളിലാണ് ചര്‍ച്ചയാവുന്നത്. ഈ സ്ഥിതി കാണുമ്പോള്‍ പാര്‍ട്ടി പിളര്‍പ്പിലേക്കാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. പാര്‍ട്ടിയെ ദോഷകരമായി ബാധിക്കുന്നവിധം തര്‍ക്കം നീണ്ടാല്‍ ആ ഘട്ടത്തില്‍ മറ്റുതീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് ശശീന്ദ്രന്‍ പറയുന്നു. എന്നും എപ്പോഴും കടുത്ത നിലപാടുകള്‍ എടുക്കുന്ന വ്യക്തിയല്ല ശശീന്ദ്രന്‍. പക്ഷേ ഈ ഘട്ടത്തില്‍ ശക്തമായ നിലപാടുകള്‍ ശശീന്ദ്രന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നു. പിസി ചാക്കോയേയും തോമസ് കെ തോമസിനേയും ഒഴിവാക്കുന്നതിനോട് സിപിഎം അനുകൂലമാണ്. ഈ സാഹചര്യത്തിലാണ് ശശീന്ദ്രന്റെ അഭിമുഖം ചര്‍ച്ചയാകുന്നത്.
തോമസിനെ മന്ത്രിയാക്കണമെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടെന്നാണ് സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ പറയുന്നത്. അങ്ങനെയെങ്കില്‍ അക്കാര്യം പ്രസിഡന്റ് എന്നെയായിരുന്നു അറിയിക്കേണ്ടത്. അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വവുമാണല്ലോ. മന്ത്രിസ്ഥാനം പങ്കുവെക്കേണ്ട കാര്യമേയില്ലെന്ന് ചാക്കോ മുന്‍പ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ നിലപാടുമാറ്റത്തിന് കാരണമെന്തെന്ന് അദ്ദേഹം വ്യക്തമാക്കുന്നില്ല. തോമസിനെ പരിചയാക്കി എന്നെ മാറ്റാനാണ് പ്രസിഡന്റ് ശ്രമിക്കുന്നത്. മുന്നണിസംവിധാനത്തില്‍ മന്ത്രിയെ നിര്‍ദേശിക്കുന്നത് അതത് പാര്‍ട്ടികളാണ്. എന്നാല്‍, അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതാകും. മുഖ്യമന്ത്രിക്ക് അതൃപ്തനായ ഒരാളെ മന്ത്രിയാക്കാനാവില്ലല്ലോ. ഇതിന്റെപേരില്‍ പാര്‍ട്ടിയില്‍ അനൈക്യമുണ്ടാവുന്നതോ അരാജകത്വം സൃഷ്ടിക്കുന്നതോ ശരിയല്ല എന്നതാണ് എന്റെ നിലപാടെന്നും ശശീന്ദ്രന്‍ പറയുന്നു. മുഖ്യമന്ത്രിയെ എതിര്‍ത്ത് ആര്‍ക്കും ഇടതു മുന്നണിയില്‍ തുടരാന്‍ കഴിയില്ലെന്ന സന്ദേശമാണ് ഇതിലുള്ളത്.
ദേശീയനേതൃത്വത്തെ കാര്യങ്ങളുടെ നിജസ്ഥിതി യഥാസമയം സംസ്ഥാന പ്രസിഡന്റ് അറിയിക്കണം. ഒരു കാര്യവുമില്ലാതെ പ്രവര്‍ത്തകരെയും പാര്‍ട്ടിയെയും എല്‍.ഡി.എഫില്‍നിന്ന് അകറ്റാനുള്ള നീക്കം നല്ലതല്ല. സി.പി.എം. കേന്ദ്രനേതൃത്വവും മന്ത്രിമാറ്റത്തെ അനുകൂലിക്കുന്നില്ല. അക്കാര്യം ഇനിയെങ്കിലും ചാക്കോ ദേശീയപ്രസിഡന്റ് ശരദ് പവാറിനെ അറിയിക്കണമെന്നാണ് ശശീന്ദ്രന്‍ പറയുന്നത്. ചാക്കോയ്ക്ക് പാര്‍ട്ടി വിട്ടുപോകാന്‍ ഉദ്ദേശ്യമുണ്ടോ, മുന്നണിമാറ്റത്തിനാണോ കളമൊരുങ്ങുന്നതെന്ന ചോദ്യത്തോടും ശശീന്ദ്രന്‍ കരുതലോടെ പറയുന്നു. അങ്ങനെയൊരു ഘട്ടംവന്നാല്‍ അപ്പോള്‍ അതേക്കുറിച്ച് ആലോചിക്കാം. മുഖ്യമന്ത്രിയുമായി ഏറ്റുമുട്ടി ആര്‍ക്കും മന്ത്രിസഭയില്‍ തുടരാനാവില്ല. ഇക്കാര്യം ഞാന്‍ പാര്‍ട്ടിയെ വ്യക്തമായി അറിയിച്ചിട്ടുമുണ്ട്. പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും മുന്നണിയെയും പൂര്‍ണമായി വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും ശശീന്ദ്രന്‍ പറയുന്നു.
എന്‍.സി.പിയിലെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്ന് സിപിഎം തീരുമാനിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സി.പി.എം ജനറല്‍ സെക്രട്ടറിയുടെ ചുമതലയുള്ള ദേശീയ കോ ഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ടിനെ അറിയിക്കുകയും ചെയ്തു. ഇപ്പോള്‍ ശശീന്ദ്രനെ മാറ്റിയാല്‍, അദ്ദേഹം മുന്‍പ് ഉന്നയിച്ചതുപോലെ എംഎല്‍എ സ്ഥാനം ഉള്‍പ്പടെ രാജിവെക്കുന്നതിലേക്ക് കാര്യങ്ങളെത്തിയേക്കാമെന്നും അത് മുന്നണിയേയും സര്‍ക്കാരിനേയും ബാധിക്കുമെന്നുമുള്ള വിലയിരുത്തലിലാണ് സിപിഎം എത്തിയത്. ഒന്നര വര്‍ഷം മാത്രമേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ബാക്കിയുള്ളൂ. അതിന് മുന്‍പ് തദ്ദേശ തിരഞ്ഞെടുപ്പ് വരുന്നുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടാണ് സിപിഎം ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയിലെത്തി തോമസ് കെ. തോമസും പി.സി. ചാക്കോയും പ്രകാശ് കാരാട്ടും കൂട്ടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിമാറ്റം സംബന്ധിച്ച കാര്യങ്ങളായിരുന്നു അനൗദ്യോഗികചര്‍ച്ചയിലുണ്ടായിരുന്നത്. മന്ത്രിമാറ്റത്തിന് ശശീന്ദ്രന്‍ വഴങ്ങാത്തതില്‍ സംസ്ഥാനനേതൃത്വത്തിനുള്ള അതൃപ്തി പവാറിനെ ധരിപ്പിച്ചു എന്നാണ് വിവരം.