- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുവ നടിയെ ഫോണിൽ കിട്ടുന്നില്ല; വിമാനത്തിലെ ദുരനുഭവ പരാതിയെ കുറിച്ച് ഒന്നും അറിയില്ലെന്ന് നെടുമ്പാശ്ശേരിയിലെ എയർ ഇന്ത്യാ അധികൃതരും; പരാതിക്കാരിയുടെ മൊഴി കിട്ടാതെ അന്വേഷണം പ്രതിസന്ധിയിൽ; ഫ്ളൈറ്റിലെ പീഡന പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് കാത്തിരിപ്പിൽ
കൊച്ചി: യുവ നടിക്ക് വിമാന യാത്രക്കിടെ സഹയാത്രികൻ മോശമായി പെരുമാറി എന്ന പരാതിയിൽ എയർ ഇന്ത്യക്ക് ഒന്നുമറിയില്ലെന്ന് മറുപടി. മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുമ്പോഴാണ് നടിക്ക് ദുരനുഭവം ഉണ്ടായത്. ഇക്കാര്യത്തിൽ നെടുമ്പാശ്ശേരി പൊലീസിൽ നടി ഓൺ ലൈനായി പരാതി നൽകി. ഇമയിലിൽ പരാതി ലഭിച്ച പൊലീസ് അന്വേഷണത്തിനായി നടിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നടി ഇങ്ങോട്ട് ബന്ധപ്പെടുമെന്ന പ്രതീക്ഷയിലും കാത്തിരിപ്പിലുമാണ് പൊലീസ്.
നടിയെ ഫോണിൽ കിട്ടുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് പൊലീസ് എയർ ഇന്ത്യയുടെ കൊച്ചി ഓഫീസിൽ അന്വേഷിച്ചെങ്കിലും പരാതിയെപ്പറ്റി ഒന്നും അറിയില്ലെന്നായിരുന്നു മറുപടി. പറന്നുയരുന്ന വിമാനത്തിനുള്ളിൽ വച്ച് എന്തെങ്കിലും അതിക്രമം ഉണ്ടായാൽ വിവരം എയർ ഹോസ്റ്റസിനെ അറിയിക്കുകയും എയർ ഹോസ്റ്റസ് പൈലറ്റിനെ ധരിപ്പിക്കുകയും ചെയ്യും. പൈലറ്റ് ഈ വിവരം എയർ ഇന്ത്യയുടെ സെക്യൂരിറ്റി ഓഫീസർക്ക് കൈമാറും. പിന്നീട് പൊലീസിൽ പരാതി നൽകും. ഇതാണ് രീതി.
എന്നാൽ ഇങ്ങനെ ഒരു പരാതി എയർ ഇന്ത്യ സെക്യൂരിറ്റി വിഭാഗത്തിന് ലഭിച്ചിട്ടില്ലാ എന്നാണ് നെടുമ്പാശ്ശേരി പൊലീസിന് ലഭിച്ച വിവരം. തുടർന്ന് നടിയെ പലവട്ടം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭ്യമായിട്ടില്ല. നടിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിൽ മാത്രമേ പ്രതിയാരാണെന്നു കണ്ടെത്താനും അന്വേഷണം മുന്നോട്ട് കൊണ്ടു പോകാനും കഴിയൂ എന്നും നെടുമ്പാശ്ശേരി പൊലീസ് അറിയിച്ചു.
വിമാനയാത്രയ്ക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറിയെന്ന് യുവനടിയുടെ പരാതിയിൽ വിശദ അന്വേഷണം നത്താനാണ് പൊലീസ് തീരുമാനം. മുംബൈ-കൊച്ചി എയർ ഇന്ത്യാ വിമാനത്തിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. ചൊവ്വാഴ്ച വൈകീട്ട് 7.20-ന് നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യാ വിമാനത്തിൽ വച്ചാണ് നടിക്ക് ദുരനുഭവമുണ്ടായത്.
മദ്യലഹരിയിലായിരുന്ന സഹയാത്രികൻ അടുത്ത് വന്നിരുന്ന് അപമര്യാദയായി പെരുമാറിയതായാണ് പരാതിയിൽ പറയുന്നത്. വിമാനത്തിൽ വച്ച് തന്നെ വിഷയം എയർ ഹോസ്റ്റസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് തന്നെ സീറ്റ് മാറ്റി ഇരുത്തിയെങ്കിലും മറ്റ് നടപടികളൊന്നുമുണ്ടായില്ലെന്നും ഇവർ പരാതിയിൽ ആരോപിക്കുന്നു.
മുംബൈയിൽ നിന്നും വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പായിരുന്നു പീഡനമന്നാണ് ആരോപണം. മറ്റൊരു സീറ്റിലെ സഹയാത്രികൻ സ്വാധീനം ഉപയോഗിച്ച് സീറ്റ് മാറ്റി തന്റെ അടുത്തു വന്നിരുന്നുവെന്നാണ് പരാതി. ഇതിന് ശേഷം യുക്തിയൊന്നുമില്ലാത്ത വിധം സംസാരം തുടങ്ങി. സീറ്റിനെ കുറിച്ചായിരുന്നു സംസാരം. ശരീരത്തിൽ മോശം രീതിയിൽ സ്പർശിക്കുകയും ചെയ്തുവെന്നാണ് പരാതി.
ഉടൻ തന്നെ എയർ ഹോസ്റ്റസിനെ വിവരം അറിയിച്ചു. തന്റെ സീറ്റ് മാറ്റി ഇരുത്തി പ്രശ്നപരിഹാരമാണ് ഉണ്ടായത്. ഇതിനപ്പുറം മോശം പെരുമാറ്റം ചെയ്തയാൾക്കെതിരെ നടപടികളൊന്നും എടുത്തില്ല. വിമാനം ലാൻഡ് ചെയ്തപ്പോൾ തന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ വിഷയം പെടുത്തിയെന്നും നടിയുടെ പരാതിയിലുണ്ട്. പിന്നീട്, വിമാനം കൊച്ചിയിൽ എത്തിയതിന് ശേഷം എയർ ഇന്ത്യാ ഓഫീസിലും പൊലീസ് എയ്ഡ് പോസ്റ്റിലും പരാതി നൽകിയെന്നും ഇമെയിലിൽ വിശദീകരിക്കുന്നുണ്ട്.
തുടർന്ന് ഇവരുടെ നിർദ്ദേശപ്രകാരമാണ് നെടുമ്പാശ്ശേരി പൊലീസിൽ പരാതി സമർപ്പിക്കുന്നതെന്നും പറയുന്നു. ഇത്തരമൊരു പരാതിയിലാണ് എയർ ഇന്ത്യയുടെ കൈ മലർത്തൽ. നിരവധി സിനിമകളിൽ നായികാ പ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിച്ച നടിയാണ് പരാതിക്കാരി. അവരുടെ ഇൻസ്റ്റാ ഗ്രാമിലൂടെ പരാതിയുടെ പകർപ്പ് ഷെയർ ചെയ്യുകയും ചെയ്തിരുന്നു. എല്ലാവരുടേയും പിന്തുണ അഭ്യർത്ഥിച്ചായിരുന്നു പോസ്റ്റ്.
2013 മുതൽ അഭിനയ രംഗത്തുള്ള നടി 20ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിമാനത്തിന്റെ യാത്രാ ചാർട്ടിൽ നിന്നും പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നാണ് സൂചന.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.