- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അഞ്ചു ലക്ഷത്തിന് മുകളിൽ പണം വിദേശത്തെക്ക് കൊണ്ടു പോകാൻ കസ്റ്റംസ് ക്ലിയറൻസ് അനിവാര്യത; നെടുമ്പാശ്ശേരിയിൽ എല്ലാം ശരിയാക്കുന്നത് സിഐഎസ്എഫിലെ അഴിമതിക്കാർ; ഐബി കണ്ടെത്തുന്നതു കൊച്ചിയിലെ സ്വർണ്ണ കടത്തിലെ കോടീശ്വര വഴികൾ
കൊച്ചി: കരിപ്പൂരിൽ മാത്രമല്ല കൊച്ചിയിലും കടത്തിന് കൂട്ട് ഉദ്യോഗസ്ഥ ലോബി! കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് സംഘത്തിന് സിഐ.എസ്.എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന പൊലീസിന്റെ കണ്ടെത്തലിൽ കസ്റ്റംസും അന്വേഷണം തുടങ്ങിയതിന് പിന്നാലെ കൊച്ചിയിലേക്കും സംശയവും അന്വേഷണവും. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കൊച്ചിയിലേക്കും എത്തുന്നത്. സിഐ.എസ്.എഫ് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോടികളുടെ സ്വർണം എല്ലാ മാസവും കൊച്ചി വഴി കടത്തുന്നുണ്ടെന്നാണ് ഐ.ബിക്ക് ലഭിച്ചിരിക്കുന്ന വിവരം.
ആദ്യകാലം സംസ്ഥാന പൊലീസിനായിരുന്നു സുരക്ഷാ ചുമതല. പൊലീസുകാരും ഇത്തരം മാഫിയക്ക് ചൂട്ടുപിടിച്ചതോടെയാണ് കേന്ദ്ര സേനയ്ക്ക് സുരക്ഷാ ചുമതല കൈമാറിയത്. കള്ളക്കടത്തിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങളെല്ലാം ഐ.ബി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. സിഐ.എസ്.എഫ് ഡയറക്ടർ ജനറലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഞെട്ടിക്കുന്നതാണ് ഈ അന്വേഷണ റിപ്പോർട്ടെന്നാണ് സൂചന.
വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള പ്രധാന ഉന്നത ഉദ്യോഗസ്ഥനാണ് കടത്തിന് ചുക്കാൻ പിടിക്കുന്നത്. ചണ്ഡിഗണ്ടിലേക്കുള്ള സ്ഥലം മാറ്റം ഉന്നത സ്വാധീനത്തിൽ അട്ടിമറിച്ചാണ് ഇയാൾ കൊച്ചിയിൽ എത്തിയത്. കേരളത്തിൽ നിന്നും ലക്ഷക്കണക്കിന് രൂപ വിദേശത്തേക്ക് കൊണ്ടു പോകാനും തിരികെ സ്വർണ്ണവുമായെത്തുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാനും എല്ലാ സഹായവും ഉന്നത ഉദ്യോഗസ്ഥൻ ചെയ്തു കൊടുക്കുന്നുണ്ട്. ഉദ്യോഗസ്ഥന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവർക്ക് ഐഫോൺ മുതൽ ലക്ഷക്കണക്കിന് രൂപയുമാണ് ലഭിക്കുന്നത്.
ബിസിനസുകാരാണ് കൂടുതലും സ്വർണം കടത്തുന്നത്. ഇത്തരക്കാർ വിദേശത്തേക്ക് പോകുമ്പോൾ യാതൊരു പരിശോധനകളും ഉണ്ടാവില്ല. അഥവാ ഉണ്ടായാൽ തന്നെ പേരിനു മാത്രമായിരിക്കും. ഇവർക്കൊപ്പം ഉന്നത ഉദ്യോഗസ്ഥന്റെ വിശ്വസ്ഥനായ ഒരു സിഐ.എസ്.എഫ് ഉദ്യോഗസ്ഥൻ പ്രധാന കവാടം മുതൽ അനുഗമിക്കും. പ്രധാന കവാടം, ചെക്കിങ് ഏരിയ, വി.ഐ.പി ലോഞ്ച്, ഇമിഗ്രേഷൻ ബ്യൂറോ, സെക്യൂരിറ്റി ഹോൾഡ് ഏരിയ, ബോർഡിങ് ഗേറ്റ്, ഫ്ളൈറ്റ് ഡോർ എന്നിവിടങ്ങളിൽ ഇത്തരം യാത്രക്കാരെ കാത്തു നിൽപ്പിക്കാതെ സിഐ.എസ്.എഫ് ഉദ്യോഗസ്ഥർ തന്നെ കടത്തി വിടും. തിരികെ അവർ എത്തുമ്പോഴും ഇതേ പോലെ ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത് പുറത്തെത്തിക്കും. ഇതെല്ലാം വൻ കൈക്കൂലി കൈപ്പറ്റിക്കൊണ്ടാണ് ചെയ്യുന്നത്.
സിഐ.എസ്.എഫ് ഉദ്യോഗസ്ഥർക്ക് പുറമേ കസ്റ്റംസിലെയും ഇമിഗ്രേഷൻ വിഭാഗത്തിലെയും ചില ഉദ്യോഗസ്ഥരും ഇത്തരം കടത്തുകൾക്ക് കൂട്ടു നിൽക്കുന്നുണ്ട്. സത്യസന്ധരായ ഉദ്യോഗസ്ഥർ നിരവധിയുണ്ടെങ്കിലും സ്വതന്ത്രമായി ജോലി ചെയ്യാൻ അവരെ മറ്റുള്ളവർ അനുവദിക്കില്ല. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വിദേശത്തേക്ക് കടത്തുകയായിരുന്ന 49 ലക്ഷം രൂപ സ്ക്രീനിങ് വിഭാഗത്തിലെ സിഐ.എസ്.എഫ് ഉദ്യോഗസ്ഥൻ കണ്ടെത്തി. എന്നാൽ യാത്രക്കാരനൊപ്പം എത്തിയ സിഐ.എസ്.ഉദ്യോഗസ്ഥൻ കടത്തിവിടാൻ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥൻ അനുവദിച്ചില്ല. ഇക്കാര്യം അറിഞ്ഞ് സുരക്ഷാ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥൻ നേരിട്ടെത്തി യാത്രക്കാരനെ കടത്തി വിടുകയായിരുന്നു.
5 ലക്ഷം രൂപയ്ക്ക് മുകളിൽ പണം വിദേശത്തെക്ക് കൊണ്ടു പോകണമെങ്കിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ക്ലിയറൻസ് വേണമെന്നാണ് നിയമം. എന്നാൽ അത് മറികടന്നാണ് വിദേശത്തേക്ക് പണം കടത്തി വിട്ടത്. പണവുമായെത്തിയ യാത്രക്കാരനെ കടത്തി വിടാൻ വിസമ്മതിച്ച ഉദ്യോഗസ്ഥനെ പിന്നീട് സ്ക്രീനിങ് ഡ്യൂട്ടിയിൽ നിന്നും മാറ്റി റൺവേ ഡ്യൂട്ടിയിലെക്ക് മാറ്റി. മാത്രമല്ല, എ.സി.ആറിൽ (ആനുവൽ ക്യാരക്ടർ റിപ്പോർട്ട്) ചുവന്ന വരയിടുകയും ചെയ്തു. ഇതോടെ സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിൽ തീരുമാനവുമായി. കള്ളക്കടത്തുകൾക്ക് ഒത്താശ ചെയ്യാത്ത ഉദ്യോഗസ്ഥരെ ഇത്തരത്തിലാണ് മാനസികമായി പീഡിപ്പിക്കുന്നത്. ഇതുമൂലം പലരും നിർബന്ധിത വിരമിക്കലിനൊരുങ്ങുകയാണ്.
സിഐ.എസ്.എഫിന്റെ പ്രാധാന ജോലി ആന്റി ഹൈജാക്കിങ്ങാണ്. അതായത് ഫ്ളൈറ്റ് തട്ടിയെടുക്കാൻ ശ്രമിക്കുന്നത് തടയുക, സ്ക്രീനിങ്, തൊഴിലാളികൾ പ്രശ്നമുണ്ടാക്കുന്നത് തടയുക തുടങ്ങിയവയാണ്. കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ ആയിരത്തോളം ഉദ്യോഗസ്ഥരെയാണ് സിഐ.എസ്.എഫ് പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇതിൽ 700 പേർ മാത്രമാണ് സ്ഥിരം ഡ്യൂട്ടിയിലുണ്ടാവുകയുള്ളൂ. മുന്നൂറോളം പേർ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലാണ് ജോലി ചെയ്യുന്നത്. വീട്ടിലെ എല്ലാ ജോലികളും ഈ ഉദ്യോഗസ്ഥരെ കൊണ്ടാണ് ചെയ്യിപ്പിക്കുന്നത്. അതിനാൽ വിമാനത്താവളത്തിലെ ഡ്യൂട്ടിക്ക് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല. ഇതു മൂലം ഉദ്യോഗസ്ഥർക്ക് അവധി എടുക്കാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. 9 മണിക്കൂർ ഡ്യൂട്ടിയാണ് നിലവിൽ സിഐ.എസ്.എഫ് ഉദ്യോഗസ്ഥർക്ക്. മൂന്ന് ഷിഫ്റ്റുകളും ഉണ്ട്.
പ്രൈവറ്റ് ജെറ്റു വഴിയും മൃതദേഹങ്ങൾക്കൊപ്പവും വൻ തോതിൽ കൊച്ചിയിലേക്ക് സ്വർണം ഒഴുകിയെത്തുന്നുണ്ട്. ചില വാഹനങ്ങൾ വഴിയും സ്വർണം പുറത്തേക്ക് പോകുന്നുണ്ട്. രാജ്യത്തിന് ലഭിക്കേണ്ട വലിയ നികുതിയാമ് ഇത്തരത്തിൽ സ്വർണ്ണക്കടത്ത് മൂലം നഷ്ടപ്പെടുന്നത്. നിലവിൽ ദിവസവും സ്വർണം പിടിക്കുന്നത് വമ്പൻ സ്രാവുകൾ പേരിന് വേണ്ടി ഇട്ടു കൊടുക്കുന്ന ഇരകളാണ്. ഏറ്റവും വലിയ സ്വർണ്ണവേട്ട നടത്തി എന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോൾ അതിനേക്കാളും ഇരട്ടിയിലധികം അന്നേ ദിവസം തന്നെ എയർപോർട്ട് വഴി കേരളത്തിലെത്തിക്കഴിയും. ഇതിനെല്ലാം തടയിടേണ്ട ഉദ്യോഗസ്ഥർ തന്നെ എല്ലാത്തിനും ചുക്കാൻ പിടിക്കുന്നു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.