തിരുവനന്തപുരം: പട്ടാളക്കാരനെ അനാവശ്യമായി കൈവച്ചാൽ പൊലീസിന് എന്തു സംഭവിക്കും? 1985-ഒക്ടോബർ ആറാം തീയതി കേരളത്തെ നടുക്കിയ നേമം പൊലീസ് സ്‌റ്റേഷൻ ആക്രമണം ഇതിനുള്ള മറുപടിയായിരുന്നു. പിന്നീട് പട്ടാളക്കാരെ കണ്ടാൽ പൊലീസ് നല്ല കുട്ടികളായി. 37 വർഷം കഴിയുമ്പോൾ ആ പഴയ കഥ കേരളാ പൊലീസ് മറന്നു. പട്ടാളക്കാരനെ കിളികൊല്ലൂരിലെ സ്റ്റേഷനിൽ കയറ്റി മർദ്ദിച്ച് അവശനാക്കി. സോഷ്യൽ മീഡിയയുടെ കാലത്ത് പട്ടാളം ഇതിനോട് കരുതലോടെ മാത്രമേ പ്രതികരിക്കൂ. അവർ നിയമത്തിന്റെ വഴി തേടുന്നു. എന്നാൽ അടിക്ക് അടിയെന്ന 1985ലെ നയം പട്ടാളം എടുത്താൽ കിളികൊല്ലൂരിൽ എന്താകുമെന്ന് ആർക്കും ഊഹിക്കാവുന്നതേ ഉള്ളൂ.

കിളികൊല്ലൂരിലെ പൊലീസ് മർദനത്തിലും സൈന്യം ഇടപെടുന്നുണ്ട്. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആർമി ഉദ്യോഗസ്ഥരെ അറിയിക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇടപെടൽ. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം തേടിയിട്ടുണ്ട്. സൈനികൻ വിഷ്ണുവിനെ കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ചുവെന്ന് കാണിച്ച് അമ്മ സലില പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന് പരാതി നൽകും. കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ സൈനികനെയും സഹോദരനെയും ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാണ്.

പൊലീസിന്റെ ക്രൂരത വാർത്തയായതോടെ പേരൂർ ഇന്ദീവരം വീട്ടിലേക്ക് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും സൈനികരും വിമുക്തഭടന്മാരും ഉൾപ്പെടെ നിരവധിയാളുകളെത്തി. 12 ദിവസം റിമാൻഡിലായിരുന്ന സഹോദരങ്ങളിൽ സൈനികനായ വിഷ്ണു ദേഹമാസകലമുള്ള വേദന കടിച്ചമർത്തി രാജസ്ഥാനിലെ ക്യാമ്പിലേക്ക് മടങ്ങി. നിശ്ചയിച്ച പ്രണയവിവാഹവും മുടങ്ങിയതോടെ അതിന്റെ ദുഃഖവും ഉള്ളിലൊതുക്കിയാണ് സൈനികനായ വിഷ്ണു ജോലിസ്ഥലത്തേക്ക് പോയത്. മർദനമേറ്റ ശരീരത്തിലെ പാടുകൾ മാധ്യമങ്ങളിൽ നൽകിയതോടെയാണ് കിളികൊല്ലൂർ പൊലീസിന്റെ ക്രൂരത പുറത്തറിയുന്നത്. ഇത് സൈന്യത്തേയും ഞെട്ടിച്ചു.

37 വർഷം മുമ്പ് തിരുവനന്തപുരത്ത് കർണ്ണാടകക്കാരനായ പട്ടാളക്കാരന് ഏൽക്കേണ്ടി വന്നതിലും അപ്പുറത്തേക്കുള്ള ക്രൂരതയാണ് കിളികൊല്ലൂരിലെ സൈനികന് നേരിടേണ്ടി വന്നത്. ഈ സാഹചര്യത്തിലാണ് പഴയ കഥ ചർച്ച ചെയ്യുന്നത്.

1985-ഒക്ടോബർ ആറാം തീയതി നേമത്ത് സംഭവിച്ചത്

മൂക്കുന്നിമലയിലെ സൈനിക ഫയറിങ് റേഞ്ചിനുള്ളിൽ പൊലീസ് രാത്രി കടന്നു കയറി അറസ്റ്റ് ചെയ്തു നേമം പൊലീസ് ലോക്കപ്പിൽ സൂക്ഷിച്ചിരുന്ന പട്ടാളക്കാരനെ സംഘമായി ചേർന്ന് പട്ടാളക്കാർ ബലം പ്രയോഗിച്ച് മോചിപ്പിക്കുകയായിരുന്നു. അന്ന് സ്റ്റേഷനിലുണ്ടായിരുന്ന ഒൻപത് പൊലീസുകാരും പരിക്കേറ്റ് ആശുപത്രിയിലായി. പൊലീസ് കസ്റ്റഡിയിൽ ഇരിക്കെ മർദ്ദനമേറ്റ കർണ്ണാടകക്കാരൻ നായിക് ബൊപ്പയ്യയ എന്ന പട്ടാളക്കാരനും ചികിൽസയിലായി. വയലാർ രവിയായിരുന്നു അന്ന് കേരളത്തിലെ ആഭ്യന്തര മന്ത്രി. ഗൗരവത്തോടെ തന്നെ ഈ സംഭവം കേന്ദ്ര സർക്കാരിനേയും അറിയിച്ചു. പക്ഷേ ഒന്നും നടന്നില്ല.

നായിക് ബൊപ്പയ്യ പ്രാവച്ചമ്പലം മാർക്കറ്റിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് പകൽ അറസ്റ്റു ചെയ്തിരുന്നു. പട്ടാളക്കാരനാണെന്ന് അറിഞ്ഞപ്പോൾ വിട്ടയച്ചു. അറസ്റ്റും രേഖപ്പെടുത്തിയില്ല. രാത്രി എട്ടരയോടെ എക്‌സൈസ് പ്രിവന്റീവ് ഓഫീസറുടെ പരാതി അനുസരിച്ച് പൊലീസ് മൂക്കുന്നിമലയിലെ ഫയറിങ് റേഞ്ചിലെത്തി. എക്‌സൈസുകാരെ തടഞ്ഞു വച്ചു എന്ന കുറ്റം ആരോപിച്ച് ബാപ്പയ്യയെ അറസ്റ്റു ചെയ്യുന്നുവെന്ന് അറിയിച്ചു. പിന്നെ കസ്റ്റഡിയിൽ എടുത്തു. ഇതായിരുന്നു പൊലീസ് നൽകിയ വിശദീകരണം. ഇതൊന്നും പട്ടാളവും നാട്ടുകാരും അന്ന് അംഗീകരിച്ചില്ല. ഇതിന് തെളിവായിരുന്നു നേമത്തെ ഓപ്പറേഷൻ.

നാട്ടുകാർ എന്ന് പറഞ്ഞത് പൊലീസിനെ കുറ്റപ്പെടുത്തും കഥയാണ്. സ്വകാര്യ കാറുകളിൽ എക്‌സൈസ് സംഘം ഫയറിങ് റേഞ്ചിലെ നിരോധിത മേഖലയിൽ എത്തി. പാറാവ് നിന്ന സൈനികർ കൈ കാണിച്ചിട്ടും വാഹനങ്ങൾ നിർത്താതെ കടന്നു പോയി. മടങ്ങി വരുമ്പോൾ ആ വാഹനങ്ങൾ തടഞ്ഞു നിർത്തി സൈനികർ കാറിന്റെ താക്കോൽ ഊരി എടുത്തു. തുടർന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ നേമം പൊലീസ് സ്‌റ്റേഷനിൽ എത്തി. പരാതി കിട്ടിയതോടെ എസ് ഐ സോമശേഖരൻ നായരുടെ നേതൃത്വത്തിലെ പൊലീസ് സൈനിക ക്യാമ്പിൽ അതിക്രമം കാട്ടി. ബാപ്പയ്യയെ അടിച്ചവശനാക്കിയ ശേഷം ജീപ്പിൽ കയറ്റിക്കൊണ്ടു പോയി.

നായിക് ബാപ്പയ്യയെ രാത്രി 10 മണിയോടെ നേമം പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു വന്നു. ഇത് പൊലീസും അന്ന് സമ്മതിച്ചിരുന്നു. മദ്യപിച്ചിരുന്നുവെന്നും ആരോപിക്കുന്നു. പക്ഷേ പട്ടാളക്കാർ ഇതൊന്നും അംഗീകരിച്ചില്ല. തിരുവനന്തപുരത്തുള്ള ഉന്നത സൈനിക നേതൃത്വം പോലും അറസ്റ്റിൽ ഞെട്ടി. പിന്നാലെ അന്ന് അർദ്ധ രാത്രി 150ഓളം പട്ടാളക്കാർ നേമം പൊലീസ് സ്‌റ്റേഷനിൽ എത്തി. പട്ടാള ചിട്ടയിൽ സ്റ്റേഷൻ വളഞ്ഞു. സറ്റൺ ഗണ്ണുകളുമായി ഇരച്ചു കയറി. റോഡിലൂടെ വാഹനം പോലും കടത്തി വിടാതെ സ്‌റ്റേഷൻ നിയന്ത്രണം സ്വന്തമാക്കി.

കാവൽ നിന്ന പൊലീസുകാരന്റെ തോക്ക് പിടിച്ചു വാങ്ങി പുറത്തേക്ക് എറിഞ്ഞ ശേഷം ഓപ്പറേഷൻ തുടങ്ങി. സെല്ലിന്റെ താക്കോൽ ചോദിച്ചിട്ട് കൊടുത്തില്ല. തോക്ക് ചൂണ്ടി വിരട്ടിയപ്പോൾ പൊലീസ് അതും നൽകി. ലോക്കപ്പ് തുറന്ന് ബാപ്പയ്യയെ പുറത്തിറക്കി അവർ കൊണ്ടു പോയി. എല്ലാം കഴിഞ്ഞപ്പോൾ സ്‌റ്റേഷന്റെ ഉൾഭാഗം പടകഴിഞ്ഞ പടക്കളത്തിന്റെ പ്രതീതി ജനിപ്പിച്ചുവെന്നായിരുന്നു മനോരമയുടെ വാർത്ത.

രണ്ട് ലഫ്റ്റനന്റ്മാരടക്കം വന്നായിരുന്നു ആക്രമണം. പട്ടാള യൂണിഫോമിലായിരുന്നു. സ്‌റ്റേഷനിലെ എസ് ഐ കോഴിക്കൂട്ടിൽ കയറിയാണ് ജീവൻ രക്ഷപ്പെടുത്തിയതെന്നും അന്ന് വാർത്ത വന്നിരുന്നു.