ലണ്ടൻ: ഒരു മാസവും നാല് ദിവസവും പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി കെറ്ററിങ് മലയാളി അസോസിയേഷൻ ഭാരവാഹിയുടെ ഫോണിലേക്കു കഴിഞ്ഞ ഏതാനും ദിവസമായി പരിചയം ഇല്ലാത്ത ഒരു നമ്പറിൽ നിന്നും വിളികൾ എത്തുന്നു. കോളുകൾ അറ്റൻഡ് ചെയതായതോടെ പല കോളുകളും വോയ്‌സ് മെസേജിൽ പോയെങ്കിലും അതിൽ സന്ദേശം ഒന്നുമില്ല. ഒടുവിൽ ഇന്നലെ ഉച്ചയോടെ ഫോൺ എടുത്തപ്പോൾ മറുതലയ്ക്കൽ കെറ്ററിങ് കൂട്ടക്കൊലയിൽ ജയിലിൽ കഴിയുന്ന സാജു ചെലവേൽ. ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളുടെ ഫോൺ കോൾ ആയതുകൊണ്ട് പെട്ടെന്ന് എന്ത് മറുപടി നൽകണം എന്ന് ഫോൺ എടുത്ത ആൾക്കും നിശ്ചയം ഇല്ലായിരുന്നു.

ജയിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതിനെ തുടർന്ന് സാജുവിന്റെ ഫോണിൽ സൂക്ഷിച്ചിരുന്ന കെറ്ററിങ് മലയാളികളുടെ നമ്പർ എടുത്താണ് ജയിൽ ഫോണിൽ നിന്നും വിളി വന്നത്. ഇതോടെ എന്താണ് സംഭവിച്ചത് എന്നറിയാൻ കാത്തിരിക്കുന്ന അഞ്ജുവിനെ സ്നേഹിക്കുന്നവരുടെ മുന്നിലേക്ക് സാജു പറയുന്ന കാര്യങ്ങൾ ആദ്യമായി എത്തുകയാണ്. കഴിഞ്ഞ ആഴ്ച ജയിലിൽ സാജു ആത്മഹത്യക്ക് ശ്രമിച്ച കാര്യവും മറുനാടൻ മലയാളി മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

''എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാനാകുന്നില്ല ''

ജയിലിലെ കാന്റീനിൽ ജോലി ചെയ്യുന്നത് വഴി ലഭിക്കുന്ന ഒരു പൗണ്ട് മുടക്കിയാണ് താൻ ഫോൺ വിളിക്കുന്നതെന്നും പറഞ്ഞാണ് സാജു സംസാരിച്ചത്. ലോകമെങ്ങും മലയാളി സമൂഹം ഞെട്ടിയ കൊലപാതക കേസിലെ പ്രതിയായ സാജുവിന് എന്താണ് സംഭവിച്ചതെന്ന് സംഭവ ശേഷം ആദ്യമായി മലയാളത്തിൽ സംസാരിക്കാനായ വ്യക്തിയോടു വെളിപ്പെടുത്താൻ സാധിക്കാതെ പോകുക ആയിരുന്നു. വാക്കുകൾക്ക് തപ്പിത്തടഞ്ഞു, വികാരവിവശനായി സംസാരിച്ച സാജു എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻ പോലും പ്രയാസപ്പെടുക ആയിരുന്നു.

താൻ എങ്ങനെ ഭാര്യയെയും മക്കളെയും കൊന്നു എന്ന് ഓർത്തെടുക്കാൻ ഇപ്പോഴും തനിക്കു കഴിയുന്നില്ല എന്നാണ് സാജു പറഞ്ഞതിന്റെ ചുരുക്കം. തനിക്ക് ഒറ്റയ്ക്കുള്ള സെല്ലിൽ കിടന്നു തല പെരുക്കുകയാണ് എന്നും സാജു പറയുന്നുണ്ട്. തനിക്ക് ഇതിൽ നിന്നും താത്കാലിക മോചനം എങ്കിലും കിട്ടാൻ കുറച്ചു പുസ്തകം എങ്കിലും എത്തിച്ചു നൽകണമെന്നാണ് സാജു തുടർന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തനിക്കു മാറി ധരിക്കാൻ വസ്ത്രം കൈവശം ഇല്ലെന്നും ഇയാൾ സങ്കടപ്പെടുന്നുണ്ട്. സാധിക്കുമെങ്കിൽ തന്നെ ആരെങ്കിലും വന്നു കാണണം എന്നും ഇയാൾ അറിയിച്ചിട്ടുണ്ട്.

സംസാരത്തിനിടയിൽ അഞ്ജുവിന്റെ വീട്ടിൽ വിളിച്ച് അച്ഛനുമായി സംസാരിക്കാൻ ശ്രമിച്ചെന്നും എന്നാൽ ഫോൺ കണക്ട് ആയില്ലെന്നും സാജു പറയുന്നു. ആരും സഹായത്തിനില്ലാത്ത 85 വയസായ അമ്മയെ വിളിക്കാനും സാജു ശ്രമിക്കുന്നുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കാൻ മാത്രമാണ് ഇപ്പോൾ സാജുവിന് കഴിയുന്നുള്ളൂ. ഭാര്യയും മക്കളും ഇല്ലാത്ത ഈ ലോകത്തു തനിക്കൊറ്റയ്ക്കു ജീവിക്കേണ്ടെന്നും മുറിഞ്ഞ വാക്കുകളിൽ സാജു സൂചിപ്പിക്കുന്നു.

നല്ല നിലയിൽ ഉപയോഗിക്കാൻ കഴിയുന്ന തന്റെ കാർ ആർക്കെങ്കിലും വിറ്റ് ആ പണം തുല്യമായി രണ്ടു കുടുംബങ്ങളെയും ഏൽപ്പിക്കണമെന്നും സാജു വികാരവിവശനായി പറയുന്നുണ്ട്. ചെയ്തു പോയത് മഹാപാപം ആണെന്ന തിരിച്ചറിവിലൂടെയാണ് ഇപ്പോൾ അയാളുടെ മനസ് സഞ്ചരിക്കുന്നത് എന്ന് വ്യക്തമാകും വിധമായിരുന്നു സംസാരം തുടർന്നതും.

പിരിച്ചെടുത്ത തുകയിൽ ചെലവ് മാറ്റി അവശേഷിച്ച തുക കുടുംബത്തെ ഉടൻ ഏൽപ്പിക്കും

അതിനിടെ അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കാൻ കെറ്ററിങ് മലയാളി അസോസിയേഷൻ നൽകിയ ആഹ്വാനത്തെ തുടർന്ന് യുകെ മലയാളികൾ നൽകിയ 31 ലക്ഷം രൂപയുടെ സഹായധനം ചെലവ് മാറ്റിയ ശേഷം അഞ്ജുവിന്റെ പിതാവിനെ ഏൽപ്പിക്കാൻ കെറ്ററിംഗിൽ ഇന്നലെ വൈകിട്ട് നടന്ന യോഗത്തിൽ തീരുമാനമായി. മനോജിന്റെ യാത്ര ചെലവിനും പൊതുദർശന സമയത്തെ ചിലവുകളും ഓൺലൈൻ ഫണ്ടിങ്ങിലെ കമ്മീഷനും കഴിഞ്ഞ ശേഷം അഞ്ജുവിന്റെ കുടുംബത്തിനായി 28,726 പൗണ്ടായിരിക്കും നൽകുക.

കെറ്ററിങ് മലയാളി അസോസിയേഷന് വേണ്ടി സിബുവിനൊപ്പം ബെന്നി ജോസഫ്, അരുൺ സെബാസ്റ്റ്യൻ, സോബിൻ ജോൺ, ലിജോ ജോർജ്, പ്രബീഷ് സദാശിവൻ, ജിന്നി കിണറ്റുംകര, ഷിൻസൺ ലുക്ക്, ജോർജ് പുത്തൻപുരയിൽ എന്നിവർ ചേർന്ന നേതൃ നിരയാണ് തീരുമാനം എടുത്തത്. ഇക്കഴിഞ്ഞ ഡിസംബറിലും കെറ്ററിങ് മലയാളി സമൂഹം തികച്ചും മാതൃകാപരമായ രീതിയിൽ ഒരു കുഞ്ഞിന്റെ മരണത്തെ തുടർന്ന് കുടുംബത്തെ സഹായിക്കാൻ രംഗത്ത് എത്തിയിരുന്നു. സ്റ്റുഡന്റ് വിസക്കാരായ മാതാപിതാക്കൾ ആരും സഹായത്തിനില്ലാതെ കുഞ്ഞിന്റെ മരണത്തെ തുടർന്ന് വിഷമിക്കുന്ന സാഹചര്യത്തിലാണ് കെറ്ററിങ് മലയാളികൾ സ്നേഹസാന്ത്വനമായി ഓടിയെത്തിയത്.

അടുത്തയാഴ്ച നാട്ടിൽ എത്തുന്ന അഞ്ജുവിന്റെ നാട്ടുകാരായ കെറ്ററിങ് മലയാളികളാകും തുക അടങ്ങുന്ന ചെക്ക് അഞ്ജുവിന്റെ അച്ഛൻ അശോകിനെ ഏൽപ്പിക്കുക. മൃതദേഹത്തിനൊപ്പം നാട്ടിൽ പോയ മനോജിന്റെ യാത്ര ചെലവ് അടക്കമുള്ള പണം തട്ടിക്കിഴിച്ചാകും ബാക്കി തുക ഏൽപ്പിക്കുക. ഇക്കാര്യങ്ങൾ വ്യക്തമായി ധനസമാഹരണത്തിനു നേതൃത്വം നൽകിയ സിബു ജോസഫ് വാഴപ്പിള്ളി പലപ്പോഴായി അശോകനെ അറിയിച്ചിട്ടുണ്ട്.

നിമ്യ എന്ന മലയാളി യുവതി ജോലിക്കിടയിൽ കുഴഞ്ഞു വീണു മരിച്ചതിനെ തുടർന്നു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ നടത്തിയ അപ്പീലിന്റെ വിശദംശങ്ങൾ വാർത്തയായി നൽകിയതിനെ തുടർന്ന് കെറ്ററിങ് അപ്പീലിനെ കുറിച്ച് പലവിധ സംശയങ്ങൾ ഉയർത്തി അനേകം വായനക്കർ ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെട്ടിരുന്നു. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനാണ് അപ്പീൽ നടത്തിയതെന്ന സംശയം ഉണ്ടായ വായനക്കാരാണ് ഇത് സംബന്ധിച്ച് ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെട്ടത്. ഇക്കാര്യങ്ങൾ തത്സമയം സിബുവിനെ അറിയിച്ചിരുന്നതിനാൽ അഞ്ജു കുടുംബ സഹായ നിധിയെക്കുറിച്ചുള്ള മുഴുവൻ കാര്യങ്ങളും ബ്രിട്ടീഷ് മലയാളിക്ക് ലഭ്യമായിരുന്നു.

ഓൺ ലൈൻ ഫണ്ട് ശേഖരണം ആയതിനാൽ തുക സിബുവിന്റെ അക്കൗണ്ടിൽ എത്താൻ വൈകിയത് മൂലമാണ് ഇക്കാര്യം പൊതുസമൂഹത്തെ അറിയിക്കാൻ തടസം നേരിട്ടത്. അപ്പീൽ തുക എത്താൻ വൈകിയതോടെ മനോജിനുള്ള യാത്ര ചെലവിനുള്ള പണം പോലും താത്കാലികമായി കൈയിൽ നിന്നും എടുക്കുക ആയിരുന്നു. ഇതിനൊപ്പം ഫ്യൂണറൽ ഡയറക്ടർ ഫീസ്, പൊതുദർശനം സംബന്ധിച്ച ചെലവ് എന്നിവയും പിരിഞ്ഞു കിട്ടിയ പണത്തിൽ നിന്നും എടുക്കുമെന്നും അഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. അവശേഷിച്ച തുകയാകും അടുത്ത ആഴ്ച നാട്ടിൽ എത്തുന്ന കെറ്ററിങ് മലയാളികൾ അശോകനെ ഏൽപ്പിക്കുക.

സാജു ആത്മഹത്യക്ക് ശ്രമിച്ചത് ഭാര്യയും മക്കളും ചിതയിൽ ഒടുങ്ങുന്നതിനു മുൻപേ മരിക്കാൻ തന്നെ

സാജു കഴിഞ്ഞ ദിവസം ജയിലിൽ ആത്മഹത്യക്കു ശ്രമിച്ചെന്ന വാർത്തയും ബ്രിട്ടീഷ് മലയാളിയാണ് ആദ്യമായി പുറത്തു വിട്ടത്. ഇതേക്കുറിച്ചും ഇന്നലെ ഫോൺ സംഭാഷണത്തിൽ സാജു സൂചന നൽകി. ഷേവ് ചെയ്യാൻ നൽകിയ റേസറിലെ ബ്ലേഡ് ഉപയോഗിച്ചാണ് കൈ ഞരമ്പ് മുറിച്ചു ആത്മഹത്യക്കു ശ്രമിച്ചതെന്നും സാജു വ്യക്തമാക്കിയിട്ടുണ്ട്. മരിക്കാൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയോടെയാണ് സാജു കൈഞരമ്പു മുറിച്ചതെങ്കിലും അധികം വൈകാതെ ജയിൽ അധികൃതരുടെ ശ്രദ്ധയിൽ എത്തുക ആയിരുന്നു.

തുടർന്ന് ഒട്ടും വൈകാതെ ജയിലിനു സമീപമുള്ള എൻഎച്ച്എസ് ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിക്കുക ആയിരുന്നു. ജയിൽ അധികൃതർ നൽകിയ ഹൂഡി ധരിച്ചു തല മറച്ചാണ് സാജു ആശുപത്രിയിൽ എത്തിയത്. പരിശോധനയ്ക്കായി തലമറ മാറ്റിയപ്പോഴാണ് ആളെ തിരിച്ചറിയാൻ സാധിച്ചത്. ആശുപത്രി ജീവനക്കാർ സാജുവിനെ തിരിച്ചറിഞ്ഞതോടെ ഉടൻ ജയിൽ ജീവനക്കാർ പൊലീസ് സഹായത്തോടെ അയാൾക്കായി പ്രത്യേക മുറി സജ്ജമാക്കി അവിടെയാണ് നിരീക്ഷണം സാധ്യമാക്കിയത്.

കാര്യമായി രക്തം പോയിട്ടില്ലാത്തതിനാൽ ക്ഷീണം മാറിയ ഉടൻ സാജുവിനെ ആശുപത്രിയിൽ നിന്നും സുരക്ഷാ മുൻ നിർത്തി ഡിസ്ചാർജ് ചെയ്യുക ആയിരുന്നു. അഞ്ചുവിന്റെയും കുട്ടികളുടെയും മൃതദേഹം നാട്ടിലേക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പാണു സാജു ആത്മഹത്യാ ശ്രമം നടത്തിയത്. ഭാര്യയുടെയും മക്കളുടെ മൃതദേഹം നാട്ടിൽ എത്തുമ്പോൾ ആരുടേയും കുറ്റപ്പെടുത്തൽ തന്നിൽ എത്താതിരിക്കാൻ ജീവനോടെ ബാക്കിയാകരുത് എന്നതായിരുന്നു സാജുവിന്റെ ആഗ്രഹം.