ലണ്ടൻ: 2021 ഡിസംബറിൽ യുകെ മലയാളികളക്ക് ഞെട്ടൽ സമ്മാനിച്ചാണ് നോർത്ത് വെയ്ൽസിൽ മലയാളി ദമ്പതികൾ നടത്തിയ നഴ്‌സിങ് ഏജൻസിയിൽ റെയ്ഡ് നടന്ന വാർത്ത പുറത്തു വിട്ടത്. തുടർന്ന് ഒരു വർഷത്തിലേറെയായി ഈ രംഗത്തെ അനീതിയും ചൂഷണവും തുറന്നു കാട്ടുന്ന അനേകം വാർത്തകളാണ് ചർച്ചയായത്. സ്വാഭാവികമായും ഈ ചൂഷണത്തിന് എതിരെ യുകെ മലയാളി സമൂഹം പ്രതികരിക്കേണ്ടത് ആയിരുന്നെകിലും നിർഭാഗ്യവശാൽ അത്തരം ഒരു നീക്കം കാര്യമായി ഒരു സംഘടനയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. ഏതു പരിപാടികൾക്കും സംഘടനകൾ കൈനീട്ടുമ്പോൾ നൽകുന്ന നക്കാപ്പിച്ച സ്‌പോൺസർഷിപ് പണത്തോടുള്ള നന്ദി പ്രകടനമാണ് സംഘടനകളുടെ സുദീർഘ മൗനത്തിനു കാരണമായി വിലയിരുത്തപ്പെടുന്നത്.

ഇതിനിടയിൽ ഏജൻസികളുടെ ദുഷ്ടത മൂലം ഒരു വിദ്യാർത്ഥിയുടെ മരണം കണ്മുന്നിൽ കണ്ടിട്ടും സമൂഹത്തിനു കാര്യമായി ഒന്നും പറയാനുണ്ടായില്ല. സ്റ്റോക് ഓൺ ട്രെന്റ് കേന്ദ്രീകരിച്ചു വിപുലമായ സംവിധാനത്തോടെ പ്രവർത്തിച്ച ഏജൻസിയുടെ പേര് പുറത്തായിട്ടും സാമൂഹ്യ പ്രതിബദ്ധതയുടെ ബാഡ്ജ് ധരിച്ചു നടക്കുന്ന സംഘടനാ നേതാക്കൾക്കും സംവിധാനങ്ങൾക്കും മൗനത്തിൽ നിന്നും പുറത്തു കടക്കാൻ തോന്നിയില്ല. എന്നാൽ ഇവരുടെയൊക്കെ മൗനത്തിന് അപ്പുറമാണ് കടുപ്പമുള്ള ബ്രിട്ടീഷ് നിയമ സംവിധാനത്തിലെ രീതികൾ എന്ന് തെളിയിച്ചു നോർത്ത് വെയ്ൽസിലെ മലയാളി സംഘത്തിന് അന്വേഷണ സംഘത്തിന്റെ ഇരട്ടപ്പൂട്ട്.

വിദ്യാർത്ഥികളെ പിഴിയാൻ ഇറങ്ങിയ അഞ്ച് അംഗ സംഘത്തിന്റെ ഭാവി ഇരുളിൽ തന്നെ, പേരുദോഷവും കൂടെയുണ്ടാകും

ദമ്പതികളും അടുത്ത ബന്ധുക്കളും ഉൾപ്പെടെ അഞ്ചു പേർ ഭാഗമായ നഴ്‌സിങ് ഏജൻസി ബിസിനസ് ആണ് ഇനി താലപൊക്കാത്ത വിധം അന്വേഷണ സംഘം വരിയുടച്ചു കളഞ്ഞിരിക്കുന്നത്. ദമ്പതികൾ ഇരുവരും നഴ്‌സുമാർ ആയിരുന്നതിനാൽ ഇവർ ഭാവിയിൽ നഴ്‌സായി ജോലി നോക്കാതിരിക്കാൻ താൽക്കാലികമായി എൻഎംസി പിൻ നമ്പർ മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരെ വിടാതെ പിന്തുടർന്ന ഗാങ് മാസ്റ്റർ ആൻഡ് ലേബർ അബ്യുസ് അഥോറിറ്റി ഇപ്പോൾ സ്ലെവരി ആൻഡ് ട്രാഫിക്കിങ് റിസ്‌ക് ഓർഡർ - ടഠഞഛ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.

വിദ്യാർത്ഥി വിസയിൽ എത്തിയവരെ നഴ്‌സിങ് ഹോമുകളിൽ അടിമപ്പണി ചെയ്യിച്ചു എന്നാണ് ജിഎൽഎഎ അന്വേഷണത്തിൽ കണ്ടെത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിൽ താമസിച്ചിരുന്ന ഒൻപതു മലയാളി വിദ്യാർത്ഥികളെ കയ്യോടെ പിടികൂടിയതോടെയാണ് ഇവരെ ജോലിക്ക് നിയമിച്ച അലെക്സ കെയർ സൊല്യൂഷൻ എന്ന നഴ്‌സിങ് ഏജൻസിയെ തേടി നോർത്ത് വെയ്ൽസ് പൊലീസും ജിഎൽഎഎയും സംയുക്തമായി എത്തിയത്.

നഴ്‌സിങ് ഏജൻസി നടത്തി അതിവേഗം സമ്പത്ത് കൈക്കലാക്കിയ യുവ മലയാളി ദമ്പതികളുടെ പതനവും അതിവേഗത്തിൽ തന്നെ ആയിരുന്നു. ദമ്പതികളായ മാത്യു ഐസക്, ജിനു ചെറിയാൻ, ജിനുവിന്റെ സഹോദരൻ എൽദോസ് ചെറിയാൻ, എൽദോസ് കുര്യച്ചൻ, ജേക്കബ് ലിജു എന്നീ സംഘമാണ് ഇപ്പോൾ ജി എൽ എ എ യുടെ നിരീക്ഷണ വലയിൽ നിന്നും പുറത്തുകടക്കാനാകാതെ വലയുന്നത്.

ഇവർ കേരളത്തിൽ പോയാൽ പോലും നിരീക്ഷണത്തിൽ ആയിരിക്കും എന്നാണ് ലഭ്യമാകുന്ന വിവരം. വീണ്ടും യുകെയിൽ ജോലി ചെയ്യിക്കാൻ മലയാളി വിദ്യാർത്ഥികളെ തേടിയുള്ള യാത്ര ആയിരിക്കുമോ എന്ന സംശയമാണ് ഇതിനു കാരണം. വിദ്യാർത്ഥികൾ അറസ്റ്റിൽ ആയതിനെ തുടർന്ന് ജി എൽ എ എ ക്കു ഹെൽപ് ലൈൻ വഴി ലഭിച്ച പരാതികളാണ് നടപടികൾ കടുപ്പിക്കാൻ കാരണമായത്. 2021 ഡിസംബറിനും കഴിഞ്ഞ വർഷം മെയ്ക്കും ഇടയിലാണ് ഇവരുടെ അറസ്റ്റുകൾ രേഖപ്പെടുത്തിയത്.

നോർത്ത് വെയ്ൽസിലെ മോൾഡ് മജിസ്‌ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ആഴ്ചയാണ് ഇവരെ തുടർ നിരീക്ഷണത്തിനു വിധേയമാക്കുന്ന ലിസ്റ്റിൽ ഉൾപ്പെടുത്താൻ കോടതി വിധിയായത്. ബലാത്സംഗ കേസിൽ അകപ്പെടുന്ന പ്രതികൾക്ക് ശിക്ഷയുടെ ഭാഗമായി ലഭിക്കുന്ന സെക്സ് ഒഫെൻഡേഴ്‌സ് ലിസ്റ്റിന് സമാനമായി മനുഷ്യക്കടത്തു തടയാൻ ഉദ്ദേശിച്ചു രൂപം നൽകിയതാണ് എസ ടി ആർ ഓ ലിസ്റ്റ്. ഇതോടെ ഇവർക്കെതിരെ ക്രിമിനൽ കേസ് ചാർജ് ചെയ്തിട്ടില്ലെങ്കിലും അധികൃതർക്ക് തുടർ നിരീക്ഷണത്തിനു സാധ്യത നൽകിയിരിക്കുകയാണ് കോടതി. മറ്റു ഏജൻസികൾക്ക് വേണ്ടി പ്രവർത്തിച്ചാലും വീട് വാടക ബിസിനസ് നടത്തിയാലും ഒക്കെ ഇതോടെ അഞ്ചു പേരും നിയമത്തിന്റെ മുന്നിൽ സമാധാനം പറയാൻ ബാധ്യസ്ഥരാകുകയാണ്.

നോർത്ത് വെയ്ൽസിലെ അബെർഗെയ്ൽ, പ്ലഹേലി, ലാന്റ്യൂഡ്‌നോ, കൊൾവിൻ ബേ എന്നിവിടങ്ങളിൽ ഉള്ള നഴ്‌സിങ് ഹോമുകളിൽ ജോലി ചെയ്തും ബന്ധുക്കളും പരിചയക്കാരുമായ ജോലിക്കാരെ ഉപയോഗിച്ചുമാണ് സ്റ്റുഡന്റ് വിസക്കാരെ നിയമിക്കാൻ അവസരം സൃഷ്ടിച്ചെടുത്തത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ വെളിപ്പെടുത്തിയത്. ദമ്പതികൾ സ്വന്തമായി കെയർ ഏജൻസി ആരംഭിക്കുകയും നഴ്‌സിങ് മാനേജർ പദവിയിൽ കെയർ ഹോമിന് വേണ്ടി ജോലി ചെയ്യുമ്പോൾ സ്വന്തം ഏജൻസി ഉപയോഗിച്ച് ഷിഫ്റ്റുകൾ തരപ്പെടുത്തിയമാണ് ബിസിനസ് വിപുലപ്പെടുത്തിയത് എന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. മൂന്നു മാസം ഏജൻസി പ്രവർത്തനം നടത്തിയപ്പോഴേക്കും വിദ്യാർത്ഥികളിൽ നിന്നും തന്നെ ഹെൽപ് ലൈനിൽ പരാതി എത്തിയിരുന്നു. ശമ്പളം പിടിച്ചു വച്ചതു ഉൾപ്പെടെയുള്ള പരാതികളാണ് ജി എൽ എ എ യെ തേടി വന്നത്.

ഭാവി തുലച്ചു കേരളത്തിലേക്ക് മടങ്ങേണ്ടി വന്നത് 50 ലേറെ വിദ്യാർത്ഥികൾക്ക്

കോവിഡ് വന്നതിനു ശേഷം കെയർ ജോലിക്ക് ആളെ ലഭിക്കാനുള്ള പ്രയാസം കണക്കിലെടുത്തു മലയാളി വിദ്യാർത്ഥികളെ സുലഭമായി ലഭിച്ചതു യുകെയിൽ എങ്ങും നഴ്‌സിങ് ഏജൻസികളുടെ പിറവിക്കു കാരണമായിട്ടുണ്ടെന്നു ജി ൽ എ എ എ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ അനേകം ഏജൻസികളും മലയാളി വിദ്യാർത്ഥികളും തുടർച്ചയായ നിരീക്ഷണത്തിലാണ്. സ്റ്റോക് ഓൺ ട്രെന്റ് കേന്ദ്രീകരിച്ചു സ്ഥിരം റെയ്ഡുകൾ നടന്നതോടെ ഇപ്പോൾ ഇവിടെ താമസിക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികളുടെ എണ്ണവും കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പല ഘട്ടങ്ങളിലായി റെയ്ഡിൽ പിടിക്കപ്പെട്ട 50 മലയാളി വിദ്യാർത്ഥികൾ എങ്കിലും ഭാവി നഷ്ടപ്പെടുത്തിയാണ് തിരികെ കേരളത്തിൽ എത്തിയിരിക്കുന്നത്. ഇവരെല്ലാം യുകെയിലെ മലയാളി നഴ്‌സിങ് ഏജൻസികളുടെ ചൂഷണത്തിന് ഇരയായവർ ആണെന്നതാണ് ദുഃഖകരമായ സത്യം.

വെയ്ൽസ്, സ്റ്റോക് ഓൺ ട്രെന്റ്, ലിവർപൂൾ, ബ്രൈറ്റൻ, ലണ്ടൻ, ഡെവോൺ തുടങ്ങിയ നിരവധി സ്ഥലങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ പിടിയിലായത്. ജി എൽ എ എ നൽകിയ കണക്കിൽ മാത്രം ഉൾപ്പെടുന്നത് ആണിത്. കെയർ ഹോമിലെ ജോലി എന്ന ആകർഷണത്തിൽ പഠിക്കാൻ വന്ന കോഴ്‌സിൽ ശ്രദ്ധിക്കാതെ പഠനം ഉഴപ്പി തിരികെ വെറും കയ്യോടെ മടങ്ങേണ്ടി വന്നത് അനേകായിരങ്ങൾക്കാണ്. ഇക്കൂട്ടത്തിൽ പരീക്ഷ എഴുതാൻ പറ്റാത്തവരും പരീക്ഷ എഴുതി തോറ്റവരും ഉൾപെടും. കഷ്ടി പാസായ പലർക്കും പഠിച്ച പണി കിട്ടാതെ നിരാശരായും മടങ്ങേണ്ടി വന്നിട്ടുണ്ട്. ഇതിനൊക്കെ പൊതു കാരണമായി ഇപ്പോൾ ചൂണ്ടിക്കാട്ടാവുന്ന ഒരൊറ്റ ഘടകമേയുള്ളൂ, അവസരം മുതലാക്കി ചൂഷണത്തിന് ഇറങ്ങിയ നഴ്‌സിങ് ഏജൻസികൾ.

കേരളത്തിൽ വ്യാജ റിക്രൂട്ടിങ് എജൻസികൾ കോടികൾ കൊയ്തെടുത്തതിന് സമാനമായാണ് മറ്റു മാർഗങ്ങൾ ഇല്ലാതെ ഇയ്യാമ്പാറ്റകളെ പോലെ മുന്നിൽ എത്തിയ വിദ്യാർത്ഥികളെ കുരുതി കൊടുത്തു തഴച്ചു വളർന്ന നഴ്‌സിങ് എജൻസികൾ. സ്വന്തമായി അധ്വാനിക്കാതെ മറ്റുള്ളവരുടെ വിയർപ്പിൽ നക്കിയെടുത്ത പണം കൊണ്ട് ഹോട്ടലുകൾ വാങ്ങിയവരും പ്രോപ്പർട്ടി ബിസിനസ്സിൽ പണം എറിഞ്ഞവരുമാണ് മിക്ക എജൻസികളും. പ്രമുഖ പട്ടണങ്ങളിൽ വമ്പൻ കെട്ടിടങ്ങൾ വാങ്ങാൻ വരെ നഴ്‌സിങ് ഏജൻസി നടത്തിയവർക്ക് പണം വാരി വിതറാൻ സഹായകമായത് ചോര നീരാക്കി പണിയെടുത്ത നിസഹായരായ വിദ്യാർത്ഥികളാണ്. ഈ ചൂഷണം കണ്മുന്നിൽ കണ്ടിട്ടും മൊഴി മുട്ടി നിന്ന മലയാളി സംഘടനകൾക്ക് കാലം കണക്കു ചോദിക്കാൻ എത്തുമ്പോൾ ഒരുത്തരവും ഉണ്ടാകില്ല എന്നാണ് നോർത്ത് വെയ്ൽസിൽ നിന്നെത്തുന്ന അനുഭവ പാഠം തെളിയിക്കുന്നത്.

വായനക്കാരുടെ ശ്രദ്ധക്ക്

ഇത്തരം ജോലിക്കു നിയമിക്കുന്ന സ്ഥാപനങ്ങളെയും പണം അമിതമായി വാങ്ങിയ റിക്രൂട്ടിങ് ഏജൻസികൾ, നഴ്‌സിങ് ഹോമുകൾ എന്നിവയെ നിലയ്ക്ക് നിർത്താൻ അവരെക്കുറിച്ചുള്ള വിവരങ്ങൾ പൗര ബോധമുള്ള വ്യക്തി എന്ന നിലയിൽ https://www.gla.gov.uk/ ഈ വിലാസത്തിൽ അറിയിക്കുക. റിപ്പോർട്ട് ചെയ്യാനുള്ള നമ്പർ 0800 432 0804.

Modern Slavery Helpline on 08000 121 700 or Crimestoppers anonymously on 0800 555111 എന്ന നമ്പറുകളിലോ ആണോ അനധികൃത നഴ്‌സിങ്, കെയർ ഏജൻസികളെ കുറിച്ച്, നിയമ ലംഘകരായ വിദ്യാർത്ഥികളെ സംബന്ധിച്ചോ വിവരങ്ങൾ കൈമാറേണ്ടത്.