ലണ്ടൻ: യുകെയിൽ തുടർച്ചയായ ജോലിക്ക് ശേഷം അസ്വസ്ഥതയും നെഞ്ചു വേദനയും തോന്നിയ മലയാളി യുവതിയായ കെയറർ ആശുപത്രിയിൽ എത്തിയ ശേഷം വിവരം തൊഴിൽ സ്ഥലമായ നഴ്‌സിങ് ഹോമിൽ അറിയിക്കുന്നു. തുടർന്ന് ഏതാനും ദിവസത്തെ അവധിയും അറിയിക്കുന്നു. ഇതേ തുടർന്ന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് മിഡ്‌ലാൻഡ്‌സിലെ നഴ്‌സിങ് ഹോം ഉടമയുടെ അന്ത്യ ശാസനം.

ഇതനുസരിച്ചു ജി പി യുടെ അടുക്കൽ എത്തിയ യുവതിക്ക് ഒരു മാസത്തെ വിശ്രമം വേണമെന്ന് ഡോക്ടർ സർട്ടിഫിക്കറ്റ് നൽകി. ഈ സിക്ക് നോട്ട് നഴ്‌സിങ് ഹോമിൽ എത്തിയതോടെ പ്രൊബേഷൻ പീരിയഡിൽ നീണ്ട കാലം അവധി നൽകാൻ നിർവാഹം ഇല്ലെന്നു വ്യക്തമാക്കി നേരെ പിരിച്ചു വിടൽ നോട്ടീസ്. അതും 11 ലക്ഷം രൂപ കോട്ടയത്തെ റിക്രൂട്ടിങ് ഏജൻസിക്ക് നൽകി ജോലിക്ക് എത്തിയ യുവതിയോടാണ് കണ്ണിൽ ചോരയില്ലാത്ത ഈ നിലപാട് എടുത്തത് എന്നതും ശ്രദ്ധേയം.

ഇക്കഴിഞ്ഞ നവംബറിൽ എത്തിയ മലയാളി കെയറർ ആയ യുവതിക്കാണ് തീ തീറ്റുന്ന നരക യാതനയിലൂടെ കഴിഞ്ഞ മാസം കടന്നു പോകേണ്ടി വന്നത്. തുടർച്ചയായ ഡ്യൂട്ടിയും കൈക്കുഞ്ഞിനെ വീട്ടിലും നോക്കേണ്ട ഇരട്ട ജീവിത സാഹചര്യത്തിൽ നിസ്സഹായായിപ്പോയ യുവതി നെഞ്ചു വേദനയെ തുടർന്നാണ് എ ആൻഡ് ഇ യിൽ എത്തി പ്രാഥമിക ചികിത്സ തേടിയത്. പരിശോധനയ്ക്ക് ശേഷം വിശ്രമം എടുക്കാൻ നിർദ്ദേശിച്ച ഡോക്ടർമാർ ജിപിയെ കണ്ടു തുടർ പരിശോധനകളും നിർദ്ദേശിച്ചു. ഭാഗ്യവശാൽ കാര്യമായ കുഴപ്പം ഒന്നും പരിശോധനയിൽ കണ്ടെത്തിയിലെങ്കിലും ചെറിയ ചില ശ്രദ്ധ വേണ്ട സാഹചര്യം ഉള്ളതിനാലാണ് ജിപിയെ കാണുവാൻ നിർദ്ദേശം നൽകിയത്.

ഇക്കാര്യങ്ങൾ ഉത്തരവാദിത്ത ബോധത്തോടെ ഗുജറാത്തി ഉടമസ്ഥതയിൽ ഉള്ള കെയർ ഹോമിൽ യുവതി അറിയിച്ചതോടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് വനിതയായ നഴ്‌സിങ് ഹോം ഡയറക്ടർ ആവശ്യപ്പെട്ടു. ഒരു കുടുംബ ബിസിനസിന്റെ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ മുൻപും ജീവനക്കർക്ക് എതിരായ നടപടികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം.

തൊഴിലുടമയുടെ നിർദ്ദേശത്തെ തുടർന്ന് ജിപിയെ കണ്ട യുവതിക്ക് ഒരു മാസത്തെ വിശ്രമമാണ് ഡോക്ടർ നിർദ്ദേശിച്ചത്. ഈ കത്ത് നഴ്‌സിങ് ഹോമിൽ എത്തിച്ചതോടെ പ്രൊബേഷൻ പീരിയഡ് ആറു മാസം ആണെന്ന കാരണത്താൽ കൂടുതൽ വിശിദീകരണം പോലും തേടാതെ കയ്യോടെ പിരിച്ചു വിടൽ എന്ന ക്രൂരതയാണ് ഹോം ഉടമകൾ കാട്ടിയത്.

ഡിപെൻഡഡ് വിസയിൽ എത്തിയ ഭർത്താവിന് ഒരു ഭക്ഷണ ശാലയിൽ താൽക്കാലിക ജോലി ലഭിച്ചത് മാത്രമായിരുന്നു ഈ കുടുംബത്തിന്റെ മറ്റു വരുമാനം. എന്നാൽ ഈ ചെറിയ വരുമാനത്തിൽ പിടിച്ചു നിൽക്കാനാകില്ല എന്നതിനാൾ ജോലിക്കായി മലയാളി ഏജൻസിക്ക് നൽകിയ 11 ലക്ഷം രൂപയും വെള്ളത്തിലായി എന്ന തിരിച്ചറിവിൽ നാട്ടിലേക്ക് മടങ്ങാനായിരുന്നു യുവതിയുടെയും ഭർത്താവിന്റെയും ശ്രമം.

വിവരങ്ങൾ ഏജന്റിനെ അറിയിച്ചപ്പോൾ നിങ്ങളുടെ തെറ്റുകൊണ്ടു സംഭവിച്ച തൊഴിൽ നഷ്ടത്തിന് ഞാൻ എന്ത് ചെയ്യാൻ എന്നായിരുന്നു ഇയാളുടെ മറുപടി. എന്നാൽ ഈ ഘട്ടത്തിൽ ദൈവദൂതനെ പോലെ ഇതിനകം അനേകം മലയാളികളുടെ യുകെ ജീവിതത്തിൽ വെളിച്ചമായി എത്തിയ എറണാകുളം ജില്ലക്കാരനായ മുൻ ഹൈക്കോടതി അഭിഭാഷകൻ സഹായവുമായി രംഗത്ത് എത്തുക ആയിരുന്നു.

ആരോഗ്യകാരണങ്ങളാൽ ജോലിക്ക് എത്തിയില്ല എന്നതിന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയ രേഖകൾ മുന്നിലിരിക്കെ മറ്റു നടപടിക്രമങ്ങൾ പാലിക്കാതെ പിരിച്ചു വിട്ട നടപടി കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് എന്ന കത്ത് മലയാളി അഭിഭാഷകൻ കയ്യോടെ നഴ്‌സിങ് ഹോമിന് കൈമാറി. ഈ കത്ത് കൈയിൽ കിട്ടിയ നിമിഷം തന്നെ പിരിച്ചു വിടാൻ ഉള്ള തീരുമാനം പുനഃപരിശോധിക്കുക ആണെന്നും ശിക്ഷ നടപടി മറ്റൊരു ആറു മാസത്തെ പ്രൊബേഷൻ ആക്കി വർധിപ്പിച്ചിരിക്കുന്നു എന്നും വ്യക്തമാക്കി നഴ്‌സിങ് ഹോം ഉടമകളിൽ ഒരാൾ കൂടിയായ വനിതാ ഡയറക്ടർ ഇപ്പോൾ മലയാളി കെയററെ അറിയിച്ചിരിക്കുകയാണ്. ഡോക്ടർ നിർദ്ദേശിക്കുന്നത് അനുസരിച്ചു ജോലിക്ക് എത്തിയാൽ മതിയെന്ന ഔദാര്യവും മർക്കട മുഷ്ടി ഉപേക്ഷിച്ച ഹോം ഡിറക്ടറുടെ ഭാഗത്തു നിന്നും ഉണ്ടായി എന്നതും ശ്രദ്ധേയമായി.

അതിനിടെ നഴ്‌സിങ് ഹോം ഉടമകളും ആർത്തിക്കാരായ റിക്രൂട്ടിങ് ഏജൻസികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിലാണ് ഇത്തരം അകാരണമായ പിരിച്ചു വിടലുകൾ സംഭവിക്കുന്നത് എന്ന് ഒരിക്കൽ കൂടി തെളിയുകയാണ്. സ്റ്റോക് ഓൺ ട്രെന്റിലും ഈസ്റ്റ് ഹാമിലും സൗത്ത് എൻഡിലും ലിവർപൂളിലും അടക്കം ഇത്തരം കുൽസിത മലയാളി ഏജന്റുമാർ പ്രവർത്തിക്കുന്ന വിവരം ബ്രിട്ടീഷ് മലയാളി ഒരു വർഷം മുൻപ് പലവട്ടം റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്.

നോ ഫിറ്റ്നസ് റ്റു വർക്ക് എന്ന ഒറ്റവരിയിൽ വാട്സാപ്പിൽ പോലും മെസേജ് അയച്ചു ജോലി നഷ്ടമായ അനേകം മലയാളി ചെറുപ്പക്കാർ യുകെയിലുണ്ട്. സഹായത്തിന് ആരെ സമീപിക്കും എന്ന കണ്ണീരാണ് ഇപ്പോൾ ഒന്നിലേറെ മലയാളി അഭിഭാഷകർ ഈ യുദ്ധത്തിൽ ബ്രിട്ടീഷ് മലയാളിക്കൊപ്പം കൈകോർക്കുന്നത്. ഇത്തരം നിഷ്ടൂര സംഭവങ്ങളിൽ ഫീസ് വാങ്ങാതെ ജോലി ചെയ്യാൻ തയ്യാറാകുന്ന ഒന്നിലേറെ മലയാളി അഭിഭാഷകർ നൽകുന്നതും പ്രതീക്ഷകളുടെ കൈത്തിരി വെട്ടം തന്നെയാണ്.