ലണ്ടൻ: നെഞ്ചു വേദന വന്നപ്പോൾ അവധി വിളിച്ചതിനു ജോലി നഷ്ടപ്പെടുകയും പിന്നീട് മലയാളി വക്കീൽ ഇടപെട്ടു നിയമ നടപടിയിലേക്കു നീങ്ങുകയും ചെയ്തപ്പോൾ അതേ ജോലി തിരികെ ലഭിക്കുകയും ചെയ്ത സംഭവം മിഡ്ലാൻഡ്‌സിൽ നിന്നും ഇന്നലെ റിപ്പോർട്ട് ചെയ്തതോടെ സമാന തരത്തിൽ നിയമ സഹായം ആവശ്യമുള്ള പത്തോളം കേസുകൾ പുറത്ത്.

ഇതിൽ പലതിലും മലയാളി ജീവനക്കാരുടെ ഭാഗത്തു നീതി കണ്ടെത്താമെങ്കിലും ചില സംഭവങ്ങളിൽ പതിവ് പോലെ റിക്രൂട്ടിങ് ഏജൻസികളുടെ ആർത്തിയിൽ വന്നു നരകത്തിൽ എത്തിയ അനുഭവം പങ്കിടുന്ന സംഭവങ്ങളും വ്യക്തമാണ്. ഇപ്പോൾ ബ്രക്‌സിറ്റ് രൂക്ഷത ശക്തമായ പല മേഖലകളിലും ജീവനക്കാരുടെ ക്ഷാമം കഠിനമായതോടെ ഏതൊക്കെ മേഖലയിലാണ് വിസ അനുവദിക്കപ്പെടുന്നത് എന്ന് പോലും ഒറ്റ നോട്ടത്തിൽ പറയാനാകാത്ത സാഹചര്യമാണ്. ഇറച്ചി വെട്ടുകാർക്ക് വരെ വിസ ലഭിക്കുന്നു എന്ന സാഹചര്യത്തിൽ നിന്നും കെട്ടിടം പണിയുന്നവർക്കു വരെ വിസ നൽകാൻ ഉള്ള നിർദ്ദേശമാണ് അടുത്തിടെ മൈഗ്രെഷൻ അഡൈ്വസ് കമ്മിറ്റി നൽകിയിരിക്കുന്നത്.

ഇത് മികച്ച അവസരം എന്ന നിലയിൽ കേരളത്തിൽ യുകെയിലേക്കുള്ള റിക്രൂട്ടിങ് തടിച്ചു കൊഴുക്കുകയാണ് എന്ന് തെളിയിക്കുന്ന മറ്റൊരു സംഭവം കൂടിയാണ് തെളിയുന്നത്. സ്‌കോട്‌ലൻഡിൽ മുൻപ് മൽസ്യ ബന്ധന വിസയിൽ അനേകം മലയാളിയിൽ കൊച്ചിയിൽ നിന്നെത്തി കുടുങ്ങിയ സംഭവം കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തതിനു സമാനമായ സംഭവമാണ് തിരുവനന്തപുരം സ്വദേശിയായ യുവാവിന് വിശദീകരിക്കാനുള്ളത്.

ഇയാൾ തിരുവനന്തപുരത്തെ ഏജന്റിന്റെ വലയിൽ കുരുങ്ങി എത്തിയത് മൽസ്യ സംസ്‌കരണ യൂണിറ്റിലേക്ക് ആണെന്ന് മാത്രം. അഞ്ചു വർഷത്തെ വിസയെന്നും പറഞ്ഞ് ഓരോ വർഷവും പുതുക്കി നൽകിക്കോളും എന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയതും യുകെയിൽ എത്തിച്ചതും. എന്നാൽ യുകെയിൽ എത്തി ആറുമാസത്തിനകം നിർഭാഗ്യം സാമ്പത്തിക മാന്ദ്യത്തിന്റെ രൂപത്തിൽ യുവാവിനെ പിടികൂടുക ആയിരുന്നു.

ബിസിനസ് നഷ്ടമായതിനാൽ കമ്പനി പ്രവർത്തനം വെട്ടിച്ചുരുക്കുന്നു എന്നാണ് യുവാവിനെ അറിയിച്ചിരിക്കുന്നത്. അതിനാൽ അടുത്ത മാസം 14 നു തീരുന്ന വിസ പുതുക്കി നൽകാനാകില്ലെന്നും വ്യക്തമാക്കിയാണ് കമ്പനി കത്ത് അയച്ചിരിക്കുന്നത്. ഈ തീയതിക്ക് മുൻപ് നാട്ടിലേക്കു മടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന നിർദ്ദേശവും കമ്പനി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ 14 ലക്ഷം രൂപ മുടക്കി യുകെയിൽ എത്തിയ യുവാവ് വെറും കയ്യോടെ മടങ്ങേണ്ടി വരുക എന്നത് അയാളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരവുമാണ്. എന്നാൽ മറ്റൊരു ജോലി കണ്ടെത്താനായില്ലെങ്കിൽ യുകെയിൽ തുടരാനുമാകില്ല. യഥാർത്ഥത്തിൽ ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥയിലാണ് ഇയാൾ. തൽക്കാലം മറ്റൊരു ജോലി കണ്ടെത്താനുള്ള സാവകാശം തേടി യുകെയിൽ തന്നെ തുടരണം എങ്കിലും ഹോം ഓഫിസിന്റെ അനുമതിയും ആവശ്യമുണ്ട്.

അതിനാൽ ഇക്കാര്യത്തിൽ തന്നെ സഹായിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ നിയമ സഹായം കൂടി തേടുകയാണ് യുവാവ്. ഓരോ വർഷവും വിസ പുതുക്കി നൽകും എന്ന ഏജന്റിന്റെ വാക്ക് വിശ്വസിച്ച യുവാവിന് ഇപ്പോൾ അയാളോടും ഒന്നും പറയാനാകാത്ത അവസ്ഥയായി. കമ്പനി തന്നെ ഇല്ലാതാകുമ്പോൾ എന്ത് ചെയ്യാനാണ് എന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ് യുവാവ്. വാസ്തവം ബോധ്യപ്പെടുത്തിയാലും ഏജന്റ് പണം മടക്കി നൽകുക എന്നത് വെറും ദിവാസ്വപ്നം മാത്രമായി മാറും.

അതിനിടെ ഇത്തരം വിസയിൽ ജോലി തേടി വന്ന അനേകം മലയാളികൾ സമാന പ്രതിസന്ധി നേരിടും എന്ന സൂചനയാണ് തിരുവനന്തപുരം സ്വദേശിയുടെ അനുഭവം വ്യക്തമാകുന്നത്. നഷ്ടം സഹിക്കാനാകാതെ ഇത്തരം അനേകം കമ്പനികൾ അടച്ചു പൂട്ടുകയാണ്. പലതും അഡ്‌മിനിസ്‌ട്രേഷനിൽ വീണു കഴിഞ്ഞു. സാമ്പത്തിക മാന്ദ്യവും ഉയർന്ന വൈദ്യുതി നിരക്കും ഇത്തരം പ്ലാന്റുകൾ പ്രവർത്തിക്കുന്നതിന് വലിയ മുടക്കു മുതൽ വരുത്തുകയാണ്.

ഉൽപ്പന്ന ലാഭം ഏറിയ പങ്കും കച്ചവടക്കാർ കയ്യടക്കുകയും ചെയ്യുന്നു. കാർഷിക മേഖല നേരിടുന്ന അതേ പ്രതിസന്ധി തന്നെയാണ് മൽസ്യ മാംസ സംസ്‌കരണ യൂണിറ്റുകളും നേരിടുന്നത്. ഉത്പന്ന വില കുതിച്ചുയർന്നതോടെ ജനങ്ങൾ ഇവയുടെ ഉപയോഗം കുറച്ചതും കമ്പനികളെ പ്രതിസന്ധിയിലാക്കുകയാണ്. മൽസ്യ വില യുകെയിൽ കുതിച്ചുയരുന്നത് ബ്രക്‌സിറ്റിനെ തുടർന്നാണ്. എന്നാൽ പിന്നാലെ വന്ന യുക്രൈൻ യുദ്ധവും ഇന്ധന വില വർധനയും പ്രതിസന്ധി പാരമ്യത്തിലാക്കി.

സ്‌കോട്‌ലൻഡിൽ വിവിധ കമ്പനികളെ പ്രവർത്തന നഷ്ടം ബാധിച്ചതോടെ നൂറുകണക്കിന് ആളുകളുടെ ജോലിയാണ് നഷ്ടമാകുന്നത്. അടുത്തിടെ ആറോളം ഫിഷ് പ്രോസസിങ് കമ്പനികളാണ് ഒറ്റയടിക്ക് അടച്ചുപൂട്ടലിന്റെ മുന്നോടിയായി അഡ്‌മിനിസ്‌ട്രേഷനിൽ വീണിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ഇവയിൽ പലതും കടുത്ത പ്രതിസന്ധിയിൽ ആയത്. അഡ്‌മിനിസ്‌ട്രേഷനിൽ ആയ കമ്പനികളിൽ ജോലി ചെയ്തിരുന്ന അനേകരുടെ ഭാവി താത്കാലികമായി നഷ്ടമായിട്ടില്ലെങ്കിലും ഏതു നിമിഷവും ഇവരെല്ലാം തൊഴിൽ രഹിതരാകാം.

ഇതിൽ നിന്നും വ്യക്തമാകുന്നത് കേരളത്തിൽ ഏജൻസികൾ നൽകുന്ന മോഹന വാഗ്ദാനം കേട്ട് ഇത്തരം ജോലികൾക്കായി യുകെയിലേക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഇറങ്ങി തിരിക്കരുത് എന്ന് തന്നെയാണ്. കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ നീങ്ങുന്ന ഏതു കമ്പനിയും ഏതു നിമിഷവും പൊട്ടി വീഴാവുന്ന സാഹചര്യമാണ് യുകെയിൽ നിലനിൽക്കുന്നത്.