- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭാര്യയുടെ തല തല്ലിപ്പൊട്ടിച്ച യുവാവ് അറസ്റ്റിൽ; യുകെ മലയാളി കുടുംബത്തിലെ യുവാവിനെതിരെ കേസ്; ഇനിയൊരു അഞ്ജു യുകെ മലയാളികൾക്കിടയിൽ വേണ്ടെന്ന നിശ്ചയ ദാർഢ്യത്തോടെ യുവതിയായ ഭാര്യ; സ്ത്രീധന പീഡനവും ആൺ മേൽക്കോയ്മയും പരാതിയായി എത്തിയപ്പോൾ യുവതിക്കായി സർവ്വ സഹായവുമൊരുക്കി ബ്രിട്ടീഷ് പൊലീസ്; അന്വേഷണത്തിനു ഡിക്ടറ്റീവ് ഉദ്യോഗസ്ഥനും
ലണ്ടൻ: ഏഴു വർഷം മുൻപ് ലണ്ടനിലെ ചാഡ്വെൽ ഹീത്തിലും അഞ്ചു മാസം മുൻപ് മിഡ്‌ലാൻഡ്‌സിലെ കെറ്ററിംഗിലും നടന്ന കൂട്ടക്കൊലകളിൽ അമ്മമാരും മക്കളും അടക്കം ഏഴു പേരാണ് മരണത്തിലേക്ക് മടങ്ങിയത്, ഇതിനുള്ള സ്വാഭാവിക കാരണം വീട്ടുവഴക്ക് തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം നടന്ന ചാഡ്വെൽ ഹീത്തിലെ സംഭവത്തിൽ കൊല്ലപ്പെട്ട തൃശൂർക്കാരിയായ വീട്ടമ്മ ഷിഗി ഭർതൃ പീഡനത്തിന് എതിരെ കൗൺസിൽ അടക്കമുള്ള കേന്ദ്രങ്ങളിൽ പരാതിയും നൽകിയിരുന്നതാണ്.
എന്നാൽ എല്ലാം ഉള്ളിൽ ഒതുക്കുന്ന പ്രകൃതക്കാരിയും യുകെയിൽ എത്തിയിട്ട് അധിക കാലം ആകാത്തതിനാലും കെറ്ററിംഗിലെ അഞ്ജു താൻ അനുഭവിക്കുന്ന വേദനയും മാനസിക പ്രയാസവും ആരോടും വെളിപ്പെടുത്തിയിരുന്നില്ല. കൂടെ ജോലി ചെയ്യുന്നവരോട് പോലും. ഒടുവിൽ ഒരഗ്നി പർവതം പോലെ രണ്ടു യുവതികളും മക്കളും യുകെ മലയാളികൾക്കു മുന്നിൽ തീരാ വേദനയുടെ പ്രതീകമായി ഇല്ലാതാവുക ആയിരുന്നു.
കഴിഞ്ഞ ദിവസം കെന്റിൽ നിന്നുള്ള സ്നേഹയുടെ (യഥാർത്ഥ പേര് പൊലീസ് നിയമ നടപടി തുടരുന്ന സാഹചര്യത്തിൽ മറച്ചു വയ്ക്കുകയാണ്. താൻ ഇരയായ കേസിൽ പേര് വെളിപ്പെടുത്തുന്നതിൽ ഒരു പ്രയാസവും ഇല്ലെന്നു യുവതി എഴുതി അറിയിച്ചെങ്കിലും കേസിൽ തുടർ നടപടികളിൽ തിരിച്ചടിക്ക് അതൊരു കാരണമാകരുത് എന്ന പ്രാഥമിക നിയമ വിലയിരുത്തലിൽ മാത്രമാണ് പേര് തടഞ്ഞു വയ്ക്കുന്നത്) ഫോൺ വിളിയിലും നിറയുന്നത് ഗാർഹിക പീഡനവും ശാരീരിക മർദനവും ചേർന്നുള്ള വേദനയുടെ കഥകൾ ആയിരുന്നു.
ഇടുക്കി ജില്ലക്കാരായ കുടുംബത്തിലെ യുവാവാണ് ഗാർഹിക പീഡന പരാതി നേരിടുന്നത്. പോർട്സ്മൗത്തിൽ കുടുംബ വേരുകൾ ഉള്ള യുവാവ് ജോലി സംബന്ധമായി ഭാര്യയുമായി ഹീത്രൂവിന് അടുത്താണ് താമസിച്ചിരുന്നത്. അതിനാൽ യുവതിയുടെ പരാതിയിൽ ഇപ്പോൾ സറേ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഏവിയേഷൻ കമ്പനിയിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്ന യുവാവിന്റെ പെരുമാറ്റ വൈകല്യം കുടുംബത്തെ അടുത്തറിയുന്നവരെ കൂടി അമ്പരപ്പിക്കുകയാണ്.
വിദ്യാഭ്യാസത്തിന്റെ കുറവോ സാമ്പത്തിക പ്രയാസമോ ഒന്നുമല്ല വീട്ടുവഴക്കിന്റെ കാരണം എന്നത് വ്യക്തമാകുന്നതോടെ സംഭവത്തിന്റെ ഗൗരവം വർധിക്കുകയാണ്. ഏതു കേസിലും എന്താണ് മോട്ടിവേഷൻ എന്ന ഇരട്ട തലയുള്ള ചോദ്യം ഈ കേസിലും ചാട്ടുളി പോലെ യുവാവിന് നേരെ ഉയർന്നു വീശുകയാണ്. മാത്രമല്ല വിവാഹത്തിന്റെ രണ്ടാം വാർഷികം അടുത്ത് വരുന്ന ഘട്ടത്തിൽ മധുവിധു കാലം പോലും കഴിയും മുൻപേ എന്താണ് ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം എന്ന് ബന്ധുക്കൾക്കും മനസിലാകുന്നില്ല. യുവാവ് എല്ലാ തരത്തിലും തന്നെ അടക്കി വച്ചിരിക്കുകയാണ് എന്ന് യുവതി പറയുമ്പോൾ ജോലി ചെയ്യുന്ന പണത്തിൽ നിന്നും ഒരു പെൻസ് ചെലവാക്കുന്നതിലും മുൻകൂർ അനുമതി വാങ്ങണം എന്ന കാർക്കശ്യം എന്തിനാണ് എന്നാണ് ചോദിക്കുന്നത്.
യുകെയിലെ എല്ലാ മലയാളി വീടുകളിളിലും ഇങ്ങനെയൊക്കെയാണോ കാര്യങ്ങൾ എന്ന് സ്നേഹ ചോദിക്കുമ്പോൾ അതിൽ അവർ അനുഭവിക്കുന്ന പീഡനത്തിന്റെ നീറ്റൽ വ്യക്തമാണ്. അഭിപ്രായ സ്വാതന്ത്ര്യവും വ്യക്തി സ്വതന്ത്ര്യവും ഒക്കെ സ്ത്രീക്കും തുല്യമാണ് എന്ന് തിരിച്ചറിയാത്ത യുവത്വമാണോ യുകെയിലെ മലയാളി വീടുകളിൽ ആണ്മക്കളായി വളർന്നു വരുന്നത് എന്ന് ചോദിക്കാനും സ്നേഹ മടിക്കുന്നില്ല.
മുൻപ് പലവട്ടവും ശാരീരിക ആക്രമണത്തിന് വിധേയയായിട്ടുണ്ടെങ്കിലും അന്നൊക്കെ സഹിക്കുക എന്ന മാർഗത്തിലാണ് താൻ രക്ഷ കണ്ടെത്തിയത് . എന്നാൽ ഇക്കഴിഞ്ഞ മാർച്ച് 29 നു ആശുപത്രിയിൽ എത്തി ചികിത്സാ തേടേണ്ടി വന്ന സാഹചര്യത്തിൽ വീട്ടുകാരുടെ കൂടി സമ്മതത്തോടെയാണ് യുവതി പൊലീസിൽ പരാതിയുമായി എത്തിയത് . സാഡിസ്റ്റ് മനോഭാവം പേറുന്ന യുവാവുമായി ഇനിയും മകൾ ത്യാഗം സഹിക്കേണ്ട കാര്യം ഇല്ലെന്നാണ് യുവതിയുടെ മാതാപിതാക്കളുടെയും തീരുമാനം .
പ്രത്യക്ഷത്തിൽ നിരന്തരം ഗാർഹിക പീഡനം ഉണ്ടാക്കുന്നതിനുള്ള കാരണമൊന്നും കണ്ടുപിടിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ പൊതുവെ യുകെയിൽ ഏഷ്യൻ കുടുംബങ്ങളിൽ ഉണ്ടാകുന്ന ഗാർഹിക പീഡനത്തിനുള്ള കാരണം തേടി വിശദമായ അന്വേഷണമാണ് പൊലീസ് നടത്തികൊണ്ടിരിക്കുന്നത്. ദുരഭിമാന കൊലയൊക്കെ ഏഷ്യൻ കുടുംബങ്ങളിൽ നിന്നും പലവട്ടം ബ്രിട്ടീഷ് പൊലീസിനെ തേടി എത്തിയിട്ടുള്ളതിനാൽ വിട്ടുവീഴ്ച ഇല്ലാത്ത അന്വേഷണം ഉണ്ടാകുമെന്നു വനിതാ പൊലീസ് ഉദ്യോഗസ്ഥർ നിരന്തരം യുവതിയെ അറിയിച്ച് ഇവർക്ക് മാനസിക ധൈര്യം നൽകാനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞ ദിവസം അക്രമാസക്തനായ യുവാവ് ഭാര്യയുടെ തല തല്ലിപൊട്ടിച്ചതിനെ തുടർന്ന് കെന്റിൽ ഉള്ള യുവതിയുടെ ബന്ധുക്കളാണ് പൊലീസിൽ പരാതിപ്പെടാൻ യുവതിക്ക് ധൈര്യം നൽകിയത്. കെന്റിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതിയുടെ പരാതി സറേ പൊലീസിന് കൈമാറുക ആയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതി പൊലീസ് അനുമതിയോടെ ഇപ്പോൾ ബന്ധുക്കളെക്കൊപ്പമാണ് താമസം.
താമസം സൗകര്യപ്പെടുത്താമെന്നു പൊലീസ് അറിയിച്ചെങ്കിലും ബന്ധുക്കൾക്കൊപ്പം താമസിക്കുന്നത് സുരക്ഷിതം ആണെന്ന് അറിയിച്ചതോടെ പൊലീസ് അനുവദിക്കുക ആയിരുന്നു. നിലവിൽ ബ്രിട്ടീഷ് പൗരത്വം ഉള്ള മലയാളി യുവാവിന്റെ ഭാര്യ എന്ന നിലയിൽ ഡിപെൻഡന്റ് വിസയിൽ ആണെങ്കിലും മികച്ച വിദ്യാഭ്യാസമുള്ള യുവതിക്ക് വർക്ക് പെർമിറ്റോടെ യുകെയിൽ ജോലിയും ഉടൻ ലഭിക്കും. ഇക്കാര്യത്തിലും നിയമ നടപടികൾ മൂലം യുവതിയുടെ ഭാവിക്ക് കോട്ടം ഉണ്ടാകില്ലെന്ന് പൊലീസ് ഉറപ്പു നൽകിയിട്ടുണ്ട്.
കേട്ടാൽ വിശ്വസിക്കാൻ പ്രയാസം തോന്നുന്ന ഒരു യുവാവിന്റെ ചേഷ്ടകളാണ് ഭാര്യ വിശദീകരിക്കുന്നത്. യുകെയിൽ വർഷങ്ങളായി ജീവിക്കുന്ന കുടുംബത്തിന്റെ പ്രാകൃത മനോഭാവമാണ് യുവതിക്ക് വെളിപ്പെടുത്താനുള്ളത്. കേരളത്തിൽ പോലും ഇപ്പോൾ ഇത്തരം കുടുംബങ്ങൾ ഇല്ലെന്നു സ്നേഹ പറയുമ്പോൾ യുകെ മലയാളികൾ മുന്നോട്ടോ പിന്നോട്ടോ എന്ന ചോദ്യം കൂടിയാണ് ഉയരുന്നത്.
യുകെയിൽ നിന്നുള്ള വിവാഹ ആലോചനയിൽ കൂടുതൽ വ്യക്തി സ്വാതന്ത്ര്യവും പുരോഗമന ചിന്തയും ഒക്കെ പ്രതീക്ഷിച്ചാണ് യുവതി സമ്മതം അറിയിക്കുന്നത്. എന്നാൽ സ്ത്രീധനം വേണമെന്ന ശൈലിയിൽ യുവതിയുടെ മാതാപിതാക്കളോട് അമിതമായി പണം ചോദിച്ചു കൊണ്ടിരിക്കുകയും അതിന്റെ പേരിൽ ഭാര്യയുമായി വഴക്കിടുന്നതും ഒരു ക്രൂര വിനോദമാക്കിയ യുവാവിന്റെ പ്രവർത്തികളാണ് ഇപ്പോൾ സറേ പൊലീസിലെ ഡിക്ടറ്റീവ് ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത്.
മദ്യമോ മയക്കുമരുന്നോ പോലെ ഒരു ബാഹ്യ ഘടകങ്ങളും യുവാവിനെ ബാധിച്ചിട്ടില്ലെന്നു കൂടി യുവതി വ്യക്തമാക്കുന്നുണ്ട്. എന്നാൽ പുരുഷ ആധിപത്യ മനോഭാവ പ്രവണതയാണ് ഇയാളിൽ നിഴലിടുന്നത്. ഈ പെരുമാറ്റ വൈകല്യം മെച്ചപ്പെടും എന്ന ചിന്തയിൽ ആരോടും പറയാതെ കഴിച്ചു കൂട്ടിയ യുവതി ഭർത്താവ് അക്രമാസക്തനായി തല തല്ലിപ്പൊളിച്ചതോടെ ഇനി ഒന്നിച്ചൊരു ജീവിതമില്ലെന്ന കടുത്ത തീരുമാനം എടുക്കുക ആയിരുന്നു. സംഭവമറിഞ്ഞു കെന്റിൽ മലയാളി സമൂഹത്തിൽ സജീവ പൊതുപ്രവർത്തനം നടത്തുന്ന വ്യക്തികളാണ് ഇക്കാര്യം യുകെ മലയാളികളിൽ എത്തണം എന്ന് യുവതിയെയും ബന്ധുക്കളെയും അറിയിക്കുന്നത്.
കാരണം ഇനിയൊരു അഞ്ജു ഈ സമൂഹത്തിൽ സൃഷ്ടിക്കപ്പെടാതെ നോക്കാൻ സമൂഹത്തിനും മാധ്യമങ്ങൾക്കും ഒക്കെ പങ്കുണ്ട് എന്ന ചിന്തയാണ് ഇവർ പങ്കിടുന്നതും. മാത്രമല്ല ഇത്തരം സദർഭങ്ങളിൽ ആലോചിച്ചുറപ്പിച്ച ഒരു വിവാഹത്തിലൂടെ മാതാപിതാക്കളിൽ നിന്നും കുടുംബത്തിൽ നിന്നും ഇത്രയേറെ ദൂരെ യുവാവിനെയും കുടുംബത്തെയും വിശ്വസിച്ചു ജീവിക്കാൻ തയ്യാറായി എത്തിയ യുവതിക്ക് തണലായി മാറുന്നതിനു പകരം മകന്റെ പക്ഷം ചേർന്ന് നിൽക്കാനും യുവതിയിൽ കുറ്റം കണ്ടുപിടിക്കാനുമാണ് പോർട്സ്മൗത്തിലെ യുവാവിന്റെ മാതാപിതാക്കൾ തയ്യാറായത് എന്നും ആരോപണമുണ്ട്. മാതാപിതാക്കളോട് സ്വര ചേർച്ച ഉണ്ടായി ഏക മകളും ഇപ്പോൾ ഈ കുടുംബവുമായി അകൽച്ചയിൽ ആണെന്നും യുവതിയുടെ ബന്ധുക്കൾ സൂചിപ്പിക്കുന്നു.




