ലണ്ടൻ: തെയ്യമെന്നു കേട്ടിട്ട് മാത്രമുള്ളവർ ആയിരിക്കണം യുകെ മലയാളികളിൽ നല്ല പങ്കും. എന്നാൽ ത്രസിപ്പിക്കുകയും ഒപ്പം ഭയപ്പെടുത്തുകയും കാഴ്ചയുടെ ലഹരിയായി നിറയുകയും ചെയ്യുന്ന തെയ്യക്കോലത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയിരിക്കുകയാണ് ഡെർബി മലയാളി അസോസിയേഷൻ ഭാരവാഹികൾ. ഇത്തവണത്തെ വിഷു ഈസ്റ്റർ ആഘോഷ ഭാഗമായാണ് വടക്കേ മലബാറിന്റെ തനതു കലാരൂപമായ തെയ്യത്തെ വേദിയിൽ എത്തിച്ചു സംഘാടകർ കയ്യടി നേടിയത്.

അനുഷ്ടാന കലയായ തെയ്യത്തെ അതേ വിധത്തിൽ അവതരിപ്പിക്കുക യുകെയിൽ സാധ്യമല്ലാത്തതിനാൽ നാടൻ നൃത്താവിഷ്‌കാരവും കൂടി ചേർത്താണ് വേദിയിൽ ചുവന്ന പശ്ചാത്തലത്തിൽ രൗദ്രഭാവത്തിൽ തെയ്യക്കോലം നിറഞ്ഞാടിയത്. ഹൈന്ദവ സങ്കലപ്പത്തിലെ ദേവന്മാരും ദേവതമാരും ഒക്കെ നിറഞ്ഞാടുന്ന തെയ്യക്കോലത്തിൽ അനേകം ദൈവിക ഭാവങ്ങൾ നിറഞ്ഞാടുന്നതാണ് പതിവ്. ഇതിൽ ഏതു രൂപമാണ് ഡെർബിയിൽ എത്തിയതെന്ന് വ്യക്തമല്ല. എങ്കിലും യുകെയിൽ ആദ്യമായി ഈ അനുഷ്ടാന കലയെ ആധുനിക ഭാവത്തിൽ എങ്കിലും അവതരിപ്പിച്ചത് ഡെർബിയിൽ ആണെന്നത് ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

കഴിഞ്ഞ ദിവസം നടന്ന അസോസിയേഷൻ ഈസ്റ്റർ വിഷു ആഘോഷത്തിലെ ഹൈലൈറ്റ് ആയാണ് ഇപ്പോൾ തെയ്യാട്ടം നാട്ടുകാർ ആഘോഷിക്കുന്നത്. സോഷ്യൽ മീഡിയയിലും മറ്റും തെയ്യവും അതിനൊപ്പം വേദ്ജിയിൽ എത്തിയ നൃത്തരൂപവും ഒക്കെ കയ്യടി നേടിക്കഴിഞ്ഞു. നൃത്തം ചെയ്യുന്ന ദേവത സങ്കൽപ്പത്തിനൊപ്പം ആടിയുറയാൻ വേദിയിൽ ഒരു സംഘം നർത്തകർ കൂടി എത്തിയതോടെ സകല നോട്ടവും അവരിൽ മാത്രമായി. മികച്ച ദൃശ്യാവിഷ്‌കാരം കൂടി വേദിയിലെത്തിയപ്പോൾ തെയ്യാട്ടം കാണാനായത് മഹാഭാഗ്യം എന്ന കമന്റുകളാണ് പിന്നീട് കേൾക്കാനായത്.

തെയ്യാട്ടത്തിന്റെ പൂർണത വേദിയിൽ എത്തിക്കാൻ ഡെർബിയിലെ കലാകാരന്മാർക്കും കലാകാരികൾക്കും കഴിഞ്ഞു എന്ന് തന്നെയാണ് പൊതുവിലയിരുത്തൽ. ഇതിനായി ആഴ്ചകൾ നീണ്ട മുന്നൊരുക്കങ്ങളാണ് നടത്തിയത്. മുഖത്തെഴുത്തും കുരുത്തോല തോരണവും ആടയാഭരണങ്ങളും ഒക്കെ ചേർന്ന് വടക്കേ മലബാറിൽ കാണുന്ന തെയ്യത്തിന്റെ പൂർണത ഇംഗ്ലണ്ടിലും പറിച്ചു നടാൻ കഴിഞ്ഞതിൽ ഡെർബി മലയാളികൾക്ക് ഇനിയെന്നും ഓർമ്മയിൽ അഭിമാന നിമിഷമായി കൂടെയുണ്ടാകും.

ഭൂതഗണങ്ങളെ കൂടെ നിർത്തി ടോളി പൗലോയാണ് തെയ്യത്തെ വേദിയിൽ അപൂർവ സുന്ദര കാഴ്ചയാക്കി മാറ്റിയത്. ഭൂതഗണങ്ങളായി എട്ടു നർത്തകിമാരാണ് റ്റോളിക്ക് ഒപ്പം വേദിയിൽ എത്തിയത്. ഏകദേശം ഒരു മാസത്തിലേറെ ഇതിനായി കഠിന പ്രയത്നം നടത്തി എന്നും ടോളി വിശദമാക്കുന്നു. നാടൻ നൃത്തരൂപങ്ങൾ എന്നും കയ്യടി നേടുന്ന യുകെയിൽ അന്യം നിന്നു പോകുന്ന തെയ്യത്തെ പുനരാവിഷ്‌ക്കരിക്കാൻ സാധിച്ചതിൽ ഇപ്പോൾ ടോളിക്ക് ചാരിതാർഥ്യം മാത്രം. ഓർമ്മയിലെ ഒരു വിഷുക്കാലത്തിൽ ഇനിയെന്നും ഈ തെയ്യക്കോലം ഡെർബി മലയാളികളുടെ മനസ്സിൽ ഉണ്ടാകുമെന്നത് ജീവിതത്തിലെ ധന്യനിമിഷമായി ടോളിക്കും കൂടെയുണ്ടാകും.

പ്രവാസ ജീവിതത്തിൽ പണ്ടുണ്ടായിരുന്ന ജാതി മത വ്യത്യാസമില്ലാത്ത കാഴ്ചകളുടെ പുനർജനി കൂടിയാണ് ഇപ്പോൾ യുകെയിൽ എത്തിയ തെയ്യത്തെ വിലയിരുത്തപ്പെടുന്നത്. ക്രിസ്ത്യൻ വിശ്വാസിയായ യുവാവ് ഹിന്ദു ദേവത സങ്കലപ്പത്തെ കെട്ടിയാടിയതു വഴി ജാതി മത ചിന്തകൾക്ക് അതീതമായി പ്രവാസ ലോകത്തു മലയാളി സമൂഹത്തിനു ഒന്നായി നില്ക്കാൻ കഴിയുമെന്നു തെളിയിക്കാനും തെയ്യത്തിലൂടെ സാധിച്ചു.

വിഷുവും ഈസ്റ്ററും ഒന്നിച്ചെത്തുമ്പോൾ ക്രിസ്ത്യൻ - ഹിന്ദു വിശ്വാസങ്ങളുടെ നിറക്കാഴ്ചകൾ ഒന്നിച്ചു വേദിയിൽ എത്തുന്നതും യുകെയിൽ ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ്. ആ കൂട്ടത്തിലേക്കു ഡെർബിയുടെ പേര് കൂടി എഴുതി ചേർക്കാൻ ഇത്തവണത്തെ ആഘോഷം വഴി സാധിച്ചു എന്നതിൽ തെയ്യവും ടോളിയും ഏറ്റെടുത്ത പരിശ്രമം ഏറെ വലുതാണ്. അതിനായി വേണ്ടി വന്ന കഷ്ടപ്പാടുകളും വാക്കുകൾക്ക് അതീതമാണ്.

ഡെർബി മലയാളികൾക്ക് നെത്ര്വതം നൽകുന്ന പ്രസിഡന്റ്റ് ജെയിംസ് എബ്രഹാം, സെക്രട്ടറി മിൽട്ടൺ അലോഷ്യസ് എന്നിവരും തെയ്യാട്ടം ഹിറ്റായതോടെ അസോസിയേഷൻ പ്രവർത്തനം കൂടുതൽ ഊർജസ്വലം ആകുവാനുള്ള തയ്യാറെടുപ്പിലാണ്. മണിക്കൂറുകൾ നീണ്ടു നിന്ന ആഹ്ലാദത്തിന്റെ രാപ്പകൽ സൃഷ്ടിച്ചു കടന്നു പോയ ഈസ്റ്റർ - വിഷു ആഘോഷം വഴി ഡെർബി മലയാളികൾക്കും യുകെ മലയാളി സമൂഹത്തിൽ ചെറുതല്ലാത്ത സ്ഥാനം കയ്യെത്തിപ്പിടിക്കാൻ കഴിഞ്ഞു എന്ന വിലയിരുത്തലാണ് പൊതുവിൽ ലഭ്യമാകുന്നത്. അസോസിയേഷൻ ഭാരവാഹികൾക്ക് ഇതില്പരം ആനന്ദം എന്തുണ്ട് എന്ന ചോദ്യമാണ് മികവുറ്റ ആഘോഷപരിപാടികൾക്ക് ശേഷം കേൾക്കാനായതും.