- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുകെയിൽ അറസ്റ്റിലായ മൂന്നാമത്തെ വിദ്യാർത്ഥിയെയും നാട് കടത്തി; കൊല്ലത്തുകാരനായ യുവാവ് നാട്ടിലേക്ക് മടങ്ങിയത് ബ്രിട്ടീഷ് ചെലവിൽ; പത്തു വർഷത്തെ വിദേശ യാത്രയും മുടങ്ങും; സ്വപ്ന ജീവിതം മോഹിച്ചെത്തി എല്ലാം തകർന്നത് അധിക മണിക്കൂർ ജോലി ചെയ്തതിന്റെയും പണം നാട്ടിലേക്ക് അയച്ചതിന്റെയും പേരിൽ
ലണ്ടൻ: യുകെയിലെ സ്റ്റോക് ഓൺ ട്രെന്റിൽ നിന്നും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒരു വിദ്യാർത്ഥി കൂടി ബ്രിട്ടനിൽ നിന്നും നാട് കടത്തപ്പെട്ടു. കൊല്ലം സ്വദേശിയായ യുവാവിനെയാണ് അറസ്റ്റിനു ശേഷവും യുകെയിൽ തുടരാനുള്ള ശ്രമത്തിനു വിലക്കിട്ട് ഹോം ഓഫിസ് നാട് കടത്തിയിരിക്കുന്നത്. ഹോം ഓഫിസ് സ്റ്റോക് ഓൺ ട്രെന്റിൽ നടത്തിയ റെയ്ഡിൽ കുടുങ്ങിയ യുവാവ് എങ്ങനെയും കോഴ്സ് പൂർത്തിയാകുന്നത് വരെയെങ്കിലും യുകെയിൽ തുടരാനായി അറസ്റ്റിനു എതിരായി ജാമ്യ അപേക്ഷയുമായി നീങ്ങിയെങ്കിലും ജാമ്യ വ്യവസ്ഥ പാലിക്കാനുള്ള രേഖകൾ പോലും യഥാസമയം നല്കാനാകാതെ നാടുകടത്തൽ നടപടികളിലേക്ക് അതിവേഗം നീങ്ങുക ആയിരുന്നു.
യൂണിവേഴ്‌സിറ്റിയിൽ നിന്നും ഏറെ അകലെ സ്റ്റോക് ഓൺ ട്രെന്റിൽ താമസിക്കാൻ എത്തി മലയാളി നഴ്‌സിങ് ഏജൻസിയിൽ ജോലിക്ക് കയറിയ യുവാവ് മൂന്നു ആഴ്ച തുടർച്ചയായി 33 മണിക്കൂർ വീതം ജോലി ചെയ്തത് ഹോം ഓഫിസ് കണ്ടെത്തിയിരുന്നു. ഇത് ക്‌ളാസ് നടക്കുന്ന സമയം ആയതിനാൽ വിദ്യാർത്ഥിയെ നാട് കടത്താൻ മതിയായ കരണവുമായി. മാത്രമല്ല ജോലി ചെയ്തു ലഭിച്ച പണം അടിക്കടി നാട്ടിലേക്ക് അയച്ചതിന്റെ രേഖകൾ കൂടി ഹോം ഓഫിസ് കണ്ടെത്തിയതോടെ പഠിക്കാൻ വന്നതാണോ ജോലി ചെയ്തു സമ്പാദിക്കാൻ വന്നതാണോ എന്ന ചോദ്യത്തിന് യുവാവിന് കൃത്യമായ മറുപടി ഉണ്ടായില്ല .
ജോലി ചെയ്യാൻ പോസ്റ്റ് സ്റ്റഡി വിസക്കാലം വരെ കാത്തിരിക്കാൻ തയ്യാറല്ലാത്ത ഒട്ടേറെ മലയാളി യുവതീ യുവാക്കളുടെ പ്രതീകം മാത്രമാണ് ഈ യുവാവ്. ഇയാളെ സഹായിക്കാൻ ലണ്ടനിൽ ഉള്ള അകന്ന ബന്ധു തയാറായിരുന്നു എങ്കിലും സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവ സ്റ്റോക് ഓൺ ട്രെന്റിൽ എത്തിയത്. യുകെയിൽ വിദ്യാർത്ഥി വിസയിൽ കഴിയുമ്പോൾ പാലിക്കേണ്ട അച്ചടക്കം സംബന്ധിച്ച് ബന്ധു മുന്നറിയിപ്പ് നൽകിയിരുന്നെകിലും സുഹൃത്തുക്കൾ നൽകിയ അറിവുകൾ പാലിച്ചു മുന്നോട്ട് പോകാനെടുത്ത തീരുമാനമാണ് യുവാവിനെ ഒടുവിൽ വെട്ടിലാക്കിയത്. ഇതോടെ ഈ വർഷത്തെ കഴിഞ്ഞ നാലു മാസക്കാലയളവിൽ മാത്രം ഹോം ഓഫിസ് നാടുകടത്തുന്ന മലയാളി വിദ്യാർത്ഥികളുടെ എണ്ണം ഒരു ഡസൻ പിന്നിട്ടു. ഈ യുവാവിന് ഒപ്പം അറസ്റ് ചെയ്തിരുന്ന ദമ്പതികൾ ആയിരുന്ന വിദ്യാർത്ഥിനിയെയും ഭർത്താവിനെയും നാട് കടത്തിയത് രണ്ടു ആഴ്ച മുൻപാണ്.
നാട് കടത്തപ്പെടൽ ഹോം ഓഫിസ് ചെലവിലായാൽ കൂടുതൽ ബുദ്ധിമുട്ടുകൾ
നാടുകടത്തൽ ഹോം ഓഫിസ് ചെലവിൽ ആയിക്കോട്ടെ എന്ന നിലപാട് യുവാവു എടുത്തതോടെ അടുത്ത പത്തു വർഷത്തേക്ക് ഇയാൾക്ക് മറ്റു വിദേശ രാഷ്ട്രങ്ങളിൽ പോകാനുള്ള സാധ്യത കൂടി അടഞ്ഞിരിക്കുകയാണ്. പൊതു ഖജനാവിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് യുവാവിനെ നാട് കടത്തുന്നത് എന്ന വിവരം ഹോം ഓഫിസ് ഇയാളുടെ വ്യക്തിഗത രേഖകളിൽ ഉൾപ്പെടുത്തിയതോടെയാണ് ഇയാൾക്ക് അന്താരഷ്ട്ര യാത്ര തടസം കൂടി നേരിടുന്നത്.
ഇയാളെ സഹായിക്കണം എന്നാവശ്യപ്പെട്ടു ബന്ധു നൽകിയ ഉപദേശവും നിയമ സഹായത്തിനു എത്തിയ അഭിഭാഷകർ നൽകിയ മുന്നറിയിപ്പും അവഗണിച്ചാണ് യുവാവ് ഹോം ഓഫിസ് ചെലവിൽ നാട് കടത്തൽ മതിയെന്ന നിലപാട് എടുത്തത്. ഇനി ഈ രാജ്യത്തേക്ക് ഇല്ല എന്ന് പറഞ്ഞു കൊണ്ടിരുന്ന യുവാവ് അടുത്ത പത്തു വർഷത്തേക്ക് ചുരുങ്ങിയ അഞ്ചു പ്രധാന വിദേശ രാജ്യങ്ങളിലേക്ക് പോകാനാകാത്ത അവസ്ഥയിലാണ് തിരുവനന്തപുരം എയർപോർട്ടിൽ എത്തിയിരിക്കുന്നത്.
യുകെയിൽ നിന്നും നാടുകടത്തപ്പെടുന്നവരുടെ വിവരങ്ങൾ അഞ്ചു കണ്ണുകൾ എന്നറിയപ്പെടുന്ന യുഎസ് , കാനഡ , ഓസ്‌ട്രേലിയ , ന്യുസിലാൻഡ് എന്നീ രാജ്യങ്ങൾക്ക് കൂടി തത്സമയം കൈമാറ്റം ചെയ്യപ്പെടുകയാണ്. ഇതോടെ മലയാളി വിദ്യാർത്ഥികൾ കുടിയേറ്റത്തിനു ഏറ്റവും അധികം ആശ്രയിക്കുന്ന അഞ്ചു പ്രധാന രാഷ്ട്രങ്ങളുടെയും വാതിലുകൾ നാട് കടത്തപ്പെട്ടാൽ കൊട്ടിയടക്കപ്പെടും. വിദ്യാർത്ഥിയായോ പങ്കാളി ആയോ ജോലി ലഭിച്ചാലോ ഒക്കെ ഈ നിയന്ത്രണം ബാധകമാകുകയും ചെയ്യും.
അതിനാൽ നാട് കടത്തപെടുക എന്നത് ജീവിതത്തിന്റെ ഒരു പ്രധാന വഴിയിലേക്കുള്ള വാതിൽ എന്നന്നേക്കുമായി അടച്ചു കളയുക എന്നത് കൂടിയാണ് അർത്ഥമാക്കപ്പെടുന്നത് , ഇക്കാര്യങ്ങൾ ബോധ്യമില്ലാത്തവരല്ല മലയാളി വിദ്യാർത്ഥികൾ. പക്ഷെ വരുന്നിടത്തു വച്ച് നോക്കാം എന്ന നിസാര ഭാവമാണ് പിടിയിലാകുന്നവരെ ഊരാക്കുടുക്കിൽ എത്തിക്കുന്നതും ഭാവി കൂടുതൽ ഇരുളടഞ്ഞതാക്കുന്നതും.
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.