ലണ്ടൻ:യുകെയിലെ ബേസിങ്‌സ്റ്റോക്കിൽ കഴിഞ്ഞ ദിവസം നടന്ന മലയാളി ഈസ്റ്റർ, വിഷു ആഘോഷ പരിപാടി യുകെ മലയാളികൾക്ക് ഞെട്ടലായി മാറുന്ന ദുരന്തമായി പര്യവസാനിക്കാതിരുന്നത് ഭാഗ്യത്തിന്റെ ഇടപെടൽ കൊണ്ട് മാത്രം. കൊച്ചു കുഞ്ഞുങ്ങൾ അടക്കം നാനൂറോളം പേർ തിങ്ങി നിറഞ്ഞ ഹാളിൽ സ്റ്റേജിൽ പരിപാടിക്കിടെ നിയന്ത്രണമില്ലാതെ കൂൾ പൈറോ എന്ന ഇലക്ട്രിക് പൂത്തിരി കത്തിച്ചതാണ് അപകടത്തിലേക്ക് എത്തിച്ചത്. സ്റ്റേജിന്റെ കർട്ടന് ഒപ്പം മുകളിൽ വിരിച്ചിരുന്ന അലങ്കാര തുണിയിലേക്ക് പൂത്തിരിയിൽ നിന്നും തീ പടർന്നതോടെ പരിഭ്രാന്തിയായി. സ്റ്റേജിനു മുകളിൽ തീ നിന്ന് കത്തിയതോടെ സകലരും പരിഭ്രാന്തിയോടെ രക്ഷപ്പെടാനുള്ള ശ്രമമായി.

ഹാളിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളെയും വേഗത്തിൽ പുറത്തെത്തിക്കാൻ കഴിഞ്ഞെങ്കിലും പത്തോളം പേർക്ക് പുക ശ്വസിച്ചുള്ള അസ്വസ്ഥത കണ്ടതോടെ ആംബുലൻസിൽ തന്നെ കിടത്തി പരിശോധന നടത്തി. തുടർന്ന് ആശുപത്രിയിൽ എത്തിക്കേണ്ട ഗുരുതരാവസ്ഥ ഇല്ലെന്നു ബോധ്യമായതോടെ വീട്ടിൽ പോകാൻ അനുവദിക്കുക ആയിരുന്നു. ആഘോഷ പരിപാടിയുടെ ഭാഗമായി നടന്ന ലഘു നാടകം കയ്യടി നേടിയപ്പോൾ ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം നിയന്ത്രിച്ചിരുന്ന വ്യക്തി ആവേശം കയറി തുടർച്ചയായി കൂൾ പൈറോ ഞെക്കിയതാണ് തീപിടുത്തത്തിന് കാരണമായത്. സാധാരണ ഗതിയിൽ അഞ്ചു സെക്കൻഡിൽ കൂടുതൽ ഈ ഇലക്ട്രിക് പൂത്തിരി കത്തിക്കുന്നത് അപകടം സൃഷ്ടിക്കുമെന്ന് ഈ രംഗത്തെ വിദഗ്ധ പരിശീലനം നേടിയവർ പറയുന്നു.

കണ്ണാടിയിൽ നിന്നും തുടർച്ചയായി സൂര്യപ്രകാശം ഒരു വസ്തുവിലേക്കു തിരിച്ചു വിട്ടു തീ പിടിക്കുന്നതിനു സമാനമാണ് കൂൾ പൈറോ തീ പിടുത്തം. തുടർച്ചയായി ഒരേ പോയിന്റിൽ ചൂട് എൽക്കുന്നത് വഴി തീ പിടിക്കും എന്ന വസ്തുതയാണ് ഇത്തരം അപകടം ഓർമ്മിപ്പിക്കുന്നത്. കൂൾ പൈറോ കൈകാര്യം ചെയ്യുന്നവർ അശ്രദ്ധമായും അവിദഗ്ധം ആയും കൈകാര്യം ചെയ്യുന്നതാണ് അപകടം വിളിച്ചു വരുത്തുന്നത്. മലയാളി ആഘോഷങ്ങളിൽ മദ്യപിച്ച് ഇത്തരം ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതും അപകടത്തിലേക്ക് എത്തിക്കുന്നത് തൊഴിൽ വൈദഗ്ധ്യവും പ്രൊഫഷണലിസം ഇല്ലാത്തവരും ഇത്തരം ജോലികൾ ഏറ്റെടുക്കുന്നത് മൂലം ആണെന്ന് സ്റ്റേജിന്റെ തൊട്ടരികെ നിന്നും എല്ലാത്തിനും സാക്ഷിയായ ബേസിങ്‌സ്റ്റോക് സ്വദേശിയായ മലയാളി യുവാവ് വ്യക്തമാക്കി.

മാത്രമല്ല കൂൾ പൈറോ പോലെയുള്ള അപകട കാരണമായേക്കാവുന്ന വസ്തുക്കൾ കൈകാര്യം ചെയ്യുന്നത് അസസ്മെന്റ് ചെയ്ത ശേഷവും ആയിരിക്കണം. ഓരോ ഹാളിലും ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാമോ ഇല്ലയോ എന്നത് സംബന്ധിച്ച കൃത്യമായ മാർഗ നിർദ്ദേശം ഉണ്ടായിരിക്കും. എന്നാൽ ബേസിങ്‌സ്റ്റോക്കിൽ ആഘോഷ പരിപാടിക്ക് വൈകിയെത്തിയ ലൈറ്റ് ആൻഡ് സൗണ്ട് കരാർ എടുത്തവർ തിരക്ക് പിടിച്ചാണ് ജോലികൾ ചെയ്തിരുന്നത് എന്നും ചടങ്ങിൽ പങ്കെടുത്തവർ ആരോപിക്കുന്നു. ഇത്തരം കാര്യങ്ങളിൽ സംഘാടകർ അടക്കം പാലിക്കേണ്ട ഉത്തരവാദിത്തത്തിലേക്കുള്ള ചൂണ്ടു പലകയാണ് ഒഴിവായി പോയ ഈ അപകടം എന്ന് ബേസിങ്‌സ്റ്റോക് മലയാളി അസോസിയേഷനിലെ മുൻ ഭാരവാഹി വ്യക്തമാക്കി. ഇത് യുകെയിൽ മലയാളി ചടങ്ങിൽ എവിടെയും സംഭവിക്കാവുന്ന കാര്യമാണ്.

അതിനാൽ ഈ അപകടം ഒരു ദുരന്ത സൂചനയായി കണ്ടു വേണം ഓരോ സംഘടനകളും ഭാവിയിൽ ഇത്തരം ജോലികൾ ഏൽപ്പിക്കേണ്ടതെന്നും ഒരു ദുരന്തം ഉണ്ടായാൽ സംഘാടകർ സമാധാനം പറയേണ്ടത് നിയമത്തിനു മുന്നിൽ ആയിരിക്കും എന്നാണ് ഇന്നലെ ബേസിങ്‌സ്റ്റോക് മലയാളി അസോസിയേഷൻ ഭാരവാഹികളെ അപകട സ്ഥലത്തു വിളിച്ചു വരുത്തി കൂടുതൽ തെളിവെടുപ്പ് നടത്തിയതിലൂടെ വ്യക്തമാകുന്നത്.

ഇപ്പോഴും ഹാൾ അധികൃതർക്ക് കൂൾ പൈറോ ആണ് അപകടകാരണം ആയതെന്നു വ്യക്തമായിട്ടില്ല. ഇന്നലെ പ്രാദേശിക മാധ്യമങ്ങളിൽ അപകട വാർത്ത വന്നെങ്കിലും സ്വാഭാവികമായ തീ പിടുത്തം ആണെന്നാണ് പൊതുവിൽ കരുതപ്പെടുന്നത്. എന്നാൽ അശ്രദ്ധയും വൈദഗ്ധ്യം ഇല്ലായ്മയും കൂടി ചേർന്ന് ക്ഷണിച്ചു വരുത്തിയ അപകടം ആണെന്നത് ബോധ്യമായാൽ നിയമ നടപടിക്കും നഷ്ടപരിഹാരത്തിനും കൂടി സംഘാടകരും കരാർ ഏറ്റെടുത്ത വ്യക്തിയും മറുപടി നൽകേണ്ടി വരും എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്.

ബേസിങ്‌സ്റ്റോക്കിൽ സ്ഥിരമായി മലയാളി ചടങ്ങുകൾ സംഘടിപ്പിക്കുന്ന ആൾഡ്വാർത് സ്‌കൂളിലാണ് ശനിയാഴ്ച രാത്രി പത്തു മണിയോടെ അപകടം സംഭവിക്കുന്നത്. ഹാളിൽ നിറഞ്ഞ പുക പ്രത്യേകതരം വെന്റിലേറ്റർ ഫാൻ ഉപയോഗിച്ചാണ് അഗ്നി ശമന സേന മാറ്റിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്നത് സംഘാടകർക്ക് നൽകുന്നത് വലിയ ആശ്വാസമാണ്. സമാനമായ തരത്തിൽ ഈസ്റ്റർ തിങ്കളാഴ്ച ലൂട്ടനിലും മലയാളി സമൂഹം വലിയ അഗ്നിബാധയുടെ വിവരത്തിനു സാക്ഷികൾ ആയിരുന്നു. ആറു മലയാളി വിദ്യാർത്ഥികൾ താമസിച്ച വീട് പൂർണമായും കത്തി നശിച്ചെങ്കിലും ഒരാളെ മാത്രം പുക ശ്വസിച്ച അസ്വസ്ഥതയ്ക്ക് ആശുപത്രിയിൽ ഇടിച്ച ശേഷം വിട്ടയ്ക്കുക ആയിരുന്നു.

ഉപേക്ഷിക്കപ്പെട്ട സിഗരറ്റ് കുറ്റിയിൽ നിന്നും പുറത്തു കിടന്നിരുന്ന കിടക്കയിൽ തീ പിടിച്ചതാണ് വീടിനെ വിഴുങ്ങിയ അഗ്നി ബാധയ്ക്ക് കാരണമെന്ന് സംശയിക്കപ്പെടുന്നു. അഗ്നി ശമന സേന കിടക്കയിൽ നിന്നും സിഗരറ്റ് കുറ്റിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതാണ് ഈ നിഗമനത്തിനു കാരണം. രണ്ട് അഗ്നി ബാധയിലും തലനാരിഴയ്ക്കാണ് രക്ഷപെടൽ സാധ്യമായത്. ചില സൂചനകൾ നൽകുന്നത് ഒഴിവായി പോകുന്ന ദുരന്ത സാഹചര്യം ആണെങ്കിലും എല്ലായ്‌പ്പോഴും ഭാഗ്യം ഒപ്പം ഉണ്ടായിരിക്കില്ല എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ലൂട്ടൻ, ബേസിങ്‌സ്റ്റോക് തീ പിടുത്തങ്ങൾ ഇപ്പോൾ യുകെ മലയാളികൾക്ക് നൽകുന്ന മുന്നറിയിപ്പ്.